Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സഖാവേ, കല്യാണമുണ്ടോ അൽപം ലാളിത്യമെടുക്കാൻ

wedding of the daughter of Geetha Gopi ഗീതാ ഗോപിയുടെ മകളുടെ വിവാഹത്തിൽനിന്ന്. ചിത്രം: ഫെയ്സ്ബുക്ക്

സിപിഐ എംഎൽഎ ഗീതാ ഗോപിയുടെ മകൾ വിവാഹത്തിന് എത്ര പവന്റെ ആഭരണമിട്ടു എന്നത് രാഷ്ട്രീയ ചർച്ചയാകുന്ന കാലത്ത് സിപിഐയുടെ തലമുതിർന്ന നേതാക്കൾ സ്വന്തം വിവാഹം ഓർമിക്കുന്നു... എന്താക്കെയുണ്ടായിരുന്നു അന്ന്... ഒപ്പം, സിപിഐയുടെ മറ്റൊരു വനിതാ എംഎൽഎ ഇ.എസ്. ബിജിമോളും.

kanam-rajendran2

∙ മൂന്നു മണിക്കൊരു കല്യാണം, സദ്യയില്ല, നാരങ്ങാവെള്ളം മാത്രം

(കാനം രാജേന്ദ്രൻ, സിപിഐ സംസ്ഥാന സെക്രട്ടറി)

കോട്ടയത്ത് ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയത്തിൽ വച്ച് 1975 ലായിരുന്നു എന്റെ വിവാഹം.  അന്ന് എഐവൈഎഫിന്റെ സംസ്ഥാന സെക്രട്ടറിയായിരുന്നു ഞാൻ. എന്റെ വീടിനനടുത്തു താമസിക്കുന്ന വനജയെയാണു ഞാൻ ജീവിതസഖിയാക്കിയത്.  പ്രണയ വിവാഹമല്ല, കേട്ടോ?   പക്ഷേ പരിചയമുണ്ടായിരുന്നു.  കോട്ടയം ഭാസിയാണു എനിക്ക് വരണമാല്യം എടുത്തു തന്നത്.  വളരെ ലളിതമായിരുന്നു ചടങ്ങുകൾ. വനജയ്ക്ക് ആവശ്യത്തിനു മാത്രം സ്വർണാഭരണങ്ങളേ ഉണ്ടായിരുന്നുള്ളൂ.  സദ്യ ഒഴിവാക്കി.  പങ്കെടുക്കാനെത്തിയവർക്കു നാരങ്ങാവെള്ളം മാത്രം നൽകി. എന്റെ രണ്ടു മക്കളുടെയും വിവാഹവും ആർഭാടം ഒഴിവാക്കിയാണു നടത്തിയത്.  മൂത്തമകൾ സ്മിതയുടെ വിവാഹം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ വച്ചായിരുന്നു. മകൻ സന്ദീപിന്റെ വിവാഹം കറുകച്ചാലിലായിരുന്നു.  മക്കളുടെ വിവാഹത്തിന് സദ്യയുമുണ്ടായിരുന്നു.  സിപിഐ നേതാക്കളുടെ വിവാഹ ചടങ്ങുകൾ ലളിതമായിരിക്കണമെന്നതിനെതിനെക്കുറിച്ച് പാർട്ടിയിൽ വ്യക്തമായ പെരുമാറ്റച്ചട്ടമുണ്ട്.  വിവാഹങ്ങൾ ലളിതമായിരിക്കണമെന്നും ആർഭാടം പാടില്ലെന്നും പെരുമാറ്റച്ചട്ടത്തിൽ പറയുന്നുണ്ട്.   ഇത്ര വേണം, ഇത്ര വേണ്ട എന്നതിനെക്കുറിച്ച് ഓരോ വ്യക്തിയും സ്വയം നിയന്ത്രണം ഉണ്ടാകണമെന്നാണു എന്റെ അഭിപ്രായം. എന്നാൽ പലരും ആർഭാടമായിട്ടാണു ഇപ്പോൾ വിവാഹം നടത്തുന്നത്. കല്യാണക്കുറികളിൽ പോലും ആർഭാടത്തിന്റെ കണിക തെളിഞ്ഞു കാണാം.  മകൾക്ക് 50 പവന്റെ സ്വർണാഭരണങ്ങൾ മാത്രമേ നൽകിയിട്ടുള്ളൂവെന്നും ബാക്കി ബന്ധുക്കൾ നൽകിയതാണെന്നുമാണു ഗീതാ ഗോപി എംഎൽഎ പറഞ്ഞത്.  എന്നാൽ, വിവാഹം സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്ത് വിവാദമാക്കി. വിഷയത്തിൽ ഗീതാ ഗോപി തൃശൂർ ജില്ലാ കമ്മിറ്റിക്കു വിശദീകരണം നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ ജില്ലാ കമ്മിറ്റിയാണു തീരുമാനമെടുക്കേണ്ടത്.

Pannyan Raveendran പന്ന്യൻ രവീന്ദ്രൻ, സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം

∙ ചോറും ചട്ടിയിലെ അയലക്കറിയും 14 പവനും

(പന്ന്യൻ രവീന്ദ്രൻ, സിപിഐ ദേശീയ സെക്രട്ടറിയേറ്റംഗം)

21ാം വയസിലായിരുന്നു എന്റെ വിവാഹം.  ഫുട്ബോൾ കളിയും, ഇത്തിരി പൊതുപ്രവർത്തനവും ബീഡി തെറുക്കലുമായി കഴിഞ്ഞിരുന്ന കാലം. സഹോദരിയെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ എന്റെ വീട്ടിൽ ആളില്ലാതായി. അപ്പോഴാണു എനിക്കു വേണ്ടി അമ്മ ഒരു പെണ്ണിനെ കണ്ടു വച്ചത്.  കണ്ണൂർ കക്കാടുള്ള എന്റെ വീടിനു ഒരു കിലോ മീറ്റർ അകലെയാണു എന്റെ ഭാര്യ രത്നവല്ലിയുടെ വീട്.  രത്നവല്ലിയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം. പന്തലില്ല, ആഘോഷമില്ല, ആർഭാടമില്ല.  50 പേർ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. ചോറും ഒരു കറിയും ചട്ടിയിൽ വിളമ്പിയ അയലക്കറിയും പ്രഥമനുമായിരുന്നു കല്യാണ സദ്യയ്ക്ക് വിളമ്പിയത്. പരസ്പരം മാലയിട്ടു തിരികെ വീട്ടിലേക്കു മടങ്ങി.  പെൺവീട്ടുകാർ അന്നു വൈകിട്ട് വീട്ടിൽ മടങ്ങിയെത്തിയപ്പോഴും അവർക്കു നൽകിയത് ചോറും അയലക്കറിയുമായിരുന്നു.  ഞങ്ങൾക്ക് കിടക്കാൻ കട്ടിൽ പോലുമില്ലായിരുന്നു. രണ്ടു തടിബെഞ്ചുകൾ ചേർത്തിട്ട് തുണി വിരിച്ചായിരുന്നു ഞങ്ങൾ മണിയറ ഒരുക്കിയത്.  14 പവന്റെ ആഭരണമായിരുന്നു രത്നവല്ലിക്കു വീട്ടുകാർ നൽകിയത്.  എന്റെ മക്കളായ രാകേഷ്, രൂപേഷ്, രതീഷ് എന്നിവരുടെ വിവാഹവും ലളിതമായിരുന്നു. ആർഭാടം പൂർണമായും ഒഴിവാക്കി. ജാതകവും മുഹൂർത്തവും നോക്കിയില്ല. കണ്ണൂരിലെ ചേംബർ ഓഫ് കൊമേഴ്സ് ഹാളിലായിരുന്നു രാകേഷിന്റെ വിവാഹ ചടങ്ങ്.  പന്തലും സദ്യയും ഒഴിവാക്കി.  ചായയും രണ്ടു ബിസ്ക്കറ്റും മാത്രമാണു വിവാഹത്തിൽ പങ്കെടുത്തവർക്കു നൽകിയത്.  കണ്ണൂർ ജവഹർ ലൈബ്രറി ഹാളിൽ ഒരേ ദിവസമായിരുന്നു രൂപേഷിന്റെയും രതീഷിന്റെയും വിവാഹം. ഒരു ഗ്ലാസ് പ്രഥമൻ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തവർക്കു നൽകിയത്.  വെളിയം ഭാർഗവന്റെ സൗകര്യാർഥമാണു വിവാഹ സമയം തീരുമാനിച്ചത്.  രൂപേഷിന്റെയും രതീഷിന്റെയും വിവാഹത്തിനു ഹാൾ വാടക, പായസമൊരുക്കൽ, കത്തു തയാറാക്കൽ, താലി മാല എന്നിവയ്ക്കായി 42000 രൂപ മാത്രമാണു ചെലവ

