Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്നങ്ങളുമായി പോയി, തിരിച്ചുവന്നത് മൃതശരീരവുമായി

Sunayana Dumala സുനയന ദുമാല ഭർത്താവ് ശ്രീനിവാസ് കുച്ചിബോട്‌ലയ്ക്കൊപ്പം

വംശീയാക്രമണത്തില്‍ ഇന്ത്യന്‍ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ചിബോട്‌ല കൊല്ലപ്പെട്ട വാർത്തയെ ഞെട്ടലോടെയാണ് ലോകം എതിരേറ്റത്. കന്‍സസ് സിറ്റിയിലെ തിരക്കേറിയ ബാറില്‍ വച്ച് 'എന്റെ രാജ്യത്തുനിന്നു പുറത്തു പോകൂ' എന്ന് ആക്രോശിച്ചു കൊണ്ടാണ് യുഎസ് നാവികസേനയില്‍ നിന്നു വിരമിച്ച ആദം പുരിന്റോണ്‍ ഇന്ത്യക്കാരായ യുവാക്കള്‍ക്കു നേരെ നിറയൊഴിച്ചത്. ആക്രമണത്തില്‍ ശ്രീനിവാസ് കുച്ചിബോട്‌ലയെന്ന ഹൈദരാബാദ് സ്വദേശി കൊല്ലപ്പെടുകയും ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തന്‍ അലോക് മദസാനിക്കു പരുക്കേല്‍ക്കുകയും ചെയ്തു. വംശീയാക്രമണം ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ സ്വപ്നങ്ങളാണ്. ശ്രീനിവാസിന്റെ വിയോഗത്തിൽ ഭാര്യ സുനയന ദുമാല ഫേസ്ബുക്കിലിട്ട പോസ്റ്റ് ആരുടെയും കണ്ണുനനയ്ക്കും.

''ഫേസ്ബുക്കിലെ എന്റെ ആദ്യത്തെ ഒഫീഷ്യൽ ബ്ലോഗ് ആണിത്. വളരെയധികം ഹൃദയഭാരത്തോടെയാണ് ഞാനീ വാക്കുകൾ എഴുതുന്നത്. 2017 ഫെബ്രുവരി 22 ബുധനാഴ്ചയിലെ ആ ഭയാനകമായ രാത്രിയില്‍ എനിക്കെന്റെ ഭർത്താവിനെ നഷ്ടമായി, എന്റെ ആത്മാവിനെ, എന്റെ സുഹൃത്തിനെ, എന്റെ ആത്മവിശ്വാസത്തെ. എനിക്കു മാത്രമല്ല അദ്ദേഹത്തെ അറിയാവുന്ന എല്ലാവർക്കും അദ്ദേഹം ഒരു പ്രചോദനവും പിന്തുണയുമായിരുന്നു. മുതിർന്നവരെയെല്ലാം ബഹുമാനിക്കുന്ന അദ്ദേഹം എല്ലാവരോടും പുഞ്ചിരിയോടെയെ നിൽക്കൂ. ഒരു പൊതുസുഹൃത്തു വഴി 2006ലാണ് ഞങ്ങൾ പരിചയപ്പെടുന്നത്, പിന്നീട് ഓർക്കൂട്ട് എന്ന ഓൺലൈൻ പോർട്ടൽ വഴി ഞങ്ങൾ കൂടുതൽ അടുത്തു.

രണ്ടു ചേച്ചിമാരുടെ കുഞ്ഞനിയത്തിയായാണ് ഞാൻ വളർന്നു വന്നത്, വീട്ടിലെ ഇളയ സന്തതി. യുഎസ്എയിൽ വന്നു പഠിക്കണം എന്ന എന്റെ സ്വപ്നത്തിനു ധൈര്യം പകർന്നത് ശ്രീനിവാസ് ആയിരുന്നു, അതാണ് ഇന്നത്തെ ഇൻഡിപെൻഡന്റ് ആയ സ്വയംപര്യാപ്തയായ, കരുത്തയായ എന്നെ സൃഷ്ടിച്ചത്. അടുത്തിടെ 2016 മേയിൽ മാത്രമാണ് ഞാൻ ജോലിക്കു ചേർന്നത്. എനിക്കൊരു ജോലി ലഭിച്ചതിൽ അദ്ദേഹത്തിനു വളരെ വലിയ സ്ഥാനമുണ്ട്. എന്റെ നിരാശകളിൽ കൂ‌‌ടെനിന്ന് പ്രചോദിപ്പിച്ച് കൂടെനിന്നയാള്‍, പ്രത്യേകിച്ച് നാലുവർഷത്തെ കരിയർ ബ്രേക്കിനു ശേഷം ഞാൻ വീണ്ടും ജോലി ചെയ്തു തുടങ്ങിയപ്പോൾ.

ഏവിയേഷൻ ഇൻഡസ്ട്രിയിൽ നൂതനമായ ആശയങ്ങൾ കണ്ടെത്തുക എന്നത് അദ്ദേഹത്തിന്റെ പാഷനായിരുന്നു. ഇവിടെ അമേരിക്കയിൽ റോക് വെൽ കോളിൻസ് എന്ന കമ്പനിയിൽ തുടക്കം കുറിച്ച് ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റത്തിൽ ആണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അത്താഴം കഴിക്കാനായി മാത്രം വീട്ടിലെത്തി തിരിച്ചു വീണ്ടും ജോലിക്കു പോകുന്ന ദിവസങ്ങളുണ്ടായിരുന്നു, തിരിച്ചെത്തുന്നത് പലപ്പോഴും പുലർച്ചെ രണ്ടോ മൂന്നോ മണിക്കാകും. റോക്ക് വെല്ലിൽ സന്തോഷവാനായിരുന്ന അദ്ദേഹം എപ്പോഴും സെഡാർ റാപിഡ്സ് പോലുള്ള ചെറിയ ടൗണിൽ ജീവിക്കാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ എനിക്കൊരു ജോലി നേടിത്തരാനും എന്റെ സ്വപ്നങ്ങൾക്കു കൂടെ നിന്നു സാക്ഷാൽക്കരിക്കാനുമായി ഞങ്ങൾ വലിയൊരു നഗരത്തിലേക്കു ചേക്കേറി.

ഒരുപാടു സ്വപ്നങ്ങളുമായി ഞങ്ങൾ കാന്‍സാസിലേക്കു മാറി. ഞങ്ങളുടെ സ്വപ്നഗൃഹംപണിതു. വീടിനുവേണ്ടി എന്തു ജോലി ചെയ്യുന്നതിലും അദ്ദേഹം അഹ്ലാദവനായിരുന്നു. പക്ഷേ നിർഭാഗ്യകരം എന്നു പറയട്ടെ, ഞങ്ങളുടെ സ്വപ്നങ്ങളെല്ലാം തകിടംമറിഞ്ഞു,. അതിനെല്ലാം കാരണം ഒരാളാണ്, അതുകൊണ്ട് ഇരയുടെ കുടുംബത്തിനുണ്ടാകുന്ന ആഘാതത്തെക്കുറിച്ച് അയാൾ ചിന്തിച്ചില്ല. അന്ന് പൊലീസ് ഉദ്യോസ്ഥർ രാത്രി ഞങ്ങളുടെ വീട്ടിലെത്തി ഭർത്താവ് കൊല്ലപ്പെ‌ട്ടു എന്നു പറഞ്ഞപ്പോൾ എനിക്കാ വാക്കുകളെ വിശ്വസിക്കാനായിരുന്നില്ല. ഞാൻ ആവർത്തിച്ച് അവരോടു ചോദിച്ചു, നിങ്ങൾക്കുറപ്പാണോ? സത്യമാണോ ഈ പറയുന്നത്? നിങ്ങൾ പറയുന്ന ആളെ കണ്ടിട്ടാണോ വരുന്നത്? നിങ്ങള്‍ ഉദ്ദേശിക്കുന്നയാളുടെ പടം കയ്യിലുണ്ടെങ്കിൽ ഒന്നു കാണിക്കാേമാ? ആറടി രണ്ടിഞ്ച് ഉയരമുള്ള ആളെക്കുറിച്ചാണോ പറയുന്നത്? എല്ലാത്തിനും അവരുടെ ഉത്തരം അതെ എന്നായിരുന്നു. ഇവിടെ ദല്ലാസിൽ അദ്ദേഹത്തിന്റെ സഹോദരൻ ഉള്ളതുകൊണ്ട് ആദ്യം അദ്ദേഹത്തെ വിളിക്കാനാണു തോന്നിയത്. പൊലീസ് എന്നോടു പറഞ്ഞത് ഞാൻ അദ്ദേഹത്തോടു പറഞ്ഞപ്പോൾ ഞാൻ തമാശ പറയുകയാണെന്നാണ് സഹോദരൻ കരുതിയത്.

ഒരു നിമിഷം പോലും മാറിനിൽക്കാതെ സുഹൃത്തുക്കൾ എനിക്കൊപ്പം നിന്നു. ഡെൻവറിൽ നിന്നും കാലിഫോർണിയയിൽ നിന്നും ന്യൂജഴ്സിൽ നിന്നുമൊക്കെ അദ്ദേഹത്തിനന്റെ സുഹൃത്തുക്കൾ അവസാനമായി അദ്ദേഹത്തെ കാണാൻ എത്തി. മാർച്ച് ഒമ്പതിന് അദ്ദേഹത്തിന് 33 വയസാകുമായിരുന്നു. അദ്ദേഹത്തിന്റെ കസിന്റെ വിവാഹ നിശ്ചയത്തിന് ന്യൂജഴ്സിയിലേക്കു പോകാനിരിക്കുകയായിരുന്നു ഞങ്ങൾ. ആഴ്ച്ചാവസാനം ഷോപ്പിങ്ങും ട്രിപ്പുമായി ആഘോഷിക്കണം എന്നും കരുതിയിരുന്നു, എല്ലാം മാറിമറിഞ്ഞു, ഞാൻ അദ്ദേഹത്തിന്റെ മൃതശരീരവുമായി ഇന്ത്യയിലേക്കു വന്നു.

ആറു വർഷത്തെ ദൃഡസൗഹൃദത്തിനു ശേഷമാണ് ഞങ്ങള്‍ വിവാഹം കഴിക്കുന്നത്. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ വീട്ടുകാരെ മാത്രമല്ല എന്റെ വീട്ടുകാരെക്കൂടി ബോധിപ്പിക്കണമായിരുന്നു. നിങ്ങളുടെ പ്രിയപ്പെട്ട മകൾക്ക് ഉത്തമനായ ഭർത്താവാണ് ഞാനെന്നു ബോധ്യപ്പെ‌ടുത്താനായി അദ്ദേഹം ഒട്ടേറെ തവണ എന്റെ വീട്ടുകാരെ കണ്ടു. അവരുടെ ചോദ്യങ്ങൾക്കെല്ലാം ഒരു ചിരിയോടെ മറുപടി നൽകി. അധികം വൈകാതെ അദ്ദേഹം എന്റെ കുടുംബത്തിൽ ഒരാളും അച്ഛന്റെയും അമ്മയുടെയും പ്രിയപ്പെട്ട മരുമകനുമായി. അദ്ദേഹം ഇന്നില്ല എന്നതു വിശ്വസിക്കാനാവുന്നില്ല.

Sunayana Dumala ഇന്നു ഞാൻ ആഗ്രഹിക്കുകയാണ് ഞങ്ങൾക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അവനിലൂടെ എനിക്കു ശ്രീനിവാസിനെ കാണമായിരുന്നു ശ്രീനുവിനെപ്പോലെ അവനെ വളർത്താമായിരുന്നു...

ചെറിയ കാര്യങ്ങളിൽ ആനന്ദം കണ്ടെത്തുന്നയാളായിരുന്നു അദ്ദേഹം. ടിവി കാണലായിരുന്നു ഏറ്റവും പ്രിയപ്പെ‌ട്ട വിനോദം. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കാനായിരുന്നു ഏറെയിഷ്ടം. എന്നും ഉച്ചഭക്ഷണത്തിനുള്ള പൊതി പായ്ക്ക് ചെയ്യേണ്ടത് എന്റെ ചുമതലയായിരുന്നു, അതിൽ നിന്നും ഒഴിവാകാനായി അദ്ദേഹം രസകരമായ ന്യായീകരണവും പറയുമായിരുന്നു. ''ഞാൻ തന്നെ എന്റെ ലഞ്ച് പായ്ക്ക് ചെയ്താൽ കഴിക്കാൻ പോകുന്നത് എന്താണെന്ന് എനിക്ക് ആദ്യമേ അറിയില്ലേ, പക്ഷേ നീ പായ്ക്ക് ചെയ്യുകയാണെങ്കിൽ എനിക്കു പൊതി തുറക്കുമ്പോൾ സർപ്രൈസ് ആകില്ലേ'' എന്നതായിരുന്നു അത്.

കുട്ടികളെ ഏറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹത്തെ ഏതു കുട്ടികൾക്കും പെട്ടെന്ന് ഇഷ്ടമാകുമായിരുന്നു. കുട്ടികളെക്കുറിച്ച് ആലോചിച്ചു തുടങ്ങിയ ഞങ്ങൾ കഴിഞ്ഞയാഴ്ച ഡോക്ടറെ കണ്ടിരുന്നു. കൃത്രിമ ഗർഭധാരണം വേണ്ടിവരുമോ എന്നും അതിനായി നമ്മൾ പണം സേവ് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം അവസാനമായി എന്നോടു പറഞ്ഞിരുന്നു. ഇന്ന് ഞങ്ങളുടെ ആ സ്വപ്നങ്ങളെല്ലാം കരിഞ്ഞുപോയി. ഇന്നു ഞാൻ ആഗ്രഹിക്കുകയാണ് ഞങ്ങൾക്കൊരു കുഞ്ഞുണ്ടായിരുന്നെങ്കിൽ അവനിലൂടെ എനിക്കു ശ്രീനിവാസിനെ കാണമായിരുന്നു ശ്രീനുവിനെപ്പോലെ അവനെ വളർത്താമായിരുന്നു.

അദ്ദേഹം ചുറ്റുവട്ടത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം ബോധവാനായിരുന്നു. നരേന്ദ്ര മോദിയെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുമായിരുന്നു. ശുഭാപ്തിവിശ്വാസത്തിന്റെ പര്യായമായിരുന്നു ശ്രീനു. പ്രവാസകാര്യമന്ത്രി സുഷമ സ്വരാജിനെക്കുറിച്ചും അദ്ദേഹം സന്തുഷ്ടനായിരുന്നു. ആവശ്യക്കാർക്ക് എത്ര വേഗത്തിലാണ് അവർ കാര്യങ്ങൾ നടത്തിക്കൊടുക്കുന്നതെന്ന് എപ്പോഴും പറയുമായിരുന്നു. അദ്ദേഹവും അതിലൊരാൾ ആകുമെന്നു സ്വപ്നത്തിൽപ്പോലും കരുതിക്കാണില്ല.

കുടിയേറ്റത്തെക്കുറിച്ചും അതിന്റെ നിയമവശങ്ങളെക്കുറിച്ചും ആശങ്കപ്പെടുമായിരുന്നു. നിയമവശങ്ങളെല്ലാം പൂര്‍ത്തീകരിച്ച് എനിക്കു ജോലി ലഭിച്ച സമയത്ത് അദ്ദേഹം പറഞ്ഞ കാര്യമുണ്ട്. ''നാനീ(എന്നെ അദ്ദേഹം വിളിക്കുന്ന പേര്) ഇനി നിനക്കു ജോലി ചെയ്യാം, അതു നമുക്കു പണത്തിന് ആവശ്യമുണ്ടായിട്ടല്ല, നിന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ നിന്റെ മാതാപിതാക്കൾക്ക് നിന്നെക്കുറിച്ച് അഭിമാനിക്കാൻ'' എന്നാണത്.

അദ്ദേഹത്തിന്റെ അച്ഛന് വരുമാനം കുറഞ്ഞ ജോലിയായിരുന്നു. മൂന്നുമക്കളിൽ രണ്ടാമനായിരുന്നു ശ്രീനിവാസ്. എത്ര കഷ്‌‌ടപ്പെട്ടാണ് തന്റെ അച്ഛൻ തന്നെ വളർത്തിയതെന്നും അദ്ദേഹത്തിനു വേണ്ടി ഒരുപാടു കാര്യങ്ങൾ ചെയ്യണമെന്നും എപ്പോഴും പറയുമായിരുന്നു. സഹോദരങ്ങൾക്കെല്ലാം സ്നേഹവാനായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് ഏറ്റവും ഇളയ സഹോദരനെ മകനെപ്പോലെയായിരുന്നു അദ്ദേഹത്തിന്.

എപ്പോഴൊക്കെ ആരെങ്കിലും മരിക്കുന്നതുപോലുള്ള സംഭവം ന‌ടക്കുന്നുവോ അപ്പോഴെല്ലാം ഞങ്ങൾ രണ്ടും ആശങ്കപ്പെടുമായിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പറയും നമ്മൾ നല്ലതു ചിന്തിച്ചാല്‍ നല്ലതുപോലെ പ്രവർ‍ത്തിച്ചാൽ നമുക്കു നല്ലതു കൈവരും, നമ്മൾ സുരക്ഷിതരായിരിക്കും. ശ്രീനു ഇന്നു ഞാൻ ശീലിച്ച ആ ചൂടുള്ള കരവലയമില്ലാതെ എനിക്ക് ഉറങ്ങാനാവുമെന്നു തോന്നുന്നില്ല. ഈ ലോകത്ത് യാതൊരു സങ്കടങ്ങളും ആശങ്കകളും ഇല്ലാതെ എനിക്കിരിക്കാൻ പറ്റുന്ന ഒരേയൊരു സ്ഥലം അതാണ്.

ഇങ്ങനെ എഴുതിയെഴുതി ഒരു പുസ്തകം പൂർത്തിയാക്കാം എന്നു തോന്നുന്നു. പക്ഷേ അതുപോലും മതിയാവില്ലല്ലോ നീ പകർന്ന സ്നേഹം വിവരിക്കാൻ. ഒരു ഭാര്യയിൽ നിന്നും വിധവയായി എന്ന സത്യം ഉൾക്കൊള്ളാൻ ഞാൻ ഇന്നും ശ്രമിച്ചു കൊണ്ടിരിക്കുന്നേയുള്ളു.

ശ്രീനു, എന്റെ സ്നേഹമേ, ഇന്നെന്റെ ജീവിതത്തിൽ വന്ന ഈ ശൂന്യതയെ ഞാൻ എ​ങ്ങനെ നികത്തും, പക്ഷേ ഞാൻ സത്യം ചെയ്യുന്നു ഞാനൊരിക്കലും നിന്നെ വിടില്ല. ഏറ്റവും രസകരമായി തോന്നുന്ന കാര്യം നീയായിരുന്നു എന്റെ എല്ലാം പ്രധാന മെയിലുകളുടെയും എഡിറ്റർ, പക്ഷേ ഇപ്പോൾ ഇതാദ്യമായി ഞാൻ തനിയെ ചെയ്തു തുടങ്ങിയിരിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു. നീ എന്നെന്നും എന്റേതു മാത്രമായിരിക്കും.

അമിതാഭ് ബച്ചൻ സര്‍, നിങ്ങളുടെ പാട്ടിൽ ഞങ്ങള്‍ ഡാൻസ് ചെയ്യാതെ ഒരു പാർട്ടി പോലും കടന്നുപോയിരുന്നില്ല. അദ്ദേഹത്തിന് ആറടി രണ്ടിഞ്ചും എനിക്ക് അഞ്ചടിയും ആയിരുന്നതിനാൽ ഞങ്ങളുടെ സുഹൃത്തുക്കൾ ഞങ്ങളെ അമിതാഭ് ബച്ചനും ജയ ബച്ചനും എന്നാണു വിളിച്ചിരുന്നത്. നമ്മുടെ മക്കൾ അഭിഷേകിനെയും ശ്വേതയെയും പോലെയാകും എന്ന് എന്നോടു പറയുമായിരുന്നു. ഷാരൂഖ് ഖാൻ സർ, അദ്ദേഹം നിങ്ങളുടെ വലിയൊരു ഫാൻ ആയിരുന്നു. നിങ്ങളുടെയെല്ലാം പിന്തുണ എനിക്കീ സന്ദേശം പകരാൻ ആവശ്യമുണ്ട്.

ഞാൻ അതേ ചോദ്യം വീണ്ടും ചോദിക്കുകയാണ് എന്തടിസ്ഥാനത്തിലാണ് ഒരാൾ നല്ലതാണോ ചീത്തയാണോ എന്നു നിശ്ചയിക്കുന്നത്? ഒരിക്കലും അതു നിങ്ങളുടെ നിറത്തിന്റെ അടിസ്ഥാനത്തിലല്ല. പിന്നെന്താണ് അടിസ്ഥാനം? പലപ്പോഴും ഇക്കാര്യം ചർച്ചയിൽ വരികയും പിന്നീട് അതു മറക്കുകയും ചെയ്യും. ജനങ്ങളുടെ മനസിൽ നിന്ന് വെറുപ്പില്ലാതെ സ്നേഹം പകരുക എന്ന സന്ദേശം നിറയ്ക്കാൻ പോരാടിക്കൊണ്ടിരിക്കണം. വംശീയാക്രമണത്തെ ചെറുക്കാൻ സർക്കാർ എന്താണു ചെയ്യാൻ ഉദ്ദേശിക്കുന്നത്.

തന്റെ നഷ്‌ടത്തിൽ കൂടെനിന്ന കമ്പനി ഉദ്യോഗസ്ഥർക്കും ഭരണാധികാരികൾക്കും പൊലീസ് ഉദ്യോഗസ്ഥർക്കും പത്രമാധ്യമങ്ങൾക്കും നന്ദി പറഞ്ഞാണ് സുനയന ഫേസ്ബുക്ക് േപാസ്റ്റ് അവസാനിപ്പിക്കുന്നത്

Your Rating: