Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രജനികാന്തിനും ഷാരുഖ് ഖാനും ഒപ്പം അഭിനയിക്കണം, ഞാൻ ഉടൻ എത്തും ക്യാമറയ്ക്ക് മുന്നിൽ!

virali1

വിരാലി മോഡി, ഈ പേര് നിങ്ങൾ ഓർക്കണം, അവൾ എന്തായിരുന്നു എന്നതും. കാരണം, വിരാലിയുടെ കഥയിൽ ഒരു അതിജീവനത്തിന്റെ രസതന്ത്രം ഒളിഞ്ഞിരുപ്പുണ്ട്. മിസ്‌ വീല്‍ ചെയര്‍ എന്ന സൗന്ദര്യറാണിപ്പട്ടം വിരാലിയെ തേടി വന്നിട്ടുണ്ട് എന്നറിയുമ്പോൾ നിങ്ങൾക്ക് ഏകദേശ രൂപം പിടികിട്ടും. അതെ, ഏകദേശം ഒരു മാസക്കാലം കോമയിൽ കിടന്ന് അവിടെനിന്നും വിരാലി ഉണർന്നത് തിരിച്ചറിവുകൾ ഇല്ലാത്ത ലോകത്തേക്കായിരുന്നു. ചലനശേഷി നഷ്ടമായ ഈ യുവതി, പിന്നീട് തന്റെ കൈയിൽനിന്നും വിട്ടു പോയ ജീവിതം എത്തി പിടിക്കാനുള്ള ശ്രമങ്ങൾ നടത്തി. ഒടുവിൽ, മിസ് വീൽ ചെയർ സൗന്ദര്യപ്പട്ടം സ്വന്തമാക്കുന്നത് വരെ നിശ്ചയദാർഢ്യത്തിന്റെ ആ യാത്ര തുടർന്നു. ഇന്ന് വിരാലി അറിയപ്പെടുന്ന ഒരു മോഡലും മോട്ടിവേഷണൽ സ്പീക്കറുമാണ്. തന്റെ അതിജീവനത്തിന്റെ കഥ വിരാലിയുടെ നാവിൽ നിന്ന് കേൾക്കാം.

ജീവിതം കോമയിൽ ആയ അവസ്ഥ ഇന്ന് ഓർത്തെടുക്കുമ്പോൾ എന്ത് തോന്നുന്നു? 
ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട സമയമായിരുന്നു അത്. എന്നാൽ മാനസീകമായി ആ സംഭവങ്ങൾ എന്നെ ഏറെ കരുത്തയാക്കി. പത്ത് വർഷങ്ങൾക്ക് മുൻപാണ് ആ സംഭവം നടക്കുന്നത്. അന്ന് ഞങ്ങൾ കുടുംബത്തോടൊപ്പം യുഎസിൽ താമസിക്കുന്നു. പനി വന്നതിലൂടെയായിരുന്നു തുടക്കം. പനിയുടെ മരുന്ന് കഴിച്ചെങ്കിലും മാറിയില്ല. ശ്വാസതടസ്സം രൂക്ഷമായി. പണിമുടക്കാൻ തുടങ്ങിയ ഹൃദയം നേരെയാക്കാൻ ഇലക്ട്രിക് ഷോക്ക് നൽകി. അതോടെ ബ്ലഡ് പ്രെഷർ താണു. പിന്നെ മെല്ലെ മെല്ലെ കോമ എന്ന അവസ്ഥയിലേക്ക് വീഴുകയായിരുന്നു. 24  ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ്, ബോധം തെളിഞ്ഞത്. എന്നാൽ അപ്പോഴേക്കും തിരിച്ചറിവ് നഷ്ടമായിരുന്നു. കഴുത്തിന്‌ താഴേയ്ക്ക് തളര്‍ന്ന്, വീല്‍ ചെയറില്‍ ഒതുങ്ങിക്കൂടിയ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. വായിലൂടെ ട്യൂബ് ഇട്ടായിരുന്നു ഭക്ഷണം നല്കിയിട്ടിരുന്നത്. യാതനകളുടെ കാലമായിരുന്നു അത്. എന്റെ പിറന്നാൾ ദിനത്തിലായിരുന്നു എനിക്ക് ബോധം തിരിച്ചു കിട്ടിയത്. അതിനാൽ തന്നെ, ഇതെന്റെ രണ്ടാം ജന്മം ആണെന്ന് എല്ലാവരും വിശ്വസിച്ചു. പിന്നീടങ്ങോട്ട് ഞാൻ ശ്രമിച്ചതും ആ തോന്നൽ യാഥാർഥ്യമാക്കാനായിരുന്നു. 

virali2

ബോധത്തിനും അബോധാവസ്ഥക്കും ഇടയിൽ മനക്കരുത്തായത് എന്താണ് ?
ഏതു പ്രതിബന്ധങ്ങളെയും തരണം ചെയ്യാനും  ജീവിതത്തിൽ കരുത്തോടെ മുന്നേറാനും എന്നെ സദാ പ്രേരിപ്പിച്ചത് മാതാപിതാക്കളും എന്റെ കാമുകനായ ഡോണും ആയിരുന്നു. ജീവിതത്തിലേക്ക് എനിക്ക് തിരിച്ചെത്താനാകുമെന്നു അവർ എന്നെ ഓർമിപ്പിച്ചുകൊണ്ടേയിരുന്നു. തുടർ ചികിത്സയ്ക്കും മറ്റുമായി കൂടെ നിന്നു.

ജീവിതത്തിൽ നേരിട്ട മറ്റു പ്രതിബന്ധങ്ങൾ? 
ചികിത്സാകാലയളവിൽ പലരും എന്നെ കൈയ്യൊഴിഞ്ഞു. ചികിത്സയ്ക്ക് ശേഷം മോഡലിംഗ് എന്ന സ്വപ്നം മനസ്സിൽ ഉദിച്ചപ്പോഴും ഇത് തന്നെയായിരുന്നു അവസ്ഥ. എന്റെ ആഗ്രഹങ്ങൾക്ക് കൂട്ട് നിൽക്കാതെ, എനിക്ക് കരുത്താകാതെ, എന്നെ കൂടുതൽ വിഷാദത്തിലേക്ക് തള്ളിയിടാനാണ് പലരും ശ്രമിച്ചത്. പതിയെ പതിയെ എനിക്ക് എന്നിൽ തന്നെയുള്ള വിശ്വാസം നഷ്ടപ്പെട്ടു. 

പിന്നീട് എങ്ങനെയാണ് ജീവിതത്തെ വിജയത്തിലേക്ക് അടുപ്പിച്ചത്?
എന്നിൽ നെഗറ്റിവിറ്റി പടർത്തുന്ന എല്ലാവരെയും ഞാൻ ജീവിതത്തിൽ നിന്നും ഒഴിവാക്കി. എന്നിൽ സന്തോഷവും പോസറ്റിവ് ചിന്തകളും പടർത്തുന്ന, ഞാൻ വളർന്നു കാണാൻ  ആഗ്രഹിക്കുന്നവരെ മാത്രം കൂടെ നിർത്തി. അവരുടെ വാക്കുകൾക്ക് പ്രാധാന്യം നൽകി ജീവിച്ചു. അതോടു കൂടി എന്റെ ജീവിതവും ഞാനും കൂടുതൽ പോസിറ്റിവ് ആയി. അതെന്റെ ചികിത്സയിലും നിഴലിച്ചു. ചികിത്സ അതിവേഗം ഫലം കണ്ടു തുടങ്ങി. 

ഫാഷൻ രംഗത്തേക്ക് കടന്നു വരുന്നത് എങ്ങനെയാണ്? 
കുട്ടിക്കാലം മുതൽ അഭിനയം, മോഡലിംഗ് എന്നീ മേഖലകളോടായിരുന്നു എനിക്ക് താല്പര്യം. പിന്നീട് വീൽചെയറിലേക്ക് ജീവിതം ഒതുങ്ങിയപ്പോൾ ഞാൻ കരുതി അതെന്റെ സ്വപ്നങ്ങളുടെ അവസാനമാണ് എന്ന്. ഇനി മോഡലിംഗ് എന്ന വാക്കിനു എന്റെ ജീവിതത്തിൽ പ്രസക്തിയില്ല എന്ന് ഞാൻ ഉറപ്പിച്ചു. എന്നാൽ കുറച്ചു നാളുകൾക്ക് ശേഷം, ജീവിതം കൂടുതൽ പോസറ്റിവ് ആയപ്പോൾ എനിക്ക് തോന്നി, വീൽ ചെയറിൽ ആയി എന്ന ഒറ്റക്കാരണം കൊണ്ട് ഞാൻ എന്തിനു എന്റെ ആഗ്രഹങ്ങൾ ത്യജിക്കണം? അങ്ങനെയാണ് ഞാൻ വീൽ ചെയറിൽ ഇരുന്നുകൊണ്ട് തന്നെ ഫാഷൻ ഫോട്ടോഷൂട്ടുകൾ ചെയ്യാൻ തുടങ്ങിയത്. മിസ് വീൽ ചെയർ ഇന്ത്യ പേജന്റ് മത്സരത്തിൽ എനിക്ക് 2014 ൽ രണ്ടാം സ്ഥാനം ലഭിച്ചു. അതൊരു തുടക്കമായിരുന്നു. അതിന് ശേഷം മറ്റു മോഡലിംഗ് പ്രൊജക്റ്റുകൾക്കായി ഞാൻ അപേക്ഷിച്ചു. നല്ല അവസരങ്ങൾ എന്നെ തേടി വന്നു തുടങ്ങി. 

ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനം എന്താണ്? 
എന്റെ ജീവിതം തന്നെയാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. തളർന്നു കിടക്കുന്ന സ്ഥലത്തു നിന്നുമാണ് ഞാൻ ജീവിതം വെട്ടിപ്പിടിച്ചത്. ഇപ്പോൾ ഞാൻ പൂർണ സന്തോഷവതിയാണ്. എന്റെ കഥ ലോകം അറിയണം. അതാണ് എന്റെ ആഗ്രഹം. കാരണം, ആ കഥ കുറച്ചു പേർക്കെങ്കിലും പ്രചോദനമാകുന്നു എങ്കിൽ നല്ലതല്ലേ ?

virali3

ഭാവി പദ്ധതികൾ? 
എന്നെ തേടി വന്ന പ്രശസ്തി നന്മയ്ക്കായി ഉപയോഗിക്കണം എന്നാണ് എന്റെ ആഗ്രഹം. ലോകം മുഴുവൻ പോസ്‍റ്റിവിറ്റി പരക്കണം. ഒപ്പം എന്റെ അഭിനയ മോഹങ്ങൾ സഫലമാക്കണം. രജനികാന്ത്, ഷാരുഖ് ഖാൻ, തുടങ്ങിയവർക്കൊപ്പം അഭിനയിക്കണം. ലോകോത്തര ഡിസൈനർമാർക്കായി മോഡലിംഗ് ചെയ്യണം. 

നിലവിലെ പ്രോജക്റ്റുകൾ? 
നിലവിൽ മോഡലിംഗ് പ്രോജക്റ്റുകൾ ഒന്നും തന്നെ ഇല്ല. എന്നാൽ ഉടൻ കാമറയ്ക്ക് മുന്നിലൂടെ നിങ്ങൾക്ക് എന്നെ പ്രതീക്ഷിക്കാം. അതൊരു  സർപ്രൈസ് ആയിരിക്കട്ടെ. കാത്തിരുന്നു കാണുക. 

തന്റെ ജീവിതം കൊണ്ട് വിരാലി സമൂഹത്തിനു നൽകുന്ന സന്ദേശം?
എന്ത് പ്രതിബന്ധങ്ങൾ ഉണ്ടായാലും തന്റെ സ്വപ്‌നങ്ങൾ ഒരിക്കലും ത്യജിക്കരുത്. 10  വർഷക്കാലം ഞാൻ ഒന്നും അല്ലാതെ, വീൽ ചെയറിൽ കുടുങ്ങിക്കിടന്നു. അപ്പോഴും ഞാനെന്റെ സ്വപ്‌നങ്ങൾ ത്യജിച്ചില്ല, അതിന്റെ ഫലമാണ് ഇന്ന് എനിക്ക് ലഭിച്ച അംഗീകാരങ്ങൾ. മലയോളം സ്വപ്നം കണ്ടാലേ കുന്നോളം കിട്ടുകയുള്ളൂ. അതിനാൽ സ്വന്തം സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കുന്നതിനായി ജീവിക്കുക, വിജയം നിങ്ങളെ തേടി വരിക തന്നെ ചെയ്യും. 

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം?
വളരെ ചെറിയ പ്രായം മുതൽ ഞാൻ രജനികാന്തിന്റെയും ഷാരുഖ് ഖാന്റെയും വലിയ ആരാധികയാണ്. അതിനാൽ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ഇവർക്കൊപ്പം അഭിനയിക്കുക എന്നതാണ്. ഒപ്പം മനീഷ് മൽഹോത്രയുടെ ഡിസൈനുകളുടെ മോഡൽ ആകണം. ഈ രണ്ടാഗ്രഹങ്ങളാണ് എന്നെ ജീവിതത്തിൽ മുന്നോട്ട് കൊണ്ട് പോകുന്നത്. 

Your Rating: