Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രംപ് പേടിക്കേണ്ട, ഉന്നിനെ വരച്ചവരയിൽ നിറുത്താൻ ഇവിടാളുണ്ട് !

Ibrahim Badusha വെറും മഷിയാണ് ഇബ്രാഹിം ബാദുഷയുടെ ആയുധം. കറുത്തമഷിയിൽ വിരിയുന്ന കാർട്ടൂണിനെ വർണക്കൂട്ടുകളുടെ കാരിക്കേച്ചറുകളാക്കും...

ഇന്ന് ലോകത്തെ ഭയാനകമായി മാറ്റി വരയ്ക്കാൻ കെൽപ്പുള്ള നേതാവാണ് കിം ജോങ് ഉൻ. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനു പോലും പേടി. എന്നാൽ, ഉത്തരകൊറിയയുടെ ഈ ഏകാധിപതിയെ വരച്ചവരയിൽ നിറുത്താൻ കഴിവുള്ളൊരാൾ ഇവിടെയുണ്ട്. ഗൗരവക്കാരനായ ഉന്നിന്റെ വട്ടമുഖത്തിലും ചിരിയുടെ അമ്പിളിക്കീറ് വിരിയിക്കുന്ന മലയാളി. വെറും മഷിയാണ് ഇബ്രാഹിം ബാദുഷയുടെ ആയുധം. കറുത്തമഷിയിൽ വിരിയുന്ന കാർട്ടൂണിനെ വർണക്കൂട്ടുകളുടെ കാരിക്കേച്ചറുകളാക്കും. പിന്നെ അതെങ്ങനെ വരച്ചെന്നു പഠിപ്പിക്കും. ആദ്യമായി കാണുന്നവരെയും 30 സെക്കൻഡിൽ കാരിക്കേച്ചറിലാക്കുന്ന മുപ്പത്തിമൂന്നുകാരൻ. വരയുടെ സൂത്രമറിയുമ്പോൾ ഉൻ മാത്രമല്ല നമ്മളെല്ലാവരും ഇഷ്ടപ്പെടും ബാദുഷയെ.

കോട്ടയത്തെത്ര മത്തായിമാരുണ്ടെന്ന ചോദ്യം പോലെ പ്രശസ്തമാണ് കേരളത്തിലെത്ര കാർട്ടൂണിസ്റ്റുകളുണ്ടെന്നും. അതിനാ‍ൽ, ഇബ്രാഹിം ബാദുഷ തിരഞ്ഞെടുത്തത് വരപ്പിക്കാനുള്ള വഴിയാണ്. കാർട്ടൂൺമാൻ എന്ന വിളിപ്പേരിൽ ലോകമാകെ വിവിധ ഭാഷകളിൽ കുട്ടികളെ എളുപ്പത്തിൽ വര പഠിപ്പിക്കുന്നു. പത്രങ്ങളിലും ചാനലുകളിലും കാര്‍ട്ടൂണ്‍ ക്ലാസെടുക്കുന്നു. സിഡിയും യുട്യൂബും പഠനമാധ്യമമാണ്. ലോക കാർട്ടൂണിസ്റ്റ് ദിനമായ ഇന്ന് വരയ്ക്കാനുള്ള സൂത്രപ്പണികൾ പരിചയപ്പെടുത്തുകയാണ് ആലുവ സ്വദേശി ബാദുഷ.

badusha-cartoon ആദ്യമായി കാണുന്നവരെയും 30 സെക്കൻഡിൽ കാരിക്കേച്ചറിലാക്കുന്ന മുപ്പത്തിമൂന്നുകാരൻ. വരയുടെ സൂത്രമറിയുമ്പോൾ ഉൻ മാത്രമല്ല നമ്മളെല്ലാവരും ഇഷ്ടപ്പെടും ബാദുഷയെ...

