Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉദയ്പൂർ നഗരത്തിലേക്ക് ചിറകു വിരിച്ച് ഷിറോസ് ഹാങ്ങൗട്ട്

she-rose ഷിറോസ് ഹാങ്ഒൗട്ട് ടീം ഉദയ്പൂരിൽ

ആസിഡിന്റെ അസ്ഥിയുരുക്കുന്ന ചൂട് കൊണ്ട് മാത്രം ഉരുകിയൊലിക്കുന്നതല്ല ഇവരുടെ ആത്മധൈര്യം. വൈരൂപ്യം പോലും സൗന്ദര്യമാക്കി  ഷിറോസ് ഹാങ്ങൗട്ട് ഉയരങ്ങളിലേക്ക് ചിറകു വിരിക്കുകയാണ്. മാരകമായ ആസിഡ് ആക്രമണത്തിന് ഇരയായിട്ടും ജീവിതത്തോട് കാണിച്ച വാശിയും ആത്മധൈര്യവുമാണ് ഷിറോസ് ഹാങ്ങൗട്ട് എന്ന കഫെയിലൂടെ ആസിഡ് ആക്രമണത്തിന്റെ ഇരകളായ ഈ യുവതികളെ ശ്രദ്ധേയരാക്കിയത്. 

ആദ്യം താജ്മഹലിനോട് ചേർന്ന് ആഗ്രയിലും പിന്നീട് ഇൻഡോറിലും പ്രവർത്തനം ആരംഭിച്ച ഷിറോസ് ഹാങ്ങൗട്ട്, ഇപ്പോൾ പ്രവർത്തനം ഉദയ്പൂർ നഗരത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു എന്നതാണ് പുതിയ വാർത്ത. ലോകത്തെ ഏറ്റവും ഭീകരമായ അപകടങ്ങളിൽ ഒന്ന് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ആസിഡ് ആക്രമണത്തിന്റെ ഭീകരതയിൽ നിന്നും  രൂപ, ഋതു, നീതു , ഗീത തുടങ്ങിയ നാൽവർ സംഘത്തെ കരകയറ്റിയത് സമാന രീതിയിൽ ആസിഡ് ആക്രമണത്തിന്റെ ഇരയായ യുവതി നടത്തിയ പോരാട്ടമാണ്.

സ്നേഹം കാണിച്ച് അടുത്തെത്തിയ അപരിജിതനിൽ നിന്നും  ആസിഡ് ആക്രമണത്തിന്റെ ഇരയായി മാറിയ ലക്ഷ്മി എന്ന യുവതി ജീവിതത്തോട് പോരാടാൻ കാണിച്ച മനസ്സാണ് ഉത്തർപ്രദേശ് സ്വദേശികളായ ഈ യുവതികൾക്ക് പ്രേരണയായത്. രൂപ, ഋതു, നീതു , ഗീത തുടങ്ങിയ ഈ യുവതികളുടെ ആശയങ്ങൾക്ക് പ്രേരണയായി യുഎന്നിന്റെ പോലും അംഗീകാരം നേടിയ ലക്ഷ്മിയും ഭർത്താവ് അലോകും എത്തിയതോടെ മടക്കം ഇല്ലാത്ത വിധം ഇവർ ജൈത്രയാത ആരംഭിച്ചു. 

ആഗ്രയിൽ ആരംഭിച്ച ഷിറോസ് ഹാങ്ങൗട്ട് എന്ന ആദ്യ കഫെ വിജയിച്ചതോടെയാണ് ഇവരെ ലോകം അറിയാൻ തുടങ്ങിയത്. തികച്ചും വ്യത്യസ്തമായ രീതിയിൽ ആരംഭിച്ച കഫെയിൽ ഭക്ഷണം ഉണ്ടാക്കുന്നതും വിളമ്പുന്നതും എല്ലാം ആസിഡ് ആക്രമണത്തിന്റെ ഇരകൾ തന്നെ. ഷിറോസ് ഹാങ്ങൗട്ട് ഹിറ്റായതോടെ ഇന്ത്യയുടെ വിവിധ ഭാഗത്ത് നിന്നും ആസിഡ് ആക്രമണത്തിന് ഇരകളായ യുവതികൾ ഷിറോസ് ഹാങ്ങൗട്ടിന്റെ ഭാഗമാകാൻ എത്തി. 

അതോടെ ആഗ്രയിൽ നിന്നും ഇൻഡോർ നഗരത്തിലേക്കും ഷിറോസ് ഹാങ്ങൗട്ട് പറന്നു. അവിടെയും വിജയം കണ്ടെത്താൻ ആയതോടെ ഉദയ്പൂർ നഗരത്തിലേക്ക് ചേക്കേറുകയാണ് ആസിഡ് തകർക്കാത്ത ആത്മ വീര്യവുമായി ഈ പെൺകിടാങ്ങൾ. എ സി ഇല്ലാതെ ജീവിക്കാൻ ഇവർക്ക് ബുദ്ധിമുട്ടാണ് . കാരണം, ചൂടുകാലത്ത് ശരീരം ചുട്ടു പഴുക്കും. അതിനാൽ എല്ലാ കഫെയും എ സി ആക്കാനുള്ള ഫണ്ട് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഷിറോസ് ഹാങ്ങൌട്ട്.

ഷിറോസ് ഹാങ്ങൗട്ട് കൂടാതെ മോഡലിംഗ് രംഗത്തും ആത്മവിശ്വാസം കൊണ്ട് മുന്നേറുകയാണ് ഈ നാൽവർ സംഘം. ഭാവിയിൽ ഇന്ത്യ ഒട്ടാകെ അറിയപ്പെടുന്ന ഒരു കഫെ നെറ്റ്‌വർക്ക് സ്ഥാപിക്കുന്നതിനുള്ള തുടക്കമായിരിക്കും ഇത്. അതെ, അവർ പറക്കട്ടെ , ആസിഡ് തകർക്കാത്ത ആത്മവീര്യത്തോടെ ഇനിയും ഏറെ ഉയരം