Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കൈകൾ ഇല്ലാത്തവന് പഠിപ്പ് എന്തിനെന്നു ചോദിച്ച് പ്രിൻസിപ്പൽ പുറത്താക്കി, ഇന്ന് ലോകം അറിയപ്പെടുന്ന കലാകാരൻ !!

Dhawal ആരുടേയും ശിക്ഷണമില്ലാതെ സ്വയം ചിത്ര രചന അഭ്യസിക്കാൻ തുടങ്ങി ധവാൽ

ആരെയും ചെറുതാക്കി കാണരുത് എന്ന വലിയൊരു പാഠമാണ് ധവാൽ ഖാദ്രി എന്ന കലാകാരന്റെ ജീവിതം. പൂർണനായാണ് ഞാൻ ജീവിക്കുന്നത് എന്ന തോന്നലിനൊടുവിൽ പെട്ടൊന്നൊരുനാൾ ചിറകറ്റു വീഴുക, സങ്കല്പിക്കാവുന്നതിലും ഏറെ അപ്പുറമാണ് ആ ദുർവിധി. ഇത്തരത്തിൽ കൈകൾ രണ്ടും നഷ്ടപ്പെടുമ്പോൾ ധവാലിനു പ്രായം 14  വയസ്സ് മാത്രം. മുളക്കും മുൻപേ കരിഞ്ഞ  സ്വപ്നച്ചിറകുകകൾ, അതായിരുന്നു ധവാൽ എന്ന മുംബൈ സ്വദേശി. ധവാലിന്റെ ഓർമയിൽ ആ ദിവസം ഇങ്ങനെ.....

dhaval6

'' ഉത്തരായൻ ആഘോഷങ്ങൾ നടക്കുന്ന സമയമായിരുന്നു. ഞാൻ വീടിന്റെ ടെറസിൽ പട്ടം പരത്തുകയായിരുന്നു. ഉയർന്നു പൊങ്ങുന്ന പട്ടത്തിന്റെ നൂലിൽ പിടിച്ച ആകാശം മുട്ടെയുള്ള സ്വപ്നങ്ങൾ കണ്ടിരുന്ന ആ നിമിഷങ്ങളിൽ ഏതോ ഒന്നിൽ, പട്ടത്തിന്റെ ചരട് കയ്യിൽ നിന്നും തെന്നി പോയി. എങ്ങനെയോ പകരം പിടുത്തം വീണത് തൊട്ടടുത്തായുള്ള ഇലക്ട്രിക് കമ്പിയിൽ . നിമിഷങ്ങൾക്കകം, ഷോക്കേറ്റ് ഞാൻ താഴേക്ക് വീണു. വീഴ്ചയുടെ ആഘാതത്തിൽ കുറച്ചു നിമിഷത്തേക്ക് ഹൃദയം നിലച്ചു പോയി. അക്ഷരാത്ഥത്തിൽ മരിച്ച അവസ്ഥ'' ധവാൽ പറയുന്നു. 

അപ്പോഴാണ്‌ തീർത്തും അവിചാരിതമായി ഒരു ഡോക്റ്റർ സംഭവം നടന്ന സ്ഥലത്ത് എത്തുന്നത്. ഉടനടി അടിയന്തര ചികിത്സ ലഭ്യമാക്കിയ അദ്ദേഹത്തിന്റെ പ്രവർത്തിയിലൂടെ ധവാൽ ജീവിതത്തിലേക്ക് തിരിച്ചു വന്നു. കൈകളിൽ പൊള്ളലേറ്റ ധവാൽ എന്ന ആ ബാലനെ ആശുപത്രിൽ എത്തിച്ചു. മാരകമായി പൊള്ളലേറ്റ കൈകൾ മുറിച്ചു മാറ്റുകയെന്നല്ലാതെ മറ്റു മാർഗങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. 14  വയസ്സിൽ ഇരുകൈകളും നഷ്ട്ടപ്പെട്ട അവസ്ഥ. എന്നാൽ തന്റെ സ്വപ്നങ്ങളെ ഒറ്റക്ക് ആക്കാൻ ധവാൽ തയ്യാറല്ലായിരുന്നു. 

Dhaval2

ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി കുറച്ചു ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ കൈകൾ കൊണ്ട് ചെയ്യുന്ന കാര്യങ്ങൾ കാലുകളുടെയും ശേഷിച്ച കൈഭാഗത്തിന്റെയും സഹായത്തോടെ ചെയ്യാൻ ധവാൽ അഭ്യസിച്ചു. പഠനം ഏതുവിധേനയും തുടരുക എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. എന്നാൽ കൈകൾ ഇല്ലാത്തവൻ എന്ത് പഠിക്കാനാണ് എന്ന് പറഞ്ഞുകൊണ്ട് ദശവാളിന്റെ സ്‌കൂൾ പ്രിൻസിപ്പൽ അവനെ നിഷ്കരുണം പുറത്താക്കി. താങ്ങാനാവാത്ത വേദനയാണ് ആ സംഭവം നൽകിയത് എങ്കിലും, ജീവിതത്തിൽ നഷ്ടപ്പെട്ടതെല്ലാം പൊരുതി നേടാൻ ആ കൗമാരക്കാരൻ തീരുമാനിക്കുകയായിരുന്നു. 

കഷ്ട്ടപ്പെട്ടു പഠിച്ച് മറ്റൊരു വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി. സമയനുബന്ധമായി പരീക്ഷകൾ എഴുതി തീർക്കുന്ന മിടുക്ക് ധവാലിനു ഡിഗ്രി നേടാൻ സഹായിച്ചു. കൈകൾ ഇല്ല എന്നത് ഒരു കുറവായി കരുതാതെ ആ യുവാവ് ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു. ആശുപത്രിക്കിടക്കയിൽ കിടന്നിരുന്ന കാലത്ത് അമ്മയാണ് പെൻസിൽ പഠിക്കാൻ ശീലിപ്പിച്ചത്. ആ ഓർമയിൽ ചായ പെന്സിലുകളെ കൂട്ടുപിടിച്ച് ധവാൽ ചിത്രങ്ങൾ വരയ്ക്കാൻ തുടങ്ങി. ഡിഗ്രി നേടിയ ശേഷം ചിത്ര രചന പഠിക്കാനായി പല സർവകലാശാലകളിലും അപേക്ഷിച്ചു എങ്കിലും കൈകൾ ഇല്ല എന്ന കാരണത്താൽ അത് തള്ളിക്കളയുകയായിരുന്നു. 

dhawal3

അങ്ങനെ ആരുടേയും ശിക്ഷണമില്ലാതെ സ്വയം ചിത്ര രചന അഭ്യസിക്കാൻ തുടങ്ങി ധവാൽ. ഇതിനോടകം 300  ൽപരം ചിത്രങ്ങൾ വരച്ച ധവാൽ തന്റെ ചിത്രങ്ങൾ വില്പനയ്ക്കും വയ്ക്കുന്നു. ഇന്ത്യക്ക് അകത്തും പുറത്തും  ധവാലിന്റെ ചിത്രങ്ങൾക്ക് ഇന്ന് ആവശ്യക്കാർ ഏറെയാണ്. ഗുജറാത്തിലും മുംബൈ നഗരത്തിലുമായി ധവാൽ ചിത്ര പ്രദർശനങ്ങളും നടത്തുന്നുണ്ട്. അടുത്തിടെ ഇഷ്ടതാരം സൽമാൻഖാന് സമ്മാനിക്കാനായി അദ്ദേഹത്തിന്റെ ഒരു ചിത്രം ധവാൽ വരച്ചിരുന്നു. 

ഒരിക്കൽ കൈകൾ ഇല്ലാത്തവന് പഠിപ്പ് എന്തിനെന്നു ചോദിച്ച്  സ്‌കൂളിൽ നിന്നും ഒരു 14  കാരനെ നിഷ്ക്കരുണം പുറത്താക്കിയ ആ അധ്യാപകൻ അറിയണം മോട്ടിവേഷണൽ സ്പീക്കറും, എഴുത്തുകാരനും, ചിത്രകാരനുമായ ധവാലിന്റെ കഥ. അതെ, തിരിച്ചടികളെ കരുത്താക്കി ഫീനിക്സ് പക്ഷിയെപ്പോലെ ഉയർന്ന ധവാലിന്റെ കഥ നമുക്കെല്ലാം തന്നെ ഒരു മാതൃകയാണ്.

Read more: Trending News in Malayalam, Viral News in Malayalam, Beauty Tips in Malayalam