Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

500 കിലോ ഭാരം, പുറംലോകം കാണാതെ 20 വർഷം, ഒടുവിൽ തുണയായത് സുഷമ സ്വരാജ്

Sushama Swaraj സുഷമ സ്വരാജ്, ഇമാൻ അഹമ്മദ്

സ്വന്തം കാര്യങ്ങളേക്കാൾ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഗണന കൊടുക്കുന്നവനായിരിക്കണം യഥാർഥ ജനപ്രതിനിധി, അത്തരത്തിലൊരാളോട് ജനങ്ങൾക്ക് രാഷ്ട്രീയത്തിനതീതമായി എന്നും കടപ്പാടും സ്നേഹവുമുണ്ടാകും. പ്രവാസകാര്യമന്ത്രി സുഷമ സ്വരാജും ജനങ്ങളുടെ പ്രിയപ്പെട്ട മന്ത്രിയാകുന്നത് അതുകൊണ്ടു തന്നെയാണ്. വൃക്കമാറ്റി വെക്കലുമായി ബന്ധപ്പെട്ട് ആശുപത്രിയിലായിരിക്കുമ്പോഴും ജനങ്ങളുടെ പ്രശ്നങ്ങളിൽ പരിഹാരം കണ്ടെത്താൻ അവർ ശ്രമിച്ചു കൊണ്ടിരിക്കുന്നു. ഈജിപ്ത് സ്വദേശിയായ പെൺകുട്ടിക്ക് പെട്ടെന്ന് മെഡിക്കല്‍ വീസ അനുവദിച്ചുകൊണ്ടുള്ള സുഷമയുടെ തീരുമാനമാണ് ഇപ്പോൾ ശ്രദ്ധ ആകർഷിച്ചിരിക്കുന്നത്.

500 കിലോ ഭാരം മൂലം കിടക്കയില്‍ നിന്നും എഴുന്നേൽക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് മുപ്പത്തിയാറുകാരിയായ ഇമാന്റേത്. ഡിസംബർ അഞ്ചിന് ഇമാന്റെ ഡോക്ടർ മുഫി ലക്ഡാവാല പോസ്റ്റു ചെയ്ത ട്വീറ്റ് ആണ് ഇമാനു തുണയായത്. ഇന്ത്യൻ എംബസിയുടെ ചില നിബന്ധനകൾ മൂലം ഇമാനു സാധാരണ വീസ വൈകുകയാണെന്നും മെഡിക്കൽ വീസ അനുവദിക്കണമെന്നുമായിരുന്നു ഡോക്ടറുടെ ട്വീറ്റ്.

ഒരുദിവസത്തിനകം തന്നെ സുഷമ സ്വരാജ് വിഷയത്തിൽ പരിഹാരം കണ്ടെത്തി. ഇതു തന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനു നന്ദിയെന്നും തീർച്ചയായും ഇമാനെ സഹായിക്കുമെന്നുമാണ് സുഷമ മറുപ‌ടി നൽകിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഡോക്ടർ സുഷമയ്ക്കു നന്ദി പറഞ്ഞുകൊണ്ടുള്ള ട്വീറ്റും പോസ്റ്റു ചെയ്തു. ഇനി ഈ പെൺകുട്ടിക്കു ജീവിക്കാൻ രണ്ടാമതൊരു അവസരം നൽകുവാനുള്ള തന്റെ കഠിന യാത്ര ആരംഭിക്കുകയായി എന്നും ഡോക്ടർ ട്വീറ്റ് ചെയ്തു.

ലോകത്തിലെ ഏറ്റവും ഭാരം കൂടിയ പെൺകുട്ടി എന്നറിയപ്പെ‌ടുന്ന ഇമാൻ കഴിഞ്ഞ ഇരുപതു വർഷമായി തന്റെ അമിതഭാരം മൂലം വീടിനു പുറം കണ്ടിട്ടില്ല. വണ്ണം കുറയ്ക്കലിന്റെ ഭാഗമായി സർജറി ചെയ്യാൻ മുംബൈയിലെത്താന്‍ ഒരുങ്ങുകയാണ് ഇമാൻ. നേരത്തെ നിരവധി ഡോക്ടർമാര്‍ ഇമാന്റെ കാര്യത്തിൽ പ്രതീക്ഷയില്ലെന്ന് അറിയിച്ചതായിരുന്നു. അമിതവണ്ണക്കാരെ ചികിത്സിച്ചു ഭേദമാക്കിയതിൽ മുൻപന്തിയിലാണ് ഡോക്ടർ ലക്ഡാവാലയുടെ സ്ഥാനം.

Your Rating: