Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപമാനിക്കുവാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടിച്ചു നോക്കി നിൽക്കുന്ന പോലീസിനെ ഏൽപ്പിച്ചു, സുറുമി സ്റ്റൈൽ!

surumi

‘ആണുങ്ങൾ ആണുങ്ങളെപ്പോലെ പെരുമാറിയില്ലെങ്കിൽ, പെണ്ണുങ്ങൾ ആണുങ്ങളാകും’സുറുമി രഞ്ജിത്ത് എന്ന 27 വയസ്സുകാരിയുടെ വാക്കുകൾ. സുറുമി ആരെന്നോ, കേളമ്പാക്കത്തെ ഒഎംആർ റോഡിനു സമീപം തന്നെ അപമാനിക്കുവാൻ ശ്രമിച്ചയാളെ ഓടിച്ചിട്ട് പിടികൂടി പൊലീസിനു നൽകിയിട്ട് ‘നോക്കി നിൽക്കാതെ കേസെടുക്കൂ സാറെ’ എന്നു പറഞ്ഞ എറണാകുളം കച്ചേരിപ്പടി സ്വദേശിനി. തനിക്കുനേരെ വന്ന എല്ലാ കടന്നാക്രമണങ്ങൾക്കെതിരെയും ഇതിനുമുൻപും പ്രതിരോധത്തിന്റെ ഉറുമി വീശിയിട്ടുണ്ട് സുറുമി . 

എട്ടുമാസം മുൻപാണു സുറുമി വടകര സ്വദേശി രഞ്ജിത്ത് ആർ.നായരെ വിവാഹം കഴിച്ച് കേളമ്പാക്കത്തെ വീരാണുസാലൈക്കു സമീപമുള്ള ഫ്ലാറ്റിലേക്കു താമസം മാറിയത്. സന്ധ്യയ്ക്കു വിളക്കു കൊളുത്തുമ്പോൾ പൂക്കൾകൂടി താലത്തിൽ വയ്ക്കുന്ന പതിവ് തമിഴ്നാട്ടിലുണ്ട്. സുറുമിയും ആ പതിവു പിൻതുടർന്നു. കഴിഞ്ഞ അഞ്ചിനു വിളക്കുകൊളുത്താൻ തയാറെടുക്കുമ്പോഴാണു താലത്തിൽ വയ്ക്കാൻ പൂക്കൾ ഇല്ലെന്നറിയുന്നത്.അതു വാങ്ങാനായി താമസസ്ഥലത്തുനിന്ന് ഒരുകിലോമീറ്റർ അകലെയുള്ള കടയിലേക്കു പോയി. 

ഒഎംആർ റോഡിനു സമീപമുള്ള പിള്ളയാർകോവിൽ സ്ട്രീറ്റിലൂടെ നടക്കുമ്പോൾ രണ്ടുപേർ പിന്നിലൂടെ ബൈക്കിലെത്തി. ആദ്യമൊന്നും സുറുമി അവരെ ശ്രദ്ധിച്ചില്ല. പിന്നീട് അവർ കമന്റടിക്കാനും അശ്ലീലച്ചുവയുള്ള വാക്കുകൾ പറയാനും തുടങ്ങി. സുറുമിയുടെ തെട്ടടുത്തെത്തി ശരീരത്തു തൊട്ട് അപമാനിച്ചശേഷം മോശം വാക്കുകൾ പറഞ്ഞിട്ട് ബൈക്കോടിച്ചു പോയി. 

ബൈക്കിനൊപ്പം ഓടി 

സുറുമി ഒരുനിമിഷം പതറി. ഇതുകണ്ട് അക്രമികൾ കൂടുതൽ ഉൽസാഹത്തോടെ തങ്ങൾ ചെയ്ത ‘വീരകൃത്യത്തിൽ’ സന്തോഷിച്ചു ബൈക്കിൽ മുന്നോട്ടു നീങ്ങി. ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല; കുതിക്കാനാണ്’ എന്ന കാര്യം അക്രമികളുണ്ടോ അറിയുന്നു. 

നിമിഷനേരത്തെ ഞെട്ടലിൽനിന്നു മോചനംനേടിയ സുറുമി തിരക്കേറിയ റോഡിലൂടെ മുന്നോട്ടുകുതിച്ചു. തന്റെ ശരീരത്തിൽ സ്പർശിച്ചശേഷം ബൈക്കോടിച്ചു പോയ തിരുച്ചിറപ്പള്ളി സ്വദേശി ഡി. മണിയുടെ കോളറിൽ പിടിത്തമിട്ടു. ബൈക്കിന്റെ പിന്നിലിരുന്ന മണിയുടെ സുഹൃത്ത് കാര്യങ്ങൾ പന്തിയല്ലെന്നു മനസ്സിലാക്കിയതോടെ ഇറങ്ങിയോടി. 

കോളറിൽ പിടിത്തമിട്ട സുറുമിയുടെ കൈകളിൽനിന്നു രക്ഷപ്പെടാൻ മണി ബൈക്ക് വേഗത്തിൽ ഓടിച്ചു. സുറുമിയുണ്ടോ വിടുന്നു. ബൈക്കിനൊപ്പം സുറുമിയും ഓടി; തിരക്കേറിയ റോഡിലെ അപകടങ്ങളൊന്നും വകവയ്ക്കാതെ. 

മണിയെ പിടികൂടുകയെന്നതു മാത്രമായിരുന്നു ലക്ഷ്യം. സുറുമിയുടെ കൈക്കരുത്തിനു മുന്നിൽ കീഴടങ്ങുകയല്ലാതെ മറ്റുമാർഗങ്ങൾ മണിക്കില്ലായിരുന്നു. കാഴ്ചക്കാരനായി നോക്കിനിന്ന ട്രാഫിക് പൊലീസുകാരനോട് അക്രമിക്കെതിരെ കേസെടുക്കാൻ സുറുമി ആവശ്യപ്പെട്ടു. സിനിമയെ വെല്ലുന്ന കാഴ്ചകൾ കണ്ടവർ അമ്പരുന്നു നിന്നു; എല്ലാം കഴിഞ്ഞപ്പോൾ സഹായത്തിനായി ഓടിക്കൂടി.

ഇതൊക്കെ ഒരോട്ടമാണോ?

കായിക പരിശീലനത്തിനായി കിലോമീറ്ററുകൾ ഓടിയിട്ടും തളരാത്ത പെൺകരുത്താണു സുറുമി. കോതമംഗലം സെന്റ് ജോർജ് സ്കൂളിലെ പഴയ അത്‌ലിറ്റ്. ഹൈജംപിലും 400 മീറ്റർ ഓട്ടത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുള്ള സുറുമിക്കു തന്നെ അപമാനിച്ച മണിയുടെ ബൈക്കിന്റെ വേഗം വെല്ലുവിളിയായില്ല. ഹൈജംപിലെ പഴയ ഒന്നാംസ്ഥാനക്കാരി റോഡിലെ തടസ്സങ്ങൾ നിസ്സാരമായി ചാടിക്കടന്നു. 

തനിക്കുനേരെ നടന്ന ആക്രമണങ്ങൾക്കെതിരെ സുറുമി ഇതിനുമുൻപും പ്രതിരോധം തീർത്തിട്ടുണ്ട്. കേരളത്തിൽ പെൺകുട്ടികളെ അപമാനിക്കാൻ ശ്രമിക്കുമ്പോൾ തിരികെ പ്രതികരിച്ചാൽ കൂടെയുള്ളവരും പെൺകുട്ടിക്കൊപ്പം നിൽക്കുമെന്നും തമിഴ്നാട്ടിൽ കാര്യങ്ങൾ അങ്ങനെയല്ലെന്നും സുറുമി പറയുന്നു. തങ്ങൾക്കുനേരെ നടക്കുന്ന അക്രമങ്ങൾക്കെതിരെ സ്ത്രീകൾ പ്രതികരിക്കാതിരിക്കുന്നത് അക്രമികളെ കൂടുതൽ പ്രോൽസാഹിപ്പിക്കുവാൻ വഴിയൊരുക്കുമെന്നും സുറുമി കരുതുന്നു.

