Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബന്ധം സുദൃഢമാകാൻ ഒരേ ഒരു കാര്യം!

couple

ചായയിൽ പഞ്ചസാരയില്ല, കറിയിൽ ഉപ്പില്ല, അയൺ ചെയ്തു വൃത്തിയായില്ല തുടങ്ങിയവ മിക്ക ഭാര്യമാരും കേൾക്കുന്ന കുറ്റങ്ങളാണെങ്കിൽ അടുക്കും ചിട്ടയുമില്ല, സുഹൃത്തുക്കളെക്കുറിച്ചു മാത്രമേ വിചാരമുള്ളു, ഔട്ടിങിനു സമയമില്ല തുടങ്ങിയവ ഭർത്താക്കന്മാർ സ്ഥിരം കേൾക്കുന്ന കുറ്റപ്പെടുത്തലുകളുമാണ്. അല്ല, പങ്കാളിയെ കുറ്റം പറയാൻ നീട്ടുന്ന നാവുകൊണ്ട് എപ്പോഴെങ്കിലും അവളെ/ അവനെ നിങ്ങള്‍ അഭിനന്ദിക്കാറുണ്ടോ? പങ്കാളിയെ സന്തോഷിപ്പിക്കാൻ ആഡംബര സമ്മാനങ്ങളും സർപ്രൈസുകളും തന്നെ വേണമെന്നൊന്നും ഇല്ല. ചിലവില്ലാതെ മനസു തുറക്കാൻ തയ്യാറായാൽ ഏതു ബന്ധവും കാലാകാലം നിലനിൽക്കും.

ദാമ്പത്യത്തിൽ നന്ദിയുടെ ആവശ്യമില്ലെന്നു ചിന്തിക്കുന്നവരാണ് ഭൂരിഭാഗം പേരും. ഭാര്യയോ ഭർത്താവോ ചെയ്ത ഒരു നല്ല കാര്യത്തിന് ഉപചാരം അർപ്പിക്കുന്നത് ഔപചാരികമായേക്കും എന്നു ചിന്തിക്കുന്നതു കൊണ്ടാണത്. പക്ഷേ പുതിയ പഠനം തെളിയിക്കുന്നത് നിങ്ങളുടെ പങ്കാളിയോട് തുറന്നു നന്ദി പറയണമെന്നു തന്നെയാണ്. നിങ്ങള്‍ ഒരിക്കലും പിരിയരുതെന്നും മാതൃകാ ദമ്പതികള്‍ ആയിരിക്കണമെന്നുമാണ് ആഗ്രഹിക്കുന്നതെങ്കിൽ പങ്കാളിയോട് നന്ദി പറയാൻ ലഭിക്കുന്ന ഒരവസരവും പാഴാക്കരുതെന്നാണ് പഠനം പറയുന്നത്. ജോർജിയാ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർമാരായ ടെഡ് ഫൂട്രിസും അലൻ ബാർട്ടനുമാണ് ആണ് പഠനത്തിനു പുറകിൽ.

നന്ദി പറയുമ്പോൾ പങ്കാളി നിങ്ങൾ അവരെ എത്രമാത്രം വിലമതിക്കുന്നുവെന്ന് മനസിലാക്കുകയാണ്. അതു ദാമ്പത്യത്തിൽ പ്രതിഫലിക്കും. 468 വിവാഹിതർക്കിടയിൽ നടത്തിയ സർവേയില്‍ നിന്നാണ് ഇക്കാര്യം തെളിഞ്ഞിരിക്കുന്നത്. സാമ്പത്തികമായ ചുറ്റുപാടിനെക്കുറിച്ചും ആശയവിനിമയത്തെക്കുറിച്ചും പങ്കാളിയോട് നന്ദി പറയുന്നതിനെക്കുറിച്ചുമെല്ലാം അവരോട് ചോദിച്ചു. അതിൽ നിന്നും വൈവാഹിക ജീവിതത്തിൽ ഏറ്റവുമധികം ഉണ്ടായിരിക്കേണ്ട ഗുണം പങ്കാളിയോട് മനസു തുറന്നു നന്ദി പറയൽ തന്നെയാണെന്ന് മനസിലായി. ഭാര്യയോ ഭര്‍ത്താവോ മറ്റെന്തെങ്കിലും തലങ്ങളിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെങ്കിൽ നന്ദി പറയാനുള്ള മനോഭാവം അവരെ പോസ്റ്റീവ് ചിന്താഗതിയിലേക്ക് നയിക്കുമെന്ന് പഠനത്തിന് നേതൃത്വം നൽകിയ പ്രൊഫസർ അലൻ ബാർട്ടൻ പറഞ്ഞു. മാത്രമല്ല നന്ദി പറയുന്ന ദമ്പതികൾക്കിടയിൽ വിവാഹ മോചന ചിന്ത തന്നെ കുറവായിരിക്കുമത്രേ. അപ്പോ നാളെ തന്നെ തുടങ്ങിക്കോളൂ ചിലവില്ലാതെ പങ്കാളിയെ സന്തോഷിപ്പിക്കാൻ...