Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തോർത്തു വിറ്റു കൈനിറയെ കാശുണ്ടാക്കുന്ന കര വീവ്സ്

kara നമ്മളെല്ലാം തോർത്തെന്നു പറഞ്ഞു വിലകുറഞ്ഞു കാണുന്ന പരുത്തിത്തുണിക്കഷണത്തെ മികവുറ്റ ഡിസൈനിങ്ങിലൂടെ പ്രിയങ്കരമാക്കി തീർത്തത് ഈ വനിതാ സംരംഭകയാണ്.

സമൂഹത്തിന്റെ താഴേത്തട്ടിൽ കഴിഞ്ഞിരുന്ന നെയ്ത്തുകാരുടെ ജീവിതം പകർത്തിയെഴുതി പേരെടുത്തപ്പോൾ മനസ്സിൽ അവരുടെ നൊമ്പരങ്ങൾക്ക് കൂടി ഇടം നൽകിയ ആളാണ് ഇന്ദു മേനോൻ. ജീവിതത്തിൽ ഒരിക്കലും ബിസിനസ് ലൈനിലേക്കു വരില്ലെന്നു തീരുമാനിച്ച ഇന്ദുവിനെ മികച്ചൊരു സംരംഭകയാക്കാനും അതേ നെയ്ത്തുകാർ നിമിത്തമായി.

നമ്മളെല്ലാം ദിവസവും ഉപയോഗിക്കുകയും തോർത്തെന്നു പറഞ്ഞു വിലകുറഞ്ഞു കാണുകയും ചെയ്യുന്ന പരുത്തിത്തുണിക്കഷണത്തെ മികവുറ്റ ഡിസൈനിങ്ങിലൂടെ മാലോകർക്കെല്ലാം പ്രിയങ്കരമാക്കി തീർത്തത് ഈ വനിതാ സംരംഭകയാണ്.

നാട്ടിൽ താമസമുറപ്പിച്ചപ്പോൾ സാമൂഹിക പ്രസക്തിയുള്ള എന്തെങ്കിലും ചെയ്യണമെന്ന ചിന്തയുണ്ടായിരുന്നു ഇന്ദുവിന്. കൊച്ചിക്കടുത്ത് കാഞ്ഞിരമറ്റമായിരുന്നു സ്വദേശം. അവിടെയും പരിസരപ്രദേശങ്ങളിലുമായി തോർത്ത് നെയ്യുന്നവരെ അറിയാം. അവരുടെ ജീവിതവും അടുത്തു കണ്ടതാണ്. എന്നാൽ പിന്നെ ഇവർക്കുകൂടി പ്രയോജനപ്പെടുന്ന എന്തെങ്കിലും തുടങ്ങാമെന്നായി.

റീബ്രാൻഡിങ്

അപ്പോഴാണ് ഗ്രാഫിക് ഡിസൈനറായ മകൾ ചിത്ര സഹായത്തിനെത്തിയത്. തോർത്തിനെയൊന്നു റീബ്രാൻഡ് ചെയ്തെടുത്താലോ എന്ന ആശയം മുന്നോട്ടു വച്ചതും അവർ തന്നെ. തോർത്തിനോടു മലയാളിക്ക് ഏറെ താൽപര്യം ഉണ്ട്. ബലവും ഗുണവും കൂടുതലുള്ള തുണിയാണ് ഇത്. പെട്ടെന്ന് ഈർപ്പം വലിച്ചെടുക്കുകയും അതേ വേഗത്തിൽ ഉണങ്ങുകയും ചെയ്യും. ഈ സവിശേഷതകളെ പുതുമയോടെ അവതരിപ്പിച്ചിടത്താണ് കര വീവ്സിന്റെ വിജയം.

കര വീവ്സിന്റെ പ്രവർത്തനങ്ങളിൽ ഇന്ദുവിനെയും ചിത്രയെയും കൂടാതെ രണ്ടു പേർ കൂടിയുണ്ട്. രേവതി മേനോനും സുലോചന മേനോനും.

പത്തു വർഷം മുൻപാണ് തുടക്കം. തൊട്ടടുത്ത വർഷം വെബ്സൈറ്റും തുടങ്ങി. അന്ന് ബ്ലോഗിങ് ആയിരുന്നു പ്രധാനം. ചിത്ര സ്ഥിരമായി ബ്ലോഗിൽ പിന്തുടർന്നിരുന്ന ഒരു അമേരിക്കക്കാരി, ഫാഷൻ െട്രൻഡ് ഫോർകാസ്റ്റർ ആയിരുന്നു. തോർത്തു കൊണ്ടുണ്ടാക്കിയ ഉൽപന്നങ്ങളുടെ ഫോട്ടോകളും അതിനെപ്പറ്റി ചെറിയൊരു കുറിപ്പും അവർക്കു അയച്ചുകൊടുത്തു. പിന്നെ സംഭവിച്ചതെല്ലാം അപ്രതീക്ഷിതമായിരുന്നു. നമ്മുടെ ഈ നിസ്സാരസംഭവം അവർ സ്വന്തം ബ്ലോഗിലെഴുതി. ദിവസം 30,000ത്തിലധികം ഹിറ്റ്. തൊട്ടടുത്ത ദിവസം മുതൽ ഇ–മെയിലിൽ ഓർഡറുകളും വന്നു തുടങ്ങി.

ഇൻസ്റ്റാഗ്രാമിലും

തുടക്കത്തിൽ ബാത് ടവൽ, ഫെയ്സ് ടവൽ, ഹാൻഡ് ടവൽ എന്നിവ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബ്ലോഗെഴുത്തിനെ ന്യൂയോർക്കിലെ ചില മാഗസിനുകൾ ഫോളോഅപ്് ചെയ്തതോടെ ബിസിനസ് കൂടി. ന്യൂയോർക്കിലെ റീടെയിൽ ഷോപ്പുകളിൽ നിന്നുവരെ ഓർഡറുകൾ കിട്ടിത്തുടങ്ങി. ഇപ്പോൾ ഇൻസ്റ്റാഗ്രാമാണ് ഏറ്റവും വലിയ ടൂൾ. ഫെയ്സ് ബുക്കും കൂടെയുണ്ട്. സോഷ്യൽ മീഡിയ തന്നെയാണ് കര വീവ്സിനെ വളർത്തിയത്.

വിദേശത്തുനിന്നുള്ള പേയ്മെന്‍റ് അധികവും പേപാൽ വഴിയാണ്. ഇന്ത്യയ്ക്കകത്തുള്ളവർ ബാങ്ക് അക്കൗണ്ടിനെ ആശ്രയിക്കുന്നു. സംരംഭം തുടങ്ങി അഞ്ചു വർഷം കഴിഞ്ഞപ്പോഴേക്കും റീടെയിലിനൊപ്പം ഹോൾസെയിൽ കൂടി ചെയ്തു തുടങ്ങി.

ഇന്ദുവിന്റെ അഭിപ്രായത്തിൽ റീടെയിലിനെക്കാൾ റിസ്ക് കുറവാണ് ഹോൾസെയിലിൽ. വലിയൊരു ഓർഡർ ഒരുമിച്ചു കിട്ടുന്നു. റീടെയിൽ ബിസിനസിൽ ചില ഐറ്റം വിറ്റു പോകാതെ ഡെഡ് സ്റ്റോക്ക് ആകാം. മറ്റുചിലത് വളരെ പെട്ടെന്നു വിറ്റു തീരുകയും ചെയ്യും. എപ്പോഴും ഒരു അനിശ്ചിതാവസ്ഥ ഉണ്ട്. ഹോൾസെയിലിൽ ആ പ്രശ്നം ഇല്ല.

കോക്ടെയിൽ നാപ്കിൻ മുതൽ ബീച്ച് ടവൽ വരെയും ടേബിൾ നാപ്കിൻസ് മുതൽ കിച്ചൺ ടവൽ വരെയും നീളുന്ന വെറൈറ്റി ഉൽപന്നങ്ങൾ കര വീവ്സിലുണ്ട്. ഹോസ്പിറ്റാലിറ്റി മേഖലയിൽ നിന്നുള്ള വൻകിടക്കാരെയും സ്ഥിരം കസ്റ്റമേഴ്സിന്റെ പട്ടികയിൽ കാണാം.

എവിടെയും തുടങ്ങാം

തോർത്ത് കൂടാതെ സെറ്റ് മുണ്ടിനൊക്കെ ഉപയോഗിക്കുന്ന തരം മൃദുലമായ പരുത്തിത്തുണിയിൽ ചില വാല്യു അഡീഷൻസ് ചെയ്തു കര വീവ്സ് മാർക്കറ്റിലെത്തിക്കുന്നുണ്ട്. വെസ്റ്റേൺ ഡ്രസിനൊപ്പം ഉപയോഗിക്കാവുന്ന സ്കാർഫ്, ബേബി ബ്ലാങ്കറ്റ്സ്, ബെഡ് കവർ തുടങ്ങിയവയൊക്കെ ഇതിൽപ്പെടുന്നു.

ഡിസൈനും പാറ്റേണും തയാറാക്കി നൽകിയ ശേഷം നെയ്തു വാങ്ങുകയാണ് പതിവ്. ശേഷിക്കുന്ന ജോലികൾക്ക് തയ്യൽക്കാരുൾപ്പെടെയുള്ള ടീമുണ്ട്. വലിയ ഓർഡർ കിട്ടുമ്പോൾ പുറത്തു കൊടുത്തു തുന്നിച്ചു വാങ്ങും. ഇതിനു സ്ഥിരം സംവിധാനമുണ്ട്.

ഓൺലൈൻ ബിസിനസിന്റെ ഏറ്റവും വലിയ ഗുണം അതു ഗ്രാമകേന്ദ്രീകൃതമായും തുടങ്ങാമെന്നതാണ്. നഗരങ്ങളിലെ പോലെ ഉയർന്ന പരിപാലനച്ചെലവു വേണ്ട. കേരളത്തിൽ നഗരങ്ങളിലെ എല്ലാ സൗകര്യങ്ങളും ഗ്രാമങ്ങളിലും ലഭിക്കുന്നുണ്ടല്ലോ. അതുപോലെ ഉപഭോക്താക്കളുമായി നിരന്തര സമ്പർക്കം വേണം. ഓർഡർ കിട്ടിയാൽ അതു സ്ഥിരീകരിക്കുന്നതിൽ തുടങ്ങി ഉൽപന്നം അവരുടെ കൈയിലെത്തിയെന്നും അവർ സന്തുഷ്ടരാണെന്നും ഉറപ്പു വരുത്തുന്നതു വരെ ഈ പ്രക്രിയ നീളുന്നു.

ലാഭേച്ഛയില്ലാതെയാണ് പ്രവർത്തനം. നെയ്തു തരുന്ന ഉൽപന്നങ്ങൾക്കു നെയ്ത്തുകാരാണു വില നിശ്ചയിക്കുന്നത്. ഒരിക്കലും അവരോടു വിലപേശാറില്ല. കാരണം, ഈ സംരംഭം തുടങ്ങിയതു തന്നെ അവർക്കു വേണ്ടിയാണ്. ഒരു വർഷം ശരാശരി 40–45 ലക്ഷം രൂപയുടെ കച്ചവടമാണു കിട്ടുക. ചില പ്രത്യേക അവസരങ്ങളിൽ ഇതിലും കൂടാം. ശരാശരി 10 ശതമാനം വരെയാണ് ഇതിൽനിന്ന് അറ്റാദായമെടുക്കുന്നത്

Read more: Lifestyle Malayalam MagazineBeauty Tips in Malayalam