ആദ്യമല്ല, സുറുമി സ്റ്റൈൽ

പ്രതികരിക്കുവാൻ മടിച്ചുനിൽക്കുന്ന പെൺകുട്ടികൾക്കു വേണ്ടി ഇതിനു മുൻപും സുറുമി ‘ചില ഇടപെടലുകൾ’ നടത്തിയിട്ടുണ്ട്. സുറുമിയും ഭർത്താവ് രഞ്ജിത്തും ആറുമാസം മുൻപ് കേരളത്തിൽനിന്നു ചെന്നൈയിലേക്കു വന്നപ്പോൾ ചെന്നൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിൽ ഭിന്നശേഷിയുള്ള പെൺകുട്ടിക്കുനേരെ ചിലർ നടത്തിയ ആക്രമണത്തെ ഇവർ എതിർത്തു. മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോകുവാൻ ചിലർ ചേർന്നു ശ്രമിച്ചു. റെയിൽവേ പൊലീസിൽ വിളിച്ച് വിവരം അറിയിച്ച സുറുമി, സെൻട്രൽ സ്റ്റേഷനിലിറങ്ങിയ ശേഷം പെൺകുട്ടിയെ റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരുടെ കൈകളിൽ സുരക്ഷിതമായി ഏൽപിച്ചാണു മടങ്ങിയത്.       

കേളമ്പാക്കം ബസ് സ്റ്റാൻഡിലെ ചില ‘കമന്റടി വീരൻമാരും’ സുറുമിയുടെ കയ്യുടെ ചൂട് നല്ലതുപോലെ അറിഞ്ഞിട്ടുണ്ട്. ബസ് സ്റ്റാൻഡിനു സമീപം പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റലുണ്ട്. 

ഇവിടെനിന്നു ബസിൽ കയറുവാൻ വരുന്ന പെൺകുട്ടികളെ കമന്റടിക്കാൻ വേണ്ടിമാത്രം ചിലർ പരിസരത്തു കറങ്ങിനടക്കും. പെൺകുട്ടികൾ തിരികെയൊന്നും പറയാത്തതിനാൽ കമന്റടിക്കാർ തങ്ങളുടെ ജോലി തുടർന്നുപോന്നു.ബസ് കയറാൻ സുറുമി കൂടി പെൺകുട്ടികൾക്കൊപ്പം നിന്ന ദിവസം ചിലർ കമന്റുകളുമായി വന്നു. ഉടൻ സുറുമി അവർക്കു മറുപടി നൽകി. വാകൊണ്ടല്ല; കൈകൊണ്ട്. 

കൂടിനിന്നിരുന്ന പെൺകുട്ടികൾ അമ്പരപ്പോടെ ആ രംഗം നോക്കിനിന്നു. പൊതുസ്ഥലത്തു സുറുമിയുടെ കയ്യിൽനിന്ന് അടികൊണ്ട കമന്റടിവീരൻമാരുടെ വീര്യമൊക്കെ അതോടെ ചോർന്നു. ഏറെനാൾ തങ്ങൾ സഹിച്ച അപമാനത്തിൽനിന്നു രക്ഷിച്ച സുറുമിയോടു പെൺകുട്ടികൾ നന്ദിപൂർവം പറഞ്ഞു. ‘റൊമ്പ റൊമ്പ ടാങ്ക്സ് അക്കാ...’.

പിന്തുണയുമായി രഞ്ജിത്ത് 

അക്രമികളെ നേരിടുന്ന ‘സുറുമി സ്റ്റെലി’നു ഭർത്താവ് രഞ്ജിത്ത് ആർ.നായരുടെ എല്ലാവിധ പിന്തുണയുമുണ്ട്. ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലാണു കോഴിക്കോട് വടകര സ്വദേശി രഞ്ജിത്ത് ജോലിചെയ്യുന്നത്. സുറുമി അക്രമിയെ ഓടിച്ചിട്ടുപിടിച്ചു പൊലീസിനു നൽകിയ ദിവസം രഞ്ജിത്ത് ജോലിസ്ഥലത്തുനിന്ന് എത്തിയാണു കേളമ്പാക്കം പൊലീസ് സ്റ്റേഷനിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. 

സ്ത്രീകൾക്കെതിരെ അതിക്രമം കാട്ടുന്നവരോട് ഒരുവിട്ടുവീഴ്ചയും പാടില്ലെന്നു രഞ്ജിത്ത് പറയും. ശക്തമായി പ്രതികരിക്കാൻ തനിക്കു കരുത്തായി കൂടെയുള്ളതു രഞ്ജിത്താണെന്നു സുറുമിയും പറയുന്നു.രഞ്ജിത്തും സുറുമിയും താമസിക്കുന്ന ഫ്ലാറ്റിന്റെ ഉടമ നീലമേഘനും ഇവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്തുനൽകുന്നു.