Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്റ്റൈലിഷ് രാഹുൽ, അണ്ടർ 17 ലോകകപ്പിൽ ഇവൻ തിളങ്ങും!!

Rahul ‘‘അപ്പിയറൻസ്–അതെന്റെ കോൺഫിഡൻസ് ആണ്’’– മോഡേൺ ആയി വസ്ത്രം ധരിക്കുന്നതിന്റെ കാരണം തിരക്കിയാൽ രാഹുലിന്റെ വിശദീകരണം ഇങ്ങനെ...

കണ്ണോളി കുടുംബത്തിലെ അപ്പൂപ്പനും മക്കളും കൊച്ചുമക്കളും ചേർന്നാൽ ഉശിരനൊരു സെവൻസ് ഫുട്ബോൾ ടീമായി. അപ്പൂപ്പനായ ബാലൻ പൊലീസ് സേനയിൽ ജോലി ചെയ്യുന്ന കാലത്തു മികച്ച ഫുട്ബോളറായി പേരെടുത്തയാൾ. ബാലന്റെ ഇളയമകൻ പ്രദീപ് അറിയപ്പെടുന്ന സെവൻസ് ഫുട്ബോൾ താരം. ബന്ധുക്കളായ പി.വി. സന്തോഷ്, പി.വി. സലേഷ്, പി.വി. സതീഷ് എന്നിവർ ദേശീയതാരങ്ങളായി പേരെടുത്തവർ. ഒടുവിലിതാ കെ.പി. രാഹുൽ എന്ന കൊച്ചുമകനും. ഫിഫ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക മലയാളിയായ കെ.പി. രാഹുൽ ഫുട്ബോൾ താരമായില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ! 

ജൂനിയർ വിജയൻ

ഇന്ത്യൻ ഫുട്ബോൾ ഇതിഹാസം ഐ.എം. വിജയനുമായി രാഹുലിനു ചില സാമ്യങ്ങളുണ്ട്. രാഹുലിന്റെയും വിജയന്റെയും ജന്മനാട് തൃശൂരാണ്. ഇരുവരുടെയും വീടുകൾ തമ്മിൽ ആറു കിലോമീറ്റർ അകലമേയുള്ളൂ. അക്കാദമിയിൽ നിന്നു കളി പഠിച്ചിറങ്ങിയവരല്ല വിജയനും രാഹുലും. തൃശൂരിലെ പ്രാദേശിക മത്സരങ്ങളിലൂടെ കളിച്ചുവളർന്നയാളാണ് വിജയൻ. പാടത്തെ സെവൻസ് മത്സരങ്ങള‍ായിരുന്നു രാഹുലിന്റെ ആദ്യ അക്കാദമി. ഇരുവരും ഫോർവേഡ് പൊസിഷനിൽ കളിക്കുന്നവർ. വിജയൻ ഇന്ത്യയെ രാജ്യാന്തര മത്സര വിജയങ്ങളിലേക്കു നയിച്ചയാൾ. സൗഹൃദ മത്സരത്തിൽ ഇറ്റലിക്കെതിരെ ഗോളടിച്ചു രാഹുലും ഇന്ത്യൻ അണ്ടർ 17 ടീമിനെ വിജയത്തിലെത്തിച്ച താരം. 

 പരിഷ്കാരി രാഹുൽ

‘‘അപ്പിയറൻസ്–അതെന്റെ കോൺഫിഡൻസ് ആണ്’’– മോഡേൺ ആയി വസ്ത്രം ധരിക്കുന്നതിന്റെ കാരണം തിരക്കിയാൽ രാഹുലിന്റെ വിശദീകരണം ഇങ്ങനെ. വസ്ത്രധാരണം മുതൽ ഹെയർസ്റ്റൈലിൽ വരെ അടിമ‍ുടി ട്രെൻഡി ആണ് രാഹുൽ. അണ്ടർ 17 ദേശീയ ക്യാംപിനായി ഗോവയിലെത്തിയതോടെയാണു രൂപവും ഭാവവും അടിമുടി മാറിയത്. അതതു സമയത്തെ ട്രെൻഡിന് ഒപ്പം സഞ്ചരിക്കണമെന്നു തീ‍രുമാനിച്ചതു ഗോവൻ ജീവിതക‌ാലത്താണ്. ഹെയർസ്റ്റൈലിൽ പുതുതായി വരുന്ന മാറ്റങ്ങളിൽ യോജിക്കുന്നവ പരീക്ഷിക്കാറുണ്ട്. അടുത്ത ബന്ധുവിനു തൃശൂരിൽ ബ്യൂട്ടി പാർലറുണ്ട്, നാട്ടിലെത്തുമ്പോഴൊക്കെ അവിടെ പോയി ലുക്ക് മാറ്റാറുണ്ട്–രാഹുൽ പറയുന്നു. 

തോൽക്കാത്ത രാഹുൽ

രാഹുലിന്റെ നേട്ടങ്ങളുടെ കണക്കെടുത്താൽ പട്ടിക നീണ്ടുനീണ്ടു പോകും. പക്ഷേ, നേട്ടങ്ങളെല്ലാം കൈവന്നതു പരാജയങ്ങളിൽ വീണു പോകാതിരുന്നതു കാരണമാണെന്നു രാഹുലിനേ അറിയൂ. പഠിക്കേണ്ട സമയത്തു കളിച്ചു നടക്കുന്നതിനു വീട്ടുകാരിൽ നിന്നു നേരിടേണ്ടി വന്ന എതിർപ്പായിരുന്നു പ്രധാന പ്രതിസന്ധി. വീട്ടുകാരെ ഒളിച്ചു കളിക്കാൻ പോയ നാളുകളേറെ. നന്നായി കളിക്കാൻ അറിയാമായിരുന്നിട്ടും ചില സെവൻസ് മത്സരങ്ങളിൽ പങ്കെടുക്കാൻ പോകുമ്പോൾ രാഹുലിനെ കളിക്കാൻ കൂട്ടിയിരുന്നില്ല. മെലിഞ്ഞു ശോഷിച്ച ശരീരപ്രകൃതിയായിരുന്നു കാരണം. അപമാന ഭാരത്തോടെ മടങ്ങിപ്പോരേണ്ടി വന്നിട്ടുണ്ട്. ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴുണ്ടായ ഒരനുഭവം ഇങ്ങനെ: സ്വകാര്യ അക്കാദമിയുടെ അണ്ടർ 12 സിലക്‌ഷൻ ട്രയൽസ് നടക്കുന്നു. രാഹുലിനെയും കൂട്ടി ചെറിയച്ഛൻ പ്രദീപ് ട്രയൽസിനെത്തി. രാഹുലിനെ കണ്ടതോടെ പരിശീലകൻ പറഞ്ഞു, ‘‘ഈ പയ്യനു ഫുട്ബോൾ പറ്റുമെന്നു തോന്നുന്നില്ല. വല്ല ഓട്ടമോ ചാട്ടമോ നോക്കിക്കോ. അതാ നല്ലത്...’’ ആ പയ്യനിതാ അണ്ടർ 17 ലോകകപ്പ് കളിക്കാൻ ഒരുങ്ങുന്നു. എന്താലേ...!

പാപ്പനാണ് ഹീറോ

rahul-1 രാഹുൽ തന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണു പ്രദീപിനോടും ഫുട്ബോളിനോടുമുള്ള കൂട്ട്. പ്രദീപ് കളിക്കാൻ പോകുന്നിടത്തെല്ലാം കൂടെപ്പോയാണ് രാഹുലും ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്...

നിലവിളക്കിന്റെ ചുവട്ടിൽ ആരെങ്കിലും പാദരക്ഷ സൂക്ഷിക്കുമോ? ഉവ്വെന്നു പ്രദീപ് പറയും. തൃശൂർ ഒല്ലൂക്കര ശ്രേയസ് നഗറിലെ കണ്ണോളി വീടിന്റെ സ്വീകരണമുറിയിൽ നിലവിളക്കിനോടു ചേർന്നു പ്രദീപ് ഒരുജോടി ബൂട്ടുകൾ വച്ചിട്ടുണ്ട്. വിളക്കു പോലെ തന്നെ ബൂട്ടുകൾ പവിത്രമായി സൂക്ഷിക്കുകയും ആരാധിക്കുകയും ചെയ്യുന്നതു കണ്ട് അദ്ഭുതപ്പെടുന്നവരോടു പ്രദീപ് പറയും, ‘‘ഇത് അവൻ തന്നതാ..’’ അണ്ടർ 17 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ ഇടംപിടിച്ച ഏക മലയാളിയായ കെ.പി. രാഹുൽ ആണ് ഈ ‘അവൻ’. ഇന്ത്യൻ ടീമിനൊപ്പം ഡൽഹിയിലേക്കു പോകുംമുൻപ് ചെറിയച്ഛൻ  പ്രദീപിനു രാഹുൽ നൽകിയ സമ്മാനമാണ് ഈ ബൂട്ടുകൾ. 

