Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'എപ്പോൾ വേണമെങ്കിലും വിളിക്കാം, ഇതാണെന്റെ നമ്പർ' , ആരാധകരുടെ 10 ചോദ്യങ്ങൾക്കു മറുപടിയുമായി ഷാരൂഖ് ഖാൻ

Sharukh Khan

ബോളിവുഡിന്റെ ബാദ്ഷാ ഷാരൂഖ് ഖാന് ഇന്ത്യക്കകത്തും പുറത്തുമൊക്കെയായി ആരാധകർ ഏറെയുണ്ട്. തന്റെ സിനിമാ ജീവിതം മാത്രമല്ല ഭാര്യ ഗൗരിക്കും മക്കളായ ആര്യനും സുഹാനയ്ക്കും അബ്റാമിനുമൊപ്പമുള്ള വിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കാനും ഷാരൂഖ് സമയം കണ്ടെത്താറുണ്ട്. അബ്റാം ഇപ്പോൾ തന്നെ ഇന്റർനെറ്റിലെ പ്രിയ താരപുത്രന്മാരിൽ ഒരാളുമാണ്. ഗൂഗിളില്‍ ഷാരൂഖിനെക്കുറിച്ചു തിരഞ്ഞ പത്തു ചോദ്യങ്ങൾക്കു മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഇപ്പോൾ. തന്നെക്കുറിച്ച് ആരാധകർ അറിയാൻ ആഗ്രഹിക്കുന്ന ആ പത്തു ചോദ്യങ്ങളുടെ മറുപടികൾ ഒരു വിഡിയോയിലൂടെയാണ് താരം പങ്കുവെക്കുന്നത്. 

ഷാരൂഖ് ഖാന് പ്രൈവറ്റ് ജെറ്റ് ഉണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം, സ്വതസിദ്ധമായ പുഞ്ചിരിയോടെ തമാശ കലർത്തി അതിനു താരം മറുപടി നൽകി. '' ഇതുവരെയും ഇല്ല, പക്ഷേ അതിനു വേണ്ടി നോക്കുന്നുണ്ട്. 1000കോടിയുടെ സിനിമ എ​നിക്കരികിലേക്കു വരാനായി കാത്തിരിക്കുകയാ‌ണ്''. അടുത്തതായിരുന്നു ആരാധകർ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യം, ഷാരൂഖിന്റെ ഫോൺ നമ്പർ ഏതാണ്? അതിന് ഒരു നമ്പർ പറഞ്ഞതിനു ശേഷം എപ്പോൾ വേണമെങ്കിലും വിളിച്ചോളൂ താൻ എടുത്തോളാം അതല്ലെങ്കിൽ മെസേജ് അയച്ചോളൂ തിരിച്ച് ഇമോജി സഹിതം മറുപടി നൽകാമെന്നാണ് താരം പറയുന്നത്. 

sharukh-gowri-1 ഷാരൂഖ് ഖാൻ ഭാര്യ ഗൗരിക്കൊപ്പം

അടുത്തതൊരു രസകരമായ ചോദ്യമായിരുന്നു, എന്തുകൊണ്ടാണ് ഷാരൂഖ് ഇത്രത്തോളം പ്രശസ്തനായത്? സുമുഖൻ, സുന്ദരൻ, ഉയരമുള്ളവൻ, സെക്സി ലുക്, നന്നായി സംസാരിക്കുന്നു ഇതൊക്കെ എനിക്കുണ്ടല്ലോ അതുകൊണ്ടാകാം എന്നു താരത്തിന്റെ മറുപടി. ഷാരൂഖ് ഖാന്റെ ശരീരത്തിൽ ടാറ്റു ഉണ്ടോ എന്ന ചോദ്യത്തിന് തനിക്കു ടാറ്റു ചെയ്യുന്നതു പേടിയാണെന്നും ചെയ്തിട്ടില്ലെന്നുമായിരുന്നു മറുപടി. 

ഷാരൂഖിന്റെ യഥാർഥ പേര് എന്താണെന്നാണ് ഗൂഗിളിൽ ഏറ്റവുമധികം തിരഞ്ഞ മറ്റൊരു ചോദ്യം. എന്നാല്‍ തന്റെ പേര് ഷാരൂഖ് ഖാൻ എന്നു തന്നെയാണെന്നും മുത്തശ്ശിക്ക് അബ്ദുൾ റഹ്മാൻ എന്നിടണമെന്നായിരുന്നു ആഗ്രഹം എങ്കിലും അച്ഛന്റെ നിർബന്ധത്തിൽ ഷാരൂഖ് എന്ന് ഇടുകയായിരുന്നു എന്നും താരം പറഞ്ഞു. അടുത്തതതായി വന്നതും ആരാധകരുടെ പ്രിയ ചോദ്യങ്ങളായിരുന്നു. ഷാരൂഖ് പത്നി ഗൗരിയെ കണ്ടെത്തിയത് എങ്ങനെയാണെന്നും മന്നത് സ്വന്തമാക്കിയത് എങ്ങനെയാണെന്നുമായിരുന്നു അത്. 

Sharukh ഷാരൂഖ് കുടുംബത്തിനൊപ്പം

ഒരു പാർട്ടിക്കിടയിൽ വച്ചാണ് ഗൗരിയെ കണ്ടെത്തിയതെന്നും ഒരുപാടു വേദനകൾക്കു ശേഷമാണ് മന്നത് നേടിയതെന്നും താരം പറഞ്ഞു. കടം വാങ്ങിയും പരസ്യങ്ങളും ഷോകളും ചെയ്തും അഞ്ചും ആറും വർഷത്തേക്കുള്ള അഡ്വാൻസ് വാങ്ങി അവർക്കു വേണ്ടി സിനിമകൾ ചെയ്തുമൊക്കെയാണ് താൻ മന്നത് എന്ന സ്വപ്നം സ്വന്തമാക്കിയത് എന്ന് ഷാരൂഖ് പറയുന്നു. 

ഇത്തരത്തിൽ താരത്തെക്കുറിച്ച് ഗൂഗിളിൽ തിരഞ്ഞ പത്തു ചോദ്യങ്ങൾക്കാണ് ഷാരൂഖ് മറുപടി നൽകുന്നത്. എന്തായാലും സംഗതി താരത്തിന്റെ ആരാധര്‍ക്ക് നന്നേ പിടിച്ച മട്ടുണ്ട്, എന്നെങ്കിലും നേരിൽ കാണുമ്പോൾ അറിയണം എന്നാഗ്രഹിച്ച പല ചോദ്യങ്ങൾക്കുമാണ് കിങ്ഖാൻ ഉത്തരം നൽകിയതെന്നാണ് ആരാധകർ ഒരേസ്വരത്തിൽ പറയുന്നത്. 

Read more:Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam