Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആഘോഷങ്ങളുടെ വിവാഹദിനങ്ങൾ, ഓരോ അവസരത്തിലും വ്യത്യസ്തമായി തിളങ്ങാം

Wedding Dress ബ്രൈഡൽ മെയ്ക്ക് അപ്പ് ഇന്നു കംപ്ലീറ്റ് മെയ്ക്ക് ഓവർ ആണ്. മേക്കപ്പിന്റെ ഒരുക്കങ്ങൾ വിവാഹനാളിനു ദിവസങ്ങൾക്കു മുൻപേ തുടങ്ങും. മുടി കെട്ടിവയ്ക്കുന്ന രീതിക്കാണ് പലരും ഇപ്പോൾ പ്രാധാന്യം നൽകുന്നത്...

വിവാഹം ഇന്ന് ഒറ്റ ദിവസത്തെ ആഘോഷമല്ല. പണ്ടൊക്കെ വിവാഹദിവസമായിരുന്നു ആഘോഷം. എന്നാൽ ഇന്ന് സംഗീത്, മെഹന്തി, ഹൽദി എന്നിങ്ങനെ പല പേരുകളിലായി വിവാഹത്തിന്റെ തലേ ദിവസവും റിസപ്ഷൻ എന്ന പേരിൽ വിവാഹത്തിന്റെ തൊട്ടടുത്ത ദിവസവുമായി പൊടിപ്പൊടിക്കുകയാണ്. ആഘോഷങ്ങൾ. പണ്ട് ഉത്തരേന്ത്യയിൽ മാത്രം നിറഞ്ഞുനിന്നിരുന്ന ഈ ചടങ്ങുകൾ ഇന്നു വൻ കല്യാണങ്ങളിലെ സ്ഥിര സാന്നിധ്യമായിക്കഴിഞ്ഞു. ആഘോഷിക്കാൻ ഓരോരോ കാരണങ്ങൾ. ആഘോഷങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത വധൂവരൻമാരുടെ വസ്ത്രത്തിലാണ്. ഓരോ ചടങ്ങുകൾക്കും വസ്ത്രങ്ങളിൽ വ്യത്യസ്തത കൊണ്ടുവരാനുള്ള മൽസരമാണിന്ന്. 

കാഞ്ചീപുരം മുതൽ ബനാറസ് വരെ 

വിവാഹവസ്ത്രങ്ങളിൽ ഇന്നും സാരിയോടു തന്നെയാണ് പ്രിയം. ബനാറസ് സാരിയുടെ മടങ്ങി വരവാണ് കല്യാണ സാരികളിൽ എടുത്തു പറയേണ്ട വലിയ പ്രത്യേകത. വെള്ളി കസവു നൂലുകളിൽ വധുവിനെ അണിയിച്ചൊരുക്കിയിരുന്ന ബനാറസി പുടവ ഇന്നു കെട്ടിലും മട്ടിലും വ്യത്യാസങ്ങളോടെയാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത്. പഴയ ബനാറസ് സാരികൾക്ക് കനം അൽപം കൂടുതലായിരുന്നു. എന്നാൽ ഇന്ന് ടസർ, സിൽക്, മിക്സ് ആയി വരുന്ന ബനാറസ് സാരി കനം കുറവുള്ളതും ബനാറസ് സാരിയുടെ രാജകീയ പ്രൗഢി കൈവിടാത്തതുമാണ്. കാഞ്ചീപുരം സാരികളിൽ സാധാരണ കണ്ടുവരുന്നത് ഫ്ലോറൽ മോട്ടിഫ്സായിരുന്നു. എന്നാൽ ഫ്ലോറൽ മോട്ടിഫ്സിനൊപ്പം ആനിമൽ, കിളികൾ തുടങ്ങിയ മോട്ടിഫുകളും കാഞ്ചീപുരം സാരികളിൽ ഇടം പിടിച്ചു തുടങ്ങി. 

lakshmi-babu-1 വിവാഹവസ്ത്രങ്ങളിൽ ഇന്നും സാരിയോടു തന്നെയാണ് പ്രിയം. ബനാറസ് സാരിയുടെ മടങ്ങി വരവാണ് കല്യാണ സാരികളിൽ എടുത്തു പറയേണ്ട വലിയ പ്രത്യേകത...

ട്രെൻഡ് വിടാതെ വരനും 

ക്രീം നിറത്തിലുള്ള ജുബ്ബയോ ഷർട്ടിലോ ഒതുങ്ങിയിരുന്ന വരൻമാർ ഇന്നു ഒട്ടേറെ പരീക്ഷണങ്ങളുമായാണ് മണ്ഡപത്തിലേക്കു കയറുന്നത്. ഷർട്ടിലും ജുബ്ബയിലും എംബ്രോയഡ്റി, മുണ്ടിനു പകരമായി മുണ്ടുപോലെ തോന്നിക്കുന്ന ധോത്തി പാന്റ് എന്നിങ്ങനെ പല പരീക്ഷണങ്ങളും വരൻമാരുടെ വസ്ത്രങ്ങളിലും നടക്കുന്നുണ്ട്. തലേ ദിവസത്തെ ചടങ്ങുകൾക്കും റിസ്പഷനും പാർട്ടി വെയറുകളെയാണ് എല്ലാവരും കൂട്ടുപിടിക്കുന്നത്. പ്രധാനമായും തീമിനനുസരിച്ചാണ് ഇന്നു ഡ്രസുകളുടെ കളറും പാറ്റേണും തിരഞ്ഞെടുക്കുന്നത്. 

