Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തടിച്ചിയെന്നു വിളിച്ച മക്കൾക്ക് ഒരമ്മ നൽകിയ കിടിലൻ മറുപടി വൈറൽ

Allison Kimmey ആലിസൺ കിമ്മീ മക്കൾക്കൊപ്പം

വസ്ത്രം അൽപമൊന്നു ഇറുകിക്കിടന്നാൽ വണ്ണംവച്ചല്ലോ എ​ന്നു കളിയാക്കി പറയുന്ന സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത്. പരസ്യങ്ങളിലും സിനിമകളിലും മാത്രം കണ്ടിട്ടുള്ള സൈസ് സീറോ ഫിഗറുകളെ മനസിൽ ആരാധിച്ചു നടക്കുന്ന പലർക്കും യഥാർഥ ജീവിതങ്ങളിലെ അൽപം വണ്ണംവച്ച സ്ത്രീയെയും പുരുഷനെയുംപോലും അംഗീകരിക്കാൻ മടിയാണ്. ഇനി തങ്ങൾ കണ്ടുശീലിച്ച സോകോള്‍ഡ് ബ്യൂട്ടി സങ്കൽപങ്ങളില്ലാത്ത കുറച്ചു തടിയുള്ളവരെ കണ്ടാലോ, ഒന്നു കളിയാക്കാനോ കുറ്റപ്പെടുത്താനോ മുതിരാതിരിക്കില്ല. 

പറഞ്ഞുവന്നത് മറ്റൊന്നുമല്ല, ഇത്തരം സങ്കൽപങ്ങൾ ബാല്യകാലത്തിലേ നാം തിരുത്തേണ്ടതാണ്, അതിന്റെ ആദ്യപാഠങ്ങൾ ചൊല്ലിത്തരേണ്ടത് ഓരോ വീടുകളിൽ നിന്നുമാണ്. പൊണ്ണത്തടി എന്ന വാക്കിനെ അധിക്ഷേപമായി മാത്രം കണ്ട തന്റെ രണ്ടു മക്കൾക്ക് ഒരമ്മ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. ആലിസൺ കിമ്മീ എന്ന പ്ലസ് സൈസ് മോഡൽ ആണ് മക്കളുടെ തന്നെ കളിയാക്കലിനിരയായി അവർക്ക് മാതൃകാപരമായ മറുപടി നൽകിയ അമ്മ. മക്കളുമായുണ്ടായ സംഭാഷണം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ആലിസണിനെ എല്ലാവരും അഭിനന്ദിക്കുകയാണ് ഇപ്പോൾ. 

''എന്റെ മകൾ ഇന്നെന്നെ ത‌ടിയുള്ളവളെന്നു വിളിച്ചു. മക്കളോടു കുളത്തിൽ നിന്നും കയറാൻ പറഞ്ഞതിൽ അരിശം പൂണ്ടാണ് മകള്‍ സഹോദരനോട് അമ്മ തടിച്ചിയാണെന്നു പറഞ്ഞത്. 

ഞാനവളോടു ചോദിച്ചു നീ എന്താണ് എന്നെക്കുറിച്ചു പറഞ്ഞതെന്ന്. അമ്മ തടിയുള്ളവളായിരുന്നുവെന്നാണ് ഞാൻ പറഞ്ഞത്, ക്ഷമിക്കൂ അമ്മേ എന്ന് മകൾ പറ‍ഞ്ഞു. 

ശേഷം ഞാനവളോടു വിശദമായിത്തന്നെ അതിനെക്കുറിച്ചു സംസാരിച്ചു. 'സത്യം എന്തെന്നാൽ ഞാൻ തടിച്ചിയല്ല. ആരും തടിച്ചികളല്ല. അങ്ങനെയാവാൻ നിങ്ങൾക്കു കഴിയില്ല. പക്ഷേ എന്റെ ശരീരത്തിൽ കൊഴുപ്പുണ്ട്. അതു നമുക്കെല്ലാം ഉണ്ട്. നമ്മുടെ എല്ലുകളെയും മസിലുകളെയും സംരക്ഷിച്ച് ശരീരത്തിന് ഊർജം പകരുകയാണ് അവ ചെയ്യുന്നത്'. 

