Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉയർന്ന സർവീസ് ചാർജ് പ്രചരണം തെറ്റെന്ന് എസ്ബിഐ, റിപ്പോർട്ട്

State bank of India കേരളത്തിലെ മറ്റേതു ബാങ്കുകളെക്കാളും കുറഞ്ഞ ചാർജുകളും പിഴയുമാണ് തങ്ങൾ ഈടാക്കുന്നതെന്നു എസ്ബിഐ അവകാശപ്പെടുന്നു

ബാങ്കിങ് ഇടപാടുകൾക്ക് ഈടാക്കുന്ന ചാർജുകളും പിഴയും മറ്റു ബാങ്കുകളെ അപേക്ഷിച്ച് എസ്ബിഐയിൽ വളരെ കൂടുതലാണെന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ടെന്നും ഇതു വസ്തുതകൾക്കു നിരക്കാത്തതാണെന്നും എസ്ബിഐ അധികൃതർ.

കേരളത്തിലെ മറ്റേതു ബാങ്കുകളെക്കാളും കുറഞ്ഞ ചാർജുകളും പിഴയുമാണ് തങ്ങൾ ഈടാക്കുന്നതെന്നു എസ്ബിഐ അവകാശപ്പെടുന്നു. ഇതു സംബന്ധിച്ച താരതമ്യപഠന റിപ്പോർട്ടും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്. സേവനങ്ങൾക്ക് സുതാര്യമായ രീതിയിൽ ഫീസ് ചുമത്താനും നിബന്ധനകൾ പാലിക്കാത്തവരിൽനിന്നു പിഴ ഈടാക്കാനും ആർബിഐ അനുവദിച്ചിട്ടുണ്ടെന്നും അതനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു. 

സൗത്ത് ഇന്ത്യൻ ബാങ്ക്, ഫെഡറൽ ബാങ്ക്, കാനറ ബാങ്ക്, കാത്തലിക് സിറിയൻ ബാങ്ക്, ഐസിഐ സിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയുമായി 15 ബാങ്കിങ് സേവനങ്ങളുടെ നിരക്കുകൾ താരതമ്യം ചെയ്‌താണ് തങ്ങൾക്കെതിരെയുള്ള ആക്ഷേപത്തിന് 

എസ്ബിഐ മറുപടി നൽകുന്നത്. 

സേവനനിരക്കുകളുടെ കാര്യത്തിൽ എസ്ബിഐ അധികൃതരുടെ അവകാശവാദങ്ങൾ താഴെ പറയുന്നു.

1. മിനിമം മന്ത്‌ലി ആവറേജ് ബാലൻസ്

ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയിൽ ഗ്രാമീണ മേഖലയിലെ മിനിമം ബാലൻസ് 2,500 രൂപയാണ്. എസ്ബിഐയിൽ ഇത് 1,000 രൂപ മാത്രം. മിനിമം ബാലൻസ് ഇല്ലെങ്കിൽ എസ്ബിഐയിൽ പിഴ 80 രൂപയാണ്. മറ്റെല്ലാ സ്വകാര്യ ബാങ്കുകളും 100 രൂപ ഈടാക്കുമ്പോഴാണിത്. 

2. അക്കൗണ്ട ് ക്ലോസ് ചെയ്യാൻ  

ആറു മാസ കാലയളവിൽ സൗത്ത് ഇന്ത്യൻ ബാങ്കും ഫെഡറൽ ബാങ്കും 75–100 രൂപ ഈടാക്കുന്നു. ചെറിയ കാലയളവെന്ന സബ് ലിമിറ്റ് ഇവർക്കില്ല. ഫലത്തിൽ അക്കൗണ്ട് ക്ലോസ് ചെയ്യാൻ 75–100 രൂപയാകും. എന്നാൽ 14 ദിവസം വരെ എസ്ബിഐ ചാർജൊന്നും ഈടാക്കുന്നില്ല.

3. ചെക്ക് ബുക്ക് ചാർജ് 

എല്ലാ ബാങ്കുകളും സൗജന്യ പരിധിക്കുശേഷമുള്ള ചെക്ക് ലീഫ് ഒന്നിന് രണ്ടര മുതൽ മൂന്നു രൂപ വരെ ഈടാക്കുന്നു. 

4. എസ്എംഎസ് അലെർട്ട്

ഭൂരിപക്ഷം ബാങ്കുകളും മൂന്നുമാസത്തേക്ക് 15 രൂപ ഈടാക്കുന്നു.

5. ഡെബിറ്റ് കാർഡ്

എല്ലാ ബാങ്കുകളും ഏറക്കുറെ ഒരേ നിരക്ക് ഈടാക്കുന്നു. പ്ലാറ്റിനം ഡെബിറ്റ് കാർഡിന് ഫെഡറൽ ബാങ്ക് 500 രൂപ ഈടാക്കുമ്പോൾ എസ്ബിഐ 300 രൂപയേ ഈടാക്കുന്നുള്ളൂ. 

6. ഡെബിറ്റ് കാർഡ് വാർഷിക ഫീസ്

എസ്ബിഐ പ്ലാറ്റിനം കാർഡിന് 350 രൂപ ഈടാക്കുമ്പോൾ ഫെഡറൽ ബാങ്ക് 500 രൂപയും എച്ച്ഡിഎഫ്സി 750 രൂപയും ഈടാക്കുന്നു. 

7. എടിഎം ചാർജ് 

ബഹുഭൂരിപക്ഷം ബാങ്കുകളും മാസത്തിൽ അഞ്ചു തവണ സൗജന്യ എടിഎം ഇടപാട് അനുവദിക്കും. സൗജന്യ ഇടപാടുകൾക്കു ശേഷം 10 രൂപയാണ് എസ്ബിഐ ഈടാക്കുന്നത്. കേരളത്തിൽ സ്വകാര്യ എടിഎമ്മിനെക്കാൾ വളരെ കൂടുതൽ കൗണ്ടറുകൾ എസ്ബിഐക്കുള്ളതിനാൽ 10 രൂപയ്ക്ക് എത്ര ഇടപാടുകൾ വേണമെങ്കിലും നടത്താം. 

ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക് ,കാനറ ബാങ്ക് എന്നിവ സ്വന്തം എടിഎമ്മിൽ നടത്തുന്ന ഇടപാടുകൾക്ക് ചാർജൊന്നും ഈടാക്കുന്നില്ല. പക്ഷേ, ഇവയുടെ എടിഎം കൗണ്ടറുകളുടെ എണ്ണം കുറവായതിനാൽ മറ്റ് എടിഎമ്മുകൾ ‍ഉപയോഗിക്കേണ്ടിവരും. ഇവിടെ 20 രൂപ നൽകേണ്ടതുണ്ട്. 

8. ഭവന വായ്‌പ പ്രോസസിങ് ചാർജ്

എല്ലാ ബാങ്കുകളും വായ്‌പാ തുകയുടെ 0.5 ശതമാനം പ്രോസസിങ് ചാർജ് ഈടാക്കുമ്പോൾ എസ്ബിഐ 0.35 ശതമാനമേ ഈടാക്കുന്നുള്ളൂ. 

9. ബാങ്ക് ഇടപാടുകൾ

പണം നിക്ഷേപിക്കുന്നതിനും പിൻവലിക്കുന്നതിനുമുള്ള കാഷ് ഇടപാട് എസ്ബിഐ മൂന്നുതവണയായി പരിമിതപ്പെടുത്തി. പുതുതലമുറ ബാങ്കുകളിൽ ഇത് നാലാണ്. പക്ഷേ, തുടർന്നുള്ള കാഷ് ഇടപാടിന് എച്ച്ഡിഎഫ്സിയും ഐസിഐസിഐയും 150 രൂപ ഈടാക്കുമ്പോൾ എസ്ബിഐ 50 രൂപയേ ഈടാക്കുന്നുള്ളു. 

10. ഫണ്ട് ട്രാൻസ്ഫർ

ആർടിജിഎസ്, നെഫ്‌റ്റ് ഇടപാടുകൾക്ക് എല്ലാ ബാങ്കുകൾക്കും ഒരേ നിരക്കാണ്. എന്നാൽ കാനറ ബാങ്കിൽ 25,000 രൂപയിൽ കൂടുതൽ ഐഎംപിഎസ് ട്രാൻസ്ഫറിന് 10 രൂപ ഈടാക്കുമ്പോൾ ഒരു ലക്ഷം രൂപവരെയുള്ള ട്രാൻസ്ഫറിന് എസ്ബിഐയ്ക്ക് ചാർജൊന്നും ഇല്ല.

11. ഇസിഎസ്, ചെക്ക് റിട്ടേൺ

ഫെഡറൽ ബാങ്ക്, ഐസിഐസിഐ, എച്ച്ഡിഎഫ്സി, കാനറ എന്നിവ ചെക്ക് റിട്ടേൺ ചാർജായി 150–750 രൂപ ഈടാക്കുമ്പോൾ എസ്ബിഐ 150–500 രൂപ മാത്രമേ ഈടാക്കുന്നുള്ളൂ.

12. ഡെബിറ്റ് കാർഡ് പിൻ റീസെറ്റ്

സൗത്ത് ഇന്ത്യൻ ബാങ്കും കാത്തലിക് സിറിയൻ ബാങ്കും റീസെറ്റിന് 100 രൂപ ഈടാക്കുമ്പോൾ എസ്ബിഐയ്ക്ക് 50 രൂപയേ ഉള്ളൂ. 

13. ഡ്യൂപ്ലിക്കേറ്റ് സ്റ്റേറ്റ്‌മെന്റ് 

എല്ലാ ബാങ്കുകളും 50–100 രൂപ ഈടാക്കുന്നു.

14. ഡെബിറ്റ് കാർഡ് റീപ്ലേസ്മെന്റ്  

ഫെഡറൽ ബാങ്ക് ഇതിന് 250–500 രൂപ ഈടാക്കുമ്പോൾ എസ്ബിഐ 300 രൂപയാണ് വാങ്ങുന്നത്.

15. സ്റ്റോപ് പേയ്‌മെന്റ്  

കാനറ ബാങ്ക് സ്റ്റോപ് പേയ്‌മെന്റിനു 100 രൂപ ഈടാക്കുമ്പോൾ എസ്ബിഐയ്ക്ക് 50 രൂപയാണ്.  ബാക്കി ബാങ്കുകളിൽ നിരക്ക് എസ്ബിഐയുടേതിനു തുല്യം