Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇൻഷുറൻസ് തട്ടിപ്പാണോ? നിക്ഷേപിച്ചവർ മണ്ടന്മാരോ?

Insurance policy

ഇൻഷുറൻസ് വെറും തട്ടിപ്പാണ്. മറ്റ് അനവധി നിക്ഷേപമാർഗങ്ങളുള്ളപ്പോൾ എന്തിനാണ് അതിന്റെ പുറകേ പോകുന്നത്. ഇൻഷുറൻസും നിക്ഷേപവും തമ്മിൽ കൂട്ടിക്കുഴച്ച് ആളുകൾ അവരുടെ സമ്പാദ്യം എല്ലാം തുലയ്‌ക്കുകയാണ്...തിരുവനന്തപുരത്ത് ഇൗയിടെ ഒരു നിക്ഷേപക സംഗമത്തിൽ സഹപ്രഭാഷകൻ ഇങ്ങനെ കത്തിക്കയറുന്നതു കേട്ട് ഞാൻ സദസ്സിലേക്കു നോക്കി.

എല്ലാവരും ശ്രദ്ധയോടെ കേട്ടിരിക്കുകയാണ്. പലരുടെയും മുഖത്ത് അമ്പരപ്പ്. പിന്നെ അമളിപറ്റിയതുപോലെയുള്ള അന്ധാളിപ്പ്. സഹപ്രഭാഷകൻ വിവിധ ഇൻഷുറൻസ് ഉൽപന്നങ്ങളിൽനിന്നുള്ള നേട്ടങ്ങളെ മ്യൂച്വൽ ഫണ്ട്, ഓഹരി തുടങ്ങിയവയിലെ നേട്ടങ്ങളുമായി താരതമ്യം ചെയ്‌തു പൊളിച്ചടുക്കുകയാണ്.

ഏകപക്ഷീയമായ ഈ ആക്രമണത്തിനു സാക്ഷിയാകേണ്ടിവന്നതുകൊണ്ട് ഞാൻ എന്റെ പരാമർശ വിഷയം അപ്പാടെ മാറ്റാൻ തീരുമാനിച്ചു. സഹപ്രഭാഷകന്റെ വാദത്തിലെ തെറ്റിദ്ധാരണകൾ നീക്കി ഇൻഷുറൻസിനെക്കുറിച്ചു സംസാരിക്കാമെന്നു കരുതിയാണ് എഴുന്നേറ്റത്.

ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളവർ കൈപൊക്കാൻ ഞാൻ അഭ്യർഥിച്ചു. ഒരാളൊഴികെ മറ്റെല്ലാവരും കൈപൊക്കി. ഒന്നിലേറെ പോളിസികളുള്ളവർ കൈപൊക്കാൻ ആവശ്യപ്പെട്ടപ്പോഴും രണ്ടോ മൂന്നോ പേരൊഴികെ മറ്റെല്ലാവരും കൈപൊക്കി.

കേരളത്തിൽ നിക്ഷേപശീലമുള്ളവരിൽ ഏതാണ്ടെല്ലാവരും ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുള്ളവരാണ്. കാരണം മറ്റൊന്നുമല്ല, ഇവിടെ ഏറ്റവും സംഘടിതമായി വിൽക്കപ്പെടുന്ന സാമ്പത്തിക ഉൽപന്നം ഇൻഷുറൻസാണ്.

ഒരു പക്ഷേ, മറ്റെല്ലാ നിക്ഷേപമാർഗങ്ങളിലേക്കും നാം ആകർഷിക്കപ്പെടുന്നത് അവയെക്കുറിച്ചു കേട്ടോ വായിച്ചോ അറിഞ്ഞോ ആണ്. എന്നാൽ ഇൻഷുറൻസിൽ ഏജന്റുമാരോ അഡ്വൈസർമാരോ നമ്മളെ സമീപിക്കുന്നു, ഉൽപന്നങ്ങൾ വിൽക്കുന്നു.

അപ്പോൾ ഇൻഷുറൻസ് തട്ടിപ്പാണോ? അതിൽ നിക്ഷേപിച്ച ഞങ്ങളെല്ലാം മണ്ടന്മാരുമാണോ?– സദസ്സിൽനിന്നൊരാൾ എഴുന്നേറ്റു ചോദിച്ചു.

ഇൻഷുറൻസ് ഉൽപന്നങ്ങൾ ഒരിക്കലും മോശമായ സാമ്പത്തിക നിക്ഷേപ ഉപാധിയല്ല. അതു നല്ലതുതന്നെ. പക്ഷേ എല്ലാ പണവും ഇൻഷുറൻസിൽ മാത്രം നിക്ഷേപിച്ചാൽ പോര. സത്യത്തിൽ സമ്പാദ്യശീലമില്ലാത്ത ആളുകളിൽ അതുണ്ടാക്കുവാനും നിക്ഷേപത്തിലേക്കു വഴിതിരിച്ചുവിടാനും നേട്ടം ഉണ്ടാക്കിക്കൊടുക്കുവാനുമാണ് ഗവൺമെന്റ് ഇൻഷുറൻസ് പ്രവർത്തനങ്ങൾ തുടങ്ങിയത്. പിന്നീട് ഈ മേഖലയിലെ സാധ്യതകൾ പരമാവധി മുതലെടുക്കാനായി വിദേശ സ്വകാര്യനിക്ഷേപങ്ങൾക്കായി തുറന്നുകൊടുത്തു. അതോടെ മൽസരം മുറുകി.

ഇൻഷുറൻസ് ഒരിക്കലും തട്ടിപ്പല്ല. നിക്ഷേപിക്കുന്നത് മണ്ടത്തരവുമല്ല. പക്ഷേ, എല്ലാത്തരം പോളിസികളും എല്ലാവർക്കും ആവശ്യമില്ല. നിങ്ങൾക്ക് ഇണങ്ങുന്ന പോളിസികളല്ല വാങ്ങിയിട്ടുള്ളതെങ്കിൽ മണ്ടത്തരമാണ്. ഇത് ഇൻഷുറൻസിന്റെ മാത്രം കുഴപ്പമല്ല. എല്ലാ സാമ്പത്തിക നിക്ഷേപ ഉപാധികളുടെയും കാര്യവും ഇതുപോലെതന്നെ.

ആദ്യം ചോദ്യം ചോദിച്ച ആളെ ഞാൻ വീണ്ടും എഴുന്നേൽപ്പിച്ചു.

നിങ്ങൾക്ക് എത്ര പോളിസികളുണ്ട്?

അയാളുടെ ഉത്തരം എന്നെ സ്‌തബ്ധനാക്കി.

ഏഴു പോളിസികൾ!

അവയുടെ മൊത്തം സം അഷ്വേഡ് തുക ആറ് ലക്ഷം രൂപ മാത്രവും. എല്ലാം പരമ്പരാഗത പോളിസികൾ. മൂന്നുമാസം കൂടുമ്പോൾ 28,000 രൂപയാണു പ്രീമിയം അടയ്ക്കുന്നത്. അയാൾക്കു ടേം ഇൻഷുറൻസ് എന്താണെന്നുപോലും അറിയില്ല. മറ്റൊരു നിക്ഷേപവും ഇല്ല. എല്ലാ സമ്പാദ്യവും ഇൻഷുറൻസിൽ തന്നെ.

ഞാൻ സദസ്യരോടു ചോദിച്ചു: ‘നിങ്ങൾ പറയൂ ഇയാൾ മണ്ടത്തരമല്ലേ കാണിച്ചത്?’

സദസ്സിൽനിന്ന് ഉത്തരമൊന്നും വന്നില്ല. ഭൂരിഭാഗം പേരും അയാളുടെ അവസ്ഥയിൽതന്നെയാണെന്ന് എനിക്കു മനസ്സിലായി.

മറ്റൊരു നിക്ഷേപമാർഗത്തെക്കുറിച്ചും കാര്യമായ അറിവില്ലാത്ത ആളാണെങ്കിലോ അവയിലൊന്നും നിക്ഷേപിക്കാൻ അവസരമില്ലാത്ത ആളാണെങ്കിലോ അത്തരക്കാർക്ക് ഇൻഷുറൻസ് തന്നെ മികച്ച നിക്ഷേപ ഉപാധി. എന്നാൽ മറ്റു മാർഗങ്ങളിൽ പണം നിക്ഷേപിക്കാൻ അറിവും അവസരവും ഉള്ളവർ സമ്പാദ്യത്തിന്റെ വളരെ ചെറിയ ഒരു ഭാഗം മാത്രമേ ഇൻഷുറൻസിൽ നിക്ഷേപിക്കാവൂ.

അത്തരക്കാർ നിക്ഷേപമായല്ല സംരക്ഷണത്തിനുള്ള ഉപാധിയായാണ് ഇൻഷുറൻസിനെ കാണേണ്ടത്. ടേം ഇൻഷുറൻസ്, മെഡിക്ലെയിം ഇൻഷുറൻസ് തുടങ്ങിയ പോളിസികളാണ് ഇത്തരക്കാർക്ക് അഭികാമ്യം.

ഓഹരി നിക്ഷേപത്തെക്കുറിച്ചു കാര്യമായ അറിവില്ലാത്തവർക്ക് ഓഹരിയിൽ ലാഭം ഉണ്ടാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ യുലിപ് പോളിസികളിൽ നിക്ഷേപിക്കാം. അതുകൊണ്ട് ഇൻഷുറൻസിനെ യുക്തിസഹമായി ആവശ്യങ്ങൾക്കിണങ്ങുന്നവിധം ഉപയോഗിക്കുക. വൈവിധ്യവും ആകർഷകവുമായ ഒട്ടേറെ ഇൻഷുറൻസ് ഉൽപന്നങ്ങൾ വിപണിയിൽ ലഭ്യമാണ്. ഖേദകരമായ കാര്യം അവയിൽ ഏറ്റവും പ്രയോജനം കുറഞ്ഞ പോളിസികളാണ് ഭൂരിഭാഗം പേരും വാങ്ങുന്നത് എന്നതാണ്.

സംശയം ചോദിച്ചയാൾ വീണ്ടും എഴുന്നേറ്റു. അപ്പോൾ വാങ്ങിയ പോളിസികൾ എന്തുചെയ്യണം? അതു തുടരണോ സറണ്ടർ ചെയ്യണോ?

ഈ ചോദ്യത്തിനു പൊതുവായ ഉത്തരമില്ല. ഓരോരുത്തരും അവരുടെ ജീവിതലക്ഷ്യങ്ങൾ പരിശോധിക്കുക. അവ കൈവരിക്കാനുള്ള പണം സ്വരുക്കൂട്ടാൻ ഇപ്പോഴുള്ള പോളിസികൾ പ്രയോജനപ്പെടുമോ എന്ന് ഒരു ഫിനാൻഷ്യൽ പ്ലാനറുടെ സഹായത്തോടെ പരിശോധിക്കുക. എന്നിട്ട് തുടരണോ സറണ്ടർ ചെയ്യണോ എന്നു തീരുമാനിക്കാം. കാരണം ചിലർക്കു ഗുണകരമായ പോളിസികൾ മറ്റൊരാൾക്കു ഗുണകരമായിരിക്കണം എന്നില്ല. ഇത്രയും പറഞ്ഞുകൊണ്ട് ഞാൻ പ്രസംഗം അവസാനിപ്പിച്ചപ്പോൾ വീണ്ടും ഒരാൾ സംശയവുമായി എഴുന്നേറ്റു.

ഒരാൾ പറയുന്നു ഇൻഷുറൻസ് തട്ടിപ്പാണെന്ന്. മറ്റൊരാൾ പറയുന്നു നല്ലതാണെന്ന്. ഞങ്ങൾ ഏതു വിശ്വസിക്കണം?

മറുപടി പറയാൻ തുടങ്ങിയ എന്നെ തടഞ്ഞുകൊണ്ട് സഹപ്രാസംഗികൻ എഴുന്നേറ്റു. ഇൻഷുറൻസ് തട്ടിപ്പാണ് എന്ന അർഥത്തിലല്ല ഞാൻ ആദ്യം സംസാരിച്ചത്. ചില ന്യൂനതകൾ ചൂണ്ടിക്കാട്ടുക മാത്രമേ ചെയ്‌തുള്ളൂ. ഇൻഷുറൻസ് സംരക്ഷണത്തിനും നിക്ഷേപത്തിനും ഗുണം ചെയ്യും. പക്ഷേ, വിവേചനത്തോടെ ഉപയോഗിക്കണമെന്നു മാത്രം. അദ്ദേഹം അതു പറഞ്ഞപ്പോൾ കൺഫ്യൂഷനില്ലാത്ത കയ്യടിയായിരുന്നു സദസ്സിൽ ഉയർന്നത്. 

ഈ പംക്തിയിൽ പ്രതിപാദിക്കുന്ന വിഷയങ്ങളെക്കുറിച്ച് അഭിപ്രായങ്ങളുണ്ടെങ്കിൽ  jayakumarkk@gmail.com എന്ന വിലാസത്തിൽ ഇ–മെയിൽ ചെയ്യാം.

Read more on : Sampadyam, Lifestyle Magazine