∙ സെലിബ്രിറ്റി കാരിക്കേച്ചറിസ്റ്റ്‌

ദൈവാനുഗ്രഹത്താൽ ഒരുപാട് താരങ്ങളെ നേരിൽ കാണാനും പരിചയപ്പെടാനും അവരെയെല്ലാം പകർത്താനും സാധിച്ചു. സച്ചിൻ, ആമിർഖാൻ, മമ്മൂട്ടി, മോഹൻലാൽ, വിക്രം, പ്രഭാസ്, രാജമൗലി, കാവ്യ മാധവൻ, സൂര്യ, ജഗതി ശ്രീകുമാർ, മജീഷ്യൻ മുതുകാട് തുടങ്ങി നിരവധി പേരെ വരയ്ക്കാനുള്ള അവസരം ലഭിച്ചു. ഇന്ത്യൻ സിനിമയുടെ നൂറുവർഷം എന്ന എക്സിബിഷൻ ഐഎഫ്‌എഫ്‌കെയ്ക്കു വേണ്ടി ചെയ്തിരുന്നു. തിരുവനന്തപുരത്തു പ്രദർശനം കാണാൻ പ്രശസ്ത കൊറിയൻ സംവിധായകൻ കിംകിഡുക്‌ നേരിട്ടെത്തി. അദ്ദേഹത്തെ വരച്ചുനൽകാനും സാധിച്ചു. കിം കി ഡുക് തിരികെ എന്നെ വരച്ചത് കോരിത്തരിപ്പിക്കുന്ന അനുഭവമാണ്. ഹോട്ടലിൽ ചെന്ന് അദ്ദേഹത്തോടു കുറേനേരം സംസാരിക്കാനുമായി. 

മൈതാനത്തു നിറഞ്ഞാടിയ മഞ്ഞപ്പടയെ വരയ്ക്കാനായാതാണ് മറ്റൊരു സന്തോഷം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക കാരിക്കേച്ചറിസ്റ്റായിരുന്നു. ബ്ലാസ്റ്റേഴ്സ് കളിക്കാര്‍ക്കൊപ്പം ഏറ്റവും കൂടുതൽ സമയം ചെലവിട്ടൊരാൾ ഞാനായിരിക്കും. അവരുടെ കൂടെ ഭക്ഷണം പങ്കിട്ടു. ടീമിന്‍റെ പരിശീലനമുള്ള ദിവസങ്ങളിലാണ് കാരിക്കേച്ചറുകള്‍ വരയ്ക്കുന്നത്. സച്ചിന്‍ ടെന്‍ഡുല്‍ക്കറെ നേരിട്ടു ചിത്രീകരിക്കാനായ സന്തോഷം പറഞ്ഞറിയാക്കാനാവില്ല. ബ്ലാസ്റ്റേഴ്സിലെ എല്ലാ അംഗങ്ങളുടെയും കാരിക്കേച്ചറുകള്‍ വരച്ചു. ഡേവിഡ് ജെയിംസും ഹ്യൂമുമൊക്കെയായി അടുപ്പമായി. കളിയും ഓട്ടവും ചാട്ടവുമൊക്കെ നിരീക്ഷിച്ചാണ് പ്രത്യേകതകൾ പഠിച്ചത്. കളിക്കാരുടെ മുഖങ്ങൾ കൂടാതെ ഗ്രൂപ്പ് കാരിക്കേച്ചറും വരച്ചു. നിരവധി ചാരിറ്റി സംഘടനകൾക്കുവേണ്ടി കാരിക്കേച്ചർ ലൈവ്‌ ഷോ ചെയ്യുന്നുണ്ട്. മാളുകളിലും മറ്റും ലൈവ്ഷോ നടത്തിയതും ശ്രദ്ധിക്കപ്പെട്ടു. പോപ്പ്‌ ഫ്രാൻസിസ്‌ മാർപാപ്പയെ നേരിട്ടുകണ്ട്‌ കാരിക്കേച്ചർ വരച്ചു സമ്മാനിക്കണമെന്നതാണ് ഇനിയുള്ള ആഗ്രഹം. 

badusha-cartoon-6 കോട്ടയത്തെത്ര മത്തായിമാരുണ്ടെന്ന ചോദ്യം പോലെ പ്രശസ്തമാണ് കേരളത്തിലെത്ര കാർട്ടൂണിസ്റ്റുകളുണ്ടെന്നും. അതിനാ‍ൽ, ഇബ്രാഹിം ബാദുഷ തിരഞ്ഞെടുത്തത് വരപ്പിക്കാനുള്ള വഴിയാണ്...

∙ പള്ളിക്കുറ്റിയിലെ ആദ്യവര

കുട്ടിക്കാലത്തേ വരയ്ക്കുമായിരുന്നു. മദ്രസയിൽ പഠിക്കുന്ന കാലം. ഒരു ദിവസം ബസ് കാത്തുനിൽക്കുകയാണ്. കയ്യിൽ ചോക്കുണ്ട്. സമീപത്തെ പള്ളിക്കുറ്റിയുടെ പുറത്തൊരു വര പാസാക്കി. മദ്രസയിലെ ഉസ്താദിന്റെ രൂപം പള്ളിക്കുറ്റിയിൽ കണ്ടപ്പോൾ കൂട്ടുകാരെല്ലാവരും പേടിപ്പിച്ചു. വീട്ടുകാരും ചീത്ത പറഞ്ഞു. ഉസ്താദും കാര്യമറിഞ്ഞു. തല്ലുകൊള്ളുമെന്നു ഉറപ്പിച്ചാണ് പിറ്റേദിവസം മദ്രസയിലെത്തിയത്. ചിത്രം കണ്ടെന്നും ജോറായെന്നും അഭിനന്ദിച്ച് ഉസ്താദ് ഞെട്ടിച്ചു. ആദ്യ പ്രോത്സാഹനം. പിന്നെ വരയുടെ ഉപാസകനായി. പ്രമുഖ മാധ്യമത്തിന്റെ സപ്ലിമെന്ററിയിലാണ്‌ ചിത്രങ്ങൾ ആദ്യം പ്രസിദ്ധീകരിച്ചത്‌. ഹെഡ്മിസ്ട്രസ്‌ ആയിരുന്ന ജയശ്രീ ശിവദാസാണ്‌ നിന്റെ ഭാവി ചിത്രരചനയിലാണെന്ന്‌ പറഞ്ഞത്‌.

ആദ്യം ജോലി ചെയ്ത സായി ഫീച്ചർ  സിൻഡിക്കേറ്റിലെ എഡിറ്റർ വേണു വാരിയത്തും കാര്യമായ മാർഗനിർദേശങ്ങൾ തന്നു. രാഷ്ട്രീയ കാ‍ർട്ടൂണിനാണ് ആരാധകർ കൂടുതൽ. അവ വരച്ചിരുന്നെങ്കിലും രാഷ്ട്രീയക്കാർ ഒട്ടും മാറുന്നില്ലെന്നു കണ്ടപ്പോൾ തുടരാൻ തോന്നിയില്ല. മലയാളികൾക്കു ആശയങ്ങൾ ഒരുപാടുണ്ട്. സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ മികച്ച ഉദാഹരണമാണ്. വരയ്ക്കാനാണ് പലർക്കും അറിയാത്തത്. അങ്ങനെയാണ് കാർട്ടൂൺ വരയ്ക്കുന്നത് പഠിപ്പിച്ചാൽ നന്നായിരിക്കുമെന്നു തോന്നിയത്. സ്റ്റെപ്പ്‌ ബൈ സ്റ്റെപ്പ്‌ എന്ന പുസ്തകത്തിന്റെ പ്രകാശന വേളയിൽ ചലച്ചിത്ര താരം രവീന്ദ്രനാണ്‌ ആദ്യമായി കാർട്ടൂൺമാൻ എന്നു വിശേഷിപ്പിച്ചത്. കാർട്ടൂൺ പഠിപ്പിക്കുന്നയാൾ എന്ന നിലയിൽ മറ്റുള്ളരും കാർട്ടൂൺമാൻ എന്നു വിളിച്ചു. കേരളത്തിൽ അധികമാരും കാർട്ടൂണിങ് പഠിപ്പിക്കാനില്ലാത്തതിനാ‍ൽ അവസരവുമേറെയാണ്.

badusha-cartoon-7 സച്ചിൻ, ആമിർഖാൻ, മമ്മൂട്ടി, മോഹൻലാൽ, വിക്രം, പ്രഭാസ്, രാജമൗലി, കാവ്യ മാധവൻ, സൂര്യ, ജഗതി ശ്രീകുമാർ, മജീഷ്യൻ മുതുകാട് തുടങ്ങി നിരവധി പേരെ വരയ്ക്കാനുള്ള അവസരം ലഭിച്ചു...

∙ ഡൂഡിൽ അങ്കിൾ

കുഞ്ഞുകുട്ടികളുമായി ഇടപഴകാൻ ഇഷ്ടമാണ്. കുട്ടികൾക്കു പുതിയതു പറഞ്ഞുകൊടുക്കുന്നതും അവരുടെ സംശയങ്ങളും രസമാണ്. എന്റെ ചെറുപ്പത്തിൽ വര പഠിപ്പിക്കുന്ന സ്ഥാപനങ്ങളൊന്നും ഇല്ലായിരുന്നു. സ്വയം പഠിച്ചെടുത്തതാണ്. ടിവിയും മാഗസിനുകളും പുസ്തകങ്ങളും തേടിപ്പിടിച്ചു. ഈസി ഡ്രോയിങ് പരിപാടി തുടങ്ങാൻ കാരണമിതാണ്. പുതിയ കുട്ടികൾ എല്ലാം ചിത്രങ്ങളിലൂടെയാണ്‌ മനസിലാക്കുന്നത്. ദൃശ്യസാക്ഷരത കൂടുതലാണ്. കാർട്ടൂണുകളുടെ അനിമേറ്റസ്‌ വേർഷൻ തയാറാക്കിയത് കുട്ടികൾക്കും രക്ഷിതാക്കൾക്കും ഏറെ ഇഷ്ടമായി. ഇന്ത്യയിലെ തന്നെ ആദ്യ ഡിജിറ്റൽ കാർട്ടൂൺ പഠനക്ലാസാണിത്.

നമ്മളെല്ലാവരും ആദ്യമായി വരയ്ക്കുന്ന ചിത്രം അക്ഷരങ്ങളാണ്. ചിത്രംവര പിടിയില്ലാത്തവർക്കും അക്ഷരങ്ങൾ അറിയാം. അങ്ങനെയാണ് അക്ഷരങ്ങൾ കൊണ്ട്‌ വരയ്ക്കാമെന്ന ചിന്തയുണ്ടായത്. അക്ഷരം ജീവനുള്ള രൂപമായി മാറുമ്പോൾ നമുക്കും വരയ്ക്കാനാവുമെന്ന് കാണുന്നവർക്കു തോന്നും. ഇന്ത്യയിലെ ഒട്ടുമിക്ക ഭാഷകളും വിദേശ ഭാഷകളും പഠിച്ചു. ഓരോ നാട്ടിലും ചെല്ലുമ്പോൾ അവരുടെ അക്ഷരങ്ങൾ കൊണ്ടാണ് വരയ്ക്കാറുള്ളത്. കാണികൾക്കു അടുപ്പവും ആത്മവിശ്വാസവും ഉണ്ടാകാൻ ഇതൊരുപാട് സഹായിച്ചു. അ അക്ഷരംകൊണ്ട് അമ്മ, ആ കൊണ്ട് ആന, ഇംഗ്ലിഷിലെ എ എന്ന അക്ഷരം കൊണ്ട് ആന്‍റ് (ഉറുമ്പ്), ബി കൊണ്ട് ബട്ടർഫ്ലൈ (പൂമ്പാറ്റ), ഇസഡ് കൊണ്ട് സീബ്ര എന്നിങ്ങനെ അക്ഷരവര വിപുലീകരിച്ചു. പേരിലെ ആദ്യാക്ഷരം കൊണ്ടു വ്യക്തിയെ വരയ്ക്കുന്നതാണ് ഇപ്പോഴത്തെ ഹരം. എ കൊണ്ട് അമിതാഭ് ബച്ചനും ടി കൊണ്ട് ട്രംപും പ്രത്യക്ഷപ്പെടും. 

badusha-cartoon-5 ദൈവാനുഗ്രഹത്താൽ ഒരുപാട് താരങ്ങളെ നേരിൽ കാണാനും പരിചയപ്പെടാനും അവരെയെല്ലാം പകർത്താനും സാധിച്ചു...

