Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കറുത്ത സുന്ദരിമാര്‍ക്കു വേണ്ടി അൺഫെയർ ആൻഡ് ലവ്‍ലി, വെളുത്ത സുന്ദരിമാർക്ക് വായിക്കാം!

black അൺഫെയർ ആൻഡ് ലവ്‍ലി ക്യാംപയിനു വേണ്ടി മോഡലുകളായ സഹോദരിമാർ മിരുഷയും യനുഷയും

കറുപ്പിനേഴഴകാണെന്നൊക്കെ വലിയ വായിൽ പറയുമെങ്കിലും ആഘോഷങ്ങളോ ആർഭാടങ്ങളോ വരുമ്പോള്‍ കറുപ്പിനെ മറയ്ക്കാന്‍ വഴികൾ അന്വേഷിക്കുന്നവരാണ് ഏറെയും. നാട്ടിലുള്ള ബ്യൂട്ടി പാർലറുകൾ മുതൽ കണ്ണിൽക്കണ്ട വെളുപ്പിക്കൽ ക്രീമുകൾ മാറിമാറി പരീക്ഷിക്കാനും ഇവർ തയ്യാറാണ്. ഏറ്റവും വലിയ രസം ഇവയൊന്നും വെളുപ്പിക്കില്ലെന്ന് സ്വയമേ ബോധ്യമുണ്ടായിട്ടു കൂടി ഉപയോഗിക്കാൻ നിർബന്ധിതമാകുന്നുവെന്നതാണ്. ഇക്കാര്യത്തിൽ ആത്മവിശ്വാസത്തിനും ഒരു പ്രധാന പങ്കുണ്ട്. വെളുത്താൽ മാത്രമേ സുന്ദരിയാകൂ എന്നാൽ മാത്രമേ ആത്മവിശ്വാസം കൈവരൂ എന്ന തെറ്റായ ധാരണ തന്നെയാണ് ഇത്തരം ഉത്പന്നങ്ങൾ നാൾക്കുനാൾ വർധിക്കുന്നതിനു പിന്നിലും. വർണത്തിന്റെ പേരിലുള്ള വിവേചനത്തിനെതിരെ ഒരുഗ്രൻ പ്രചരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നത്. അൺഫെയർആൻഡ്‍ലവ്‍ലി എന്ന ഹാഷ്ടാഗോടെയുള്ള പ്രചരണം കറുപ്പിന്റെ സൗന്ദര്യത്തെ എടുത്തു കാണിക്കുകയാണ്. വെളുപ്പിനാണ് സൗന്ദര്യം എന്ന വിശ്വാസത്തെ വെല്ലുവിളിക്കുക കൂടിയാണ് ഈ ക്യാംപയിൻ.

black-1 അൺഫെയർ ആൻഡ് ലവ്‍ലി ക്യാംപയിനു വേണ്ടി മോഡലായ മിരുഷ

മാട്രിമോണിയൽ സൈറ്റുകളിലെല്ലാം വെളുത്തു പെൺകുട്ടികൾക്കു മുൻഗണന എന്നു നൽകിയിരിക്കുന്നതു കാണാം. നല്ല ജോലി ലഭിക്കാനും കുടുംബ ജീവിതം ലഭിക്കാനുമെല്ലാം ഫെയർനസ് ക്രീമുകൾ സഹായിക്കുമെന്ന പരസ്യങ്ങളും ഇത്തരക്കാർക്കു പ്രചോദനമാകുന്നുണ്ട്. തൊലിപ്പുറത്തെ സൗന്ദര്യത്തിനപ്പുറം മനസിലെ സൗന്ദര്യമാണു യഥാര്‍ഥമെന്നും കറുപ്പും സുന്ദരമാണെന്നും തെളിയിക്കുക കൂടിയാണ് ഈ ക്യാംപയിൻ. ടെക്സാസ് സർവകലാശാലയിലെ മൂന്നു വിദ്യാർഥികളാണ് പ്രചാരണത്തിനു പിന്നിൽ. വനിതാ ദിനത്തോടനുബന്ധിച്ച് ശ്രീലങ്കക്കാരികളായ മറ്റു രണ്ടു സുഹൃത്തുക്കൾക്കൊപ്പം പാക്സ് ജോൺസ് എന്ന ഇരുണ്ട നിറക്കാരിയായ വിദ്യാർഥിനിയാണ് അൺഫെയർആൻഡ്‍ലവ്‍ലി ക്യാംപയിനു തുടക്കമിടുന്നത്. സഹപാഠികളും സഹോദരികളുമായ കറുത്ത സുന്ദരിമാരായ മിരുഷയുയും യാനുഷയുമാണ് ക്യാംപയിനു വേണ്ടി മോഡലുകളായത്. ഇരുവരുടെയും ചിത്രങ്ങൾ കൊണ്ട് ഒരു ഫോട്ടോ സീരീസ് തയ്യാറാക്കിയാണ് തുടക്കം.

black-3 അൺഫെയർ ആൻഡ് ലവ്‍ലി ക്യാംപയിന്റെ ഭാഗമായി ഫോട്ടോയ്ക്കു പോസ് ചെയ്യുന്ന പെൺകുട്ടികൾ

മാധ്യമങ്ങളിൽ കറുത്ത നിറമുള്ളവരെ വേർതിരിക്കുന്നതടക്കം എടുത്തു കാണിക്കുകയായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് പാക്സ് പറയുന്നു. ഇരുണ്ട നിറക്കാർ അവരുടെ ചിത്രങ്ങൾ ഈ ഹാഷ്ടാഗോടു കൂടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാനും ക്യാംപയിൻ ആഹ്വാനം ചെയ്തിരുന്നു. തുടർന്ന് ആയിരത്തോളം ആളുകളാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. പണ്ടുതൊട്ടേ വെയിലത്ത് ഇറങ്ങരുത് കറുത്തു പോകുമെന്നാണ് നമ്മളെ പഠിപ്പിച്ചിരുന്നതെന്ന് മിരുഷ പറയുന്നു. കറുപ്പ് അത്രത്തോളം സ്വീകാര്യമല്ലായിരുന്ന ഒരു നാട്ടിൽ നിന്നുമായത് തന്നെ ഈ ക്യാംപയിനിലേക്ക് കൂടുതൽ ആകർഷിച്ചു. കോളേജിലും ഇരുണ്ട നിറക്കാരിയെന്നു പറഞ്ഞ് അപഹാസ്യയായിരുന്നു. ഇത്തരത്തിൽ അനുഭവിച്ചവർക്ക് കറുപ്പിന്റെ പേരിൽ വിഷമിക്കുകയല്ല മറിച്ച് കറുപ്പിനെ ആഘോഷിക്കുകയാണു വേണ്ടതെന്നു തെളിയിക്കുക കൂടിയാണ് ഈ ക്യാംപയിൻ.

black-2 അൺഫെയർ ആൻഡ് ലവ്‍ലി ക്യാംപയിനു വേണ്ടി മോഡലായ യനുഷ
Your Rating: