Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

' അദ്ദേഹത്തിന്റെ തണുത്ത ശരീരത്തോടൊപ്പം ഞാൻ എത്ര നേരം ചേർന്നുകിടന്നു , എന്നിട്ടും...'

santhoshkumari

പ്രണയം ഓരോ നിമിഷവും എരി വെയിലിന്റെ ചൂടും പുതുമഴയുടെ ഗന്ധവും തണുപ്പും കൊണ്ടു വരുമ്പോൾ കാണാനും കേൾക്കാനും വായിക്കാനും പ്രണയഭരിതമായ കൂട്ടിരിപ്പുകൾ... പ്രണയത്തിന്റെ മന്ദഹാസം കൊണ്ടു കുറിച്ചിട്ട വരികൾ കൊണ്ട് നിറഞ്ഞ ആശംസാ കാർഡുകൾ, ചുവപ്പൻ ടെഡി ബിയറുകൾ, ചൂടുള്ള ചുംബനങ്ങൾ, കേട്ടു പതിഞ്ഞ കഥകളുടെ ശീലുകൾ... പ്രണയം ആഘോഷമാക്കാനും മധുരമാക്കാനും ഓരോ വാലന്റൈൻസ് ഡേയും എല്ലാ വർഷവും കടന്നു വരുമ്പോൾ കണ്ടും കേട്ടും മടുത്ത ശരാശരി കഥകളുടെയപ്പുറമുള്ള ചില ജീവിതങ്ങളിലേക്കു കൂടി ഇറങ്ങിച്ചെല്ലേണ്ടതുണ്ട്.

ചില കഥകൾക്ക് ജീവിതത്തെ വല്ലാതെ ആഴത്തിൽ സ്പർശിക്കാനാകും. അതിന്റെ കാരണം ഒരുപക്ഷെ ഏറ്റവും സത്യസന്ധമായ അവരുടെ അനുഭവങ്ങളുടെ ആഴം തന്നെയാകാം. സന്തോഷ് കുമാരി എന്ന പേരിന്റെ കൗതുകം പോലെ തന്നെ ഏറെ നോവിക്കുന്നതും കൗതുകം നിറഞ്ഞതുമാണ് അവരുടെ ജീവിതവും. അത്രയ്ക്കൊന്നും പ്രശസ്തനായിരുന്നില്ല സന്തോഷ് കുമാരിയുടെ പ്രിയപ്പെട്ട ഭർത്താവ് രാജേന്ദ്രൻ. പക്ഷെ സിനിമയിലും സംഗീതമേഖലയിലും പ്രവർത്തിക്കുന്നവർക്കൊക്കെ രാജേന്ദ്രന്റെ കഴിവിനെ കുറിച്ച് പറയാൻ ആയിരം നാവുണ്ടായിരുന്നു. എന്നാൽ സ്വന്തം നാട്ടിലെ പലരും അദ്ദേഹത്തെ കുറിച്ചും അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ചും ഒരുപക്ഷെ ജോലിയെ കുറിച്ച് പോലും അറിയുന്നത് എത്രയോ വൈകിയായിരിക്കണം!

മിക്കപ്പോഴും പ്രതിഭകളുടെ ജീവിത വിധി അതുതന്നെയാണ് മരണ ശേഷം മാത്രം മറ്റുള്ളവർ അറിയുക. രാജേന്ദ്രന്റെ പ്രിയപ്പെട്ട സന്തോഷിന്റേയും ലക്‌ഷ്യം അതുതന്നെയായിരുന്നു. "സ്മൃതിയുടെ സിംഫണി" എന്ന പുസ്തകം എഴുതുമ്പോൾ ജീവിതം അനുഭവിപ്പിച്ച ചില ഏടുകൾ പകർത്തി വയ്ക്കുക.... പിന്നെ കോശിക്കുട്ടൻ എന്നു സന്തോഷ് സ്നേഹത്തോടെ ചേർത്തണച്ചു വിളിക്കുന്ന രാജേന്ദ്രനെ കുറിച്ച് എല്ലാവരും അറിയുക...

" ഞാൻ ഒരിക്കലും സീരിയസ് ആയി എഴുതുന്ന ഒരാളല്ല. പഠിക്കുന്ന കാലത്ത് കുറച്ചൊക്കെ കുത്തിക്കുറിക്കാറുണ്ടായിരുന്നു എന്നല്ലാതെ ഗൗരവമായി എഴുതുമെന്നു വിചാരിച്ചിരുന്നതേയല്ല. പക്ഷെ അദ്ദേഹത്തിന്റെ മരണ ശേഷം ഉറക്കെ കരയാൻ പോലും എനിക്കു കഴിഞ്ഞില്ല. അസുഖമായതിനു ശേഷമുള്ള മൂന്നു വർഷങ്ങൾ അത്രയേറെ മരവിപ്പിച്ചിരുന്നു... പക്ഷെ മനസ്സിങ്ങനെ തിങ്ങി നിറഞ്ഞ്, ശ്വാസം മുട്ടി, ഇപ്പൊ പെയ്യും എന്ന പോലെ പൊട്ടാറായി നിൽക്കുന്നത് എനിക്കറിയാൻ കഴിഞ്ഞിരുന്നു. അങ്ങനെയാണ് ആ അനുഭവങ്ങൾ എഴുതിയാലോ എന്ന് ആലോചിക്കുന്നത്. സുഹൃത്തുക്കളോട് പറഞ്ഞപ്പോൾ അവരും പ്രോത്സാഹിപ്പിച്ചു, അങ്ങനെയാണ് 'സ്മൃതിയുടെ സിംഫണി' എന്ന പുസ്തകമുണ്ടാകുന്നത്. ആ പുസ്തകം പുറത്തിറക്കാൻ വേറെയും കാരണങ്ങളുണ്ട്.

രാജേന്ദ്രൻ ഒരു പ്രതിഭ എന്ന നിലയിൽ ഒരുപക്ഷെ ഞങ്ങളുടെ നാട്ടുകാർക്ക് പോലും അറിയുമായിരുന്നില്ല. സ്വന്തമായി കംപോസ് ചെയ്ത മ്യൂസിക് നൊട്ടേഷനുകൾ ഉപയോഗിച്ച് കുട്ടികൾക്ക് സ്ഥിരമായി ക്ളാസെടുക്കുന്ന അധ്യാപകനായിരുന്നു അദ്ദേഹം. എത്രയോ ഭക്തിഗാനങ്ങൾക്കും സിനിമാ ഗാനങ്ങൾക്കും വയലിൻ വായിച്ചിരുന്നു... ആരും അറിയാതെ പോയി. അതിനുമപ്പുറം ജീവിതത്തിൽ സത്യസന്ധനായ ഒരു വ്യക്തിയായിരുന്നു അദ്ദേഹം. ആ ജീവിതം എല്ലാവർക്കും മുന്നിൽ ഉറക്കെ പറയണമെന്ന് തോന്നി.

കരൾ മാറ്റ ശസ്ത്രക്രിയയെ കുറിച്ച് നമ്മുടെ ചുറ്റുമുള്ളവർക്ക് നിരവധി സംശയങ്ങളുണ്ട്, തെറ്റിദ്ധാരണകളും. ഈ പുസ്തകത്തിലൂടെ അത്തരമൊരു അവസ്ഥയെ ഇല്ലാതാക്കണമെന്നെനിക്കു തോന്നി. എന്താണ് കരൾ മാറ്റ ശസ്ത്രക്രിയ, അതു വേണ്ടി വരുമ്പോൾ എന്തൊക്കെ അവസ്ഥയിലൂടെ നാം കടന്നു പോകേണ്ടതായി വരും, ഇതൊക്കെ സാധാരണക്കാരനു മനസിലാകുന്ന ഭാഷയിൽ പറയേണ്ടത് ആവശ്യമായിരുന്നു.

ജീവിതത്തിന്റെ മാറ്റങ്ങൾ... ജീവിതവും മരണവും തമ്മിലുള്ള വിടവ് എത്രമാത്രം ചെറുതാണെന്നറിയാമോ! സാമ്പത്തികം അത്രയൊന്നുമില്ലാത്ത ഒരവസ്ഥയിൽ ഏറ്റവും പ്രിയപ്പെട്ട ഒരാളുടെ ജീവന് വേണ്ടി അഭിമാനം എന്നത് ഒന്നുമല്ലാതായിപ്പോകുന്ന ഒരവസ്ഥയുണ്ട്. നമ്മൾ തീരെ ചെറുതായിപ്പോകും. ജീവനേക്കാൾ വലുതല്ല ഒരു അഭിമാനവും എന്നു തിരിച്ചറിയും, ആരുടെ മുന്നിലും പണത്തിനായി കൈനീട്ടും... എനിക്കുമുണ്ടായിരുന്നു അഹങ്കാരം, ഇതുപോലെ ഒരാളുടെ ഭാര്യ, രണ്ടു കുഞ്ഞുങ്ങളുടെ 'അമ്മ, അധ്യാപിക.... ഒരു അസുഖം വന്നതോടെ ആത്മാഭിമാനം പോലും നഷ്ടപ്പെട്ടു ജീവിതത്തിന്റെ ശരിക്കുമുള്ള അർഥം മനസ്സിലാക്കി. ആരും ഈ ലോകത്ത് ഒന്നുമല്ല, ഒരു നിമിഷ നേരം മതി എല്ലാം തകിടം മറിയാൻ.

മറ്റൊന്ന് ഹോസ്പിറ്റലിലെ ഡോക്ടർമാരുടെ രീതികളാണ്. നമ്മുടെ മുന്നിൽ വേറെ ആശ്രയമൊന്നുമില്ല. പ്രിയപ്പെട്ട ഒരാൾ അവരുടെ കീഴിൽ ചികിത്സയിലാണ്. പക്ഷെ എന്നും ഇത്തരം അനുഭവങ്ങൾ കാണുന്നതുകൊണ്ടാകാം അവർക്കു ജീവനുകൾ വരെ നിസ്സാരമായി തോന്നുന്നത്. പക്ഷെ അത്തരം സന്ദർഭത്തിൽ അവരിൽ നിന്നു വരുന്ന വാക്കുകൾ രോഗിയെയും ഒപ്പമിരിക്കുന്നവരെയും തകർത്തു കളയും. എനിക്കുണ്ടായ പല അനുഭവങങളും ഞാൻ എഴുതിയിട്ടില്ല, വളരെ കുറച്ചു മാത്രമേ എഴുതിയിട്ടുള്ളൂ.... കുറച്ചു മയത്തിൽ സംസാരിക്കുകയെങ്കിലും ഡോക്ടർമാർ ചെയ്തിരുന്നെങ്കിൽ..."

സ്മൃതിയുടെ സിംഫണി എന്ന പുസ്തകം ഒരു ഓർമ്മത്തുരുത്താണ്. പ്രണയിച്ചു വിവാഹം കഴിച്ച രാജേന്ദ്രൻ എന്ന വയലിൻ വിദ്വാന്റെയും സന്തോഷ്‌കുമാരി എന്ന അധ്യാപികയുടെയും ജീവിതമാണ്. അങ്ങോട്ടുമിങ്ങോട്ടും കോശിക്കുട്ടൻ എന്ന പേരുകളിൽ പരസ്പരം വിളിച്ച് അവർ അത്രനാൾ കിട്ടിയ ജീവിതം മുഴുവൻ പ്രണയിച്ചു കഴിഞ്ഞു. ഒരു മകനും ഒരു മകളും... തരക്കേടില്ലാത്ത സാമ്പത്തികം... എത്ര പെട്ടന്നാണ് ജീവിതങ്ങളിൽ നിഴലുകൾ പടരുക. ചെറിയ ലക്ഷണങ്ങളുമായി നടന്നു ഒടുവിൽ ക്യാൻസറിന്റെയും കരൾ രോഗത്തിന്റെയും പിടിയിലമർന്ന രാജേന്ദ്രന് ജീവിതം തിരികെ ലഭിയ്ക്കാൻ ദൈവമുൾപ്പെടെ ഒരുപാട് പേരോടു കൈകൂപ്പേണ്ടതുണ്ടായിരുന്നു. ഓരോ തവണ അസുഖം കുറയുമ്പോഴും അവർ ഇരുവരും ആശ്വസിച്ചു, ഇനി ഒരു കരിന്തേളിനും തൊടാനാകില്ല... പക്ഷെ വീണ്ടും ക്യാൻസറിന്റെ രൂപത്തിലും കരളിന്റെ രൂപത്തിലും അസുഖങ്ങൾ... ഒരിക്കൽ രാജേന്ദ്രനെ അസുഖങ്ങൾ കൊണ്ടു പോയപ്പോൾ സന്തോഷിന് ഒന്നുറക്കെ കരയാൻ പോലുമായില്ല.

"അദ്ദേഹത്തെ കുറിച്ച് നല്ല ഓർമ്മകൾ മാത്രമേയുള്ളൂ എനിക്ക്... പലപ്പോഴും വഴക്കിടുന്നത് പോലും എന്റേതായ കാരണങ്ങളാലാണ്. അദ്ദേഹത്തെ വെറുക്കാൻ പറ്റില്ല, ഞങ്ങളുടെ വിവാഹം പോലും ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തെ അപേക്ഷിച്ച് സാമ്പത്തികം തീരെ കുറവായിരുന്നു എനിക്ക്. പിന്നെ എന്റെ ബാധ്യതകൾ, അനിയൻ... വേണമെങ്കിൽ അദ്ദേഹത്തിന് എന്നെ ഉപേക്ഷിച്ചു പോകാമായിരുന്നു. കാരണം രാജേന്ദ്രന്റെ വീട്ടുകാർക്ക് ഈ ബന്ധം അംഗീകരിക്കാൻ ആകുമായിരുന്നില്ല. എന്നെ വിവാഹം കഴിക്കുമെങ്കിൽ ആ വീടുവിട്ട് അദ്ദേഹത്തിന് ഇറങ്ങണമായിരുന്നു. സത്യം പറഞ്ഞാൽ ഇറക്കി വിടുന്നതുപോലെയാണ് അദ്ദേഹം വീട്ടിൽ നിന്ന് ഇറങ്ങി വന്ന് എന്റെ കൈപിടിച്ചത്. ആ മനുഷ്യനോട് എന്നും പ്രണയം മാത്രമേ തോന്നിയിട്ടുള്ളൂ. വളരെ പക്വമായിരുന്നു അദ്ദേഹത്തിന്റെ പ്രണയം. ഒരിക്കലും വാക്കുമാറ്റി പറയാത്തതു കൊണ്ടു മാത്രം അദ്ദേഹത്തിന്റെ ഭാര്യയാകാൻ എനിക്ക് കഴിഞ്ഞു. എന്നെ ബി എഡ് പഠിപ്പിച്ചതും അദ്ദേഹമാണ്. എന്റെ അനിയനെയും അമ്മയെയും നോക്കിയതും അദ്ദേഹമാണ്. പ്രണയചാപല്യങ്ങളില്ലാതെ ഞങ്ങൾ പ്രണയിച്ചു. ത്യാഗവും സ്നേഹവും ഒന്നിച്ചിണങ്ങിയ ആളായിരുന്നു അദ്ദേഹം. "

ചാപല്യങ്ങൾക്കപ്പുറമുള്ള പ്രണയത്തിന്റെ അധ്യായം ഒരു പൊട്ടുപോലും ബാക്കി വയ്ക്കാതെ യാത്രയായത് ഒരു ന്യൂ ഇയർ രാത്രിയിലായിരുന്നു. സന്തോഷിനെ തനിച്ചാക്കി പ്രിയപ്പെട്ട കോശിക്കുട്ടൻ ഉറക്കത്തിനിടയിലെപ്പോഴോ ഒരുവാക്കു പോലും പറയാതെ, ഒന്നു തൊട്ടു വിളിക്കാതെ , അവരെ ഉണർത്താതെ കടന്നു പോയി...

"ഇപ്പോഴും എനിക്കറിയില്ല, ആ നിമിഷത്തെ ഞാനെങ്ങനെ അതിജീവിച്ചുവെന്ന്. അന്നൊക്കെ ഭ്രാന്തു പിടിച്ചെന്ന പോലെയാണ് നടക്കുന്നത്. കുളിയില്ല, ഭക്ഷണമില്ല, നമ്മൾ നമ്മളല്ലാതായി മാറിപ്പോയ അവസ്ഥ. അന്നു രാത്രിയിലും പതിവിലേക്കാളേറെ സ്വസ്ഥനായി ഉറങ്ങാൻ അദ്ദേഹം ശ്രമിച്ചത് ഞാനറിഞ്ഞിരുന്നു. ആശുപത്രിയിലെ വീതിയില്ലാത്ത ഇത്തിരികട്ടിലിൽ ഞാനൊപ്പം കിടന്നിരുന്നു. അദ്ദേഹത്തിന്റെ ശരീരം എന്റെ ശരീരത്തോടെ എത്രമാത്രം ചേർന്നാണിരുന്നത്! എന്നിട്ടും ഉറക്കത്തിലെപ്പോഴോ മരണത്തിനൊപ്പം പോയത് ഞാനറിഞ്ഞില്ല. രാത്രിയിലെപ്പോഴോ എന്തോ മാനസിക അസ്വസ്ഥത തോന്നി മകൾ വിളിച്ചപ്പോഴും ശാന്തനായി ഉറങ്ങിക്കിടന്ന രാജേന്ദ്രനെ കുറിച്ച് എനിക്ക് ഒന്നും തോന്നിയില്ല. പക്ഷെ.... മരണത്തിനു ശേഷം തണുത്ത ശരീരം എത്ര നേരം എന്നോടൊട്ടി കിടന്നിരുന്നു.. എനിക്കറിയില്ല....ഈ ലോകത്ത് നമ്മളറിയാതെ ചില ശക്തികളുണ്ട്.... അല്ലാതെ എന്ത് പറയാൻ..."

സ്മൃതിയുടെ സിംഫണി വെറുമൊരു പുസ്തകമല്ല, പ്രണയത്തിന്റെയും സങ്കടങ്ങളുടെയും കടലാണ്. ജീവിതത്തിന്റെ താളമാർന്ന വയലിൻ നാദം പോലെയാണ്... ഇപ്പോഴും സന്തോഷ് കുമാരി പ്രണയത്തിലാണ് പ്രിയപ്പെട്ട രാജേന്ദ്രൻ ബാക്കി വച്ച് പോയ ഓർമ്മകളുടെയൊപ്പം പ്രണയത്തിന്റെ കടലാഴങ്ങളിൽ അവർ ജീവിച്ചിരിക്കുന്നു... അദ്ദേഹത്തോടു ചേർന്നിരിക്കുന്ന ചില സ്വപ്നങ്ങൾക്ക് വേണ്ടി...

"ഈ പുസ്തകം ഞാനെഴുതിയത് തന്നെ അദ്ദേഹത്തെ എല്ലാവരും തിരിച്ചറിയാൻ വേണ്ടിയാണ്, അത് നടന്നു.. അത് ഏറെ സന്തോഷം തരുന്നുണ്ട്. പിന്നെ ഇപ്പോൾ എത്രയധികമാണ് വിവാഹമോചനകൾ നടക്കുന്നത്. ജീവിതത്തിന്റെ നിസ്സാരത മനസ്സിലാക്കിയാൽ പിന്നെ പിണങ്ങാൻ പോലും തോന്നില്ല... പുസ്തകം വായിച്ച് കൂടുതലും പ്രതികരിച്ചത് പുരുഷന്മാരാണ്. ഇപ്പോൾ അവർ കൂടുതൽ സമയം കുടുംബവുമായി ഒന്നിച്ചിരുന്നു, ചിലരുടെ ഭാര്യമാർ കൂടുതൽ സ്നേഹമുള്ളവരായി മാറി എന്നൊക്കെ കേൾക്കുമ്പോൾ ഒരുപാട് സന്തോഷം. ഇതൊക്കെത്തന്നെയായിരുന്നു ആഗ്രഹിച്ചതും. ഇനി അദ്ദേഹത്തിന്റെ സ്വന്തം മ്യൂസിക് അനോട്ടേഷൻസ് എല്ലാം ചേർത്ത് വച്ച് ഒരു പുസ്തകം ചെയ്യണമെന്നുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യന്മാരുടെ കയ്യിലുണ്ട് പലതും. അതൊക്കെ ശേഖരിക്കണം...."

സന്തോഷ് കുമാരിയുടെ മോഹങ്ങളിലും ഭാവി സ്വപ്നങ്ങളിലും എപ്പോഴും കൂടെ രാജേന്ദ്രനും അദ്ദേഹത്തിന്റെ സംഗീതവുമുണ്ട്. അനുദിനവും പ്രണയവിവാഹിതരും അല്ലാത്തവരും ഒക്കെ നയിക്കുന്ന ജീവിതങ്ങളിൽ നിന്ന് അവർ വേർപെട്ടു പോകുമ്പോൾ നമുക്കു മുന്നിൽ സന്തോഷും രാജേന്ദ്രനും മാതൃകകളാകുന്നു. പ്രണയം ആഘോഷം മാത്രമല്ല പലപ്പോഴും ഉദാത്തമായ സ്നേഹത്തിന്റെ ചിത്രങ്ങളും കൂടിയാകുന്നു.