∙ 12 മണിക്കൂർ, 700 കാരിക്കേച്ചർ

ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും വര ക്ലാസുമായി സഞ്ചരിച്ചു. ഒരു ലക്ഷത്തിലേറെ കുട്ടികൾക്കു പരിശീലനം നൽകി. 20 മുതൽ 1500 പേർക്കു വരെ ഒരേ സമയം ക്ലാസെടുത്തിട്ടുണ്ട്. രാജ്യത്തെ ദൈർഘ്യമേറിയ തത്സമയ കാരിക്കേച്ചർ വരയും പരീക്ഷിച്ചു. എടത്തല കെഎംഇഎ എൻജിനീയറിങ് കോളേജായിരുന്നു വേദി. വിദ്യാ‍ർഥികളും പൊതുജനങ്ങളും രാവിലെ ആറു മുതൽ മുഖം കാണിച്ചു. തുടർച്ചയായി 12 മണിക്കൂറിൽ എഴുന്നൂറിലധികം കാരിക്കേച്ചറുകൾ വരച്ചുനൽകി റെക്കോർഡിട്ടു. കുട്ടികൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുക എന്ന മുദ്രാവാക്യമുയർത്തിയാണ്‌ ഡ്രോയിങ് ഷോ സംഘടിപ്പിച്ചത്‌. 

∙ പുസ്തകങ്ങൾ, സിനിമകൾ

ഡ്രോയിങ് ഫോർ ഓൾ എന്നതായിരുന്നു ആദ്യ പുസ്തകം. ഇപ്പോൾ അറുപതു പുസ്തകങ്ങൾ രചിച്ചു. എല്ലാം വരകളെ കുറിച്ചാണ്. ലോക കാർട്ടൂണിന്റെ എൻസൈക്ലോപീഡിയ പണിപ്പുരയിലാണ്. പ്രശസ്ത കാർട്ടൂണിസ്റ്റുകളുടെ പ്രധാന കഥാപാത്രങ്ങളെ വരയ്ക്കുന്നതിന്റെ സൂത്രവും ഇതിനൊപ്പമുണ്ടാകും. പാഠപുസ്തകങ്ങളും പഠനവിഡിയോകളും കൂടാതെ സാരോപദേശ കഥകൾ വരപ്പുസ്തകമാക്കാനും ശ്രമമുണ്ട്. പ്രമേഹത്തെ കുറിച്ച് മധുരം, മദ്യത്തിനെതിരെ കെയര്‍ഫുള്‍, ബ്രസീലിലെ ഫുട്ബാളിനെയും ഭക്ഷണത്തെയും കുറിച്ചുള്ള ഫൂഡ്ബാള്‍, ജലദൗര്‍ലഭ്യ ദുരിതങ്ങളുമായി പ്രെഷ്യസ്, ലഹരിക്കെതിരെ സ്മോക്കില്‍, മയക്കുമരുന്നിനെതിരെ ഫ്രീഡം ഫ്രം ഡ്രഗ്സ്‌, ശിശുപീഡനത്തിനെതിരെ ചെയിൽഡ്‌ ഹുഡ്‌, അന്ധർക്കായുള്ള കാസ്റ്റ്ലിംഗ്‌ തുടങ്ങിയ ഷോർട്ട് ഫിലിമുകളും ആനിമേറ്റഡ് ഫിലിമുകളും ഒരുക്കി. വര പോലെ സിനിമകൾ മിക്കവയും ഒരു മിനിറ്റിൽ തീരുന്നവയാണ്.

badusha-cartoon-2 പല നാട്ടിലെ പതിനായിരക്കണക്കിനു തലകളെ വരച്ചുവിടുന്നത് എങ്ങനെയെന്നു അദ്ഭുതത്തോടെ പലരും ചോദിക്കാറുണ്ട്. അതിനു സൂത്രപ്പണിയൊന്നുമില്ല. കഠിനപരിശ്രമവും ദൈവാധീനവും എന്നേ മറുപടിയുള്ളൂ...

ആലുവ തോട്ടുമുഖം കലുങ്കല്‍ വീട്ടില്‍ ഹംസ ഹൈദ്രോസിന്‍റെയും സുഹറയുടെയും മകനാണ് ബാദുഷ. സഫീനയാണ് ഭാര്യ. നേഹ, ഫനാൻ, ഐഷ എന്നിവർ മക്കളും. ലോകമൊട്ടാകെ കുട്ടികളെയും വലിയവരെയും പ്രചോദിപ്പിച്ചെങ്കിലും ഭാര്യയുടെ മുമ്പിൽ സുല്ലിട്ടെന്നു ബാദുഷ. വെറൊന്നുമല്ല, കഴിവുണ്ടായിട്ടും അവർ വരയുടെ ലോകത്തേക്കു തിരിഞ്ഞതേയില്ല. സ്വയംപ്രചോദിതരെ മാത്രമേ മറ്റുള്ളവർക്കു സഹായിക്കാനാകൂ എന്നു തിരിച്ചറിഞ്ഞത് ഇങ്ങനെയാണെന്നും ബാദുഷ പറയുന്നു.

∙ വരയുടെ സൂത്രമിതാ

വരയ്ക്കാൻ സൂത്രമുണ്ടോ. ജന്മനാ ചിലർക്കു മാത്രം കിട്ടുന്ന കഴിവല്ലേയത്. എല്ലാവരിലും വരയുണ്ട് എന്നാണ് എന്റെ അനുഭവം. അതു തിരിച്ചറിയാത്തതാണ്. അല്ലെങ്കിൽ അതിനു ശ്രമിക്കാത്തത്. വരയ്ക്കൊരു സൂത്രമുണ്ട്. അറി‍ഞ്ഞോ അറിയാതെയോ കാർട്ടൂണിസ്റ്റുകളെല്ലാം പിന്തുടരുന്ന ശീലം. എല്ലാ മനുഷ്യരുടെയും മുഖങ്ങൾക്ക് ചില പ്രത്യേക രൂപമാണ്. വട്ടം, ചതുരം, ത്രികോണം, ദീർഘചതുരം... കണ്ണിനും മൂക്കിനും ശരീരത്തിനാകെയും ഈ രൂപത്തിന്റെ തുടർച്ചയുണ്ടാകും. ആദ്യമതു കണ്ടെത്തണം. മുടി, കണ്ണ്, മൂക്ക്, ചെവി തുടങ്ങിയ ഭാഗങ്ങളിലെ പ്രത്യേകതകൾ മനസിലാക്കണം. ഇത്രയുമറിഞ്ഞാൽ വരയുടെ ഹരിശ്രീ കുറിക്കാം. തുടർച്ചയായി ശ്രമിച്ചാൽ തെളിയും. കുറച്ചു വരയിലാണ് കാർട്ടൂൺ ഒരുക്കേണ്ടത്.

badusha-cartoon-1 മൈതാനത്തു നിറഞ്ഞാടിയ മഞ്ഞപ്പടയെ വരയ്ക്കാനായാതാണ് മറ്റൊരു സന്തോഷം. കേരള ബ്ലാസ്റ്റേഴ്സിന്റെ ഔദ്യോഗിക കാരിക്കേച്ചറിസ്റ്റായിരുന്നു...

കാരിക്കേച്ചറിനു കൂടുതൽ വരയാവാം. നിറവുമാകാം. വരയ്ക്കുന്നയാൾ ഒരാളുടെ രൂപ വൈകൃതങ്ങളാണ് പൊതുവെ ശ്രദ്ധിക്കുക. ഉന്തിയ പല്ല്, വലിയ മൂക്ക്, ആനച്ചെവി, തൂങ്ങിയ കവിൾ എന്നിങ്ങനെ. അതിശയോക്തി കലർത്തിയാണ് വരയ്ക്കേണ്ടത്. ചിലയാളുകൾക്കിത് ഇഷ്ടപ്പെടാറില്ല. ചിത്രം കണ്ടിട്ടു സങ്കടത്തോടെ മുഖം വീർപ്പിക്കുന്നവരോടു എന്തുപറയാനാണ്. അതിനുശേഷമാണ് കാരിക്കേച്ചർ സ്വഭാവം നിലനിർത്തി ആളുകളെ സുന്ദരമായി വരയ്ക്കാൻ തുടങ്ങിയത്. പല നാട്ടിലെ പതിനായിരക്കണക്കിനു തലകളെ വരച്ചുവിടുന്നത് എങ്ങനെയെന്നു അദ്ഭുതത്തോടെ പലരും ചോദിക്കാറുണ്ട്. അതിനു സൂത്രപ്പണിയൊന്നുമില്ല. കഠിനപരിശ്രമവും ദൈവാധീനവും എന്നേ മറുപടിയുള്ളൂ.