Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുടങ്ങിയ പെൻഷൻ അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാം!

Pension

2013 ഒക്ടോബറിൽ 1,000 രൂപ അടച്ച് നാഷനൽ പെൻഷൻ സ്കീമിൽ(എൻപിഎസ്) ചേര്‍ന്നു. പക്ഷേ, സാമ്പത്തികപ്രശ്നം മൂലം പിന്നെ അടയ്ക്കാനായില്ല. ഇതുവരെയുള്ള തുക പിഴ സഹിതം അടച്ച് തുടരണമെന്നാഗ്രഹമുണ്ട്. ബാങ്കിൽ ചെന്നപ്പോൾ കൃത്യമായ മറുപടി കിട്ടിയില്ല. ഞാൻ എന്താണു ചെയ്യേണ്ടത്?

∙പെൻഷൻ ഫണ്ട് റെഗുലേറ്ററായ പിഎഫ്ആർഡിഎയുടെ ചട്ടം അനുസരിച്ച് മിനിമം തുക നിക്ഷേപിക്കാൻ കഴിയാതെ വന്നാൽ ഇന്ത്യൻ പൗരനായ ഏതൊരാൾക്കും അക്കൗണ്ട് മരവിപ്പിച്ചു നിർത്താം.

മരവിപ്പിച്ച അക്കൗണ്ട് പുനരുജ്ജീവിപ്പിക്കാൻ നിശ്ചിത ഫോമിലുള്ള അപേക്ഷാ ഫോം (Annexure-UOS-S10A) പൂരിപ്പിച്ച് ബാങ്ക് ശാഖയിൽ (പിഒപി) നൽകിയാൽ മാത്രം മതി. നിങ്ങൾ നൽകുന്ന വിവരങ്ങൾ വച്ച് മൊത്തം മരവിപ്പിച്ച തുക എത്രയെന്ന് അവർക്കു പറയാനാകും. അതിനു നിശ്ചിത തുക ഫീസായി നൽകണം. മരവിപ്പിച്ചു നിർത്തിയ തുകയ്ക്കു തുല്യമോ അതിലധികമോ അടയ്ക്കേണ്ടി വരും.

ടയർ ടൂവിൽ നിന്നു വണ്ണിലേക്കു മാറ്റണോ?

എൻപിഎസിൽ വർഷങ്ങളായി ടയർ വൺ, ടയർ ടൂ എന്നിവയിൽ പണം അടയ്ക്കുന്നു. ടയർ ടൂ നിക്ഷേപം നിർബന്ധമല്ലല്ലോ? അതിനാൽ പിൻവലിച്ച് ടയർ വണ്ണിലേക്കു നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നു. നടപടിക്രമം എന്താണ്? അങ്ങനെ മാറ്റുന്നതാണോ, ടയർ ടൂവിൽത്തന്നെ തുടരുന്നതാണോ നല്ലത്?

∙എൻപിഎസിന്റെ ടയർ വൺ പെൻഷനുള്ളതാണ്. അതിനാൽ 60 വയസ്സിനു മുൻപു പിൻവലിക്കാൻ (ചില പ്രത്യേക സന്ദർഭങ്ങളിൽ ഒഴിച്ച്) അനുമതിയില്ല.

എന്നാൽ ടയർ ടൂ മ്യൂച്വൽ ഫണ്ട് പോലെയാണെന്നു പറയാം. അതിനാൽ എപ്പോൾ വേണമെങ്കിലും പിൻവലിക്കാം. ടയർ ടൂവിൽ നിന്നു തുക പൂർണമായോ ഭാഗികമായോ ടയർ വണ്ണിലേക്കു മാറ്റാം.

എൻപിഎസ് ഓൺലൈൻ പോർട്ടൽ https://www.cra-nsdl.com/CRA ഓപ്പൺ ചെയ്യുക.യൂസർ ഐഡിയും പാസ് വേഡും നൽകി നിങ്ങളുടെ അക്കൗണ്ട് തുറക്കുക. ഇടതുവശത്തു മുകളിലായി ട്രാൻസാക്‌ഷൻ ബട്ടൺ കാണും. അതിൽ ക്ലിക് ചെയ്യുക. വൺ വേ സ്വിച്ച് തിരഞ്ഞെടുക്കുക. ആവശ്യമായ വിവരങ്ങൾ നൽകുക. സബ്മിറ്റ് ചെയ്യുക. അപേക്ഷ നൽകിയാൽ രണ്ടു പ്രവൃത്തി ദിവസത്തിനുള്ളിൽ പണം നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ എത്തും.

അതല്ലെങ്കിൽ ഫണ്ട് ട്രാൻസ്ഫർ ചെയ്യാനുള്ള അപേക്ഷാ ഫോം പൂരിപ്പിച്ചു പിഒപി– എസ്പിക്കു നൽകിയും കാര്യം സാധിക്കാം.

എന്നാൽ ടയർ ടൂവിലെ നിക്ഷേപം പൂർണമായും പിൻവലിക്കാതിരിക്കുന്നതാണു യുക്തി. ന്യായമായ ആദായം കിട്ടുകയും ചെയ്യും. ബാങ്ക് പലിശ ഗണ്യമായി കുറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ 14–17 ശതമാനം നേട്ടം പ്രതീക്ഷിക്കാവുന്ന ടയർ ടൂവിനു പ്രസക്തിയേറെയാണ്. ഓഹരി വിപണി താഴേക്കു പോകുന്ന സമയത്തു കൂടുതൽ നിക്ഷേപിച്ചാൽ കൂടുതൽ നേട്ടം ഉണ്ടാക്കാനും കഴിയും.

Read more : Lifestyle Magazine