Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാവോയിസ്റ്റ് പോരാട്ടത്തിന് രണ്ടും കൽപ്പിച്ച് പെണ്ണൊരുത്തി!!

Usha Kiran ഉഷ കിരൺ

മാവോയിസ്റ്റ് പോരാട്ടങ്ങൾക്കും നക്സൽ ആക്രമണങ്ങൾക്കും ഏറെ കുപ്രസിദ്ധമായ ഛത്തീസ്ഗഡിലെ ബസ്തർ പ്രവിശ്യ ഇനി ഉഷ കിരൺ എന്ന വനിതയെ ഓർത്ത് അഭിമാനിക്കും. ഏറെ  പ്രശ്നങ്ങളുള്ള ഈ പ്രദേശത്ത് നിയമിക്കപ്പെടുന്ന ആദ്യ വനിതാ സി ആർ പി എഫ് ഉദ്യോഗസ്ഥയാണ് 27 കാരിയായ ഉഷ കിരൺ. രാജ്യത്തിന്റെ സംരക്ഷണവും പുരോഗതിയും ആത്മവിശ്വാസമുള്ള യുവ ജനതയുടെ കൈകളിലാണ് എന്നു വിശ്വസിക്കുന്ന ഉഷ കിരൺ ഈ പ്രദേശത്തെ തന്റെ പോസ്റ്റിങ്ങിനെ വളരെ പോസിറ്റിവ് ആയാണ് കാണുന്നത്. 

മാവോയിസ്റ്റ് ആക്രമണത്തിൽ നിരപരാധികളായ നിരവധി ആദിവാസി കുടുംബങ്ങളാണ് ഇവിടെ മരണപ്പെടുന്നത്. ശാരീരിക മാനസിക പീഡനങ്ങൾക്ക് ഇരയാകുന്ന ആദിവാസി സ്ത്രീകൾ പലപ്പോഴും തങ്ങളുടെ വിഷമം തുറന്നു പറയാനാകാതെ കഷ്ടപ്പെടുന്നു. ഈ അവസ്ഥയിൽ ഉഷ കിരൺ ഇവിടെ അധികാരമേൽക്കുന്നത് സംഭവഗതികൾ മാറ്റി മറിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. 

ഒരു വനിതാ ഉദ്യോഗസ്ഥ ചാർജെടുക്കുന്നത് ഈ  പ്രവിശ്യയിലെ ആദിവാസി സ്ത്രീകളുടെ മനക്കരുത്ത് വർധിപ്പിച്ചിട്ടുണ്ട്. ചുറ്റിലും കത്തിപ്പടരുന്ന നക്സൽ വാദങ്ങൾക്കിടയിലും ഇവർക്ക് സുരക്ഷാബോധം വർദ്ധിച്ചിട്ടുണ്ട്. അതുതന്നെയാണ് താനെ പോസ്റ്റിങ്ങിന്റെ ഏറ്റവും വലിയ നേട്ടമെന്ന് ഉഷ കിരൺ മനസിലാക്കുന്നു. 

ഈ മേഖലയിലെ മാവോയിസ്റ്റ് അതിപ്രസരം തടയുന്നതിൽ തന്നെയായിരിക്കും പ്രധാനമായും താൻ ശ്രദ്ധിക്കുകയെന്ന് ഉഷ പറയുന്നു. മാവോയിസ്റ്റുകളെ തേടി ആദിവാസികുടുംബങ്ങളിലും മറ്റും നടത്തുന്ന തിരച്ചിലുകളിൽ പതറിപ്പോകുന്ന സ്ത്രീകൾക്ക് ഉഷയുടെ സാമിപ്യം ആശ്വാസമാകും. മാത്രമല്ല സി ആർ പി എഫിനെ സംബന്ധിച്ചിടത്തോളവും ഏറ്റം അഭിമാനാർഹമായ ഒരു നിമിഷമാണ് ഇത്. 

ഏതു പോരാട്ട രംഗത്തും കരുത്തു തെളിയിക്കാനും, പതറാതെ ഉറച്ചു നിൽക്കാനും കരുത്തരാണ് ഇന്ത്യൻ വനിതകൾ എന്ന് തെളിയിക്കുകയാണ് ഉഷ കിരണിന്റെ നിയമനം. ഉഷയുടെ സാമീപ്യത്തിൽ ബസ്തറിൽ ഉണ്ടാകുന്ന പുരോഗതി കാത്തിരുന്നു തന്നെ കാണാം.
 

Your Rating: