Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'കുഞ്ഞു മെസി'യോട് രാജ്യം വിട്ടോളാൻ താലിബാന്‍ !

Murtaza Ahmadi മുർതാസാ അഹ്മാദി

മുർതാസാ അഹ്മാദിയെ ഓർമയില്ലേ? മെസിയെ ജീവനു തുല്യം സ്നേഹിക്കുന്ന അഫ്ഗാൻ സ്വദേശിയായ ഒരു അഞ്ചു വയസുകാരൻ. ജനുവരി പകുതിയിലാണ് മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഷർട്ടുമണിഞ്ഞ് ഫൂട്ബോൾ കളിക്കുന്ന ആ കൊച്ചുപയ്യന്റെ ചിത്രം ഇന്റർനെറ്റിൽ തരംഗമാകുന്നത്. തുടർന്ന് സാക്ഷാൽ മെസി തന്നെ കുഞ്ഞന്‍ ആരാധകനു വേണ്ടി തന്റെ പേരെഴുതിയ രണ്ടു ജഴ്സി സമ്മാനിച്ചിരുന്നു. സ്പാനിഷ് ഭാഷയിൽ 'സ്നേഹത്തോടെ മെസി' എന്നെഴുതി ഒപ്പിട്ട ജഴ്സിയാണ് താരം ആരാധകനു സമ്മാനിച്ചത്. എ​ന്നാൽ വിഷയത്തിലെ പുതിയ വഴിത്തിരിവു മറ്റൊന്നുമല്ല, മെസിയെ ആരാധിച്ചെന്ന കുറ്റത്തിന് ഈ കുഞ്ഞു ബാലൻ ഇന്ന് ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം അഫ്ഗാൻ വിടണമെന്ന് ആവശ്യപ്പെട്ടുള്ള ഫോൺകോൾ വന്നെന്ന് അഹ്മ‌ാദിയുടെ പിതാവാണ് അറിയിച്ചത്.

Murtaza Ahmadi മെസി സമ്മാനിച്ച ജഴ്സിയും അണിഞ്ഞ് മുർതാസാ അഹ്മാദി

തുടക്കത്തിൽ പണം ലക്ഷ്യമാക്കിയുള്ള ഫോണ്‍കോളുകൾ ആയിരിക്കുമെന്നാണ് കരുതിയതെന്നും എന്നാൽ പിന്നീടാണ് അതു താലിബാൻ ആണെന്നു മനസിലാക്കിയതെന്നും അദ്ദേഹം പറഞ്ഞു. താലിബാൻ എന്നു രേഖപ്പെ‌ടുത്തിയ ഭീഷണിക്കത്തും ലഭിച്ചു. മകൻ എന്തുെകാണ്ടു ഖുറാൻ പഠിക്കുന്നില്ലെന്നും ഇസ്ലാമിക് സ്കൂളിൽ പഠിക്കുന്നില്ലെന്നും എന്തിനാണവനെ ഫൂട്ബോൾ കളിക്കാൻ പ്രോത്സാഹിപ്പിക്കുന്നതെന്നും കത്തിൽ ചോദിക്കുന്നുണ്ട്. ഫോൺകോളുകൾ ശല്യമായതോടെ സ്വന്തം നാടുും വീടും ഉപേക്ഷിച്ച് പാകിസ്ഥാനിലേക്കു സ്ഥലം മാറിയിരിക്കുകയാണ് അവർ.

Murtaza Ahmadi മെസിയുടെ പേരെഴുതിയ പ്ലാസ്റ്റിക് ഉടുപ്പിട്ട് മുർതാസാ അഹ്മാദി

അഹ്മാദിയുടെ മൂത്ത സഹോദരൻ പതിനഞ്ചു വയസുള്ള ഹോമയുൺ ആണ് അർജന്റീനയുടെ ജഴ്സിയ്ക്കു സമാനമായ നിറത്തിലുള്ള പ്ലാസ്റ്റിക് കുപ്പായത്തിൽ മാർക്കർ കൊണ്ട് മെസിയെ സ്നേഹിക്കുന്നു എന്നെഴുതിയ ജഴ്സിയണിഞ്ഞ അനുജന്റെ ഫോട്ടോ ഫേസ്ബുക്കിൽ പങ്കുവയ്ക്കുന്നത്. ചിത്രം ലോകമെമ്പാടുമുള്ള ഫൂട്ബോൾ പ്രേമികളെ ഹൃദയം സ്പർശിച്ചുവെന്നു മാത്രമല്ല അഹ്മദി സോഷ്യൽ മീഡിയയിൽ 'കുഞ്ഞുമെസി' എന്ന പേരിൽ അറിയപ്പെടാനും തുടങ്ങി. എന്നാൽ കുഞ്ഞു മുർതാസയ്ക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട് ്ഒരിക്കൽ തന്റെ മെസിയെ കാണാനാകുമെന്ന്.