'നിനക്കു തടിയുണ്ടോ?' ഞാൻ അവളോടു ചോദിച്ചു. ഉടൻ അവൾ പറഞ്ഞു, അതെ അമ്മേ എനിക്കു വയറിൽ കുറച്ചു തടിയുണ്ട്. 'അതെ, നിനക്കും എനിക്കും നിന്റെ സഹോദരനുമെല്ലാം വണ്ണമുണ്ട്'... ഉടൻ വന്നു അവന്റെ മറുപടി, 'എന്റെ ശരീരത്തിൽ കൊഴുപ്പടിഞ്ഞിട്ടില്ല, മസിലുകൾ മാത്രമേയുള്ളു'.  അപ്പോൾ ഞാൻ പറഞ്ഞു, 'യഥാർഥത്തിൽ ലോകത്തിലെ ഓരോ വ്യക്തികളിലും കൊഴുപ്പ‌ടിഞ്ഞിട്ടുണ്ട്, പക്ഷേ അതിന്റെ അളവു വ്യത്യസ്തമായിരിക്കും എന്നു മാത്രം'. അവൻ വിട്ടുതരാൻ ഉദ്ദേശ്യമില്ലായിരുന്നു. എനിക്ക് എന്റെ മസിലുകളെ സംരക്ഷിക്കാനുള്ളവ മാത്രമേയുള്ളു, പക്ഷേ അമ്മയ്ക്ക് എന്നേക്കാൾ കൂടുതലുണ്ട് എന്നവൻ വാദിച്ചു.

അതെ, ചിലർക്കു കൂടുതലായിരിക്കാം, ചിലർക്ക് അത്ര കാണില്ല. ഒരാൾ മറ്റൊരാളെക്കാൾ നല്ലതാണെന്ന അർഥം അതിനില്ല. രണ്ടു പേർക്കും മനസിലായോ?''–ഞാൻ ചോദിച്ചു.  അതോടെ  ഇനിയൊരിക്കലും ഒരാളെയും വണ്ണത്തിന്റെ പേരും പറഞ്ഞ് കളിയാക്കില്ലെന്ന് ഉറപ്പു നൽകിയാണ് ഇരുവരും സംസാരം അവസാനിപ്പിച്ചത്.

വണ്ണം എന്ന വാക്ക് ഒരു മോശം പദമല്ലെന്ന സന്ദേശമാണ് താൻ നൽകിയതെന്ന് ആലിസൺ പറയുന്നു,  അവർ അങ്ങനെ പറഞ്ഞതിന് ഞാൻ കുറ്റപ്പെ‌ടുത്തിയിരുന്നെങ്കിൽ അതു തെറ്റായ വാക്കാണെന്ന ധാരണ അവരിലുണ്ടാവുകയാണു ചെയ്യുക. അമിതവണ്ണം എ​ന്ന വാക്കിനെ അധിക്ഷേപിക്കുന്ന പദമായും കളിയാക്കുന്ന പദമായുമൊക്കെയേ അവർ പിന്നീടു കാണൂ. 

സിനിമകൾ, കളിസ്ഥലങ്ങൾ എന്നിങ്ങനെ ഓരോ തലങ്ങളിലും നിന്നും കാര്യങ്ങൾ പഠിക്കുന്ന മക്കൾക്കിടയിൽ, വീടുകളിൽ നിന്നുതന്നെയാണ് ഇത്തരം സന്ദേശങ്ങളുടെ അടിത്തറ പാകേണ്ടതെന്നുകൂടി വ്യക്തമാക്കുകയാണ് ആലിസൺ. 

ആലിസണിനെപ്പോലെ ഓരോ അമ്മമാരും ചിന്തിച്ചിരുന്നെങ്കിൽ ഈ ഭൂമിയിൽ ഇനിയൊരാളും പൊണ്ണത്തടിയും പേറി നടക്കുന്നവരെ കളിയാക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാത്ത തലമുറയായി വളർന്നേനെ. 

Read more: Viral News in Malayalam, Trending Malayalam News, Beauty Tips in Malayalam