Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി ചിട്ടി എന്ത്? എങ്ങനെ?

Online Chitty പ്രവാസികളുടെ സമ്പാദ്യം അഥവാ വിയർപ്പിന്റെ മൂല്യം കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു

മലയാളിക്കു ലോകത്തെവിടെയിരുന്നും  ഇനി സ്വന്തം പേരിൽ ചിട്ടിയിൽ ചേരാം. ഓൺലൈനായി പണമടയ്ക്കാം. ചിട്ടി വിളിക്കാം. നാട്ടിലുള്ള വസ്തു അടക്കം സ്വീകാര്യമായ ഏതു ജാമ്യവും നൽകി ഇന്ത്യൻ രൂപയിൽ പണം പിൻവലിക്കാം. ലേലം ചെയ്ത സംഖ്യ സുരക്ഷിതമായി നിക്ഷേപിച്ച് ആദായം നേടാം.

ഇതെല്ലാം ഓൺലൈനായി നടത്താവുന്ന സംവിധാനമാണ് കെഎസ്എഫ്ഇ പ്രവാസി ചിട്ടിയിലൂടെ അവതരിപ്പിക്കുന്നത്.   കെഎസ്എഫ്ഇയും കേരള ഇൻഫ്രാസ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡും (കിഫ്ബി) ചേർന്ന് ആരംഭിക്കുന്ന ചിട്ടിയാണിത്.

സവിശേഷതകൾ

∙  നിക്ഷേപങ്ങൾക്ക് ആദായം കുറയുന്ന ഇക്കാലത്ത് പ്രവാസികൾക്കു ലാഭകരമായും സുരക്ഷിതമായും നിക്ഷേപിക്കാൻ ഒരു പുതിയ സമ്പാദ്യ പദ്ധതി.

∙  ചിട്ടിയിൽ ഇൻഷുറൻസ് പരിരക്ഷയും പെൻഷൻ പദ്ധതിയും സന്നിവേശിപ്പിച്ചിരിക്കുന്നു. അതോടെ   മെച്ചപ്പെട്ട വരുമാനവും സുരക്ഷയും ലഭ്യമാകുന്ന ഒരു വ്യത്യസ്‌ത സാമ്പത്തിക ഉൽപന്നമായി.

∙  പ്രവാസികളുടെ സമ്പാദ്യം അഥവാ വിയർപ്പിന്റെ മൂല്യം കേരളത്തിന്റെ അടിസ്ഥാന വികസനത്തിനായി ഉപയോഗിക്കപ്പെടുന്നു

ജാമ്യവ്യവസ്ഥകൾ

ലഘുവായ ജാമ്യനടപടിക്രമങ്ങളാണ്. ഡിജിറ്റൽ ഡോക്യുമെന്റേഷൻ സംവിധാനം വഴി ജാമ്യം നിൽക്കുന്നവർക്കു ഫയലിന്റെ തൽസമയ സ്ഥിതി അറിയാം. വസ്തുജാമ്യം നൽകാനും വില നിർണയിക്കാനും ആധാരം പരിശോധിക്കാനും   അടക്കമുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സൗകര്യപ്രദമായ ഏതു ശാഖയും തിരഞ്ഞെടുക്കാം. വരിക്കാരൻ അധികാരപ്പെടുത്തിയ ആൾക്ക് ആ രേഖകൾ സമർപ്പിക്കാം. പ്രൈസ് സംഖ്യ ഓൺലൈനായിത്തന്നെ കസ്റ്റമറുടെ പേരിലുള്ള എൻആർഒ അക്കൗണ്ടിൽ ലഭിക്കും.

പെൻഷന്‍ കിട്ടാൻ

എൽഐസിയുമായി കൈകോർത്തുകൊണ്ടാണ് പെൻഷൻ പദ്ധതി. ചിട്ടി പ്രൈസ് സംഖ്യ പെൻഷൻ പദ്ധതിയിലേക്കു മാറ്റി അതിൽ അംഗമാകാം. വിവിധ നിരക്കിൽ പെൻഷൻ ലഭ്യമാണ്. വരിക്കാരന് അപകടം മൂലം വൈകല്യം സംഭവിച്ചാലോ വിദേശത്തു മരിച്ചാലോ 10 ലക്ഷം രൂപ വരെയുള്ള ചിട്ടിയുടെ ബാധ്യത കെഎസ്എഫ്ഇ ഏറ്റെടുക്കും.  ഭൗതികശരീരം ഒരു അനുയാത്രികനോടൊപ്പം നാട്ടിലെത്തിക്കുവാൻ നടപടി സ്വീകരിക്കും.

മികവുകൾ

പ്രവാസി ചിട്ടികൾക്കായി 24 മണിക്കൂറും പ്രവർത്തിക്കുന്ന വെർച്വൽ ഓഫിസ് സൗകര്യപ്രദമാകും. വ്യത്യസ്ത സമയത്തു ലേലം നടത്തുന്ന ചിട്ടികൾ ഉള്ളതിനാൽ വിവിധ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്ക് സൗകര്യപ്രദമായ ചിട്ടികളിൽ ചേരാം.

ആർക്ക് ? എങ്ങനെ ചേരാം?

ഡിസംബർ അവസാനമോ ജനുവരിയിലോ യുഎഇയിൽ വച്ച് പ്രവാസി ചിട്ടികളുടെ ഔപചാരിക ഉദ്‌ഘാടനം നടക്കും. പ്രവാസികൾക്കു മാത്രമേ ചേരാനാകൂ. പ്രാബല്യത്തിലുള്ള പാസ്പോർട്ട്, വീസ എന്നിവ കൈവശമുണ്ടാകണം. e-KYC യാണ്

ഔദ്യോഗികമായി നൽകേണ്ട രേഖ. വിദേശങ്ങളിൽ കെഎസ്എഫ്ഇ ഏജന്റുമാർ വഴി എളുപ്പത്തിൽ e-KYC നൽകാം. ചിട്ടി അപേക്ഷയും ഓൺലൈനായി സബ്മിറ്റ് ചെയ്ത് ആദ്യതവണ ഓൺലൈനായി അടയ്ക്കാം. അംഗമായ ശേഷം  പ്രവാസിയല്ലാതായാലും ചിട്ടിയിൽ തുടരാവുന്നതാണ്.

Read more: Lifestyle Magazine