Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആ അവസ്ഥ വിഷമിപ്പിച്ചു; ഇപ്പോൾ ഒരുപാട് സന്തോഷം' മാധവേട്ടൻ

madavettan

ഒടുവിൽ ഫെയ്സ്ബുക് ക്യാംപെയ്നും നാട്ടുകാരുടെ പിന്തുണയും എല്ലാം ഫലം കണ്ടു. ഹോം ഗാർഡ് ആയ മാധവേട്ടൻ തിരികെ ജോലിയിൽ പ്രവേശിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങൾ അത്രപെട്ടെന്നൊന്നും വായനക്കാർക്ക് മറക്കാനാവില്ല. ട്രാഫിക് നിയന്ത്രിക്കുന്നതിനിടെ നഗരത്തിലെ പൊലീസ് ഉദ്യോഗസ്ഥന്റെ ബന്ധുക്കൾ പരസ്യമായി അപമാനിച്ചതിനെ തുടർന്ന് രാജി വച്ച ഈ ഹോം ഗാർഡിനു പിന്തുണയുമായി സൈബർ ലോകത്തിനകത്തും പുറത്തും ഉള്ളവർ ഒന്നിച്ചത് വളരെ പെട്ടന്നായിരുന്നു. 

അറുപതു വയസിനുമേൽ പ്രായമുള്ള ഇദ്ദേഹം കഴിഞ്ഞ എട്ടു വർഷമായി കണ്ണൂർ ജില്ലയിൽ ഹോം ഗാർഡ് ആയി ജോലി ചെയ്യുകയായിരുന്നു. തന്റെ ഇത്രയും നാളത്തെ സർവീസിനുള്ളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു അവഹേളനം നേരിടേണ്ടി വന്നത്. ആ സന്ദർഭത്തിൽ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു രാജി വെയ്ക്കുക എന്നത്. എന്തിനു ഇങ്ങനെ ആവശ്യമില്ലാതെ പഴികേൾക്കണം എന്നതായിരുന്നു മാധവേട്ടന്റെ മനസ്സിൽ. 

''നാളിതുവരെ നല്ലതു മാത്രമേ കേൾപ്പിച്ചിട്ടുള്ളൂ, അങ്ങനെയുള്ളപ്പോൾ ഇത്തരം ഒരു അവസ്ഥ ഏറെ വിഷമിപ്പിച്ചു. പിന്നെ പ്രായം കൂടി വരികയല്ലേ, മനസ്സ് ദുർബലമായി എന്നും പറയാം. അതൊക്കെക്കൂടി ഓർത്തപ്പോൾ രാജി വയ്ക്കുന്നതാണ് നല്ലത് എന്ന് തോന്നി. ഉടൻ രാജി വച്ചു. മനസിനെ ഏറെ വിഷമിപ്പിച്ചു ആ സംഭവം എങ്കിലും, ഇപ്പോൾ ഞാൻ അതെല്ലാം മറന്നു. മനുഷ്യരല്ലേ, തെറ്റ് പറ്റും.. അവർ തിരുത്തട്ടെ...'' മാധവേട്ടൻ പറയുന്നു. 

ആദ്യം പരാതി നൽകി, ആ പരാതിക്ക് ഫലം ഒന്നും ഇല്ലാതെ വന്നപ്പോഴാണ് രാജി വച്ചത്. അടുത്ത ദിവസം തന്നെ മാധവേട്ടൻ ഡ്യൂട്ടിയിൽ നിന്നും മാറുകയും ചെയ്തു. സംഭവം മാധവേട്ടൻ ക്ഷമിച്ചു എങ്കിലും, സോഷ്യൽ മീഡിയയും നാട്ടുകാരും ക്ഷമിച്ചില്ല. മഴയും വെയിലും വകവയ്ക്കാതെ, അറുപതിന്റെ നിറവിലും തന്റെ ഡ്യൂട്ടി കൃത്യമായി ചെയ്യുന്ന മാധവേട്ടനോട് പോലീസ് മേധാവികളും നിയമവും നീതി പുലർത്തണം എന്ന് സോഷ്യൽ മീഡിയയും നാട്ടുകാരും ആവശ്യപ്പെട്ടു. 

ഒടുവിൽ കഴിഞ്ഞ ദിവസം, സംഭവത്തിന്മേൽ കൂടുതൽ അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ട്, സ്റ്റേഷന്റെ ചുമതലയുള്ള എസ് ഐ മാധവേട്ടനോട് ജോലിയിൽ തിരികെ കയറാൻ ആവശ്യപ്പെട്ടു. നാടും നാട്ടാരും പിന്നെ, മുതിർന്ന പോലീസ് ഉദ്യോഗസ്ഥരും എല്ലാവരും ചേർന്ന് ആവശ്യപ്പെട്ടപ്പോൾ മാധവേട്ടൻ ആ വാക്ക് കേൾക്കുകയും ചെയ്തു. 

''പ്രശ്നങ്ങൾ എല്ലാം പറഞ്ഞു തീർത്തു. കൂടുതൽ സന്തോഷത്തോടും ഉത്തരവാദിത്വത്തോടുമാണ് ഇപ്പോൾ ജോലിയിൽ പ്രവേശിച്ചിരിക്കുന്നത്. കൂട്ട് നിന്ന എല്ലാവർക്കും ഒരുപാടു നന്ദി. ഫെയ്സ്ബുക്കിൽ ഉള്ളവരൊക്കെ എനിക്ക് വേണ്ടി എഴുതിയെന്ന് ആൾക്കാർ പറയുന്നു. എന്നാൽ എനിക്ക് ഫെയ്സ്ബുക് ഒന്നും അറിയാത്തതിനാൽ അക്കാര്യങ്ങൾ ഞാൻ അറിഞ്ഞിരുന്നില്ല. എന്നിരുന്നാലും നേരിട്ടറിയാതെ തന്നെ എന്നെ പിന്തുണച്ചവർക്ക് നന്ദി'' മാധവേട്ടന്റെ വാക്കുകളിൽ ഒരു വിജയിയുടെ അഭിമാനം കാണാം.

Read more: Lifestyle Malayalam MagazineBeauty Tips in Malayalam