Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുട്ടികളോട് കൂട്ടുകൂടാൻ മുത്തുമണി

Muthumani മുത്തുമണി

കുരുന്നുകൾക്കുള്ള അവധിക്കാല വർക്‌ഷോപ്പുമായി സിനിമാതാരം മുത്തുമണി. പ്രേരണ എന്ന പേരിൽ ഇത് തുടർച്ചയായ അഞ്ചാം വർഷമാണ് മുത്തുമണിയുടെ നേതൃത്വത്തിൽ വർക്‌ഷോപ് നടത്തുന്നത്. നാലു മുതൽ 10 വയസു വരെയുള്ള കുട്ടികൾക്ക് ഏപ്രിൽ നാലു മുതൽ ഒമ്പതു വരെയും 10-നും 15-നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് ഏപ്രിൽ ഒന്നു മുതൽ ആറു വരെയും രണ്ടു ബാച്ചുകളിലായാണ് വർക്‌ഷോപ്. ഇടപ്പള്ളി കേരള ഹിസ്റ്ററി മ്യൂസിയമാണ് വർക്‌ഷോപ് വേദി.

അധ്യാപകർ, വക്കീലൻമാർ‍, ഡോക്ടർമാർ, മനശാസ്ത്രഞ്ജർ എന്നിവരടങ്ങുന്ന വിദഗ്ധസംഘമാണ് ക്ലാസുകൾ എടുക്കുന്നത്. അനുദിന ജീവിതത്തിൽ ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും ജീവിതവിജയം കൈവരിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുകയെന്ന ഉദ്ദേശ്യത്തോടെ, അവധിക്കാലം ഏറ്റവും ഫലപ്രദവും അതേ സമയം ആഘോഷപൂർണവുമായി വിനിയോഗിക്കാൻ സാധിക്കുന്ന തരത്തിലാണ് ക്ലാസുകൾ തയ്യാറാക്കിയിരിക്കുന്നതെന്ന് മുത്തുമണി വെളിപ്പെടുത്തുന്നു.

നാലു മുതൽ 10 വയസു വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വർക്‌ഷോപ്പാണ് ലിറ്റിൽ ചാംപ്സ്. കുട്ടികളുടെ ആത്മവിശ്വാസം, ആശയവിനിമയ മികവ് എന്നിവ വർധിപ്പിക്കുന്നതിനൊപ്പം സർഗവാസനകളെ പോഷിപ്പിക്കുകയും ചെയ്യുന്ന തരത്തിലാണ് ഈ വർക്‌ഷോപ് ക്രമീകരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ അഭാവത്തിലും പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാൻ സഹായകമായ പരിശീലനവും വർക്‌ഷോപ്പിൽ ക്രമീകരിച്ചിട്ടുണ്ട്.

Workshop

മുഖംമൂടി നിർമാണം, ഫൺ വിത്ത് സയൻസ്, പപ്പെട്രി, സ്റ്റോറി ടെല്ലിങ്, വെയ്സ്റ്റ് റീസൈക്ളിങ്, ഡാൻസ് ആൻഡ് ഫിറ്റ്നസ്, പാം പ്രിന്റിങ് ആൻഡ് വെജിറ്റബിൾ പ്രിന്റിങ്, പേപ്പർ ക്രാഫ്റ്റ്, തിയറ്റർ സോൺ, വ്യക്തിഗത സുരക്ഷ, ആശയവിനിമയ കഴിവ്, ലിറ്റിൽ കിച്ചൻ, സ്ക്രാപ് ബുക്ക്, പിക്ചർ പ്രോംപ്റ്റ്, തിയറ്റർ സോൺ എന്നിവ വിഞ്ജാനത്തോടൊപ്പം രസപ്രദവുമാണ്.

ടൈം മെഷിൻ എന്ന പേരിലാണ് 10 മുതൽ 15 വയസു വരെ പ്രായമുള്ള കുട്ടികൾക്കായുള്ള വർക്‌ഷോപ്. എജ്യു ഗെയിംസ്, ലാംഗ്വേജ് ലാബ്സ്, ആർട്സ് ആന്‍ഡ് ക്രാഫ്റ്റ്, കൾചർ ആൻഡ് വാല്യൂസ്, സോഷ്യൽ അവയർനെസ് ആൻഡ് റെസ്പോൺസിബിലിറ്റി, മൈന്‍ഡ് മാനേജ്മെന്റ്, ഇൻഫൊടെയ്ൻമെന്റ് എന്നീ മേഖലകളിൽ ഈ വർക്‌ഷോപ് പരിശീലനം നലകുന്നു. പഞ്ചായത്ത്, പാർലമെന്റ് തിരഞ്ഞെടുപ്പുകളെക്കുറിച്ചു ബോധവാന്മാരാക്കുന്നതിനായി മോക് ഇലക്ഷനും വർക്‌‌ഷോപ്പില്‍ ഉൾപ്പെടുത്തിയിരിക്കുന്നു.

Your Rating: