Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അമ്മയെതേടി 42 വർഷം, കിട്ടിയപ്പോഴോ...!

elisabeth എലിസബത്ത് പൂർവെ ജോറന്റാല്‍ അമ്മയ്ക്കൊപ്പം

എലിസബത്ത് പൂർവെ ജോറന്റാല്‍ സ്വീഡിഷ് സ്വദേശിയാണ്. ജനിക്കുമ്പോൾ ഇന്ത്യക്കാരിയായിരുന്ന എലിസബത്ത് ഇന്ന് സ്വീഡിഷുകാരിയാണ്, വർഷങ്ങൾക്കു മുമ്പ് സ്വീഡിഷ് ദമ്പതികളാൽ ദത്തെടുക്കപ്പെട്ട പെണ്‍കുട്ടി. 42 വർഷങ്ങൾക്കിപ്പുറം അവൾ തന്റെ അമ്മയെ തേടി ഇന്ത്യയിലെത്തിയിരിക്കുകയാണ്. മാതൃത്വം അതെത്രയൊക്കെ നിഷേധിക്കപ്പ‌െട്ടാലും പിന്നൊരിക്കൽ തിരിച്ചെത്തുക തന്നെ ചെയ്യും. അമ്മയെ ആദ്യമായി കണ്ട നിമിഷത്തെ ഇന്നും ഒരു അത്ഭുതമായാണ് എലിസബത്ത് ഓർക്കുന്നത്.

ഇരുപത്തിയൊന്നാം വയസിലായിരുന്നു എലിസബത്തിന്റെ അമ്മയുടെ വിവാഹം. മൂന്നുവർഷത്തെ ദാമ്പത്യത്തിനു ശേഷം പെട്ടെന്നൊരുനാൾ അച്ഛൻ മറ്റാരോ‌ടോ വഴക്കിട്ടു വന്ന് ആത്മഹത്യ ചെയ്തു. അതിനു ശേഷം മാതാപിതാക്കൾ അമ്മയെ മറ്റൊരു വിവാഹത്തിനായി നിരന്തരം നിർബന്ധിച്ചു. പക്ഷേ ഗർഭിണിയായിരുന്ന അമ്മയെ അവർ പിന്നീടൊരു കരുണാലയത്തിൽ പ്രസവിക്കാൻ അനുവദിച്ചു. അങ്ങനെ 1973ന് എലിസബത്ത് ജനിച്ചു. എലിസബത്തിനു രണ്ടരവയസായതോടെ അവളെ ഒരു സ്വീഡിഷ് ദമ്പതികൾ ദത്തെടുക്കുകയും ചെയ്തു. പക്ഷേ എന്നും എലിസബത്ത് തന്റെ യഥാര്‍ഥ അമ്മയെക്കുറിച്ചു ചിന്തിച്ചിരുന്നു. യഥാർഥ അമ്മയെ കണ്ടെത്താനുള്ള തന്റെ തീരുമാനത്തെ വളർത്തച്ഛനും അമ്മയും പിന്തുണയ്ക്കുകയും ചെയ്തു.

elisabeth-1 ചിൽഡ്രൻസ് ഹോമിലായിരിക്കെ എലിസബത്ത് പൂർവെ ജോറന്റാലിനെ കയ്യിലേന്തി നിൽക്കുന്ന സന്ദർശകൻ

1998 മുതല്‍ അമ്മയെത്തേടിയുള്ള അന്വേഷണം അവസാനിച്ചത് മഹാരാഷ്ട്രയിലെ ഒരു ഗ്രാമത്തിലാണ്. ദത്തുപത്രത്തിലുണ്ടായിരുന്നതു വച്ച് അമ്മയുടെ പേരും മുത്തച്ഛന്റെ പേരും മാത്രമേ അറിയുമായിരുന്നുള്ളു. 2014ൽ ബെൽജിയം ആസ്ഥാനമായി പ്രവർത്തിക്കുന്ന എഗൈൻസ്റ്റ് ചൈൽഡ് ട്രാഫിക്കിങ് സംഘടനയെ ബന്ധപ്പെട്ടതാണ് വഴിത്തിരിവായത്. ഓഗസ്റ്റിൽ അമ്മയുടെ ഫൊട്ടോ സഹിതം ആളെ കണ്ടെത്തിയെന്നു കാണിച്ച് സംഘടനയിൽ നിന്നും മെയിൽ വന്നു. അങ്ങനെ അമ്മയെ കാണാനെത്തിയപ്പോൾ ഇരുവരും ആദ്യകാഴ്ചയിൽ സ്തബ്ധരായിരിക്കുകയാണ് ചെയ്തത്. ജീവിതത്തിൽ ഒരിക്കലും തിരികെ ലഭിക്കില്ലെന്നു കരുതിയ മകളെ കണ്ടെത്തിയ നിമിഷം അമ്മയ്ക്കും മറക്കാനാവില്ല.

ഇന്നു തന്റെ രണ്ടാം വിവാഹത്തിലെ മക്കൾക്കൊപ്പമാണ് എലിസബത്തിന്റെ അമ്മ കഴിയുന്നത്. താൻ അമ്മയുടെ കാർബൺ കോപ്പിയാണെന്നു കൂടി കേൾക്കുമ്പോൾ എലിസബത്തിന് എന്തെന്നില്ലാത്ത സന്തോഷം. ഒരിക്കൽപ്പോലും കണ്ടിട്ടില്ലെങ്കിലും അമ്മയുടേതു പോലെ തന്നെയാണ് നോട്ടവും സംസാരവും ഭാവങ്ങളുമെല്ലാം എന്നതും എലിസബത്തിനെ സന്തുഷ്ടയാക്കുന്നു. ഒടുവിൽ തിരിച്ചു സ്വീഡനിലേക്കു പോരുന്ന നിമിഷം കണ്ണീരോടെയാണ് ഇരുവരും യാത്ര പറഞ്ഞതത്രേ. എന്നും ഉള്ളിൽ ആനന്ദിക്കാൻ ഒരിക്കലും കാണില്ലെന്നു കരുതിയ അമ്മയെ കണ്ടെത്തിയ നിമിഷം മാത്രം മതിയെന്ന് പറയുന്നു എലിസബത്ത്.

Your Rating: