Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പുരുഷന്മാരേ... സ്ത്രീ ആഗ്രഹിക്കുന്നത് ഇതാണ്

Couple Representative Image

സൂര്യപ്രകാശത്തിനു നേരെ ചായുന്ന വൃക്ഷച്ചില്ല പോലെയാണ് പെൺമനസ്സ്. തനിക്കു സ്നേഹവും സുരക്ഷിതത്വവും ആവോളം പകർന്നു തരുവാൻ സാധിക്കുന്ന പുരുഷനിലേക്ക് അവളുടെ മനസ്സും, ഹൃദയവും മെല്ലെ മെല്ലെ ചായും. ഒരു പുരുഷനിൽ സ്ത്രീ തേടുന്ന ഏറ്റവും പ്രധാനപ്പെട്ട ഗുണങ്ങളിലൊന്നാണ് സുരക്ഷിതത്വത്തിന്റെതായ അനുഭവം. താൻ സ്നേഹിക്കപ്പെടുന്നു എന്ന തോന്നലും ഈ കരവലയത്തിനുള്ളിൽ താൻ സുരക്ഷിതത്വയാണെന്ന വിശ്വാസവും, അവളിലെ സ്ത്രീത്വത്തിന് ആത്മവിശ്വാസം പകർന്നു തരും.

അവൾ ആയിരിക്കുന്ന അവസ്ഥയില്‍ അവളെ അംഗീകരിക്കു വാൻ ഒരു പുരുഷനു കഴിഞ്ഞാല്‍ വൈകാരിക സുരക്ഷിതത്വത്തിന്റെ ആദ്യ പടി അവിടെ തുടങ്ങുകയായി. പരിധികളില്ലാതെ തന്റെ പ്രിയപ്പെട്ടവൻ തന്നെ സ്നേഹിക്കുന്നു എന്ന തോന്നൽ അവളുടെ മനസ്സിൽ പുതു പൂക്കള്‍ വിടർത്തും.

Couple Representative Image

വൈകാരിക സുരക്ഷിതത്വം എങ്ങനെ നല്‍കാം

അവളുടെ വിജയത്തിലും പരാജയത്തിലും സന്തോഷത്തിലും ദുഃഖത്തിലും അവൾക്ക് ആദ്യം ആശ്രയിക്കുവാൻ പറ്റുന്ന ശക്തികേന്ദ്രം നിങ്ങളായിരിക്കണം. കോടികളുടെ ബാങ്ക് ബാലൻസിനെക്കാളും ശാരീരികമായ കരുത്തിനെക്കാളും അവൾ പ്രാധാന്യം കൊടുക്കുന്നത് ഇത്തരം കാര്യങ്ങൾക്കായിരിക്കും.

ചില പുരുഷന്മാരുണ്ട് ചിലവാക്കാൻ പൈസ എത്ര വേണമെങ്കിലും കൊടുക്കും പക്ഷേ വൈകാരികമായ ഒരു പിന്തുണ ആഗ്രഹിച്ച് അവൾ ഫോൺ ചെയ്താൽ പോലും ‘ഞാനിപ്പോൾ തിരക്കിലാണ്, പിന്നെ വിളിക്ക്’ എന്നുപറഞ്ഞ് ഫോൺ വയ്ക്കും. അവൾക്ക് ഒരു പ്രശ്നമുണ്ടാകുമ്പോൾ ഒരു സൊല്യൂഷൻ ആണ് അവൾ ആഗ്രഹിക്കുന്നത്. ‘നിന്റെ കുഴപ്പം കൊണ്ടാണ് ഇങ്ങനെ സംഭവിച്ചത്? നീ ഇറങ്ങിത്തിരിച്ചപ്പോഴേ ഞാൻ കരുതിയതാ ഇതൊക്കെ ഇങ്ങനെയേ സംഭവിക്കൂ?’ തുടങ്ങിയ മറുപടികളല്ല അവൾ പ്രതീക്ഷിക്കുന്നത്.

ചില ഭർത്താക്കന്മാർ ഒരിക്കലും ഭാര്യയുടെ ഒപ്പം നടക്കില്ല. എയർപോർട്ടിലാണെങ്കിലും റെയിൽവേ സ്റ്റേഷനിലാണെങ്കിലും, കല്യാണ മണ്ഡപത്തിലായാലുമൊക്കെ ഭർത്താവ് പത്തടി മുന്നിലും, ഭാര്യ പിന്നിലുമായി നടക്കുന്ന കാഴ്ച പലപ്പോഴും കാണാറുണ്ട്. പങ്കാളി തന്റെ കൈപിടിച്ച് തനിക്കൊപ്പം നടക്കുന്നത് അയാൾ തനിക്കൊപ്പം എപ്പോഴുമുണ്ട് എന്ന വിചാരം അവളിലുണ്ടാക്കും.

Couple Representative Image

ആത്മവിശ്വാസമുള്ള പുരുഷൻ സ്ത്രീയുടെ വിശ്വാസം പിടിച്ചു പറ്റും

വൈകാരികമായ പിന്തുണ താൻ ആഗ്രഹിക്കുന്ന നിമിഷങ്ങളിൽ തനിക്കൊപ്പമുള്ള പുരുഷനെ കരയെ പുൽകാൻ വെമ്പുന്ന തിര പോലെ അവൾ ആശ്ലേഷിക്കും. സത്യസന്ധതയും ആത്മവിശ്വാസവും വിശ്വാസ്യതയും അവൾ ഏറെ ആഗ്രഹി ക്കുന്ന ഗുണങ്ങളാണ്. താൻ ചെയ്യുന്ന കാര്യങ്ങളിൽ വ്യക്തമായ ധാരണയും ആത്മ വിശ്വാസവുമുള്ള പുരുഷനിൽ അവൾ സുരക്ഷിതത്വത്തിന്റെ തീരം കണ്ടെത്തും.

ഈ ബന്ധം സുരക്ഷിതമാണ് തന്റെ പങ്കാളി ഒരിക്കലും മറ്റൊരാളെ തേടി പോകില്ല എന്ന വിശ്വാസവും അവളുടെ ആത്മവിശ്വാസം വളർത്തും. പല ബന്ധങ്ങളുള്ള പുരുഷനിൽ സുര ക്ഷിതത്വത്തിന്റെ തണൽ കണ്ടെത്തുവാൻ അവൾ ബുദ്ധിമുട്ടും. ഈ ബന്ധം ശരിയായ ദിശയിലല്ല പോകുന്നതെന്ന ചിന്ത അവളിലുണ്ടായാൽ വൈകാരിക സുരക്ഷിതത്വം അവൾക്ക് നഷ്ടമാകും.

പങ്കാളി വീട്ടിലെ കാര്യങ്ങൾ അന്വേഷിക്കാതിരിക്കുക, വീട്ടുചിലവിന് പണം നൽകാതിരിക്കുക, അവളുടെ ശമ്പളവും കൂടി വാങ്ങിയിട്ട് അവളുടെ അടിസ്ഥാന ആവശ്യങ്ങൾ പോലും നടത്തിക്കൊടുക്കാതിരിക്കുക, കടുത്ത മദ്യപാനത്തിനും മയക്കുമരുന്നിനും അടിമയാകുക, പരസ്ത്രീ ബന്ധങ്ങളിൽ ഏർപ്പെടുക തുടങ്ങിയ അവസരങ്ങളിലൊക്കെ സുരക്ഷിതത്വത്തിന്റെ സാന്ത്വനം അവൾക്കു നഷ്ടമാകുന്നു.

Valentines Day Representative Image

സ്വതന്ത്രമായി സംസാരിക്കുവാൻ കഴിയുമ്പോഴാണ് ബന്ധങ്ങൾ കൂടുതല്‍ ഉൗഷ്മളമാകുന്നത്. പല ഭർത്താക്കന്മാരും റേഡിയോ പോലെയാണ് ഭാര്യ പറയുന്ന കാര്യങ്ങള്‍ക്കൊന്നും ചെവി കൊടുക്കാതെ ഏകാധിപതിയെപ്പോലെ അവരുടെ ആവശ്യങ്ങൾ മാത്രം എപ്പോഴും പറഞ്ഞു കൊണ്ടിരിക്കും.

രതിയുടെ ഉച്ചസ്ഥായിയിലല്ലാ മറിച്ച് പ്രിയപ്പെട്ടവന്റെ നെഞ്ചിൽ തലചായ്ച്ചുറങ്ങുന്ന പ്രണയത്തിന്റെ അസുലഭ നിമിഷത്തിലാണ് ഒരു സ്ത്രീ ഏറ്റവുമധികം സുരക്ഷിതത്വമനുഭവിക്കുന്നത്. സുരക്ഷിതത്വത്തിന്റെ സാന്ത്വനം അവൾക്ക് ഒരു തണൽ പോലെ ആവശ്യമാണ്.

സ്ത്രീയുടെ ഹൃദയം കീഴടക്കുവാനുള്ള എളുപ്പമാർഗ്ഗമാണ് അവൾക്ക് സുരക്ഷിതത്വത്തിന്റെ വൈകാരിക കവചമൊരുക്കുന്നത്. ആ അനുഭവത്തിലേക്ക് അവളെ നയിക്കുവാനായാൽ സമുദ്രജലം ചിപ്പിയെ പിളർന്ന് മുത്തിനെ ഉമ്മ വയ്ക്കുന്നതു പോലെ പ്രണയത്തിന്റെ അനിർവചനീയമായ ആനന്ദം നിങ്ങൾക്കും സ്വന്തമാക്കാം.

(ഇന്റർനാഷണൽ മോട്ടിവേഷണൽ സ്പീക്കറും, സൈക്കോളജിസ്റ്റും, മൈൻഡ് പവർ ട്രെയിനറുമാണ് ഇരുപത്തിയഞ്ചോളം മോട്ടിവേഷണൽ പുസ്തകങ്ങളുടെ രചയിതാവായ ലേഖകൻ. ഫോൺ 9447259402,email: jskottaram@gmail.com,Website: www.starsofsuccess.com)