സർപ്രൈസ് സമ്മാനങ്ങൾ ഇഷ്ടമില്ലാത്തവരുണ്ടോ? എല്ലാവരും അപ്രതീക്ഷിതമായി ലഭിക്കുന്ന സമ്മാനങ്ങളിൽ ആനന്ദം കൊള്ളുന്നവരാണ്. ചിലരൊക്കെ സർപ്രൈസ് തന്നു ഞെട്ടിക്കാൻ കേമന്മാരും കേമത്തികളുമായിരിക്കും. അത്തരത്തിലൊരു കിടിലൻ സർപ്രൈസ് വിഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പ്രിയതമയ്ക്കു വിവാഹവാർഷിക സമ്മാനമായി എന്തു നൽകുമെന്നു തല പുകഞ്ഞാലോചിച്ചിട്ടാണ് ഭർത്താവ് മഹേഷ് മോഹൻ ഇത്തരമൊരു ആശയത്തിലേക്കു നീങ്ങിയത്. പിന്നെ ഒന്നും ആലോചിച്ചില്ല സമ്മാനം കാത്തിരിക്കുന്ന ഭാര്യയ്ക്കു മുന്നിൽ നേരിട്ടങ്ങു പ്രത്യക്ഷപ്പെടാൻ തന്നെ തീരുമാനിച്ചു. പക്ഷേ നേരെ ചെന്നു ഭാര്യയ്ക്കു മുന്നിൽ നിന്നാൽ പിന്നെന്തു രസം അങ്ങനെയാണ് കുവൈറ്റിൽ നിന്നും കൊറിയറായി വന്ന പെട്ടിയ്ക്കുള്ളിൽ ഒളിച്ചിരിക്കാൻ തീരുമാനിച്ചത്.
ഒന്നാം വിവാഹ വാർഷികത്തിന് താമരക്കുളം സ്വദേശിയായ മഹേഷ് മോഹൻ എന്ന യുവാവ് പത്നി ശ്രീലക്ഷ്മിയ്ക്കു നൽകിയ സമ്മാനമാണ് ഓൺലൈൻ ലോകത്തു ഹിറ്റായിരിക്കുന്നത്. കുവൈറ്റിൽ ജോലി ചെയ്യുന്ന മഹേഷ് നാട്ടിൽ ആയുർവേദ ഡോക്ടറായ ശ്രീലക്ഷ്മിയ്ക്കു വേണ്ടി വ്യത്യസ്തമായ സമ്മാനമെന്തെങ്കിലും നൽകണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. ഫ്രിഡ്ജിനു സമാനമായ പെട്ടിയിലെ കവറുകൾ ഓരോന്നായി അഴിച്ചെടുക്കുകയാണ് ശ്രീലക്ഷ്മി. കത്തി വച്ചു പൊട്ടിക്കലൊക്കെ കഴിഞ്ഞപ്പോൾ ദാ മുന്നിൽ നിൽക്കുന്നു ഭർത്താവ്! തുടക്കത്തിൽ ഞെട്ടി പിന്നിലേക്കു മാറുന്ന ശ്രീലക്ഷ്മി പിന്നീട് സന്തോഷത്താൽ െകട്ടിപ്പിടിച്ചു കരയുന്നതെല്ലാം വിഡിയോയിൽ കാണാം.
വിവാഹ വാർഷികത്തിനു വരുമോയെന്നു ചോദിച്ചപ്പോൾ അവധിയില്ലെന്നാണു മഹേഷ് പറഞ്ഞിരുന്നതെന്നു ലക്ഷ്മി പറയുന്നു. എന്നാൽ തനിക്കു വേണ്ടി ഒട്ടേറെ സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും അതെല്ലാം വലിയ പെട്ടിയിലാക്കി നാട്ടിലേക്ക് അയക്കുമെന്നും പറഞ്ഞിരുന്നു. സഹോദരൻ രാഹുൽ പിള്ള വന്നു കൊറിയർ വന്നിട്ടുണ്ട് തുറക്കാമെന്നു പറഞ്ഞപ്പോഴും അത്ഭുതമൊന്നും തോന്നിയില്ല. ഒത്തിരി സാധനങ്ങൾ ഉള്ളതു കൊണ്ടായിരിക്കും ഇത്ര വലിയ പെട്ടിയെന്നാണു കരുതിയത്. അവനോട് ഞാൻ പിന്നെ തുറന്നോളാമെന്നു പറഞ്ഞപ്പോൾ പറ്റില്ല അവനുള്ള സാധനം കൂടിയുണ്ട്, അതുകൊണ്ട് അപ്പോൾ തന്നെ തുറക്കണമെന്നും മഹേഷിനു എന്റെ ഭാവങ്ങളൊക്കെ കാണാനാണു വിഡിയോ എടുക്കുന്നതെന്നുമാണ് പറഞ്ഞിരുന്നത്. തുറന്നുവന്ന് അദ്ദേഹത്തെ കണ്ടപ്പോൾ സത്യത്തിൽ ഷോക്കായി. അപ്രതീക്ഷിതമായി കാത്തുകാത്തിരിക്കുന്നയാൾ മുന്നിലെത്തിയപ്പോൾ സകല നിയന്ത്രണവും പോയി ചിരിയും കരച്ചിലുമൊക്കെയായി- ശ്രീലക്ഷ്മി പറയുന്നു. സത്യമാണു മഹേഷ്, ഇതിലും വലിയ സർപ്രൈസ് സമ്മാനം സ്വപ്നങ്ങളിൽ മാത്രം.....