Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അച്ഛൻ കോടീശ്വരൻ, മകന് കൂലിപ്പണി!

savji സാവ്‌ജി ധോലാകിയാ, മകൻ ദ്രവ്യ

ദുൽഖർ സൽമാൻ തകർത്തഭിനയിച്ച എബിസിഡി എന്ന സിനിമ ഓർമയില്ലേ? അമേരിക്കയിൽ കോടിപതിയുടെ മകനായി ജനിച്ചു വളർന്ന ജോൺസ് ഐസക് എന്ന യുവാവിനെ ജീവിതം എന്താണെന്നു പഠിപ്പിക്കാൻ അച്ഛൻ കേരളത്തിലേക്കു പറഞ്ഞയക്കുന്നതായിരുന്നു ചിത്രത്തിന്റെ ഇതിവൃത്തം. അമേരിക്കയിൽ പണം വാരിയെറിഞ്ഞു സൗഭാഗ്യങ്ങളുടെ നടുവിൽ ജീവിച്ച ജോൺസ് നാട്ടിലെത്തിയപ്പോൾ പക്ഷേ തീർത്തും വ്യത്യസ്തമായൊരു ജീവിതമായിരുന്നു കാത്തിരുന്നത്. ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്തും ജീവിതച്ചിലവിനായി തുച്ഛം പണം നൽകിയും ആ അച്ഛൻ മകനെ പഠിപ്പിക്കുകയായിരുന്നു. അത്തരത്തിൽ ഒരു ജീവിതമാണ് ഇന്നു വാർത്തയാകുന്നത്. സൂററ്റിലെ കോടിപതിയായ വജ്രവ്യാപാരി തന്റെ മകനെ ജീവിതം പഠിപ്പിക്കാൻ കേരളത്തിലേക്ക് അയച്ച കഥ.

ഹരി കൃഷ്ണാ എന്ന പേരിലുള്ള വജ്ര കയറ്റുമതി സ്ഥാപനത്തിന്റെ‌ ഉടമയായ സാവ്‌ജി ധോലാകിയാ ആണ് കഥാനായകൻ. ആറായിരം കോടിയുട‌െ ആസ്തി സ്വന്തമായുള്ള സാവ്ജി പക്ഷേ സൗഭാഗ്യങ്ങൾ മാത്രമല്ല മറ്റൊരു ജീവിതവും സമൂഹത്തിലുണ്ടെന്നു പഠിപ്പിക്കാൻ മകൻ ദ്രവ്യയോടു ചെയ്തത് എ​ന്താണെന്നു കേട്ടാൽ ഞെട്ടും. പല അച്ഛനമ്മമാരും മക്കളോ‌ടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത് പണം നൽകിയും അവര്‍ക്ക് ആവശ്യമുള്ളതും ഇല്ലാത്തതുമായ കാര്യങ്ങളൊക്കെ തെല്ലും വൈകാതെ വാങ്ങി നൽകിയുമൊക്കെയാണ്. അത്തരത്തില്‍ വളരുന്ന മക്കളുടെ പ്രധാന പ്രശ്നം വലുതാകുമ്പോള്‍ അവർ ഒരിക്കലും ചെറിയൊരു വിട്ടുവീഴ്ച്ചയ്ക്കു പോലും തയ്യാറാകില്ലെന്നതാണ്. എത്രതന്നെ പണക്കാരനാണെങ്കിലും തന്റെ മകൻ ഒരിക്കലും അത്തരത്തിലുള്ള ഒരാളായി വളരരുതെന്ന് സാവ്ജിക്കു നിര്‍ബന്ധം ഉണ്ടായിരുന്നു.

savji-2 ദ്രവ്യ കൊച്ചിയിൽ താമസിച്ചിരുന്ന മുറിയിൽ

അങ്ങന ഇരുപത്തിയൊന്നു വയസു മാത്രം പ്രായമുള്ള മകനെ ജീവിതം പഠിപ്പിക്കാൻ ദ്രവ്യയെ അദ്ദേഹം കൊച്ചിയിലേക്ക് അയച്ചു. കേൾക്കുമ്പോൾ തോന്നും കൊച്ചി കാണാനും പിക്നിക്കിനുമൊക്കെയായിരിക്കുമെന്ന് അല്ലേ? എന്നാല്‍ സാവ്ജി പണക്കെട്ടുകളോടെയല്ല, വെറും ഏഴായിരം രൂപ മാത്രം നൽകി മകനെ കൊച്ചിയിലേക്ക് അയച്ചത് അവനു ജീവിതം എന്തെന്നു മനസിലാക്കിക്കാനാണ്. കഷ്ടപ്പാ‌‌ടും യാതനയും എന്തെന്നു മനസിലാക്കാനും സ്വന്തമായി സമ്പാദിച്ചു സ്വന്തം കാലിൽ നിൽക്കുന്നത് എങ്ങനെയാണെന്നൊക്കെ തെളിയിച്ചു കാണിക്കാനാണ് ദ്രവ്യയ്ക്ക് ഇത്തരമൊരു നിർദ്ദേശം നല്‍കിയത്.

അമേരിക്കയിൽ എംബിഎ ചെയ്യുന്ന ദ്രവ്യ ഇന്ത്യയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ വേളയിലാണ് ഈ അച്ഛൻ ഇത്തരത്തിലൊരു സമ്മാനം മകനായി കാത്തുവച്ചത്. താൻ വച്ചുനീ‌ട്ടിയ വെല്ലുവിളി മകൻ സ്വീകരിക്കുമോ എ​ന്നതായിരുന്നു സാവ്ജിയുടെ സംശയം എന്നാൽ മറുത്തൊന്നും പറയാതെ ദ്രവ്യ അച്ഛനോടു സമ്മതം മൂളുകയായിരുന്നു. മൂന്നു നിബന്ധനകളാണ് ഈ വെല്ലുവിളിയില്‍ അച്ഛൻ ദ്രവ്യയ്ക്കു മുമ്പിൽ വച്ചത്.

savji-3 ദ്രവ്യ

1) ഇക്കാര്യം പൂർത്തീകരിക്കുന്നതിനായി ദ്രവ്യ ഒരിക്കലും അച്ഛന്റെ പേരോ സ്വാധീനമോ ഉപയോഗിക്കരുത്.

2) ഒരാഴ്ച്ചയിലധികം ഒരു സ്ഥലത്തു ജോലി ചെയ്യരുത്

3) അത്യാവശ്യ കാര്യങ്ങൾക്കായി മാത്രം നൽകിയ ഏഴായിരം രൂപ ദൈനംദിന ചിലവുകൾക്കായി ഉപയോഗിക്കരുത്

ദ്രവ്യ ജീവിതം എന്താണെന്നു മനസിലാക്കണമെന്നും ഒരു ജോലിക്കും പണത്തിനുമായി ദരിദ്രർ എത്രത്തോളം കഷ്ചപ്പെടുന്നുണ്ടെന്നു സ്വയം മനസിലാക്കണമെന്നും ഉണ്ടായിരുന്നു. സർവകലാശാലകൾ പലതും പഠിപ്പിക്കും പക്ഷേ അവർക്ക് അനുഭവങ്ങളെ പഠിപ്പിക്കാൻ കഴിയില്ലല്ലോ.- സാവ്ജി പറയുന്നു.

അഞ്ചു ദിവസത്തോളം ജോലിയോ താമസിക്കാനൊരു ഇടമോ ഇല്ലാതെ താൻ അലഞ്ഞു നടന്നുവെന്നു പറയുന്നു ദ്രവ്യ. അറുപതോളം സ്ഥലങ്ങളിൽ നിന്നും തന്നെ ജോലിയില്ലെന്നു പറഞ്ഞ് തിരിച്ചയച്ചു. ആ കുറച്ചു ദിവസങ്ങൾ കൊണ്ടുതന്നെ തിരസ്കരണം എന്നതിന്റെ വേദനയും ജോലിയുടെ മൂല്യവും എന്താണെന്നു തിരിച്ചറിയുകയായിരുന്നുവെന്നും ദ്രവ്യ പറയുന്നു.

savji-1 ദ്രവ്യ കൊച്ചിയിൽ ജോലി ചെയ്യവെ

ചേരാനെല്ലൂരില്‍ ഒരു ബേക്കറിയിലാണു ദ്രവ്യ ആദ്യം ജോലി ചെയ്തത്. ശേഷം ഒരു കോൾ സെന്ററിലും ഷൂ കടയിലും മക്ഡൊണാൾഡ്സിന്റെ ഔട്ട്‌ലെറ്റിലും ജോലി ചെയ്തു. ഒരുമാസം കൊണ്ടു നാലായിരം രൂപനേടിയെങ്കിലും ചിലവുകൾ താങ്ങുന്നതിലും അധികമായിരുന്നു.

മകനെ ജീവിതം പഠിപ്പിച്ച സവ്ജി തന്റെ തൊഴിലാളികളോടുള്ള സമീപനത്തിലൂടെയും നേരത്തെ ഞെട്ടിച്ചിട്ടുണ്ട്. 2013ൽ കമ്പനിയുടെ ആസ്തി ആയിരം കോടിയിലേക്കു വളർന്ന സമയത്തായിരുന്നു അത്. കമ്പനിയുടെ വളർച്ചയിൽ അവിഭാജ്യ ഘടകങ്ങളായ 1200 തൊഴിലാളികൾക്കായി ഫ്ലാറ്റുകളും കാറുകളും ആഭരണങ്ങളും സമ്മാനിക്കുകയാണ് അന്നു ചെയ്തത്. ‌

എന്തായാലും ദ്രവ്യയ്ക്കു സാവ്ജി നല്‍കിയ രീതിയിലുള്ള വെല്ലുവിളി സമ്പന്നതയുടെ നടുവിൽ വിരാജിക്കുന്ന ഓരോ അച്ഛനമ്മമാർക്കും ഓരോ പാഠമാവുകയാണ്. പത്തുരൂപയ്ക്കു പോലും കഷ്ടപ്പെടേണ്ടതുണ്ടെന്നും സമൂഹത്തിൽ ഇങ്ങനെയും ചിലയാളുകള്‍ ജീവിക്കുന്നുണ്ടെന്നും മനസിലാക്കുന്നത് സംരംഭകത്വത്തിലേക്കു നീങ്ങുന്ന യുവാക്കൾക്ക് ഒരു മുതൽക്കൂട്ടു തന്നെയാണ്.