Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആ കുഞ്ഞിനെ ഇപ്പോൾ കണ്ടാൽ ഞെട്ടും

Hope ഹോപ്പിനെ തെരുവിൽ നിന്നും കിട്ടുമ്പോഴുള്ള രൂപവും രണ്ടുമാസങ്ങൾക്കു ശേഷം വന്ന മാറ്റവും

ലോകമനസ്സാക്ഷിയെ ഞെ‌‌ട്ടിച്ച ഹോപ്പ് എന്ന ബാലന്റെ ചിത്രം ഓർമ്മയില്ലേ? മന്ത്രവാദിയെന്നാരോപിച്ച് അച്ഛനമ്മമാർ തെരുവിൽ മരിക്കാൻ വിട്ട നൈജീരിയൻ ബാലനാണ് ഹോപ്പ്സ്. തെരുവിൽ പട്ടിണികിടന്ന് പുഴുവരിച്ച് കിടന്ന അവനെ മരണം അത്രവേഗം പിടികൂടിയില്ല. ജീവിതത്തിൽ പ്രത്യാശയുടെ കിരണങ്ങളുമായി അൻജ നോവൽ എന്ന ഡാനിഷ് യുവതി അവന്റെ ജീവിതത്തിലെത്തി. സാമൂഹികപ്രവർത്തകയായ അൻജ ഹോപ്പ്സിന് കുപ്പിയിൽ വെള്ളം കൊടുക്കുന്ന ചിത്രം സോഷ്യൽമീഡിയയുടെ കണ്ണുനിറച്ചു.

Hope ഹോപ് ആഫ്രിക്കൻ ചിൽഡ്രൺസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനിൽ

തെരുവിൽ നിന്നും അവർ അവനെ ദത്തെടുത്തു. അടുത്തുള്ള ആശുപത്രിയിൽ ചികിത്സിച്ചു. ശരീരത്തിൽ കടന്നുകൂടിയ കൃമികളെ നീക്കം ചെയ്ത്, ഹോപ്പ്സിൽ പുതുരക്തം നിറച്ചു. രണ്ടുമാസത്തിനുള്ളിൽ അത്ഭുതാവഹമായ പുരോഗതിയാണ് ഹോപ്പ്സിലുണ്ടായത്. അസുഖം മാറി ഭക്ഷണം കഴിച്ച് തുടങ്ങിയതോടെ ഹോപ്പ്സ് പൂർണ്ണആരോഗ്യവാനായി. തെരുവിൽ കണ്ട അരപ്രാണനായ മെലിഞ്ഞുണങ്ങിയ കുട്ടിയാണ് ഹോപ്പ്സെന്ന് ആരും പറയാത്ത അത്ര മാറ്റമായി. ആഫ്രിക്കൻ ചിൽഡ്രൺസ് എയ്ഡ് എജ്യുക്കേഷൻ ആൻഡ് ഡവലപ്പ്മെന്റ് ഫൗണ്ടേഷനിൽ 35 സഹോദരങ്ങളോടൊപ്പമാണ് ഹോപ്പ്സിന്റെ താമസം.