ായത്. ഒരു കമ്മ്യൂണിസ്റ്റുകാരൻ നാടിനും പ്രവർത്തകർക്കും മാതൃകയായിരിക്കണം.  സ്വയം പ്രവർത്തിച്ച് മറ്റുള്ളവർക്കു മാതൃകയാകേണ്ടവരാണു ഒരു കമ്മ്യൂണിസ്റ്റാണെന്നു എപ്പോഴും ഓ‍ർക്കണം. വിവാഹം ആർഭാടമാക്കരുതെന്നും ലളിതമാക്കണമെന്നും പാർട്ടിയുടെ പൊതു തീരുമാനമാണ്.  രാഷ്ട്രീയക്കാരുടെ ചലനങ്ങൾ സൂക്ഷ്മമായാണു ജനം വീക്ഷിക്കുന്നത്.  തെറ്റു പറ്റിയവർ തെറ്റു തിരുത്തണം. അല്ലാതെ ന്യായീകരണം പറയുന്നത് ശരിയല്ല.  

Binoy Viswam ബിനോയ് വിശ്വം, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം

∙ ആഭരണവും വേണ്ട, ആർഭാടവും വേണ്ട

(ബിനോയ് വിശ്വം, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം)

രാഷ്‌ട്രീയത്തിലെ സഖാവായ ഷൈല സി. ജോർജിനെ ഞാൻ ജീവിതസഖിയാക്കിയതും ലളിതമായ ചടങ്ങിലൂടെയായിരുന്നു. എഐഎസ്‌എഫിന്റെ അഖിലേന്ത്യാ സെക്രട്ടറി ആയിരിക്കുമ്പോഴായിരുന്നു 1981 ഒക്‌ടോബർ പത്തിന് ഞാനും ഷൈലയും വിവാഹിതരായത്. എറണാകുളം ടൗൺഹാളിൽ അന്നത്തെ പാർട്ടി സെക്രട്ടറി എൻ. ഇ. ബാലറാമിന്റെ കാർമ്മികത്വത്തിൽ. മുൻ എംഎൽഎയും കമ്മ്യൂണിസ്‌റ്റ് പാർട്ടിയുടെ സമുന്നതനായ നേതാവുമായ സി. കെ. വിശ്വനാഥന്റെ മകനും കൂത്താട്ടുകുളം മേരിയുടെ മകളും തമ്മിലുള്ള വിവാഹമായതിനാൽ മിക്കവാറും എല്ലാ രാഷ്‌ട്രീയ പാർട്ടികളുടെയും നേതാക്കളെല്ലാം ആ കല്യാണത്തിൽ പങ്കെടുത്തിരുന്നു. മക്കളായ രശ്മിയുടെയും സൂര്യയുടെയും വിവാഹം ഞാൻ ലളിതമായി നടത്തി. രശ്‌മിയുടെ കല്യാണക്കാര്യം ചർച്ചയ്‌ക്കെടുത്തപ്പോൾ ആർഭാടം വേണ്ട എന്ന കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു ഞാനും ഭാര്യ ഷൈലയും മക്കളും. ആഭരണങ്ങളെക്കാൾ പുസ്‌തകങ്ങളെ സ്‌നേഹിക്കാൻ പഠിച്ചതുകൊണ്ട് ആഭരണങ്ങളെപ്പറ്റി ചർച്ചയേ വേണ്ടിവന്നില്ല. തിരുവനന്തപുരത്തെ പട്ടം സബ് റജിസ്‌ട്രാർ ഓഫീസിൽ വച്ചായിരുന്നു രശ്മിയുടെ വിവാഹം. ബിനോയ് വിശ്വത്തിന്റെയും ഭാര്യ രശ്മിയുടെയും സഹോദരങ്ങൾ മാത്രമായിരുന്നു ക്ഷണിക്കപ്പെട്ട അതിഥികൾ. വിവാഹശേഷം ബിനോയിയുടെ സഹോദരിയുടെ വീട്ടിൽവച്ച് ചെറിയ ചായ സൽക്കാരം. ആഘോഷം അതിൽ മാത്രമൊതുങ്ങി.  ബിനോയയുടെ മകളുടെ വിവാഹം ലളിതമാക്കിയതിനെക്കുറിച്ച് അന്നത്തെ പാർട്ടി സെക്രട്ടറി വെളിയം ഭാർഗവൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു: ‘‘ഇതിന്റെ കാര്യമേയുള്ളൂ’’.   ആ രണ്ടു വാക്കിൽ എല്ലാമുണ്ടെന്നു ബിനോയ് വിശ്വം പറയുന്നു. രണ്ടാമത്തെ മകൾ സൂര്യയുടെ വിവാഹവും ലളിതമായിരുന്നു. കോഴിക്കോട് വച്ചാണു വിവാഹം റജിസ്റ്റർ ചെയ്തത്. 25 പേർ മാത്രമാണു വിവാഹത്തിൽ പങ്കെടുത്തത്. ബിനോയ് വിശ്വത്തിന്റെ മക്കളുടെ വിവാഹത്തിലെ ലാളിത്യത്തെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രശംസിച്ചിരുന്നു.  