രാഹുലിന്റെ അച്ഛൻ പ്രവീണിന്റെ ഇളയ സഹോദരനാണ് പ്രദീപ്. രാഹുലിന്റെ ആദ്യ പരിശീലകനും ഗുരുവും ഹീറോയും പ്രദീപ് തന്നെ. തൃശൂർ നഗരത്തിലും പരിസരത്തും നടക്കാറുള്ള സെവൻസ് ഫുട്ബോൾ മൽസരങ്ങളിലെ പതിവു താരം. ഓട്ടോറിക്ഷ ഓടിച്ചാണ് ഉപജീവനം. രാഹുൽ തന്റെ അഞ്ചാം വയസ്സിൽ തുടങ്ങിയതാണു പ്രദീപിനോടും ഫുട്ബോളിനോടുമുള്ള കൂട്ട്. പ്രദീപ് കളിക്കാൻ പോകുന്നിടത്തെല്ലാം കൂടെപ്പോയാണ് രാഹുലും ഫുട്ബോൾ ഇഷ്ടപ്പെട്ടു തുടങ്ങുന്നത്. ഏഴാം വയസ്സിൽ പ്രദീപ് സമ്മാനിച്ച പന്തിലാണു രാഹുൽ കളി തുടങ്ങുന്നത്. വീടിന്റെ ചുമരിലേക്കു പന്തുതട്ടിയായിരുന്നു തുടക്കം. വീട്ടുമുറ്റത്തെ ടാറിട്ട റോഡിൽ കൂട്ടുകാർക്കൊപ്പം കളി വളർന്നു. പന്തുമായി കൂട്ടുകാരെ വെട്ടിയൊഴിഞ്ഞ് അതിവേഗം കുതിക്കുന്ന രാഹുലിനെ കണ്ടപ്പോൾ കളി കാര്യമാകുന്നതു പ്രദീപ് തിരിച്ചറിഞ്ഞു. ഒല്ലൂക്കരയിൽ പാടത്തെ ഫുട്ബോൾ കളികളിൽ കുഞ്ഞുരാഹുലിനെ പ്രദീപ് വലിയ താരങ്ങൾക്കൊപ്പം കളിപ്പിച്ചു തുടങ്ങി. മെലിഞ്ഞ ശരീരമെങ്കിലും കളിമികവിൽ താൻ മറ്റുള്ളവരേക്കാൾ മുന്നിലെന്നു രാഹുൽ ഓരോവട്ടവും തെളിയിച്ചു കൊണ്ടിരുന്ന‍ു. 

പഠിക്കേണ്ട സമയത്തു പഠിക്കാതെ കളിച്ചു നടക്കുന്നതിനു വീട്ടുകാർ എതിർപ്പുണ്ടാക്കിയപ്പോഴും പ്രദീപ് ആണു രാഹുലിനെ ഫുട്ബോളിൽ ഉറപ്പിച്ചു നിർത്തിയത്. സന്തോഷ് ട്രോഫി കോച്ച് എം. പീതാംബരന്റെ കീഴിൽ അണ്ടർ 12 ടീം ക്യാംപിൽ രാഹുലിനെ എത്തിച്ചതും പ്രദീപാണ്. ഇവിടെ നിന്നായിരുന്നു രാഹുലിന്റെ വളർച്ചയുടെ തുടക്കം. പറപ്പൂർ സെപ്റ്റിന്റെ ക്യാംപിലേക്കു രാഹുൽ മാറിയപ്പോൾ പ്രദീപിന്റെ ദിനചര്യയും മാറി. രാവിലെ അഞ്ചേമുക്കാലിന് രാഹുലിനെ സ്വന്തം ഓട്ടോറിക്ഷയിൽ ക്യാംപിലെത്തിച്ച ശേഷം പരിശീലനം കഴിയുംവരെ കാത്തിര‍ുന്നു കൂടെക്കൂട്ടിയായിരുന്നു മടക്കം. 

അണ്ടർ 14 സംസ്ഥാന ടീമിലെ മികച്ച പ്രകടനത്തിനു ശേഷം രാഹുൽ അണ്ടർ 17 ദേശീയ ക്യാംപിൽ എത്തിയപ്പോഴും കൂട്ടുകെട്ട് ഉലയാതെ തുടർന്നു. ഓരോ മൽസരത്തിനും അരമണിക്കൂർ മുൻപു പ്രദീപിനെ രാഹുൽ ഫോണിൽ വിളിക്കും. അനുഗ്രഹം വാങ്ങിയിട്ടേ കളിക്കാനിറങ്ങൂ. രാഹുലിന്റെ തന്നെ വാക്കുകളിൽ പറഞ്ഞാൽ – ‘‘പാപ്പനാണ് എന്റെ ഹീറോ. ഞാൻ ഇവ‍ിടംവരെ എത്തിയതിനു കാരണം പാപ്പനാണ്.’’

Read more: Lifestyle Malayalam Magazine