Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടക്കാത്ത സ്വപ്നവും സാക്ഷാത്കരിക്കാം, , വെറും 10 കാര്യങ്ങൾ!

success

“അസാധ്യമെന്ന് ആദ്യം തോന്നുന്നവയാണ് മഹത്തായ എല്ലാ പ്രവർത്തികളും” – തോമസ് കാർലൈന്റെ വാക്കുകളാണിത്.

തളരാത്ത നിശ്ചയദാർഢ്യമുണ്ടെങ്കിൽ ഈ ലോകത്ത് അസാധ്യമായി ഒന്നുമില്ല. ഒരു ചെറിയ മെഴുകുതിരിനാളത്തിനു നേർക്ക് ഊതിയാൽ അത് കെടും. എന്നാൽ കാട്ടുതീയുടെ നേർക്ക് കാറ്റുവീശിയാൽ അത് ആളിക്കത്തും. തീവ്രമായ ആഗ്രഹവും നിശ്ചയദാർഢ്യവും ഉള്ളപ്പോൾ ഏതു പ്രതിസന്ധിയും ലക്ഷ്യപ്രാപ്തിയിലേക്കുള്ള ഇന്ധനമായി മാറും. ലക്ഷ്യം മനസിൽ ശക്തമാണെങ്കിൽ തടസങ്ങളെ നാം പരിഗണിക്കില്ല.

നമ്മുടെ ദൈവവിശ്വാസം പരീക്ഷിക്കപ്പെടുന്ന സമയമാണ് രോഗങ്ങളും കടബാധ്യതകളും മറ്റ് പ്രതിസന്ധികളും ഉടലെടുക്കുന്ന കാലഘട്ടം. സുഖജീവിതകാലത്ത് ദൈവവിശ്വാസത്തിൽ നിന്നിരുന്ന പലരും കഷ്ടതകളിൽ ഈശ്വരൻ കൈവിട്ടു എന്നു പരാതി പറയുന്നതു കേട്ടിട്ടുണ്ട്. ആ സമയത്ത് വേണ്ടത് തകരാത്ത വിശ്വാസമാണ്. അപ്പോൾ ഈശ്വരൻ പുതിയ വഴികൾ തുറന്നുതരും.

പ്രതിസന്ധികളല്ല, മറിച്ച് അവയോടുള്ള മനോഭാവമാണ് വിജയവും പരാജയവും നിശ്ചയിക്കുന്നത്. എനിക്ക് വിജയിക്കാൻ കഴിയും എന്ന ശക്തമായ വിശ്വാസമുണ്ടെങ്കിൽ, ഉറച്ച നിശ്ചയദാർഢ്യമുണ്ടെങ്കിൽ ലക്ഷ്യം നേടാൻ അത് ചാലകശക്തിയാകും.

വിജയത്തിലേക്ക് വഴികാട്ടുന്ന 10 ചിന്തകൾ
∙ നിശ്ചയദാർഢ്യത്തിനു മുന്നിൽ വൻ ലക്ഷ്യങ്ങളും കീഴടങ്ങും.
∙ സ്ഥിരോത്സാഹികൾ പരാജയത്തിൽ നിന്നും വിജയത്തിലേക്കുള്ള വഴി തുറക്കുന്നു. – എഡ്‌വേർഡ്
∙ ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തിപ്രാപിക്കും (ബൈബിൾ)
∙ വിഷമതകളെ നേരിടുമ്പോഴാണ് മനുഷ്യന്റെ കരുത്ത് മനസിലാവുക – കോളിൻ മോറീസ്
∙ മുന്നിട്ടിറങ്ങലിലൂടെ ധീരത വർദ്ധിക്കുന്നു. പിന്തിരിയൽ മൂലം ഭയവും വർധിക്കും – ലാറ്റിൻ പഴഞ്ചൊല്ല്
∙ സന്തോഷത്തിന്റെ ഒരു വാതിലടയുമ്പോൾ വേറൊന്ന് തുറക്കുന്നു. പക്ഷേ, നാം അടഞ്ഞ വാതിലിനു നേർക്ക് നോക്കി നിൽക്കുമ്പോൾ നമുക്കുവേണ്ടി തുറന്ന വാതിൽ കാണുന്നില്ല – ഹെലൻകെല്ലർ
∙ സ്വപ്നങ്ങളെ ശരിയായ വഴിയിലൂടെ പിന്തുടരുന്നവരെ അത് ഒരിക്കലും നിരാശപ്പെടുത്തില്ല – ഫ്രാങ്ക് വൂൾസ് വർത്ത്
∙ പരിശ്രമശാലിക്ക് അസാധ്യമായി ഒന്നുമില്ല – അലക്സാർ ദ ഗ്രേറ്റ്
∙ വിഡ്ഢികളുടെ നിഘണ്ടുവിൽ മാത്രം കാണുന്ന വാക്കാണ് ‘അസാധ്യം’ – നെപ്പോളിയൻ ബോണാപാർട്ട്
∙ ലോകാത്ഭുതങ്ങളെല്ലാം അവ യാഥാർത്ഥ്യമാക്കുന്നതിന് മുമ്പ് അസാധ്യമെന്ന് പലതവണ വിലയിരുത്തപ്പെട്ടതാണ് – ലൂയിസ് ഡി ബ്രാൻഡിസ്

(ധീരതയ്ക്കുള്ള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലിസ്റ്റും ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമ പ്രവർത്തകനുള്ള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത പുരസ്കാര ജേതാവും രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും ഇരുപത്തഞ്ചോളം ജീവിത വിജയ ഗ്രന്ഥങ്ങളുടെ രചയിതാവും സൈബർ സൈക്കോളജിസ്റ്റുമാണ് ലേഖകൻ, ഫോൺ 9497216019)