K E Ismail കെ.ഇ. ഇസ്മായിൽ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം

∙ മധുരം വിളമ്പാതെ സദ്യയില്ലാതെ പാർട്ടിക്കല്യാണം 

(കെ.ഇ. ഇസ്മായിൽ, സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം)

1972ൽ പാലക്കാട് ടൗൺ ഹാളിൽ വച്ചായിരുന്നു എന്റെയും ഖയറുന്നീസബിയുടെയും വിവാഹം.  അന്നെനിക്ക് 28 വയസ്.  പ്രണയവിവാഹമായിരുന്നു. ഭാര്യാ വീട്ടുകാരുടെ ശക്തമായ എതിർപ്പു വകവയ്ക്കാതെയായിരുന്നു വിവാഹം.  ഞാനന്ന് പാർട്ടി സംസ്ഥാന കൗൺസിൽ അംഗം.  ജോലിയില്ലാത്ത എനിക്ക് ഖയറുന്നീസയെ വിവാഹം ചെയ്തു തരാൻ വീട്ടുകാർക്കു മടി.  ഖയറുന്നീസയാണെങ്കിൽ അന്ന് ബി.എഡ് കഴിഞ്ഞ് നിൽക്കുകയായിരുന്നു.  കുളിക്കാൻ പോകുകയാണെന്നു പറഞ്ഞ് ഒരു ദിവസം രാവിലെ ഖയറുന്നീസ വീട്ടിനു പുറത്തിറങ്ങി.  നേരെ എന്റെ വീട്ടിലെത്തി.  ഞാൻ ഖയറുന്നീസയെയും കൂട്ടി തൃശൂരിലെ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി.  അന്നു ടി.കെ. കരുണനായിരുന്നു ജില്ലാ സെക്രട്ടറി.  പതിനൊന്നു മണിയായിക്കാണണം.  രക്തഹാരം പരസ്പരം അണിയിച്ചു.  പിന്നെ സബ് റജിസ്ട്രാർ ഓഫിസിലെത്തി റജിസ്റ്റർ വിവാഹം.  കാപ്പിയില്ല, സദ്യയില്ല, മധുര വിതരണമില്ല. ഒരു ആഘോഷവുമില്ല. നേരേ വീട്ടിലേക്കു പോയി.  എന്റെ മക്കളായ ലാലു, ബൈജു, സീമ എന്നിവരുടെ വിവാഹങ്ങളും ലളിതമായിരുന്നു. പാലക്കാട് ടൗൺ ഹാളിലായിരുന്നു ലാലുവിന്റെ വിവാഹം.  ഞാനന്നു റവന്യു മന്ത്രിയായിരുന്നു. മകന്റെ വിവാഹക്ഷണക്കത്തിൽ എന്റെ പദവി പോലും രേഖപ്പെടുത്തിയിരുന്നില്ല. പി.കെ. വാസുദേവൻ നായരായിരുന്നു മാല എടുത്തു നൽകിയത്.  സദ്യ ഒഴിവാക്കി. സ്വർണാഭരണങ്ങളും പരിതമിതമായിരുന്നു.  സീമയുടെയും ബൈജുവിന്റെയും വിവാഹത്തിന് സദ്യയുണ്ടായിരുന്നു. ഗീതാ ഗോപി എംഎൽഎയുടെ മകളുടെ വിവാഹത്തിന്റെ പേരിലുള്ള വിവാദത്തിനു പിന്നിൽ ചില തൽപ്പര കക്ഷികളാണ്.  ആ വിവാഹച്ചടങ്ങിൽ ഞാനും പങ്കെടുത്തിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതു പോലെ ആർഭാടമൊന്നും ആ വിവാഹത്തിനില്ലായിരുന്നു.  

Bijimol ഇ.എസ്. ബിജിമോൾ, എംഎൽഎ

∙ പഫ്സും കാപ്പിയും പൊതിഞ്ഞെടുത്ത 27 പവനും

(ഇ.എസ്. ബിജിമോൾ, എംഎൽഎ)

1996 നവംബറിലായിരുന്നു പി.ജെ. റെജിയുമായുള്ള എന്റെ വിവാഹം. അന്ന് അഴുത ബ്ലോക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു ഞാൻ.  ഏലപ്പാറ അൽഫോൺസ ചർച്ചിൽ വച്ചായിരുന്നു വിവാഹം.  സദ്യ ഒഴിവാക്കിയിരുന്നു. പങ്കെടുത്തവർക്ക് കാപ്പിയും പഫ്സും നൽകി.  എന്റെ മാതാവ് എനിക്കായി 27 പവന്റെ സ്വർണാഭരണം കരുതി വച്ചിരുന്നു. എന്നാൽ വിവാഹ ദിവസം അത് അണിയാൻ റെജി എന്നെ അനുവദിച്ചില്ല. അദ്ദേഹത്തിന് അത്  ഇഷ്ടമല്ലായിരുന്നു.  അമ്മ നൽകിയ ആഭരണങ്ങൾ പൊതിയിലാക്കിയാണു ഞാൻ ഭർത്തൃ വീട്ടിലേക്കു പോയത്.  എന്റെ വിവാഹം എങ്ങനെ നടത്തണമെന്നതിനെക്കുറിച്ച് എനിക്കു തീരുമാനിക്കാം. പക്ഷേ എന്റെ മക്കളുടെ വിവാഹക്കാര്യത്തിൽ അവരുടെ കൂടി അഭിപ്രായം കണക്കിലെടുക്കേണ്ടേ? 

ജയദേവൻ കട്ടയ്ക്കു പറഞ്ഞ ചില കാര്യങ്ങൾ 

കട്ടൻ ചായയുടെയും പരിപ്പുവടയുടെയും കാലം കഴിഞ്ഞെന്ന് ഈയിടെ ഓർമിപ്പിച്ചത് സിപിഐയുടെ എം.പി  സി.എൻ. ജയദേവൻ 

കട്ടൻചായയും പരിപ്പുവടയും എന്നു പറഞ്ഞാലുടനെ കമ്യൂണിസ്റ്റ് പാർട്ടിയെ ഓർമവരുന്നത് എങ്ങനെ ? ചൂടൻ  കട്ടൻ ചായയും മൊരിഞ്ഞ പരിപ്പുവടയും കമ്മ്യൂണിസറ്റ് പാർട്ടി യോഗങ്ങളിൽ ഒഴിവാക്കാനാകാത്ത ഘടകമായിരുന്നുവെന്നാണു ആദ്യകാല കമ്മ്യൂണിസറ്റുകൾ പറയുന്നത്.

 എന്നാൽ, ഇപ്പോൾ നടക്കുന്ന പാർട്ടിയോഗങ്ങളിൽ കട്ടൻ ചായയും പരിപ്പുവടയുമാണോ വിതരണം ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുന്നു.  ‘‘ചിലയിടത്ത് എത്തുമ്പോൾ കാപ്പി കിട്ടും. ചിലപ്പോൾ ചായയും. കട്ടൻ ചായയും കിട്ടാറുണ്ട്.  എന്നാൽ ചില യോഗങ്ങളിൽ പോയാൽ തുള്ളി വെള്ളം പോലും കിട്ടാറില്ല. യോഗം വിളിക്കുന്നത് കാപ്പിയും ചായയും കുടിക്കാനല്ല,  കാര്യങ്ങൾ ചർച്ച ചെയ്യാനല്ലേ?’’–കാനം രാജേന്ദ്രൻ കട്ടൻച്ചൂടു കൊണ്ടുള്ള ചോദ്യമെറിയുന്നു. 

കട്ടൻചായയെക്കുറിച്ചു 2007ൽ ഇ.പി. ജയരാജൻ നടത്തിയ പരാമർശങ്ങൾക്ക് അടിവരയിടുന്നതാണു സിപിഐ എംപി സി.എൻ. ജയദേവന്റെ ഇപ്പോഴത്തെ പരാമർശങ്ങൾ.  ബീഡി വലിച്ചും താടിവളർത്തിയും പരിപ്പുവട തിന്നും നടന്നാൽ പാർട്ടി വളരില്ലെന്നായിരുന്നു ജയരാജൻ അന്നു പറഞ്ഞത്. ജയരാജന്റെ പരാമർശത്തിനെതിരെ വിഎസ് പക്ഷം കട്ടൻ ചായയുമായി രംഗത്തെത്തി. വിഎസ് പക്ഷം നടത്തുന്ന പൊതുപരിപാടികളിൽ കട്ടൻ ചായയും പരിപ്പുവടയും വിതരണം ചെയ്താണു ജയരാജനെതിരെ പ്രതിഷേധിച്ചത്. അന്നു കട്ടൻ ചായ വിതരണത്തിനെത്തുമ്പോൾ അണികളുടെയും അനുഭാവികളുടെയും ചുണ്ടിൽ പാലു കലരാത്ത ചിരി വിടരുമായിരുന്നുവത്രെ.

Read more.. More stories