ക്രോപ് അല്ല, കേപ് 

ക്രോപ് ടോപ് ലെഹംഗകൾ പാർട്ടികളിലെ താരമായിരുന്ന സ്ഥാനത്ത് ഇന്നു കൂടുതലായും കാണുന്നത് കേപ് ടോപ്പുകളാണെന്ന് കൊച്ചിയിൽ ഫാഷൻ കൺസൽറ്റന്റായ ലക്ഷ്മി ബാബു പറയുന്നു. തടിയുള്ളവർക്കും മെലിഞ്ഞവർക്കും ഒരു പോലെ പരീക്ഷിക്കാവുന്നതാണ് കേപ് ടോപ്പുകൾ. മെലിഞ്ഞവർക്ക് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്നാൽ തടിച്ച ശരീരപ്രകൃതിയുള്ളവർ വസ്ത്രധാരണത്തിൽ കുറച്ചു ശ്രദ്ധ നൽകേണ്ടി വരും. തടിയുള്ളവർ ഗൗൺ തിരഞ്ഞെടുക്കുമ്പോൾ ഫുൾ സ്‌ലീവ് ആക്കാൻ ശ്രമിച്ചാൽഅബദ്ധമായിരിക്കുമെന്നും ലക്ഷ്മി പറയുന്നു. സ്‌ലീവിൽ വരുന്ന ബീഡ്സ്, സീക്വൻസ് വർക്കുകൾ തടി കൂടുതൽ തോന്നിക്കും. അതിനാൽ ഷോർട് സ്‌ലീവുകൾ തിരഞ്ഞെടുക്കാം. ഓഫ് ഷോൾഡർ ഭാഗത്തു മാത്രം വർക്ക് കൊടുക്കുകയാണെങ്കിൽ വണ്ണം കുറവ് തോന്നിക്കും. 

ഉയരം കുറവുള്ളവർക്ക് ഓംബെയർ കട്ട്, ഫിഷ് കട്ട് ഡ്രസുകൾ തിരഞ്ഞെടുക്കാം. താഴത്തെ ഭാഗം ലോങ് ആയി തോന്നിപ്പിക്കും. ഇരു നിറമുള്ളവർ വെള്ള വസ്ത്രങ്ങൾ ഒഴിവാക്കണം. പേസ്റ്റൽ നിറങ്ങളിൽ എംബലിഷ്മെന്റുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. വസ്ത്രം തിരഞ്ഞെടുക്കുമ്പോൾ ഇവന്റ്, സ്റ്റേജ് ഡെക്കറേഷൻ എന്നിവ കൂടി പരിഗണിക്കുക. 

lakshmi-babu ക്രോപ് ടോപ് ലെഹംഗകൾ പാർട്ടികളിലെ താരമായിരുന്ന സ്ഥാനത്ത് ഇന്നു കൂടുതലായും കാണുന്നത് കേപ് ടോപ്പുകളാണെന്ന് കൊച്ചിയിൽ ഫാഷൻ കൺസൽറ്റന്റായ ലക്ഷ്മി ബാബു പറയുന്നു...

കോൺട്രാസ്റ്റ് 

വരനും വധുവും ഒരേ കളറിലുള്ള വസ്ത്രം ധരിച്ചും കോൺട്രാസ്റ്റ് കളറിലുള്ള വസ്ത്രം ധരിച്ചും കാണാറുണ്ട്. കോൺട്രാസ്റ്റ് കളർ തിരഞ്ഞെടുക്കുന്നവർ വധുവിന്റെ ഡ്രസിന്റെ നിറം വരുന്ന എന്തെങ്കിലും എലമെന്റ് വരന്റെ വസ്ത്രത്തിലും നൽകണം.  വരന്റെ സ്യൂട്ടിന്റെയോ കോട്ടിന്റെയോ പോക്കറ്റ് സ്ക്വയർ, പോക്കറ്റ് സൈഡ്, ടൈ എന്നിവയിലാണ് ഇതു നന്നാവുക. ഇരുവരുടെയും ലൗ സ്റ്റോറി പ്രിന്റ് ചെയ്തു വയ്ക്കുന്നവരുമുണ്ട്. വരന്റെ സ്യൂട്ടിന്റെ അകത്തുള്ള ലൈനിങ്ങിൽ പ്രിന്റ് ചെയ്യുന്ന രീതി വ്യത്യസ്തമാണ്. വിവാഹ വസ്ത്രങ്ങൾ അമൂല്യ നിധിയായി കാത്തുവയ്ക്കുന്നതിനാൽ ഈ പ്രണയ കഥയും എന്നും അമൂല്യമായി തുടരും. 

മെയ്ക്ക് അപ്പ്, മെയ്ക്ക് ഓവർ 

ബ്രൈഡൽ മെയ്ക്ക് അപ്പ് ഇന്നു കംപ്ലീറ്റ് മെയ്ക്ക് ഓവർ ആണ്. മേക്കപ്പിന്റെ ഒരുക്കങ്ങൾ വിവാഹനാളിനു ദിവസങ്ങൾക്കു മുൻപേ തുടങ്ങും. മുടി കെട്ടിവയ്ക്കുന്ന രീതിക്കാണ് പലരും ഇപ്പോൾ പ്രാധാന്യം നൽകുന്നത്. മുല്ലപ്പൂ വാരിക്കോരി വയ്ക്കുന്ന പതിവു വിട്ട് ഒരു വശത്തു മാത്രം ചെറുതായി വയ്ക്കുന്ന രീതിയാണ് ട്രെൻഡ്. വട്ടക്കെട്ടിന്റ ഒത്ത നടുക്കായി റോസ് പൂ വയ്ക്കുന്ന രീതിയുമുണ്ട്. മുടിയിൽ പൂക്കൾക്കു പകരമായി ഭംഗിയുള്ള അലങ്കാരങ്ങൾ ഉപയോഗിക്കുന്നവരുമുണ്ട്.