Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബോസിനോട് ഒത്തുപോകാൻ കഴിയില്ലെങ്കിൽ ജോലി ഉപേക്ഷിക്കണോ?

 Boss Representative Image

അവധി ദിനത്തിന്റെ ആലസ്യം. അലസ പ്രഭാതത്തിന്റെ സ്വപ്നസുഖം. രണ്ടും ആസ്വദിച്ച് രാവിലെ മൂടിപ്പുതച്ചു കിടക്കവേ എവിടെയോ കിടന്ന് അടിച്ചുകൊണ്ടിരുന്ന മൊബൈൽഫോണിനെ ഭാര്യ പുതപ്പിനുള്ളിലേക്കു വലിച്ചെറിഞ്ഞു. ആരാ ഇത്ര രാവിലെ എന്നമട്ടിൽ ഞാൻ തലപൊക്കി നോക്കി. കൂർപ്പിച്ച മുഖത്തോടെ പെങ്ങളാ എന്നു ഭാര്യ പറഞ്ഞതും ഞാൻ ഒന്നും മിണ്ടാതെ ഫോൺ ചെവിയോടു ചേർത്തുപിടിച്ചു.

മീനു രാവിലെ അങ്ങോട്ടുപോന്നിട്ടുണ്ട്. അവൾ സാറുമായി വഴക്കിട്ടാ ഇന്നലെ പോന്നതത്രേ. ജോലി രാജിവയ്ക്കുവാന്ന്. മോൾക്ക് ഇഷ്ടല്ലാത്ത ഒരു ജോലിക്കും പോകണ്ട, ഇതല്ലെങ്കിൽ മറ്റൊരു ജോലി, അങ്കിളിനോടുകൂടി ചോദിച്ചിട്ടു വാ, എന്നൊക്കെ പറഞ്ഞാ അങ്ങോട്ടുവിട്ടിരിക്കുന്നേ. ഇപ്പോഴത്തെക്കാലത്ത് ഒരു ജോലി കിട്ടാനുള്ള ബുദ്ധിമുട്ടു നിനക്ക് അറിയാമല്ലോ. ഒരു കാരണവശാലും അവളുടെ താളത്തിനു തുള്ളരുത്. പറഞ്ഞേക്കാം. പിന്നെ ഞാനിങ്ങനെ പറഞ്ഞത് അവള് അറിയേം വേണ്ട.

ഇത്രയും പറഞ്ഞതോടെ ഫോൺ കട്ടായി.

നല്ല അമ്മയെന്നു മനസ്സിൽ പറഞ്ഞുകൊണ്ടു ഞാൻ പതിയെ എഴുന്നേറ്റു.

അരമണിക്കൂറിനുള്ളിൽ മീനു വീട്ടിലെത്തി. വന്നതും എനിക്കു മുഖം തരാതെ മോളുമായി കളി തുടങ്ങി. മണിക്കൂർ ഒന്നുകഴിഞ്ഞിട്ടും അവൾ അടുത്തേക്കു വരികയോ ഒന്നും പറയുകയോ ചെയ്യുന്നില്ല. എനിക്കാണെങ്കിൽ ഉച്ചയ്‌ക്ക് ഒരു മീറ്റിങ്ങിനു പോകണം. അതുകൊണ്ട് ഞാൻ തന്നെ അങ്ങോട്ടു കേറി മുട്ടി.

എന്താ മോളേ മുഖം വല്ലാതിരിക്കുന്നത്? ടെൻഷൻ വല്ലതും ഉണ്ടോ?

അങ്കിൾ, വളച്ചുകെട്ടുകയൊന്നും വേണ്ട. കാര്യമെല്ലാം അമ്മ വിളിച്ചുപറഞ്ഞിട്ടുണ്ടാകുമല്ലോ അല്ലേ? എനിക്കറിയാം. അവൾ മുഖത്തടിച്ചതുപോലെ പറഞ്ഞു.

ഞാൻ ചുറ്റും നോക്കി. ഉവ്വ്, ഭാര്യ തൊട്ടടുത്തുതന്നെ ഉണ്ട്. അമ്മയുടെ മോൾ തന്നെ എന്ന് അവൾ പറഞ്ഞെന്ന് ഉറപ്പ്.

എന്തിനാ ഇപ്പോൾ ജോലി രാജിവയ്ക്കുന്നേ? നിനക്ക് വളരെ ഇഷ്ടമുള്ള കമ്പനി അല്ലേ അത്? ഞാൻ നേരെ വിഷയത്തിലേക്കു കടന്നു.

കമ്പനി നല്ലതുതന്നെ. പക്ഷേ, ആ എംഡി, ആൾ ഒട്ടും ശരിയല്ല.

എന്തെങ്കിലും മോശമായ പെരുമാറ്റം? ഞാൻ ഉത്കണ്ഠയോടെ ചോദിച്ചു.

ഏയ്, അത്തരം കുഴപ്പം ഒന്നുമില്ല. പക്ഷേ എന്തുചെയ്‌താലും അതിലെല്ലാം കുറ്റം കണ്ടുപിടിക്കും. നമ്മുടെ ഭാഗം ബോധ്യപ്പെടുത്താൻ ശ്രമിച്ചാൽ ഒച്ച വയ്‌ക്കും. മറ്റുള്ളവരുടെ മുൻപിൽ വച്ച് കുറ്റപ്പെടുത്തും. അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു.

ഇത്രേയുള്ളോ? ഞാൻ ചോദിച്ചു.

എന്താ ഇത്രേം പോരേ? അവൾക്ക് എന്റെ ചോദ്യം ഒട്ടും ഇഷ്ടപ്പെട്ടില്ല.

മോളെ, ബോസുമാരോടു വഴക്കടിക്കുന്നത് പന്നിയോടൊപ്പം ചെളിയിൽ കിടന്ന് ഗുസ്‌തി പിടിക്കുന്നതിനു തുല്യമാണ്.  ഗുസ്‌തി പിടിത്തം മുറുകുന്നതോടെ രണ്ടുപേരുടെയും ദേഹത്തും ചെളി പൊതിയും. പന്നിയുടെ സ്വഭാവം അറിയാമല്ലോ. ദേഹത്ത് എത്ര ചെളി തെറിക്കുന്നോ അത്രയും സന്തോഷം. നമുക്കങ്ങനെയാണോ?

അങ്കിളേ. ഈ ഫിലോസഫിയൊക്കെ ഞാൻ കുറെ കേട്ടിട്ടുള്ളതാ. എന്റെ അടുത്തു വേണ്ട.

ശരി, നിനക്കു ജോലി രാജിവയ്ക്കണമെങ്കിൽ ആയിക്കോളൂ. ഞാൻ തോൽവി സമ്മതിച്ചു. എന്തുപറഞ്ഞാണ് രാജി നൽകുക? ഞാൻ ചോദിച്ചു.

അയാളുടെ കുറ്റം എണ്ണിയെണ്ണി പറഞ്ഞുള്ള രാജിക്കത്ത്. നാളെ ആരോടും അയാൾ ഈ രീതിയിൽ പെരുമാറരുത്. അവൾ പറഞ്ഞു.

ശരി, നല്ലത്. അയാൾ ആ കത്ത് കീറിക്കളഞ്ഞിട്ട് നിന്നെ ഡിസ്‌മിസ് ചെയ്‌താലോ?

ഡിസ്‌മിസ് ചെയ്‌താൽ എനിക്കൊരു ചുക്കുമില്ല. ഞാൻ ഇനി അവിടെ ജോലിക്കു ചെല്ലാനൊന്നും പോകുന്നില്ലല്ലോ.

ആദ്യ ജോലി. ഇഷ്ടപ്പെട്ട കമ്പനി. അവിടെ നിന്നു ഡിസ്‌മിസലും വാങ്ങി പോരാനാണോ പ്ലാൻ? വേറൊരിടത്ത് അപേക്ഷിക്കുമ്പോൾ ആദ്യ ജോലിയുടെ കാര്യം എന്തുപറയും? ഞാൻ ചോദിച്ചു.

ചോദ്യം കുറിക്കുകൊണ്ടു. അവളുടെ മുഖത്തു നിന്നു ദേഷ്യമെല്ലാം പോയി, പകരം വിഷാദമായി.

മോളു വിഷമിക്കാൻ പറഞ്ഞതല്ല. തൽക്കാലം മാന്യമായ ഒരു രാജിക്കത്തു നൽകിയാൽ മതി. അതിൽ കാരണം വ്യക്തിപരം എന്നു മാത്രം സൂചിപ്പിച്ചാൽ മതി. പക്ഷേ, ബോസ് മാത്രമാണോ പ്രശ്‌നം?  ജോലി, സഹപ്രവർത്തകർ, ശമ്പളം തുടങ്ങിയ കാര്യങ്ങൾ എങ്ങനെ? അതും മോശമാണോ?

അങ്കിൾ അതെല്ലാം വളരെ മികച്ചതാണ്. ഒരു പരാതിയുമില്ല.

ബോസ് ഇങ്ങനെ പെരുമാറുന്നത് മോളോടു മാത്രമാണോ?

അല്ല, അയാൾ എല്ലാവരോടും ഇങ്ങനെ തന്നെ. അവൾ പറഞ്ഞു.

അപ്പോൾ അവരൊന്നും രാജിവച്ചുപോകാത്തത് എന്തുകൊണ്ടാണ്? ഞാൻ ചോദിച്ചു.

അതെനിക്കറിയില്ല. എനിക്ക് ഇത്തരം ഒരാളുടെ കീഴിൽ ജോലിചെയ്യേണ്ട ഒരാവശ്യവുമില്ല. രണ്ടു തലമുറയ്‌ക്കു കഴിയാനുള്ള സ്വത്ത് എന്റെ അച്ഛൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്. ഇയാളുടെ ആട്ടും തുപ്പും സഹിക്കേണ്ട  കാര്യം എനിക്കുണ്ടോ? അങ്കിൾ തന്നെ പറ. ദേഷ്യവും നീരസവുമൊക്കെ അവളിൽ വീണ്ടും തലപൊക്കിത്തുടങ്ങി.

ഞാൻ അടവ് ഒന്നുമാറ്റി.

മോളെ ദേഷ്യം പിടിപ്പിക്കാൻ പറഞ്ഞതല്ല. നമ്മൾ ജോലിക്കു പോകാൻ തീരുമാനിച്ചാൽ ചില കാര്യങ്ങളിൽ ഒത്തുതീർപ്പിനു തയാറായേ പറ്റൂ. അല്ലെങ്കിൽ സ്വന്തം സംരംഭമോ സ്ഥാപനമോ തുടങ്ങണം.

മറ്റൊരിടത്തു ജോലിക്കു പോയാൽ അവിടത്തെ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചേ പറ്റൂ. നിങ്ങളുടെ കമ്പനിയിൽ അയാൾ ഇപ്പോഴും ജോലിയിൽ തുടരുന്നു എന്നതിനർഥം അയാളുടെ കഴിവിനെ കമ്പനി മാനിക്കുന്നു എന്നല്ലേ?

കഴിവില്ലാത്തത് എനിക്കാണെന്നും തെറ്റുചെയ്യുന്നത് ഞാനാണെന്നുമാണോ അങ്കിൾ പറഞ്ഞുവരുന്നത്. അവൾക്കു പിന്നെയും ദേഷ്യം.

അങ്ങനെയല്ല പറഞ്ഞത്. മോളോടു വ്യക്തിപരമായ എന്തെങ്കിലും വൈരാഗ്യം, അനിഷ്ടം മുതലായവ മനസ്സിൽവച്ച് അകാരണമായി ബുദ്ധിമുട്ടിക്കുന്നുണ്ടോ അയാൾ?

അങ്ങനെ തോന്നുന്നില്ല. പക്ഷേ, ആ ആറ്റിറ്റ്യൂഡ് എനിക്കു പിടിക്കില്ല. കഴിഞ്ഞ ദിവസം ഒരു ബിസിനസ് പ്രപ്പോസൽ എന്നെക്കൊണ്ട് നാലുതവണ മാറ്റിച്ചെയ്യിച്ചു. എന്നിട്ടും തൃപ്‌തിയാകാഞ്ഞിട്ട് മറ്റൊരാളെ കൊണ്ട് ചെയ്യിപ്പിച്ചാണ് അയച്ചത്. എന്നിട്ടോ അത് റിജക്‌റ്റഡ് ആയി.

അതൊക്കെ ശരി. അയാളുമായി ഒത്തുപോകാൻ പറ്റില്ലെങ്കിൽ രാജിവയ്‌ക്കാം. നമുക്കു നല്ല കമ്പനികളെ ചൂസ് ചെയ്യാം. പക്ഷേ, നല്ല ബോസുമാരെ ചൂസ് ചെയ്യാൻ പറ്റില്ല. ബോസുമാരെ പേടിച്ചോടാൻ തുടങ്ങിയാൽപ്പിന്നെ അതിനേ നേരം കാണൂ.

മനസ്സിലായില്ല. അവൾ മുഖം ചുളിച്ചു.

ഒരു മാനേജ്‌മെന്റ് ഘടനയിൽ ജോലിയുടെ റിസൾട്ട് മുഖ്യമാണ്. ഓരോരുത്തരിൽനിന്നും എങ്ങനെ ആ റിസൾട്ട് നേടണം എന്നതു കമ്പനിയുടെ ചട്ടങ്ങൾക്കുള്ളിൽനിന്ന് ടീം ലീഡേഴ്‌സിന് അഥവാ ബോസുമാർക്കു തീരുമാനിക്കാം. കമ്പനി മാനേജ്‌മെന്റ് അതിനുള്ള സ്വാതന്ത്ര്യം ബോസുമാർക്കു നൽകിയിട്ടുണ്ടാകും. ബോസുമാരിലും കാണും പല ന്യൂനതകളും. നമ്മൾ നല്ലവശം മാത്രം കാണാൻ ശ്രമിക്കുക. മോശം വശം നമ്മെ അത്രയേറെ അലട്ടുന്നതല്ലെങ്കിൽ മറന്നുകളയുക. എന്നുവച്ച് ആത്മാഭിമാനം പണയപ്പെടുത്തണം എന്നല്ല.

തൊട്ടതിനും പിടിച്ചതിനും കുറ്റം പറയാൻ തുടങ്ങിയാൽ എന്തുചെയ്യും? ചെറിയ തെറ്റുകൾ പോലും പർവതീകരിച്ചു കാണിക്കാൻ തുടങ്ങിയാൽ എങ്ങനെ സഹിക്കും? അവൾ വിടാൻ ഭാവമില്ല.

ചെറിയ തെറ്റ്, വലിയ തെറ്റ് എന്നിങ്ങനെയില്ല. തെറ്റ് എപ്പോഴും തെറ്റു തന്നെയാണ്. ഒരു തെറ്റു ചൂണ്ടിക്കാട്ടുമ്പോൾ അതിനോടു നമ്മൾ പ്രതികരിക്കുന്ന രീതിയാണു പ്രധാനം. നമ്മൾ അതിനോട് എടുക്കുന്ന നിലപാടാണ് അയാൾ നിരീക്ഷിക്കുന്നത്. പ്രതികരണത്തിൽനിന്ന് തെറ്റിന്റെ ഗൗരവം നമുക്കു മനസ്സിലായോ, ഭാവിയിൽ അത് ആവർത്തിക്കാൻ സാധ്യതയുണ്ടോ എന്നൊക്കെ ഒരു ബോസിനു മനസ്സിലാകും.

മറ്റുള്ളവരുടെ മുൻപിൽവച്ച് കുറ്റം പറയരുത് എന്ന് സീനിയർ മാനേജർ രവിസാർ ഒരിക്കൽ ബോസിന്റെ കാലുപിടിച്ചു പറഞ്ഞതാണ്. പക്ഷേ, വഴക്കുപറയുകയാണെങ്കിൽ അത് 10 പേരുടെ മുൻപിൽ വച്ചുമാത്രമേ പറയൂ എന്നതായി സ്ഥിതി.

അവൾ ന്യായം നിരത്തി.

ഒരിക്കലും നമ്മുടെ യഥാർഥ ദൗർബല്യം ബോസുമാരോടു വെളിെപ്പടുത്തരുത്. ചിലർക്കു മറ്റുള്ളവരുടെ മുന്നിൽവച്ച് വഴക്കുപറയുന്നതാകും സഹിക്കാൻ പറ്റാത്തത്. ചിലർക്കു വൈകി നിൽക്കാൻ പറയുന്നതാകും. മറ്റു ചിലർക്ക് സീറ്റിലെ സൗകര്യമാകും. ഇത്തരം ദൗർബല്യങ്ങൾ ബോസിനു മുൻപാകെ വെളിപ്പെടുത്തിയാൽ അയാൾക്കു പിന്നെ നമ്മളെ ഹരാസ് ചെയ്യാൻ എളുപ്പമാകും. നമ്മുടെ ദൗർബല്യത്തെ പിടിച്ചാൽ മതിയല്ലോ.

അപ്പോൾ ഞാൻ ഇനി എന്തുചെയ്യണം എന്നാണ് അങ്കിൾ‌ പറയുന്നത്?

ജോലിയോടുള്ള നമ്മുടെ ആറ്റിറ്റ്യൂഡിൽ ഒരു വ്യത്യാസം വരുത്തിനോക്കൂ. നമ്മൾ ചെയ്യുന്ന ജോലിയുടെ ശരിതെറ്റ് നമ്മൾ വിലയിരുത്താൻ നിൽക്കേണ്ട. ഏൽപിച്ച ജോലികൾ കഴിയാവുന്നത്ര ഭംഗിയായി ചെയ്യുക. അതു പരിശോധിച്ച് ബോസ് ചൂണ്ടിക്കാട്ടുന്ന കാര്യങ്ങൾ ഉൾക്കൊള്ളുക. ബോസിന്റെ പൊതുസ്വഭാവത്തിന്റെ ഭാഗമായി പുലർത്തുന്ന മനോഭാവം നമ്മുടെ ജോലിയെ വിലയിരുത്തുന്നതിൽ പ്രതിഫലിച്ചാൽ പ്രകോപിതരാകരുത്.

നമ്മളെ വ്യക്തിപരമായി ടാർഗറ്റ് ചെയ്‌ത് ബുദ്ധിമുട്ടിക്കുകയാണെങ്കിൽ വിട്ടുകൊടുക്കരുത്. അല്ലാതെയുള്ള വിമർശനങ്ങൾ, കുറ്റപ്പെടുത്തലുകൾ തുടങ്ങിയവയെ അതിന്റെ സ്‌പിരിറ്റിൽ കാണുക. ഈ രീതിയിൽ ജോലിയെ കാണാൻ കഴിഞ്ഞില്ലെങ്കിൽ ഏതു കമ്പനിയിൽ ജോലിക്കു പോയാലും ഇതേ പ്രശ്‌നം തന്നെയാകും നേരിടേണ്ടിവരിക.

മോൾ ഒരാഴ്‌ച കൂടി ജോലിക്കുപോകൂ. എന്നിട്ടും തുടരാൻ കഴിയില്ലെങ്കിൽ നമുക്കു രാജിവയ്ക്കാം.  സമ്മതമാണോ?

സമ്മതം അങ്കിൾ. പക്ഷേ, എന്നിട്ടും ശരിയായില്ലെങ്കിൽ അയാൾക്കിട്ടു രണ്ടെണ്ണം കൊടുത്തിട്ടേ പോരൂ. അവൾ പറഞ്ഞു.

ഒരിക്കലും അതു വേണ്ടിവരില്ല, മാത്രമല്ല, അവിടെ നിന്നു പറഞ്ഞുവിട്ടാലും പോരില്ല എന്നവണ്ണം നീ നിന്റെ ജോലിയെ ഇഷ്ടപ്പെടും. തീർച്ച.

ഇത്രയും പറഞ്ഞ് ഞാൻ അവളെ യാത്രയാക്കി. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam