Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷങ്ങളുടെ കടബാധ്യതയിൽ നിന്ന് കോടിപതിയായവൾ !

Soumya Gupta സൗമ്യ ഗുപ്ത

നാം തുടങ്ങുന്ന ഓരോ കാര്യങ്ങൾക്കു പിന്നിലും വലിയൊരു പ്ലാനിങ് ഉണ്ടാകും. പക്ഷേ ചിലതൊക്കെ എട്ടുനിലയിൽ പൊട്ടുകയും ചെയ്യും. എന്നുകരുതി ജീവിതം അവിടെ അവസാനിച്ചുവെന്നു കരുതുകയല്ല ചെയ്യേണ്ടത്. വിജയം കണ്ടെത്താൻ മറ്റൊരു വഴി തേടണം. മുംബൈ സ്വദേശിനിയായ സൗമ്യ ഗുപ്ത എന്ന പെൺകുട്ടിയുടെ ജീവിതം വ്യത്യസ്തമാകുന്നതും ആ തിരിച്ചറിവു കണ്ടെത്തി മുന്നേറിയതുകൊണ്ടാണ്. അമ്പതു ലക്ഷത്തോളം ബാധ്യതയുണ്ടായിരുന്ന സൗമ്യ സ്വന്തം പരിശ്രമത്തോടെ ഇന്നു കോടിപതി ആയിരിക്കുകയാണ്.

മുംബൈയിൽ ജനിച്ചു വളർന്ന സൗമ്യയുടെ ജീവിതം ഒരു സിനിമാക്കഥപോലെ അത്ഭുതപ്പെടുത്തുന്നതാണ്. സ്കൂൾ കാലം മുതൽക്കേ പൈലറ്റ് ആവുകയെന്നതായിരുന്നു സൗമ്യയുടെ അ‌ടങ്ങാത്ത ആഗ്രഹം. അങ്ങനെ തന്റെ ആഗ്രഹപൂർത്തീകരണത്തിനായി അവൾ യുഎസിലേക്കു പറന്നു. പക്ഷേ വളരെ ചിലവേറിയ ആ പഠനം പാതിവഴിയിൽ വച്ച് ഉപേക്ഷിക്കേണ്ടി വന്നു. 2008ലുണ്ടായ സാമ്പത്തിക മാന്ദ്യവും പഠനത്തെ ഉലച്ചിരുന്നു. ജോലിയില്ലാതെ പഠനം പൂർത്തിയാകാതെ ഒരുവൾ അമ്പതുലക്ഷം കടബാധ്യതയുമായി വീട്ടിൽ വന്നിരുന്നത് ഉണ്ടാക്കിയ പ്രശ്നങ്ങൾ ചില്ലറയായിരുന്നില്ല.

താൻ ഒന്നിനും കൊള്ളാത്തവളാണെന്നും പരാജയമാണെന്നും കുടുംബക്കാർ ചിത്രീകരിച്ചു. വിഷാദരോഗത്തിന് അടിമപ്പെടുമെന്ന ഘട്ടം വരെയായി. ഒരുപരിധി കഴിഞ്ഞപ്പോൾ അച്ഛനും അമ്മയുംവരെ നിശബ്ദത മുറിച്ചു താൻ ജോലിക്കു പോയി തുടങ്ങണമെന്നു നിർദ്ദേശിച്ചു. പക്ഷേ പ്ലസ്ടു മാത്രം പാസായ ഒരു പെൺകുട്ടിക്ക് അത്രപെട്ടെന്നൊരു ജോലി കിട്ടുകയെന്നത് എളുപ്പമായിരുന്നില്ല. അങ്ങനെ ഇരുപതാം വയസിൽ സൗമ്യ കാൾസെന്ററില്‍ ജോലിക്കു കയറിത്തുടങ്ങി. ഇരുപതിനായിരം രൂപ പ്രതിഫലത്തിലായിരുന്നു തുടക്കം.

പക്ഷേ ഒരു തരിമ്പുപോലും താൽപര്യം ഇല്ലാതെ ചെയ്യുന്ന ജോലി നാൾക്കുനാൾ മടുപ്പിക്കുന്നതായിരുന്നു. അങ്ങനെ അമ്മയാണ് തനിക്കെന്താണ് ഇഷ്ടം ആ മേഖലയിൽ ശ്രദ്ധ െകാടുക്കാൻ പറയുന്നത്. അന്നാണ് വസ്ത്രങ്ങളെക്കുറിച്ചു ചിന്തിച്ചു തുടങ്ങിയത്. കുറച്ചു വസ്ത്രങ്ങൾ വിറ്റഴിക്കാനുള്ള സ്ഥലം വീട്ടിൽ തന്നെ ഒരുക്കണമെന്ന് അമ്മയോടു പറഞ്ഞു. അന്ന് അമ്മ യെസ് പറഞ്ഞതോടെ 'ടെൻ ഓൺ ടെൻ' എന്ന സ്ഥാപനം തുടങ്ങുകയായി. വീട്ടുകാർക്ക് സാമ്പത്തികമായി തന്നെ സഹായിക്കാൻ കഴിയില്ലെങ്കിലും അവർ മറ്റെല്ലാ കാര്യങ്ങൾക്കും കൂടെ നിന്നു. തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന ഒരാളെ കണ്ടെത്തി, പക്ഷേ വലിയ ബ്രാൻഡുകൾ കയറ്റി അയക്കുന്ന അയാളിൽ നിന്ന് ഒത്തിരി വസ്ത്രങ്ങൾ എടുക്കാനുള്ള പണമൊന്നും കയ്യിലുണ്ടായിരുന്നില്ല. അങ്ങനെ മുപ്പതു പീസ് തുണികൾ മാത്രം വച്ച് വീട്ടിൽ തന്നെ ചെറിയൊരു എക്സിബിഷൻ നടത്തി. പതിയെ തുണിത്തരങ്ങളുടെ എണ്ണം വർധിക്കാനും ശരിയായ ബിസിനസിന്റെ പാതയിലേക്ക് ഉയരാനും തുടങ്ങി.

തുടർന്നുള്ള നാളുകൾ തന്റെ വസ്ത്രങ്ങളെ എങ്ങനെ വിപണിയിൽ പ്രശസ്തമാക്കാം എന്ന ചിന്തകളുടേതായിരുന്നു. ഫാഷൻ പോർട്ടലുകളിൽ തന്റെ ബ്രാൻഡിന് ഇടംനേടണമെങ്കിൽ വസ്ത്രങ്ങളുടെ നല്ല പടങ്ങൾ വേണമായിരുന്നു. പക്ഷേ അതെടുക്കാനുള്ള മികച്ച ക്യാമറ കയ്യിലില്ല താനും. അങ്ങനെ ഒരു ഫൊട്ടോഗ്രാഫർ സുഹൃത്തിനെ കണ്ട് കാര്യം അവതരിപ്പിച്ചു. അടുത്ത ഘട്ടം ഒരു മോഡലിനെ തിരയലായിരുന്നു. പക്ഷേ അതിനുള്ള പണവും കയ്യിലില്ല അങ്ങനെ തന്റെ ചേച്ചിയുടെ സുഹൃത്തു കൂടിയായ മോഡൽ ബോസ്കി തയാറാണെന്ന് അറിയിച്ചു.

വിറ്റുവരവ് നല്ല രീതിയിൽ കിട്ടാനായി മൂന്നുമാസത്തോളം എടുത്തു. പണം തിരിച്ചും മറിച്ചും മാക്സിമം പിശുക്കി ജീവിച്ചു. വെറും ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള പെൺകുട്ടിയാണെന്ന് ഓർക്കണം. ഒരു ലോൺ പോലും എടുക്കാനുള്ള പ്രായം തികഞ്ഞിരുന്നില്ല. അങ്ങനെ കൊളേജ് വിദ്യാർഥികളെ സംഘടിപ്പിച്ച് ഫൊട്ടോഷൂട്ട് നടത്തി. പതിയെ ടെൻ ഓൺ ടെൺ പ്രസിദ്ധിയാർജിച്ചു തുടങ്ങി. 60 തുണിത്തരങ്ങൾ കൊണ്ടു തുടങ്ങിയ സ്ഥാനത്ത് ഇന്ന് ആറ് ലക്ഷമായി. ബോംബെയുട ഹൃദയമധ്യത്തിൽ തന്നെ സ്ഥാപനം തുടങ്ങുകയും ഐസ്ഒ സർട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. ഇന്ന് മാസം 1.25 കോടിയും വർഷത്തിൽ 10-15 കോടിയുമാണ് ടെൻ ഓൺ ടെന്നിന്റെ വിറ്റുവരവ്.

ചെറുപ്രായത്തിൽ തന്നെ വിജയത്തിന്റെ ഔന്നത്യത്തിൽ നിൽക്കുമ്പോഴും സൗമ്യ തന്റെ കഴിഞ്ഞകാലത്തെ മറക്കുന്നില്ല. സമൂഹത്തിനു നിങ്ങളുടെ തോൽവികൾ എണ്ണിപ്പറഞ്ഞ് കുറ്റപ്പെടുത്താൻ കഴിയും. പക്ഷേ അതിലൊന്നും തളരാതെ മുന്നോട്ടു പോവുകയാണു വേണ്ടത്. മറ്റുള്ളവർ എന്തു കരുതും എന്നതിനല്ല നിങ്ങളുടെ സന്തോഷത്തിനും ഇഷ്ടത്തിനുമാണ് പ്രാധാന്യം നൽകേണ്ടത്. ലോകം നിങ്ങളുടെ വിജയത്തെ കാണാൻ ശ്രമിക്കുന്നതിനേക്കാൾ കുറവുകളിലാകും ശ്രദ്ധ ചെലുത്തുന്നത്. നിങ്ങൾക്കൊരു സ്വപ്നമുണ്ടെങ്കിൽ അതെന്തു തടസങ്ങളെയും മറികടന്ന് നേടിയെടുക്കുക തന്നെ ചെയ്യണം- സൗമ്യ പറയുന്നു.