Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സംരഭം തുടങ്ങണോ? പ്രധാനമന്ത്രിയുടെ 'മുദ്ര' തരും 10 ലക്ഷം വരെ!

Mudra കേരളത്തിൽ 5.36 ലക്ഷം പേർക്കായി 2,970 കോടി രൂപ വായ്പയായി നൽകിക്കഴിഞ്ഞു

മുദ്ര (MUDRA) എന്നത് Micro Units Development and Refinance Agency Limited എന്നതിന്റെ ചുരുക്കപ്പേരാണ്. കൊള്ളപ്പലിശക്കാരിൽനിന്നു ലഘുസംരംഭകരെ മോചിപ്പിക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രാഥമിക ലക്ഷ്യം. നിർമാണ, സേവന, വ്യാപാര മേഖലകളിൽ സംരംഭങ്ങൾക്ക് മുദ്രാ വായ്പകൾ പ്രയോജനപ്പെടുത്താം. േകരളത്തിൽ 5.36 ലക്ഷം പേർക്കായി 2,970 കോടി രൂപ വായ്പയായി നൽകിക്കഴിഞ്ഞു.

അർഹത ആർക്കെല്ലാം?

∙ സൂക്ഷ്മ–ചെറുകിട–ഇടത്തരം സംരംഭങ്ങൾ നടത്തുന്ന വ്യക്തികൾ, പാർട്ണർ‌ഷിപ്, ൈപ്രവറ്റ് ലിമിറ്റ‍‍ഡ്, പബ്ലിക് കമ്പനികൾ തുടങ്ങിയവർക്ക്.

∙ അപേക്ഷകൻ 18 വയസ്സു പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം.

∙  അേപക്ഷിക്കുന്നവരുടെ ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിക്കും. നല്ല സിബിൽ സ്കോർ ഉള്ളവർക്കു മുൻഗണന ലഭിക്കും.

∙ സംരംഭങ്ങൾ വരുമാന സാധ്യത ഉള്ളതായിരിക്കണം. അതു നടത്തുന്നതിന് ആവശ്യമായ കഴിവും പരിചയവും യോഗ്യതയും അതത് മേഖലയ്ക്കനുസൃതമായി വായ്പക്കാരന് ഉണ്ടാകണം.

ആരെ സമീപിക്കണം?

എല്ലാം പൊതുമേഖലാ–സ്വകാര്യ റീജനൽ റൂറൽ ബാങ്കുകളും തിരഞ്ഞെടുക്കപ്പെട്ട മൈക്രോഫിനാൻസ് സ്ഥാപനങ്ങളും (MFI) സഹകരണ ബാങ്കുകളും മുദ്രാവായ്പകൾ നൽകുന്നു.

∙  ബാങ്ക് ശാഖ സന്ദർശിച്ച് തുടങ്ങാനാഗ്രഹിക്കുന്ന സംരംഭം അല്ലെങ്കിൽ നിലവിലുള്ള സംരംഭത്തിന്റെ വിവരങ്ങൾ അറിയിക്കണം.

∙ അപേക്ഷയോടൊപ്പം സ്ഥിരതാമസം തെളിയിക്കുന്ന രേഖ, എസ്‌സി/എസ്ടി/ഒബിസി/ ന്യൂനപക്ഷ വിഭാഗമാണെങ്കിൽ അതു തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, രണ്ടു പാസ്പോർട്ട് സൈസ് ഫോട്ടോ, നിലവിലുള്ള സ്ഥാപനത്തിന്റെ വിലാസം തെളിയിക്കുന്ന റജിസ്ട്രേഷൻ, ൈലസൻസ് രേഖകൾ, ബിസിനസ് പ്ലാൻ എന്നിവയും ബാങ്ക് ആവശ്യപ്പെടുന്ന മറ്റു രേഖകളും സമർപ്പിക്കണം.

എത്ര രൂപ വരെ ലഭിക്കും?

∙ മുദ്രാവായ്പകൾ മൂന്നു തരത്തിലാണ്. ശിശു (Shishu), കിഷോർ (KIshore), തരുൺ (Tharun).

∙ ശിശു വായ്പ 50,000 രൂപ വരെയാണ്. ഏറ്റവും െചറിയതരം സംരംഭങ്ങൾക്കാണ് (മൈക്രോ എന്റർപ്രൈസസ്) ഇതു നൽകുന്നത്.

∙ 50,001 മുതൽ 5,00,000 രൂപ വരെയാണ് കിഷോർ വായ്പ ലഭിക്കുന്നത്. ഇടത്തരം സംരംഭങ്ങളെയാണ് ഈ വിഭാഗത്തിലുള്ള വായ്പ ലക്ഷ്യമിടുന്നത്. നിലവിലുള്ള സംരംഭങ്ങളെ വികസിപ്പിക്കാൻ പ്രയോജനപ്പെടുത്താം.

5,00,001 രൂപ മുതൽ 10 ലക്ഷം രൂപ വരെയാണ് തരുൺ വായ്പ. നല്ല രീതിയിൽ പ്രവർത്തിക്കുന്നവയ്ക്ക് അടുത്ത ഘട്ട വികസനത്തിന് ഉപയോഗിക്കാം.

∙ കാഷ് ക്രെഡിറ്റ് /ഓവർഡ്രാഫ്റ്റായി മുദ്രാവായ്പകൾ എടുക്കുന്നവർക്ക് മുദ്രാ കാർഡ് നൽകും. ഇതു റുപെ കാർഡായതിനാൽ എടിഎം വഴി തുക പിൻവലിക്കാം. പോയിന്റ് ഓഫ് സെയിൽ (POS)  വഴിയോ ഓൺലൈനായോ സംരംഭങ്ങൾക്കാവശ്യമായ സാധനങ്ങൾ വാങ്ങാം.

ഈട്, കാലാവധി, പലിശ

∙ കൊളാറ്ററൽ സെക്യൂരിറ്റി നൽകേണ്ടതില്ല.

∙ വായ്പത്തുക ഉപയോഗിച്ചു വാങ്ങുന്ന വസ്തുക്കളുടെ മേൽ വായ്പ നൽകുന്ന ബാങ്കിന് അധികാരം ഉണ്ട്.

∙ 84 മാസത്തിനുള്ളിൽ തിരിച്ചടവ് അവസാനിക്കുന്ന വിധമാണു മിക്ക ബാങ്കുകളും വായ്പ നൽകുന്നത്. ഓരോ സംരംഭത്തിന്റെയും വളർച്ചയുടെ ഘട്ടങ്ങൾ കണക്കാക്കി തവണ നിശ്ചയിക്കും.

∙  റിസ്ക് ഉള്ള വായ്പയായതിനാൽ ഓരോ സംരംഭത്തിന്റെയും റിസ്ക് ഘടകം പരിശോധിച്ചാണ് പലിശ നിശ്ചയിക്കുക. മുദ്രാവായ്പകൾക്ക് പലിശ സബ്സിഡി ഇല്ല. ക്രെഡിറ്റ് ഗാരന്റി ഫണ്ട് വിഹിതം വായ്പ എടുത്തവർ അടയ്ക്കണം.

വായ്പ നിഷേധിച്ചാൽ?

അർഹതയുള്ളവർക്കു വായ്പ നിഷേധിക്കപ്പെട്ടാൽ പരാതി നൽകാം. Director (Information Technology), Ministry of  Finance, Department of Financial Services, Jeevan Deep Building, Parliament Street, New Delhi- 110001 എന്ന വിലാസത്തിൽ പരാതി സമർപ്പിക്കുക.

www.mudra.org.in എന്ന് െവബ്സൈറ്റ്് വഴിയും help@mudra.org.in എന്ന ഇ–മെയിൽ വഴിയും വിവരങ്ങൾ അറിയാം. 1800 180 1111, 1800 11 0001 എന്നീ ടോൾ ഫ്രീ നമ്പറുകൾ വഴിയും മുദാവായ്പ സംബന്ധിച്ച വിവരങ്ങൾ കൈമാറാം. ‘Mudramitra' എന്ന മൊബൈൽ ആപ്പും നിലവിൽ ഉണ്ട്.

മുദ്രാവായ്പ ആർക്ക് ?

1. സ്വന്തമായോ കൂട്ടായോ ചെറുകിട ഉൽപാദന യൂണിറ്റ് നടത്തുന്നവർ

2. പഴം–പച്ചക്കറി വ്യാപാരികൾ

3. ടാക്സി വാഹനങ്ങൾ വാങ്ങുന്നതിന്

4. റിപ്പയർ ഷോപ്പ് നടത്തുന്നവർ

5. മെഷീൻ ഓപ്പറേറ്റർമാർ

6. ആർട്ടിസാൻസ്

7. വസ്ത്രനിർമാണം നടത്തുന്നവർ

8. ഭക്ഷ്യവിഭവങ്ങൾ തയാറാക്കുന്നവർ

9. പലചരക്കു വ്യാപാരികൾ

10. സേവനരംഗത്തു പ്രവർത്തിക്കുന്നവർ

മുദ്രാവായ്പാ വിതരണം 2016–’17, ചില ദേശീയ കണക്കുകൾ

2016–’17 സാമ്പത്തികവർഷം മുദ്രാവായ്പയായി രാജ്യത്താകമാനം 3,97,01,047 വായ്പകൾ അനുവദിക്കപ്പെട്ടു. ഇതുവഴി 1,75,312 കോടി രൂപയാണു വിതരണം ചെയ്തത്. ഇതിൽ വനിതകൾക്കു വിതരണം ചെയ്തത് 29146894 വായ്പകളിലായി 78,249.77 കോടി രൂപയാണ്. എസ്‌സി വിഭാഗത്തിൽപെട്ടവർക്ക് 71,35,624

വായ്പകളിലായി 18,524 കോടി രൂപയും എസ്ടി വിഭാഗത്തിൽപെട്ടവർക്ക് 17,92,502 വായ്പകളിലായി 5,105.55 കോടി രൂപയും ഒബിസി വിഭാഗത്തിൽപെട്ടവർക്ക് 1,35,72,068 വായ്പകളിലായി 42,650.19 കോടി രൂപയും വിതരണം ചെയ്തതായി കണക്കുകൾ സൂചിപ്പിക്കുന്നു.

Read more: Lifestyle Magazine