Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ വസ്ത്രം കുളമായി, വധുവിന്റെ 8 വർഷം നീണ്ട നിയമപോരാ‌ട്ടം ഫലം കണ്ടു !

 Lehanga Representative Image

ഓരോ വ്യക്തിയും ഒരുപാടു പ്രതീക്ഷയോടെയാണ് വിവാഹമണ്ഡപത്തിലേക്ക് കാലെടുത്തു വയ്ക്കുക. വിവാഹദിനത്തിൽ ഏറെ സുന്ദരിയും / സുന്ദരനും ആയികാണുന്നതിനായിട്ടുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുൻപേ ആരംഭിക്കും. വിവാഹദിനത്തിൽ അണിയുന്ന വസ്ത്രം ഈ മുന്നൊരുക്കങ്ങളിൽ പ്രധാനമാണ്. അതീവ കരുതലോടെ ആവശ്യത്തിലേറെ സമയവും പണവും ചെലവഴിച്ചു വാങ്ങുന്ന വിവാഹവസ്ത്രം കണ്ടു കല്യാണത്തിന് എത്തിയവർ പരിഹസിച്ചാലോ? ആലോചിക്കാൻ വയ്യ അല്ലെ? 

ഈ അവസ്ഥയാണ് ഡൽഹി സ്വദേശിനിയായ ഒരു യുവതിക്ക് ഉണ്ടായത്. എട്ടു വര്‍ഷം മുൻപായിരുന്നു ആ വിവാഹം നടന്നത്. വധു ഏറെ ആഗ്രഹിച്ചു വാങ്ങിയ ലെഹങ്കയാണ്‌ അബദ്ധമായി മാറിയത്. കൃത്യമായ അളവു നൽകിയാണ് ലെഹങ്ക തയ്യാറാക്കാൻ പറഞ്ഞതെങ്കിലും, വിവാഹ ദിനത്തിൽ ഇട്ടപ്പോൾ, ലെഹങ്കക്ക് രണ്ടിഞ്ചു നീളം കുറവ്. അതായത്, നിലം മുട്ടി കാലുകൾ കാണാതെ നിൽക്കേണ്ട പാവാട, കാൽപാദത്തിനു മുകളിലായി വന്നു നിൽക്കുന്നു.

പോരെ പൂരം, ആളുകൾ കളിയാക്കിത്തുടങ്ങി. വിവാഹദിനം നാണക്കേടിൽ മുങ്ങി. നാട്ടിൽ വെള്ളപ്പൊക്കമാണോ എന്നു ചോദിച്ചവർ നിരവധി. ഉണ്ടായ മാനക്കേടുകൾ കടിച്ചമർത്തി വിവാഹം നടത്തി. വിവാഹം കഴിഞ്ഞു അടുത്ത ദിവസം വധു , നേരെ ലെഹങ്ക വാങ്ങിയ കടയിലേക്കു ചെന്നു. സംഭവിച്ച കാര്യങ്ങൾ പറയുകയും, ലെഹങ്ക ശരിയാക്കി നല്‍കാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ആവശ്യത്തിനു ജോലിക്കാർ ഇല്ല, തിരക്കാണ് എന്നെല്ലാം പറഞ്ഞ് കടയുടമ ഉഴപ്പി.

ഒടുവിൽ സമാനമായ മറ്റൊരു കഷ്ണം തുണി പിടിപ്പിച്ച് ലെഹങ്കയുടെ ഇറക്കം വർധിപ്പിച്ചപ്പോൾ ആകട്ടെ, കണ്ടം വച്ച കോട്ട് എന്നതായി അവസ്ഥ. അതോടുകൂടി യുവതിയുടെ ക്ഷമ നശിച്ചു. 2008  ൽ വിവാഹം ഉറപ്പിച്ചപ്പോൾ കരുതിയില്ല തന്റെ വിവാഹദിനം ഇത്ര കുളമാകുമെന്ന്. ക്ഷമനശിച്ച യുവതി നേരെ കോടതിയിലേക്ക് തിരിഞ്ഞു. പരാതി നൽകിയ ശേഷം നീണ്ട 8 വർഷത്തെ നിയമയുദ്ധം. ഒടുവിൽ കഴിഞ്ഞ ദിവസം കേസിനു വിധിവന്നു. 

8 വർഷം മുൻപ് ലെഹങ്ക വാങ്ങിയപ്പോൾ മുടക്കിയ 64,000  രൂപ വധുവിന് തിരിച്ചു നൽകാനായിരുന്നു കോടതി ഉത്തരവിട്ടത്. മാത്രമല്ല, മനനഷ്ടത്തിനുള്ള നഷ്ടപരിഹാരമായി 50000 രൂപ കൂടി യുവതിക്ക് നൽകാൻ കോടതി ഉത്തരവിട്ടു

Read more: Lifestyle Malayalam Magazine

related stories