Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമൂഹം കണ്ടത് തൂക്കുകയർ, കോടതി വിധിച്ചത് 7 വർഷം

govindachami-soumya-murder-case ഒടുവിൽ പുതിയ പുതിയ ഗോവിന്ദചാമിമാർ ജനിക്കുകയാണ് എന്ന് തെളിയിക്കപ്പെടുകയാണ്. ഇവിടെ മരിക്കുന്നത് നീതിയുടെ പ്രത്യയശാസ്ത്രമാണ്.

2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും കൊച്ചി- ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ കയറുമ്പോൾ ഒരിക്കലും സൗമ്യയെന്ന ആ 23കാരി കരുതിയില്ല തന്റെ ജീവിതത്തിന്റെ അവസാന മൈലുകൾ ഓടിത്തീർക്കാനുള്ള ട്രാക്കിലേക്കാണ് ചൂളം വിളിയോടെ ആ തീവണ്ടി വന്നു ചേർന്നിരിക്കുന്നതെന്ന്. എറണാകുളത്തിനും ഷൊർണൂരിനും ഇടക്കുള്ള ദൂരം, ആ ദൂരത്തിനിടയിലാണ് ജീവിതത്തിന്റെ എല്ലാ നിറങ്ങൾക്കും മീതെ രക്തച്ചുവപ്പ് പകർത്തിക്കൊണ്ട് തീവണ്ടി ബഹുദൂരം സഞ്ചരിച്ചത്.  

വള്ളത്തോൾ നഗർ എന്ന ആ സ്റ്റേഷൻ മനുഷ്യത്വം മരിക്കാത്ത ജനങ്ങൾ അത്രപെട്ടെന്ന് മറക്കാൻ വഴിയില്ല. കാമവെറിയനായ ഒരുവന്റെ ആക്രമണത്തിന് മുന്നിൽ സൗമ്യയുടെ ചെറുത്തുനിൽപ്പുകൾക്ക് ആയുസ്സുണ്ടായില്ല. ട്രെയിനിൽ നിന്നും റെയിൽവേ പാളത്തിലേക്ക് തള്ളിയിട്ട് പീഡിപ്പിച്ച സൗമ്യയെ മനസ്സിൽ കരുണവറ്റാത്ത ചിലർ കണ്ടെത്തി, ശേഷിച്ച ജീവനോടെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ക്രൂരമായി ആക്രമിക്കപ്പെട്ട ആ ശരീരത്തിൽ മരുന്നുകൾ ഫലിച്ചു തുടങ്ങും മുൻപുതന്നെ, തന്നെ ആക്രമിച്ചവന് നേരെയുള്ള തെളിവുകൾ ബാക്കി വച്ച്, ഫെബ്രുവരി ആറിനു സൗമ്യ ഈ ലോകത്തോട് വിട പറഞ്ഞു. ഇത്, കേരളത്തെ ഒന്നടങ്കം കണ്ണീരിലാഴ്ത്തിയ സൗമ്യ വധത്തിന്റെ രത്നച്ചുരുക്കം.

soumya-murder-case

സംഭവത്തിന്റെ അവശേഷിച്ച തെളിവുകൾ നിരത്തി പോലീസ് നടത്തിയ അന്വേഷണങ്ങളിൽ പ്രതിസ്ഥാനത്ത് ഒരാൾ മാത്രം, തമിഴ്‌നാട് സ്വദേശിയായ ഗോവിന്ദച്ചാമി. കേസന്വേഷണം ശരിയായ ദിശയിൽ മുന്നേറുന്ന അവസ്ഥയിൽ കേരളം മുഴുവൻ പ്രതീക്ഷിച്ചു, എത്രയും വേഗം വിധി തീർപ്പാക്കപ്പെടുന്ന അപൂർവം ചില കേസുകളിൽ ഒന്നായിരിക്കും എന്ന്. എന്നാൽ ആ വിധിക്കായി കാത്തിരിക്കേണ്ടി വന്നത് 6 വർഷം. എന്നിട്ട്, ഈ ആറാം വർഷത്തിൽ സൗമ്യക്ക് നീതികിട്ടിയോ? ആ ചോദ്യത്തിന് കേരളം ഒന്നടങ്കം ഉത്തരം നൽകും സൗമ്യക്ക് അർഹിക്കുന്ന നീതി ലഭിച്ചില്ല എന്ന് തന്നെ. 

സമൂഹം കണ്ടത്  തൂക്കുകയർ , കോടതി വിധിച്ചത് 7 വർഷം.. 

ജീവിതത്തിലെ നിറമുള്ള സ്വപ്നങ്ങൾ കണ്ടുതുടങ്ങുന്ന പ്രായത്തിൽ സൗമ്യക്ക് ഗോവിന്ദച്ചാമി വിധിച്ചത് ദാരുണാന്ത്യം. പ്രതി സ്ഥാനത്ത് ഗോവിന്ദച്ചാമി നിൽക്കുമ്പോൾ കേരളം സമൂഹം ഒന്നടങ്കം വാദിച്ചത് ഒരു കൊലക്കയറിനായിട്ടായിരുന്നു. വധശിക്ഷയിൽ കവിഞ്ഞൊരു ശിക്ഷ ഗോവിന്ദച്ചാമിക്ക് നൽകാൻ സമൂഹം ഒരുക്കമായിരുന്നില്ല. എന്നാൽ സുപ്രീം കോടതി വരെ അപ്പീൽ പോയ പ്രതിക്ക് ഒടുവിൽ കോടതി വിധിച്ചത് 7 വർഷം ജീവപര്യന്തം. ഗോവിന്ദച്ചാമിക്ക് ലഭിച്ച 7 വർഷം തടവിനെ ഗോവിന്ദച്ചാമിയെ വിശുദ്ധനാക്കുന്ന വിധിയായാണ് സമൂഹം കാണുന്നത് .

കൊലക്കുറ്റം തെളിയിക്കുന്നതിന് പ്രോസിക്യൂഷൻ നിരത്തിയ തെളിവുകൾ വധശിക്ഷയ്ക്ക് പര്യാപ്തമായി കോടതിക്ക് തോന്നിയില്ല എന്നത് തികച്ചും വേദനാജനകം തന്നെ. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടപ്പോൾ അത് പുതിയ ഗോവിന്ദച്ചാമിമാരുടെ ജനനത്തിനുള്ള വഴിയൊരുക്കുകയായിരുന്നു. കൊലക്കുറ്റത്തിനായുള്ള തെളിവുകൾ മുന്നിൽ നിരന്ന് കിടക്കുമ്പോൾതന്നെ സംശയത്തിന്റെ ആനുകൂല്യത്തിൽ ഗോവിന്ദച്ചാമി തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ടു. 

സമൂഹമാധ്യമങ്ങൾ നൽകിയ താരമൂല്യം 

2011 ൽ പിടിയിലാകുമ്പോൾ കണ്ട ഗോവിന്ദച്ചാമിയിൽ നിന്നും ഏറെ വ്യത്യസ്തനായിരുന്നു സുപ്രീം കോടതി വിധിക്കായി കാത്തുനിന്ന ഗോവിന്ദച്ചാമി. ജയിലിലെ വ്യായാമവും ഭക്ഷണവും ജീവിതവും ഗോവിന്ദച്ചാമിയെ സംബന്ധിച്ച് ഒരു അനുഗ്രഹമാകുകയായിരുന്നു. ഒരു സിനിമ താരത്തിന് തുല്യമായ രീതിയിൽ ഗോവിന്ദച്ചാമി മാറി എന്ന് സമൂഹമാധ്യമങ്ങൾ പറയുമ്പോൾ, അത് സൗമ്യക്ക് ലഭിക്കേണ്ട നീതിയുടെ നിഷേധമായിരുന്നു എന്ന് നാം മനസിലാക്കണം. 

തെളിവുകൾ അപര്യാപ്തം!!! 

സൗമ്യ ബലാൽസംഗം ചെയ്യപ്പെട്ടു എന്നതിന് തെളിവായി സൗമ്യയുടെ ശരീരത്തിൽ നിന്നും ഗോവിന്ദച്ചാമിയുടെ ബീജം കണ്ടെത്തിയിരുന്നു. പാസഞ്ചർ ട്രെയിനിൽ പിടിവലി നടന്ന കമ്പാർട്ട്മെന്റിൽ ഗോവിന്ദച്ചാമിയുടെ ഷർട്ടിലെ ബട്ടൻസുകളും സൗമ്യയുടെ ഹെയർപിന്നും ലഭിച്ചിരുന്നു. സൗമ്യയെ കീഴടക്കാനും ഗോവിന്ദച്ചാമിയിൽ നിന്നും രക്ഷപ്പെടാനും ശ്രമിച്ചതിന്റെ ഭാഗമായി ഇരുവരുടെയും നഖങ്ങൾക്കിടയിൽ നിന്നും ശരീരത്തിലെ തൊലി കണ്ടെത്തിയിരുന്നു. അത് ഡിഎൻഎ ടെസ്റ്റ് വഴി തെളിയിക്കപ്പെട്ടതുമാണ്.സൗമ്യ മരിച്ചത് തീവണ്ടിയിൽ നിന്നും വീണത് കൊണ്ടല്ല മറിച്ച് ബലാൽസംഗവും ആക്രമണവുമാണ് മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും തെളിഞ്ഞു. ബലാൽസംഗത്തിന് ശേഷം സൗമ്യയുടെ ഫോണും മോഷ്ടിച്ച കടന്നുകളഞ്ഞ ഗോവിന്ദച്ചാമിയെ ആ ഫോൺ ഉൾപ്പെടെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. എന്നിട്ടും  ഇത്തരത്തിൽ ഒരു ക്രൂരന് വധശിക്ഷ വിധിക്കാൻ ആ തെളിവുകൾ പര്യാപ്തമായില്ല എന്നതിലാണ് പൊതുജന രോഷം.

ചരിത്രമാകേണ്ടിയിരുന്ന വധശിക്ഷ 

ഗോവിന്ദച്ചാമി 2011 ൽ ശിക്ഷിക്കപ്പെട്ടിരുന്നു എങ്കിൽ അതൊരു ചരിത്രമായേനെ. പെൺകുട്ടികൾക്ക് വീടിനു പുറത്ത് സുരക്ഷ ഉറപ്പു വരുത്തുന്ന വലിയൊരു ചരിത്രം. എന്നാൽ ഗോവിന്ദച്ചാമിയുടെ ശിക്ഷയ്ക്ക് മേൽ വൈകിയ ഓരോ നിമിഷത്തിനും ഈ സമൂഹം വലിയ വില നൽകേണ്ടിവന്നു എന്ന് മറയില്ലാതെ തന്നെ പറയട്ടെ. ഗോവിന്ദച്ചാമിയെ പോലുള്ള കാമവെറിയന്മാരെ തക്ക സമയത്തു ശിക്ഷിക്കാത്തതിന്റെ പ്രതിഫലനമായിരുന്നു തൊട്ടടുത്ത വർഷം ഡൽഹിയിൽ ഓടുന്ന ബസിനുള്ളിൽ ബലാൽസംഗം  ചെയ്യപ്പെട്ട യുവതി. നിർഭയ എന്ന പേരിൽ ആ മരണവും വാർത്തയായി എന്നാൽ അവിടെയും പ്രതികൾക്ക് അവർ അർഹിക്കുന്ന ശിക്ഷ ലഭിച്ചോ? 

soumya കേസന്വേഷണം ശരിയായ ദിശയിൽ മുന്നേറുന്ന അവസ്ഥയിൽ കേരളം മുഴുവൻ പ്രതീക്ഷിച്ചു, എത്രയും വേഗം വിധി തീർപ്പാക്കപ്പെടുന്ന അപൂർവം ചില കേസുകളിൽ ഒന്നായിരിക്കും എന്ന്. എന്നാൽ ആ വിധിക്കായി കാത്തിരിക്കേണ്ടി വന്നത് 6 വർഷം.

വീണ്ടും , ബലാൽസംഗങ്ങൾ ആവർത്തിക്കപ്പെട്ടുകൊണ്ടേയിരുന്നു. സൗമ്യയെക്കാൾ, ക്രൂരമായിട്ടാണ്  നിർഭയയുടെ മരണം എന്ന് റിപ്പോർട്ട്  ചെയ്യപ്പെട്ടപ്പോൾ ക്രൂരതയുടെ ആഴം മാത്രമാണ് നാം കണ്ടത്. അറബ് നാടുകളിലെ ശിക്ഷാരീതി ഇവിടെ നടപ്പിലാക്കണം എന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, മറ്റൊരു വഴിയിലൂടെ പുതിയ ഗോവിന്ദച്ചാമിമാർ ജനിക്കപ്പെടുകയായിരുന്നു. 

ഒടുവിലായി..., ഇക്കഴിഞ്ഞ ദിവസം, അമ്മയുടെ അരികിൽ ഉറങ്ങിക്കിടന്ന 11 മാസം പ്രായമുള്ള പെൺകുഞ്ഞിനെ അടുത്തുള്ള കൺസ്ട്രക്ഷൻ തൊഴിലാളി അതികൂലമായി ബലാൽസംഗം ചെയ്തപ്പോഴും പുതിയ പുതിയ ഗോവിന്ദചാമിമാർ ജനിക്കുകയാണ് എന്ന് തെളിയിക്കപ്പെടുകയായിരുന്നു. ഇവിടെ മരിക്കുന്നത് നീതിയുടെ പ്രത്യയശാസ്ത്രമാണ്.