Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സോഷ്യൽമീഡിയ നൽകിയ മകന്റെ വിവാഹത്തിന് ലക്ഷങ്ങൾ നൽകാൻ അമ്മയെത്തി കടൽകടന്ന് !

krishna-mohan കൃഷ്ണ മോഹൻ ത്രിപാഠി ഡേബ് മില്ലർക്കൊപ്പം

കഴിഞ്ഞ കുറച്ചു വർഷങ്ങളായി സോഷ്യൽ മീഡിയ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. പ്രണയങ്ങളും പ്രണയത്തകർച്ചകൾക്കും സൗഹൃദങ്ങൾക്കുമെല്ലാം വേദിയാകുന്നുണ്ട് ഈ സോഷ്യൽ മീഡിയ. ഇവിടെ സോഷ്യൽ മീഡിയയിലൂടെ വ്യത്യസ്തമായൊരു അമ്മ-മകൻ ബന്ധമാണ് രൂപപ്പെട്ടിരിക്കുന്നത്. ഉത്തർപ്രദേശ് സ്വദേശിയായ മകന് ഫേസ്ബുക്ക് വഴി യുഎസിൽ നിന്നുമാണ് അമ്മയെ ലഭിച്ചത്. സാധാരണ ഫേസ്ബുക്ക് സൗഹൃദങ്ങളുടേതുപോലെ ആരംഭശൂരത മാത്രമായിരുന്നില്ല ഇവരുടെ ബന്ധം. മറിച്ച് ഈ മകൻറെ വിവാഹത്തിനായി അമ്മ യുഎസിൽ നിന്നും വരികയും ലക്ഷങ്ങൾ വിലയുള്ള സമ്മാനങ്ങള്‍ നൽകുകയും ചെയ്തു. ‌

നാലു വർഷങ്ങൾക്കു മുമ്പാണ് ഇരുപത്തിയെട്ടുകാരനായ ക്രിഷ്ണ മോഹൻ ത്രിപാഠി ഡേബ് മില്ലർ എന്ന യുഎസ് സ്വദേശിനിയെ പരിചയപ്പെടുന്നത്. കൗമാരക്കാലത്തു തനിക്കു നഷ്ടപ്പെട്ട അമ്മയ്ക്കു സമാനമായാണ് കൃഷ്ണ മില്ലറിനെ കണ്ടത്. മക്കളില്ലാത്ത തനിക്ക് കൃഷ്ണ സ്വന്തം മകനാണെന്നും അതുകൊണ്ടാണ് അവന്റെ വിവാഹമാണെന്നറിഞ്ഞപ്പോള്‍ താൻ മറുത്തൊന്നു ചിന്തിക്കാതെ ഇന്ത്യയിലെത്തിയതെന്നു പറയുന്നു മില്ലർ. മാത്രമല്ല പ്രിയപ്പെട്ട മകനുവേണ്ടി ഇരുപത്തിയഞ്ചു ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളും 125 വർഷം പഴക്കമുള്ള മോതിരവുമാണ് ഈ അമ്മ സമ്മാനിച്ചത്.

വിവാഹത്തിൽ പങ്കെടുക്കാനായി ഇന്ത്യന്‍ രീതിയിലുള്ള ബനാറസ് സാരിയണിഞ്ഞാണ് മില്ലർ എത്തിയത്. സാരി ഏറെ ഇഷ്ടപ്പെടുന്ന മില്ലറിനായി രണ്ടുഡസൻ സാരികളാണ് കൃഷ്ണയുടെ വീട്ടുകാർ സമ്മാനിച്ചത്. ഇനി വരുമ്പോൾ മകനൊപ്പം താജ്മഹൽ സന്ദർശിക്കുമെന്നും വൈകാതെ ദമ്പതികളെ അമേരിക്കയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നു മില്ലർ പറഞ്ഞു. ഫൈസാബാദിലെ അൗദ് സർവകലാശാലയിൽ നിന്നും എംഎസ്‍സി ചെയ്യുകയാണ് കൃഷ്ണ.