Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇരിക്കൂ, ആത്മാവ് പുറത്തു പോയിരിക്കുകയാണ്!

 Astral Projection Representative Image

രാത്രി. വീട്ടിൽ ഒറ്റയ്ക്കാണ്. ആരോ വാതിലിൽ മുട്ടി. തുറന്നപ്പോൾ ഒരു അപരിചിതൻ. ആരാണെന്ന് ചോദിച്ചു. പ്രേതം എന്നു പറഞ്ഞ് ആഗതൻ അകത്തേയ്ക്കു കയറി. ബോധം കെടാൻ മറ്റെന്തു വേണം! 

പക്ഷേ! 

മലയാളികളുടെ പരമ്പരാഗത പ്രേതകഥകളിലൊന്നും, ഇതു പോലെ പ്രേതം ധൈര്യപൂർവം മറ്റൊരാളുടെ സ്വകാര്യതയെ ഭേദിച്ച് സ്വീകരണമുറിയിൽ കയറി ഇരുന്നിട്ടില്ല. കഥകളിൽ, യക്ഷികളുടെ പിടിയിൽപ്പെട്ടവരൊക്കെ, അവരുടെ വിഹാര കേന്ദ്രങ്ങളിൽ അതിക്രമിച്ചു കയറി പെട്ടുപോയവരാണ്. 

ഇതിപ്പോൾ ഇന്റർനെറ്റിന്റെ കാലമായി. നമ്മുടെ സ്വകാര്യമുറിയിൽ, ജീവിതത്തിൽ, മനസ്സിൽ ഒക്കെ വിചിത്രരൂപത്തിലുള്ള ആശയങ്ങൾ കടന്നു വന്ന്, കസേര വലിച്ചിട്ടിരിപ്പാണ്. 

തിരുവനന്തപുരത്ത് നന്തൻകോട്ട് അച്ഛൻ, അമ്മ, സഹോദരി, ബന്ധു എന്നിവരെ കൊന്ന കേസിലെ പ്രതി കേഡൽ ജിൻസൺ ഇപ്പോൾ പുതിയൊരു ദുർവാസനയെ പ്രശസ്തമാക്കിയിരിക്കുകയാണ് – ആസ്ട്രൽ പ്രൊജക്ഷൻ. 

ആത്മാവിനെ ശരീരത്തിൽനിന്ന് വേർതിരിക്കാനായി പ്രതി നടത്തിയ ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായിരുന്നു കൊല എന്നായിരുന്നു പൊലീസ് പറഞ്ഞത്. പക്ഷേ സർ, ആസ്ട്രൽ പ്രൊജക്ഷൻ മറ്റൊരാളിന്റെ ശരീരത്തിൽ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ഇടപാടല്ല. അവനവന്റെ ആത്മാവിനെ ശരീരത്തിൽ നിന്ന് വേർപെടുത്തി സഞ്ചരിപ്പിക്കുന്ന പരിപാടിയാണിത്. 

ഈ ഭൂലോക തട്ടിപ്പിന്റെ പിന്നിലെ സത്യം ഇത്രയുമേയുള്ളൂ! 

നിങ്ങൾക്ക് വെളുപ്പിനുള്ള തീവണ്ടിയിൽ പോകാൻ എഴുന്നേൽക്കുന്നു. ക്ഷീണം മൂലം വീണ്ടും ഉറക്കത്തിലേക്ക് മയങ്ങിവീഴുന്നു. പക്ഷേ നിങ്ങൾ എഴുന്നേറ്റ് ദിനചര്യ കഴിച്ച് ബാഗെടുത്ത് റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നത് സ്വപ്നത്തിൽ കാണും. അത് ഉറങ്ങാനുള്ള ദേഹത്തിന്റെ തീവ്രവികാരം സൃഷ്ടിച്ചെടുത്ത് നമ്മെ പറ്റിക്കുന്നതാണ്. ബോധത്തിന്റെയും ഉപബോധത്തിന്റെയും ഈ പിടിവലിയുടെ ഭാഗമായുള്ള ഭ്രമാത്മകത ഏതു മനുഷ്യനും അനുഭവിക്കുന്നതാണ്. പകൽ ഒരു സെക്കൻഡ് മുതൽ അരമിനിറ്റ് വരെ നീളുന്ന മയക്കത്തിലും ഇത് സംഭവിക്കും. ഇതിനെ കുറേയൊക്കെ കൃത്രിമമായി സൃഷ്ടിക്കാനും കഴിയും. അതിനുള്ള പരിശീലനമാണ് പുതിയ തട്ടിപ്പായി അവതരിച്ചിരിക്കുന്നത്. 

‘ആത്മാവിനെ വേർപെടുത്തുന്ന’ ഇവരുടെ പരിശീലനം ഇങ്ങനെയാണ്: 

ശാന്തമായി കിടന്നു കൊണ്ട്, കൈയിലോ കാലിലോ ഏകാഗ്രതപ്പെട്ട് അവയെ ചലിപ്പിക്കുന്നതായി ഭാവന ചെയ്യണം. സ്വയം മയങ്ങാനും നിർദേശം നൽകണം. മെല്ലെ പരിശീലനം ദേഹം മുഴുവനെത്തിച്ച്, ആത്മാവിനെ എഴുന്നേൽപ്പിച്ച് നടത്താനാകും പോലും. 

നന്തൻകോട് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ഇതിനുള്ള ഓൺലൈൻ പരിശീലനത്തിന് പല മലയാളികളും തല വച്ചു കൊടുത്തു കഴിഞ്ഞു. ആത്മാവിനെ വിട്ട് ഇഷ്ടക്കാരുടെ കിടപ്പുമുറിയിൽ സന്ധിക്കാമെന്നും ശത്രുവിനെ ഭേദിക്കാനാവുമെന്നൊക്കെ പ്രചാരണം വന്നുതുടങ്ങി. കൂടു വിട്ട് കൂടു മാറൽ, പരകായ പ്രവേശം, ഒടിയൻ തുടങ്ങി ഈ വിധ പല പരിപാടികളും വെട്ടവും വെളിച്ചവുമൊന്നുമില്ലാത്ത കാലത്ത് മലയാളികൾ കേട്ട് പേടിച്ചിട്ടുള്ളതാണ്. ഇപ്പോൾ പുതിയകാല ഭാവന ഉപയോഗിക്കുന്നെന്ന് മാത്രം. സാത്താൻ സേവ, ഓജോ ബോർഡ് ഇങ്ങനെ പല പേരിൽ അവ നേരത്തെയും വന്നിട്ടുണ്ട്. കരുതിയിരിക്കുക. 

ആത്മാവിനെ ദേഹത്തു നിന്ന് വേർപെടുത്താനാവില്ല. പക്ഷേ ജീവനെ വേർപെടുത്താം. അതിന് ആസ്ട്രൽ പ്രൊജക്ഷൻ പഠിക്കേണ്ട; മനുഷ്യത്വമില്ലാത്ത കൊടുംക്രൂരത ഉണ്ടായാൽ മതി. നന്തൻകോട്  സംഭവിച്ചത് അതാണ്. 

related stories