Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു വിമാനം കിട്ടിയിരുന്നെങ്കിൽ.. ബ്യൂട്ടി പാർലർ തുടങ്ങാമായിരുന്നൂ..!

Plane Beautyparlour ആഡംബര സൗകര്യങ്ങളുള്ള വിമാന പാർലറിൽ ഒരേ സമയം നാലു ബ്യൂട്ടീഷൻമാർക്ക് ജോലി ചെയ്യാം.കൂടാതെ രണ്ട് ഹെയർ ഡ്രസർമാർക്കും ഒരു നെയിൽ ടെക്‌നീഷ്യനും ഇതിൽ സൗകര്യമുണ്ട്...

ആശയങ്ങൾ എപ്പോഴാണ് തലയിൽനിന്ന് ചാടിയെണീറ്റ് പുറത്തിറങ്ങുകയെന്നു പറയാൻ വയ്യ. ചില ആശയങ്ങൾ ലോകത്തെവരെ മാറ്റി മറിക്കാൻ തക്കതാകും. നന്മയ്‌ക്കോ നാശത്തിനോ പോന്നതാകാം അത്. ലോകോത്തര ആശയമൊന്നുമല്ലെങ്കിലും തന്റെ കരിയർ മാറ്റിമറിച്ച സ്‌കോട്‌ലൻഡിലെ ഒരു മെയ്ക്കപ് കലാകാരിയുടെ ആശയം ഇപ്പോൾ ഇ-ലോകത്ത് ചർച്ചയാണ്.

ആംബർ സ്‌കോട്ടെന്ന ഇരുപത്തഞ്ചുകാരിയാണ് നായിക. 10 വർഷമായി വീട്ടിൽ നശിച്ചുകിടന്ന ഒരു പഴയ വിമാനത്തിന്റെ ഉൾഭാഗം മോടി പിടിപ്പിച്ച് ബ്യൂട്ടിപാർലറാക്കിയിരിക്കുകയാണ് കക്ഷി. വിമാനം എന്നു പറയുമ്പോൾ കളിക്കോപ്പൊന്നുമല്ല, ഒറിജിനൽതന്നെ. 26 ലക്ഷംരൂപ മുടക്കിയാണ് വിമാനം ബ്യൂട്ടി പാർലറാക്കി മാറ്റിയത്. വിമാനം ആംബറിന്റെ വീട്ടിലെത്തിച്ചതിന്റെ ‘കഥ’ മാതാപിതാക്കളുടെ വക.

യാത്ര നിറുത്തിയ 1957 മോഡൽ എയർ അറ്റ്‌ലാന്റിക് കൺവയർ വിമാനം ആൻഡ്രുവും ട്രിഷിയയും 10 വർഷം മുൻപ് 22 ലക്ഷംരൂപയ്ക്ക് വാങ്ങിയതാണ്.  രാത്രി തങ്ങാനൊരു ലക്ഷ്വറി ലോഡ്ജ് സൗകര്യം ഒരുക്കുകയായിരുന്നു ഉദ്ദേശ്യം. വിമാനത്താവളത്തിൽനിന്ന് വിമാനം വീട്ടിലെത്തിക്കാൻ 17 ലക്ഷം രൂപകൂടി ചെലവായതോടെ അവർ ലോഡ്ജ് എന്ന

ലക്ഷ്യത്തെ കോക്പിറ്റിൽ ഉപേക്ഷിച്ചു. അന്നു മുതൽ കാഴ്ചക്കാർക്കു കൗതുകം പകർന്ന് ഇവരുടെ വീട്ടുവളപ്പിൽ കിടക്കുകയായിരുന്നു വിമാനം. 22 ടൺ ആണ് വിമാനത്തിന്റെ ഭാരം. ഇവർ ഇത് മകൾക്ക് കൈമാറിയതോടെയാണ് വഴിത്തിരിവ്. 

ആഡംബര സൗകര്യങ്ങളുള്ള വിമാന പാർലറിൽ ഒരേ സമയം നാലു ബ്യൂട്ടീഷൻമാർക്ക് ജോലി ചെയ്യാം.കൂടാതെ രണ്ട് ഹെയർ ഡ്രസർമാർക്കും ഒരു നെയിൽ ടെക്‌നീഷ്യനും ഇതിൽ സൗകര്യമുണ്ട്. അടുത്ത കൂട്ടുകാരെപ്പോലും അറിയിക്കാതെ അതീവ രഹസ്യമായാണ് ആംബർ വിമാനത്തെ ബ്യൂട്ടിപാർലറാക്കി മാറ്റിയത്. കഴിഞ്ഞ മാർച്ചിൽ തുടങ്ങിയതാണ് പണി.

ഈയടുത്ത ദിവസം പാർലർ തുറന്നതോടെ നല്ല പ്രതികരണമാണ് ആംബറിനു ലഭിക്കുന്നത്. പുതിയ ഉദ്യമത്തിൽ മകൾ വിജയിക്കുമെന്ന കാര്യത്തിൽ ആൻഡ്രുവിനും ട്രിഷിയയ്ക്കും യാതൊരു സംശയവുമില്ല. കാശു കുറെ പൊടിച്ചതല്ലേ, സംഗതി വിജയിക്കുമായിരിക്കും.

Read more: Lifestyle Malayalam Magazine