Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കല്ലു തുളച്ചു കയറ്റിയാലും ആസിഡൊഴിച്ചാലും തളരില്ല ഇവൾ...

Soni Sori സോണി സോറി ആസിഡ് ആക്രമണമേൽക്കുന്നതിനു മുമ്പും ശേഷവും

ബസ്തറിൽ ഞാൻ നടത്തിയ പോരാട്ടത്തിന്റെ പ്രതിഫലനമാണ് എന്റെ മുഖത്ത് നിങ്ങളിപ്പോൾ കാണുന്നത്. ഭൂമിയിലേക്ക് ആഞ്ഞുതറയ്ക്കുന്ന ഈ വാക്കുകൾ സോണി സോറിയുടേതാണ്. പൊള്ളിയടർന്ന മുഖവുമായി കഴിഞ്ഞ ദിവസം ജെഎൻയു ക്യാംപസിൽ കനയ്യയേയും കൂട്ടുകാരേയും അഭിസംബോധന ചെയ്ത് സംസാരിച്ച സോണി സോറിയുടേത്. ആരാണ് സോണി സോറി? ഒരു അധ്യാപികയെന്ന് ആദ്യം പറയാം. നക്സൽ ബാധിത മേഖലയായ ഛത്തീസ്ഗഡിലെ ബസ്തറിലെ അധ്യാപിക, മൂന്ന് കുട്ടികളുടെ അമ്മ, ചെയ്യാത്ത തെറ്റിന് ജയിലഴിക്കുള്ളിലേക്ക് അടയ്ക്കപ്പെടുകയും തനിക്ക് സംഭവിച്ചത് ആവർത്തിവാർത്തിച്ച് കാണുകയും ചെയ്യേണ്ടി വരുന്ന സ്ത്രീ, നക്സലൈറ്റായി മുദ്രകുത്തി രണ്ടു വർഷം ജയിലടയ്ക്കപ്പെടുകയും പിന്നീട് വിട്ടയയ്ക്കപ്പെടുകയും ചെയ്ത സ്ത്രീ.

സോണി സോറിക്കൊരു മുഖവുരയെഴുതുകയെന്നാൽ‌ വീണ്ടും മനസാക്ഷിയുടെ മുഖത്തൊരു മുള്ളുകൊണ്ട് ആഴത്തിൽ വരയ്ക്കുന്നതിനു തുല്യമാണ്. ജയിലലടയ്ക്കാനും തല്ലിച്ചതയ്ക്കാനും ജനനേന്ദ്രിയത്തിൽ കല്ലുകുത്തി കയറ്റാനും പിന്നീടിപ്പോൾ മുഖത്തേക്ക് ആസിഡൊഴിച്ച് പൊള്ളിക്കാനും മാത്രം എന്തുതെറ്റാണ് അവർ ചെയ്തത്. മനസാക്ഷിയുടെ തടവുകാരി എന്ന് ആംനെസ്റ്റി ഇൻറർനാഷണൽ വിശേഷിപ്പിച്ച സ്ത്രീ. മാവോയിസം എതിരാളിക്ക് ചാർത്തിക്കൊടുക്കാനുള്ള ഏറ്റവും കരുത്തുറ്റ ബ്രാൻഡായി മാറിക്കഴിഞ്ഞിട്ട് കാലമേറെയായി. അതിന്റെ ഇരയാണ് സോണി സോറിയും. പക്ഷേ ആ പെൺമയിലെ തീയെ കെടുത്തിക്കളയാനാകില്ല. ആർക്കും. ചാരമാക്കപ്പെടുമ്പോഴും വീണ്ടും വീണ്ടും ഉയിർത്തെഴുന്നേൽക്കാനുള്ള കനല്‍ അവർക്കുള്ളിലൊളി​ഞ്ഞ് കിടപ്പുണ്ട്. നടന്നുവന്ന വഴികൾ അനുഭവിച്ച കാര്യങ്ങൾ അവരെ അങ്ങനെയാണ് പാകപ്പെടുത്തിയത്.

ഇരുളടഞ്ഞ് പോയ മനുഷ്യത്വത്തിന് പ്രകൃതിയ്ക്കായ് കലർപ്പില്ലാത്ത ചിന്തകളുമായി പോരടിച്ചതിന് ആദിവാസിയുടെ മക്കളുടെ ചോറ്റുപാത്രത്തിലേക്ക് ഒരുപിടി ചോറു നൽകാനാശിച്ചതിന് മാവോയിസ്റ്റായി, നക്സലൈറ്റായി മുദ്രകുത്തപ്പെടുന്നവർ ഏറെയാണ്. ജയിലറകൾക്കുള്ളിലെ ക്രൂരതകളിലേക്ക് വലിച്ചെറിയപ്പെടുന്നവർ ഏറെയാണ്. കാലമത് െതളിയിച്ചതാണ്. സോണി സോറി അതിലൊരാൾ മാത്രമാണ്. മാവോയിസ്റ്റുകൾക്കായി പ്രവർത്തിച്ചുവെന്നാരോപിച്ച് ഡൽഹി പൊലീസ് 2001ലാണ് സോണി സോറിയെ അറസ്റ്റ് ചെയ്തത്. സോണിക്കു മേൽ ചുമത്തിയത് എട്ടോളം കേസുകൾ. രണ്ടു വർഷത്തെ ജയിൽ വാസത്തിനൊടുവിൽ തെളിവില്ലെന്ന കാരണത്താൽ കോടതി അവരെ വെറുതെ വിട്ടു. ജയിൽ വാസത്തിനിടയിൽ സോണി അനുഭവിച്ച ശാരീരിക- മാനസിക പീഡനങ്ങള്‍ക്ക് മുന്നിൽ മനസാക്ഷി മൗനം പാലിച്ചു. ജയിൽ വാസത്തിനു ശേഷം സോണിയുടെ ജനനേന്ദ്രിയത്തിൽ നിന്ന് കല്ലുകളും ചീളുകളും നീക്കം ചെയ്തപ്പോഴും ഇലക്ട്രിക് ഷോക്കുകളുടെ വേദനയിൽ ആ ശരീരം പിടഞ്ഞപ്പോഴും പിന്നീടിപ്പോൾ മുഖത്തെ മാംസം ഉരുകിയൊലിച്ചപ്പോഴും അതേ മൗനം തന്നെ. സോണിയെ ദന്തേവാഡയിലെ പൊലീസ് കസ്റ്റ‍ഡിയിൽ പീഡിപ്പിക്കുവാൻ നേതൃത്വം നൽകിയ എസ് പി അങ്കിത് ഗാർഗിന് പിന്നീട് രാഷ്ട്രപതിയില്‍ നിന്ന് സ്തുത്യര്‍ഹ്യ സേവനത്തിനുള്ള പ്രസിഡന്റിന്റെ മെഡൽ ചാർത്തിക്കെട്ടിയപ്പോഴും മൗനം. പക്ഷേ സോണിയെ നിശബ്ദയാക്കാൻ കാലത്തിനാകില്ല. ചിന്തകളുടെ ശ്രദ്ധയുടെ ഓരത്തേക്ക് മാറ്റിനിർത്തപ്പെട്ടാലും അതിന് മാറ്റമുണ്ടാകില്ല. ജെഎൻയുവിലെ പ്രസംഗവും അവിടെ അവർക്ക‌ു കിട്ടിയ സ്വീകാര്യതതയും നാളെ അവർക്കൊപ്പമുണ്ടെന്നതിന് തെളിവാണ്. യുവത്വവും ചിന്തിക്കുന്ന പക്ഷവും ഈ മുന്നേറ്റത്തിന് ഒപ്പമുണ്ടെന്ന ഓർമപ്പെടുത്തലാണ്. ആക്രമണങ്ങൾക്ക് അവരുടെ ശരീരത്തെ മാത്രമേ നോവിക്കാനാകൂ എന്നതിന്റെ തെളിവാണ്.

പുസ്തകങ്ങളിൽ നിന്നല്ല ജീവിതാനുഭവങ്ങളിലൂടെയാണ് സോണി സോറി നിലനിൽക്കാൻ പോരാടാന്‍ പ്രാപ്തയായത്. ആക്രമണങ്ങൾക്ക് അവരുെട മനോവീര്യത്തെ ചെറുക്കാനാകില്ല. അത് വീണ്ടും ശക്തിയാർജ്ജിക്കുകയേയുള്ളൂ. വെന്തുനീറുന്ന മുഖവുമായി ഇങ്ങനെ ഉറച്ച വാക്കുകളിൽ സംസാരിക്കുവാൻ അവർക്കു കഴിയുന്നുവെങ്കിൽ ഈ പോരാട്ടം കാലത്തിനു വേണ്ടിയുള്ളതു തന്നെയാണ്. മാത്രമല്ല, ഒരു പെണ്ണിനെ നിശബ്ദയാക്കാൻ ഏറ്റവും നല്ല ആയുധമായി ആസിഡ് ആക്രമത്തെ കാണുന്ന വൈകല്യ മനസുകൾക്കുമുള്ള മറുപടിയാണ് സോണി സോറിയുടെ മുന്നേറ്റം. സര്‍ക്കാരിന്റെ അടിച്ചമർത്തലിൽ നിന്നാണ് ആദിവാസിക്ക് മോചനം വേണ്ടത്, പൊടുന്നനെ പല കോണുകളിൽ നിന്ന് ചാടി വീണ് മാവോയിസ്റ്റെന്നും നക്സലൈറ്റ് എന്നും മുദ്രകുത്തി ജയിലിലേക്കയയ്ക്കുന്ന പൊലീസിൽ നിന്നാണ് ആദിവാസിക്ക് മോചനം വേണ്ടതെന്ന് പറയുന്നു സോണി സോറി. അനുഭവങ്ങൾ പാകപ്പെടുത്തിയ ഉറച്ച കാൽവയ്പുകളുമായി ഈ വനിതയ്ക്ക് മുന്നേറാനാകാട്ടെ.

Your Rating: