Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചെറിയതോതിൽ നിക്ഷേപിക്കാൻ തയാറാണോ? കോടികളുടെ സമ്പത്തിനുടമയാവാം!

Savings through small investiments നാംകുളങ്ങര ബാലചന്ദ്രൻ, കൊച്ചി

ഓഹരിയിൽ മികച്ച നേട്ടം കിട്ടും എന്ന് വിദഗ്ധർ എപ്പോഴും പറയുന്നുണ്ടെങ്കിലും നിക്ഷേപകർക്കു വിശ്വാസം വരുന്നില്ല. ഈ പശ്ചാത്തലത്തിൽ ഓഹരിയിൽ നിക്ഷേപിച്ചു മികച്ച നേട്ടം കൊയ്യുന്നതെങ്ങനെയെന്ന് കൊച്ചിയിൽ നിന്നുള്ള എഴുപത്തഞ്ച് വയസുകാരൻ നാംകുളങ്ങര ബാലചന്ദ്രൻ,  പറയുന്നു... 

പ്രവാസ ജീവിതത്തിനിടയിൽ ആദ്യ പബ്ലിക് ഇഷ്യൂകളിൽ നടത്തിയ ചെറിയ നിക്ഷേപം കോടികളുടെ സമ്പത്തായി വളർന്നിരിക്കുന്നു. 78–ാം വയസ്സിലും പുതിയ ഓഹരികളിൽ നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്നു. 

മികച്ച നേട്ടങ്ങൾ

1984ൽ ഏഷ്യൻ പെയിന്റ് 13 രൂപയ്ക്ക് 250 എണ്ണം വാങ്ങി. ഓഹരി വില 20,000 രൂപ വരെ പോയി. ഇപ്പോൾ 17,000 രൂപ നിലവാരത്തിൽ. ശ്രീ സിമിന്റ് ഐപിഒ (86–86 കാലഘട്ടത്തിൽ) യിൽ 10 രൂപയ്ക്കാണ് വാങ്ങിയത്. വില 18,000 രൂപ വരെ ഉയർന്നു. ഇത്തരത്തിൽ വാങ്ങിയ ഏഷ്യൻ പെയിന്റ്, ഐടിസി, റാൻബാക്സി, ടാറ്റ മോട്ടോഴ്സ്, ഇൻഫോസിസ് എന്നിവ പോലുള്ള ബ്ലൂചിപ് ഓഹരികളിൽ മിക്കതും എല്ലാ വർഷവും ഡിവിഡൻഡായി നല്ല തുക നൽ‍കുന്നു. 

തുടക്കം ദുബായിൽനിന്ന് 

ഓഹരിയെക്കുറിച്ച് പല തെറ്റിദ്ധാരണകളാണുണ്ടായിരുന്നത്. ദുബായിൽ നിരവധി നിക്ഷേപ സെമിനാറുകളിൽ പങ്കെടുത്തതോടെ അതുമാറി. പ്രമോട്ടർമാരും വിദഗ്ധരും പങ്കെടുക്കുന്ന വിശദമായ ഡിബേറ്റുകൾ കേട്ടു. സാധ്യതകളും പ്രശ്നങ്ങളും മനസ്സിലാക്കി. കൂടുതൽ പഠിക്കാൻ ശ്രമിച്ചു. മിച്ചം പിടിക്കുന്ന 5,000–10,000 രൂപ നല്ല പബ്ലിക് ഇഷ്യുകളിൽ നിക്ഷേപിച്ചു. വാങ്ങുന്നവ സൂക്ഷിച്ചു. അങ്ങനെ ബ്ലൂചിപ് ഓഹരികളുടെ പോർട്ഫോളിയോ വളർത്തിയെടുത്തു. ഇപ്പോൾ ഡിവിഡൻഡായി നല്ല വാർഷിക വരുമാനം ലഭിക്കുന്നു. 

നിക്ഷേപരീതി

വളരെ സിലക്ടീവായേ വാങ്ങൂ. ആഴത്തിൽ പഠിച്ചു സ്വയം തീരുമാനം എടുക്കും. നിക്ഷേപ സൗഹൃദ കമ്പനികളുടെ ഓഹരികൾ ആണ് തിരഞ്ഞെടുക്കുക. ബോണസ്, ഡിവിഡൻഡ്, റൈറ്റ് ഇഷ്യൂകൾ കൊടുക്കുന്നുണ്ടോ എന്നൊക്കെ നോക്കിയേ വാങ്ങൂ. പബ്ലിക് ഇഷ്യൂവാണെങ്കിൽ പ്രമോട്ടർമാരും ഡയറക്ടർ ബോർഡ് അംഗങ്ങളും വിശ്വസിക്കാൻ കൊള്ളാവുന്നവരാണോ? ഗ്രൂപ്പ് കമ്പനികൾ നിക്ഷേപ സൗഹൃദമനോഭാവം പുലർത്തുന്നുണ്ടോ? എന്നും പരിശോധിക്കും. 

പ്രതീക്ഷയുള്ള ഓഹരികൾ 

വി ഗാർഡ്, ആദിത്യ ബിർള ഫാഷൻസ്, ആസ്ട്ര മൈക്ക, ബാലിമയിർ വയർ തുടങ്ങിയവയിലും ആക്സിസ് ബാങ്ക്, യെസ് ബാങ്ക് തുടങ്ങിയ പുത്തൻ തലമുറ ഓഹരികളിലും താൽപര്യം. പുതുനിക്ഷേപകരോടു പറയാൻ മറ്റൊരാൾക്കു നേട്ടം കിട്ടിയെന്നു കേട്ട് ചാടിപ്പുറപ്പെടരുത്. അങ്ങനെ ചെയ്താൽ പണം പോകും. സ്വയം പഠിക്കണം. മാനേജ്മെന്റിന്റെ വിശ്വാസ്യത, ഉൽപന്നത്തിന്റെ, സേവനത്തിന്റെ വളർച്ചാ സാധ്യത എന്നിവ മനസ്സിലാക്കി നല്ല കമ്പനി കണ്ടെത്താം. വലിയ പഠിപ്പു വേണ്ട. പക്ഷേ ശരാശരി വിവരം വേണം. അവസാന തീരുമാനം സ്വയം എടുക്കണം. പഠിച്ചു ചെയ്യുക. അക്യുമെൻ പോലുള്ള സ്ഥാപനങ്ങൾ നടത്തുന്ന പരിശീലന പരിപാടികൾ പുതുനിക്ഷേപകർക്ക് ഏറെ ഗുണം ചെയ്യും. അവ ഉപയോഗപ്പെടുത്തുക. 

നിക്ഷേപിക്കാവുന്ന പണം

മകളുടെ വിവാഹം പോലെ നിശ്ചിത സമയത്ത് വേണമെന്നുള്ള പണം ഒരിക്കലും ഓഹരിയിൽ ഇടരുത്.ആ സമയത്ത് വിപണി തകർച്ചയിലാണെങ്കിൽ കനത്ത നഷ്ടം സംഭവിക്കും. കാര്യം നടക്കുകയും ഇല്ല. ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ മാറ്റിവയ്ക്കാൻ പറ്റുന്ന പണം മാത്രം നിക്ഷേപിക്കുക. 

ആവശ്യം കഴിഞ്ഞ് കൈവശമുള്ള പണമേ നിക്ഷേപിക്കൂ. അതുപോലെ അമിതാഹ്ലാദമോ ദുഃഖമോ വേണ്ട. 10 രൂപയ്ക്കു വാങ്ങിയത് 18,000ൽ എത്തുമ്പോൾ സന്തോഷം. പക്ഷേ ഒരിക്കലും അമിത ആഹ്ലാദം പാടില്ല. ഓഹരിയുടെ വില കുറയുമ്പോൾ തകരുകയും വേണ്ട. 

വേവലാതി വേണ്ട 

ക്ലോക്കിന്റെ പെൻഡുലം പോലെയാണ് വിപണി ചലനം. വില കൂടുകയും കുറയുകയും ചെയ്തുകൊണ്ടിരിക്കും. അതു വിപണിയുടെ സ്വഭാവമാണ്. അതു മാറില്ല. വിപണി ഇടിയുമ്പോൾ വേവലാതി പിടക്കരുത്. അടിസ്ഥാനപരമായി നല്ല ഓഹരിയാണെങ്കിൽ ഏതു ചാഞ്ചാട്ടത്തിലും നേട്ടം കിട്ടും. ഡേ ട്രേഡിങ് മുച്ചീട്ടു കളി പോലെയാണ്. ഈ പ്രായത്തിൽ വരുമാനമാർഗം എന്നതിലുപരി കർമനിരതനായി നിൽക്കാൻ ഓഹരി ഏറെ സഹായിക്കുന്നു.  രാവിലെ 7.30 മുതൽ എൻഡി ടിവി, ടിവി 18 തുടങ്ങിയ ചാനലുകൾ കാണും. സമ്പാദ്യം പോലുള്ളവ വായിക്കും. സെമി ഗവൺമെന്റ് സ്ഥാപനമായ സ്റ്റോക് ഹോൾഡിങ് കോർപറേഷനിലായിരുന്നു അക്കൗണ്ട്. ഇപ്പോൾ ജിയോജിത്തിലും അക്യൂമെന്നിലും ഉണ്ട്. 

വരുമാനമാർഗമാക്കുക 

നല്ല വിദ്യാഭ്യാസമുള്ള കുട്ടികൾ പോലും 3,000–5,000 രൂപയ്ക്ക് വേണ്ടി എന്ത് ഓട്ടമാണോടുന്നത്. ഓഹരിയിൽ വീട്ടിലിരുന്നു വരുമാനമുണ്ടാക്കാം. വിദ്യാസമ്പന്നരായ വീട്ടമ്മമാർക്കും ഇതവസരമാണ്. ജോലിയെല്ലാം കഴിഞ്ഞ് ചെയ്യാവുന്നതേയുള്ളൂ. അൽപം വായിക്കണം. ചാനൽ കാണണം. പല ബ്രോക്കർമാരും ശുപാർശകൾ പറയും. അതിൽനിന്നു പൊതുവായതു കണ്ടെത്തുക. തീരുമാനം എടുക്കുക.