Hope ഹോപ്പിനെ അന്‍ജയുടെ കയ്യിൽ കിട്ടിയപ്പോൾ

ജനുവരി 31ന് പതിവുപോലുള്ള തന്റെ യാത്രയ്ക്കിടെയാണ് അൻജയുടെ കണ്ണുകളിൽ അവൻ പെടുന്നത്–വഴിയരികത്തെ മാലിന്യക്കൂമ്പാരത്തിനരികെ നായ്ക്കളോട് മല്ലിട്ട് ചീഞ്ഞളിഞ്ഞ ഭക്ഷണം വാരിത്തിന്നുന്ന ഒരു കുട്ടി. ഏകദേശം രണ്ടു വയസ്സുകാണും. നെഞ്ചൊട്ടി, വയറുന്തി, മേലാകെ വ്രണങ്ങളായി, മെലിഞ്ഞുണങ്ങിയ കൈകാലുകളോടെ ഒരു രൂപം. അടുത്തേക്ക് വിളിച്ച് കുപ്പിയിൽ വെള്ളം കൊടുത്തപ്പോൾ അത് കുടിക്കാൻ പോലും അശക്തനായിരുന്നു അവൻ. ബിസ്കറ്റും കൊടുത്തു. ക്ഷീണം കൊണ്ട് നിലത്തിരുന്നു പോയ ആ കുഞ്ഞിനെ കോരിയെടുത്ത് അൻജ കുളിപ്പിച്ചു, ഒരു കമ്പിളി കൊണ്ട് പുതപ്പിച്ചു, അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. പിന്നീടറിഞ്ഞു എട്ടുമാസമായി അവൻ ആ തെരുവിലൂടെ അങ്ങനെ അലയുന്നു. ആശുപത്രിയിലെത്തിച്ച് രണ്ടാഴ്ചയ്ക്കൊടുവിൽ ഒരു കൂട്ടം ചിത്രങ്ങൾ അൻജ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു–ആദ്യമായി ആ കുഞ്ഞിന് ഒരിറക്കു വെള്ളം കൊടുക്കുമ്പോൾ എടുത്ത ചിത്രങ്ങളായിരുന്നു അത്. അവയ്ക്കൊപ്പം ഏതാനും വാക്കുകളും–‘കഴിഞ്ഞ മൂന്നുവർഷമായി ഇത്തരം ഒരുപാട് കാഴ്ചകളായി ഞാൻ കാണുന്നു നൈജീരിയയിൽ. ആയിരക്കണക്കിന് കുട്ടികളെയാണ് പിശാചിന്റെ ജന്മമാണെന്നാരോപിച്ച് നിഷ്കരുണം തെരുവിലേക്ക് തള്ളിവിടുന്നത്. കുട്ടികളെ അതിദാരുണമായി മർദിക്കുന്ന കാഴ്ചകൾ, മരിച്ചുകിടക്കുന്ന കുട്ടികൾ, പേടിച്ചരണ്ട കുരുന്നുകൾ...ഈ ചിത്രങ്ങൾ പറയും എന്തുകൊണ്ടാണ് ഞാനിന്നും ഈ പോരാട്ടം തുടരുന്നതെന്ന്. എന്തുകൊണ്ടാണ് ഞാനെന്റെ സ്വന്തമായിട്ടുള്ളതെല്ലാം വിറ്റതെന്ന്, എന്തുകൊണ്ടാണ് ഞാൻ, ഭൂമിയിലെ അധികമാരും വരാനിഷ്ടമില്ലാത്ത ഒരിടത്തേക്ക് വരാൻ തീരുമാനിച്ചതെന്ന്...’ ലോകമൊന്നാകെ അൻജയുടെ ആ വാക്കുകൾക്കൊപ്പം കണ്ണുനനയിച്ചു.

Hope ഹോപ്പിനെ അന്‍ജയുടെ കയ്യിൽ കിട്ടുന്നതിനു മുമ്പും ശേഷവും

ഈ ചിത്രങ്ങളും കുറിപ്പും കണ്ട ലോകം പക്ഷേ വെറുതെ ഒപ്പം കരയുക മാത്രമായിരുന്നില്ല. 10 ലക്ഷം ഡോളറാണ് ഏതാനും ദിവസങ്ങൾക്കകം അൻജയുടെ ഫൗണ്ടേഷനു ലഭിച്ചത്. താൻ രക്ഷിച്ചെടുത്ത കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനുമെല്ലാം ആ പണം ധാരാളമാണ്. മാത്രവുമല്ല, കുട്ടികൾക്കു വേണ്ടി ഒരു ക്ലിനിക്കും നിർമാണം ആരംഭിച്ചു കഴിഞ്ഞു. ഇനിയും ഒട്ടേറെ കുട്ടികളെ രക്ഷിച്ചെടുക്കാനുള്ള ആത്മവിശ്വാസം കൂടിയാണ് ഈ പണത്തിലൂടെ ലോകം അൻജയ്ക്കു നൽകിയത്. തെരുവിൽ ഒരു കുരുന്നുപോലും അലയാനിടവരാത്ത ഒരു കാലത്തിന്റെ പ്രതീക്ഷയുമായാണ് അൻജയുടെ യാത്ര. പ്രതീക്ഷകളാണു ജീവിതം, അതിനാൽത്തന്നെ തന്റെ കുടുംബത്തിലേക്കെത്തിയ പുതിയ കുരുന്നിനും അവർ നൽകിയത് ആ പേരാണ്–ഹോപ്.