Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വാപ്പ മരിച്ച ഫാത്തിമയ്ക്കു പഠിക്കാൻ സഹായധനം

Fathima Representative Image

പ്ലസ്ടുവിനു പഠിക്കുമ്പോഴാണു ഫാത്തിമയുടെ എല്ലാമെല്ലാമായ വാപ്പ മരിക്കുന്നത്. ഉമ്മയെയും തന്നെക്കാൾ 10 വയസിനു താഴെയുള്ള രണ്ടു സഹോദരങ്ങളെയും സംരക്ഷിക്കേണ്ട ചുമതല ഫാത്തിമയ്ക്കായിരുന്നു. ക്ലാസ് വിട്ടു വന്നശേഷം തയ്യൽവേല നടത്തിയാണു അവൾ ആ കുടുംബം പോറ്റിയത്. ഇതിനിടെ ഡിഗ്രി ഒന്നാം വർഷത്തിന് ആലുവയിലെ ഒരു കോളജിൽ േചർന്നു. ഫീസടയ്ക്കാനാവാതെ വിഷമിച്ചിരിക്കുമ്പോഴാണ് ഇങ്ങനെയൊരു സഹായധനത്തെപ്പറ്റി ഫാത്തിമ അറിയുന്നത്. ഇപ്പോൾ രണ്ടാംവർഷം ഡിഗ്രിക്കു പഠിക്കുന്ന ഫാത്തിമയ്ക്ക് എല്ലാ മാസവും 1000 രൂപ വീതം പഠനസഹായ ധനമായി സർക്കാർ നൽകുന്നു.

അനഘയുടെ കഥയും ഏതാണ്ട് ഇതേപോലെതന്നെ. അവൾ ഏഴാംക്ലാസിൽ പഠിക്കുമ്പോഴാണ് അച്ഛൻ മരിക്കുന്നത്. അവൾക്കും അനിയനും മൂന്നു വർഷമായി പ്രതിമാസ സാമ്പത്തിക സഹായം ലഭിക്കുന്നു. നമുക്കു ചുറ്റും മാതാപിതാക്കൾ ഇരുവരുമോ അതിലൊരാളോ മരിച്ച പാവപ്പെട്ട കുട്ടികളുണ്ടെങ്കിൽ തുടർന്നു പഠിക്കാൻ അവർക്കു ‘സ്േനഹപൂർവം’ പദ്ധതിയനുസരിച്ചു സർക്കാർ സഹായം ലഭിക്കും. അഞ്ചാം ക്ലാസ് വരെയുള്ളവർക്കു പ്രതിമാസം 300 രൂപ വീതവും പത്താം ക്ലാസ് വരെയുള്ളവർക്ക് 500 രൂപ വീതവും പ്ലസ്ടുകാർക്ക് 750 രൂപ വീതവും ഡിഗ്രിക്കാർക്ക് 1000 രൂപ വീതവും ലഭിക്കും. ഈ അധ്യയനവർഷം ഈ പദ്ധതിക്കു മാത്രമായി 18 കോടി രൂപ മാറ്റിവച്ചിട്ടുണ്ട്. പല നല്ല മനുഷ്യരും ഇതിനായി വൻതുക സംഭാവന നൽകുന്നതുകൊണ്ട് അർഹതപ്പെട്ടവർക്കെല്ലാം ഈ സഹായം കിട്ടും.

ഇതിനു വാർഷിക വരുമാന പരിധിയുണ്ട്. നഗരങ്ങളിൽ 22,375 രൂപയും ഗ്രാമങ്ങളിൽ 20,000 രൂപയുമാണ് ഈ പരിധി.ബിപിഎൽ സർട്ടിഫിക്കറ്റ്, ബിപിഎൽ റേഷൻകാർഡിന്റെ കോപ്പി (അതില്ലെങ്കിൽ വില്ലേജ് ഓഫിസിൽനിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്) എന്നിവ ഹാജരാക്കണം. ആധാർ കാർഡിന്റെ കോപ്പിയും വേണം. നിലവിലുള്ള രക്ഷാകർത്താവിന്റെയും കുട്ടിയുടെയും പേരിൽ ഏതെങ്കിലും നാഷണലൈസ്ഡ് ബാങ്കിൽ സംയുക്ത അക്കൗണ്ട് തുടങ്ങണം. ആ അക്കൗണ്ടിന്റെ പാസ്ബുക്കിന്റെ കോപ്പിയും വേണ്ടിവരും.

ഇതെല്ലാം ചേർത്ത് വെള്ളക്കടലാസിൽ അപേക്ഷയെഴുതി പഠിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവിക്കു നൽകിയാൽ മതി. കൂട്ടത്തിൽ പറയട്ടെ: സ്കൂളിൽ ചേർക്കാത്ത കുട്ടികൾക്കു പ്രതിമാസം 300 രൂപവീതം കിട്ടും. അതിനു ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ സർട്ടിഫിക്കറ്റ് വേണം. അതേസമയം അനാഥാലയങ്ങളിലെ കുഞ്ഞുങ്ങൾക്ക് ഈ ഗ്രാൻഡ് കിട്ടില്ല. അനാഥാലയങ്ങൾക്കു പ്രത്യേക ഗ്രാന്റ് ഉള്ളതിനാലാണത്. ഈ വർഷത്തെ ‘സ്നേഹപൂർവം’ പദ്ധതിക്കുള്ള അപേക്ഷകൾ സാമൂഹ്യ സുരക്ഷാമിഷനിൽ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 31 ആയ തിനാൽ അതിനുള്ള ശ്രമങ്ങൾ ഇപ്പോഴേ തുടങ്ങാം. സ്ഥാപനമേധാവി രേഖകൾ പരിശോധിച്ച് അർഹതയുള്ള അപേക്ഷകൾ ഓൺലൈനായി സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയറക്ടർക്കാണ് അയയ്ക്കേണ്ടത്. ധനസഹായ തുക നേരിട്ട് ബാ ങ്ക് അക്കൗണ്ടിലേക്കു വരും. കഴിഞ്ഞ വർഷം 74307 കുട്ടികൾക്ക് ഈ സഹായം ലഭിച്ചു.  

Your Rating: