Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജനിച്ച് മണിക്കൂറുകൾക്കുള്ളിൽ തട്ടിക്കൊണ്ടുപോയി, ഒടുവിൽ അമ്മയ്ക്ക് പൊന്നുമോളെ തിരിച്ചുകിട്ടി, പക്ഷേ...

Kamia കാമിയ പതിനെട്ടു വർഷം മുമ്പും ഇപ്പോഴും

എന്റെ അമ്മ മഹാപാതകിയല്ല, അവരെ കുറ്റപ്പെ‌ടുത്തരുത്, നിറകണ്ണുകളോടെ ആ മകൾ പറഞ്ഞു. തന്റെ അമ്മയെ ജയിലഴികൾക്കുള്ളിലാക്കിയ നിമിഷത്തിലാണ് അവൾ നിയന്ത്രണം വിട്ടു കരഞ്ഞ് ഇങ്ങനെ പറഞ്ഞത്. ഇനി ആ അമ്മയെ അഴികൾക്കുള്ളിലാക്കിയ സംഭവം എന്തെന്നല്ലേ? മകളായി വളർത്തിയ പെൺകുട്ടിയെ അവർ പതിനെട്ടു വർഷം മുമ്പ് ആശുപത്രിയിൽ നിന്നും മോഷ്ടിച്ചതായിരുന്നു. എ​ന്നിട്ടും ആ മകൾക്ക് തന്നെ തട്ടിക്കൊണ്ടുപോയ വളർത്തമ്മയെ വെറുക്കാനാവുന്നില്ല, കാരണം ഇക്കാലമത്രയും ജീവനോടെ സ്നേഹിച്ചു തന്നെ വളർത്തിയത് അവരാണ്.

സിനിമാക്കഥ പോലെ തോന്നിക്കുന്ന ഈ സംഭവം നടന്നത് ഫ്ലോറിഡയിലാണ്. കാമിയാ മോബ്‍ലി എന്ന പെൺകുഞ്ഞ് ജനിച്ച് എട്ടുമണിക്കൂറുകൾ ആയതേ ഉണ്ടായിരുന്നുള്ളു. ആ സമയത്താണ് നഴ്സിന്റെ വേഷത്തിലെത്തിയ ഗ്ലോറിയ വില്യംസ് എന്ന യുവതി അമ്മ ഷനാരയിൽ നിന്നും കാമിയയെ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനു പനിയുണ്ടെന്നും പരിശോധിക്കണമെന്നും പറഞ്ഞായിരുന്നു ഗ്ലോറിയ കാമിയയെയും എടുത്ത് മുറിയിൽ നിന്ന് പുറത്തുകടന്നത്.

Kamia കാമിയ വളർത്തമ്മ ഗ്ലോറിയയ്ക്കൊപ്പം

കുഞ്ഞ് നഷ്ടപ്പെട്ടതറിഞ്ഞ ഷനാര ആശുപത്രിക്കെതിരെ പരാതി നൽകിയെങ്കിലും നഷ്ടപരിഹാരത്തുക നൽകി കേസ് ഒതുക്കിത്തീര്‍ക്കുകയാണ് അധികൃതര്‍ ചെയ്തത്. തുടർന്ന് വർഷങ്ങളോളം കാമിയയെ കണ്ടെത്താനായി നടത്തിയ ക്യാംപയിനിലൂടെ തങ്ങളുടെ പൊന്നുമകളെ അവർ കണ്ടുപിടിച്ചു.

ഇന്ന് പതിനെട്ടു വയസുണ്ട് കാമിയയ്ക്ക്. അലെക്സിസ് കെല്ലി മാനിഗോ എന്ന പേരിൽ ഗ്ലോറിയ വില്യംസിന്റെ പൊന്നോമന മകളായി വളർന്ന കാമിയയ്ക്ക് കഴിഞ്ഞ കാല സംഭവങ്ങളെക്കുറിച്ചൊന്നും അറിയുമായിരുന്നില്ല. ഒടുവിൽ ഗ്ലോറിയ അറസ്റ്റ് ചെയ്യപ്പെടുകയും ഡിഎൻഎ പരിശോധനയിലൂടെ കാമിയ ഷനാരയുടെ മകൾ തന്നെ ആണെന്ന് തെളിയുകയും ചെയ്തതോടെ തകർന്നുപോയത് ആ പതിനെട്ടുവയസുകാരിയാണ്.

Kamia കാമിയയെ നഷ്ടപ്പെട്ടതറിഞ്ഞ് കരയുന്ന ഷനാര

തന്റെ ആവശ്യങ്ങളെല്ലാം നേടിത്തന്ന് യാതൊരു കുറവുമില്ലാതെയാണ് അമ്മ തന്നെ വളർത്തിയതെന്ന് കാമിയ പറയുന്നു. യഥാർഥ അമ്മയിൽ നിന്നു തട്ടിക്കൊണ്ടുപോയതാണെങ്കിലും പൊന്നുപോലെ വളർത്തിയ വളർത്തമ്മയെ തനിക്കു വെറുക്കാനാവില്ലെന്നാണ് കാമിയ പറയുന്നത്. ജയിലഴികൾക്കുള്ളിൽ നിൽക്കുന്ന ഗ്ലോറിയയെ നോക്കി ആർത്തലച്ചു കരയുന്ന കാമിയ കാഴ്ചക്കാരിലും നോവു പടർത്തി. തട്ടിക്കൊണ്ടുപോകലിന് അറസ്റ്റു ചെയ്ത ഗ്ലോറിയയ്ക്കാകട്ടെ ജാമ്യവും നിഷേധിച്ചിട്ടുണ്ട്.

കാത്തുകാത്തിരുന്ന കൺമണിയെ കൊതിതീരും മുമ്പെ തട്ടിയെടുത്തെങ്കിലും ഇപ്പോൾ തിരിച്ചുകിട്ടിയ സന്തോഷത്തിലാണ് ഷനാര. എന്നാൽ വളർത്തമ്മയെ വിട്ട് കാമിയ തന്റെ യഥാർഥ അമ്മയിലേക്കു തിരിച്ചു പോകുമോയെന്ന തീരുമാനം ഇപ്പോഴും ബാക്കി...