Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രസവം വൈകി, ജനിക്കാനിരിക്കുന്ന കുഞ്ഞിന് ഒഴിപ്പിക്കൽ നോട്ടിസ്!

Baby

പ്രസവമടുത്തു കഴിയുമ്പോൾ കുഞ്ഞിനായുള്ള കാത്തിരിപ്പ് പല സ്ത്രീകൾക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ഏറെപ്പേരും ആശങ്കയിലാകുമ്പോൾ, ഇതാ അമേരിക്കയിലൊരു അമ്മ വളരെ തമാശക്കാരിയായി മാറുകയാണുണ്ടായത്. വേദനയെത്തിയിട്ടും പ്രസവം നടക്കാത്തതിൽ കുഞ്ഞിന്ഒഴിപ്പിക്കൽ നോട്ടിസ് നൽകുകയാണ് കയ്‌ലീ ബേ എന്ന അമ്മ ചെയ്തത്.

വെറുതെഎഴുതി നൽകുകയല്ല, ശരിക്കുള്ള നോട്ടിസിന്റെ മുറയ്ക്കു തന്നെ, ജഡ്ജിയുടെ ഒപ്പോടു കൂടി. രസമതല്ല, ജഡ്ജി ഒപ്പുവച്ച് 12 മണിക്കൂറിനകം ഗ്രെറ്റ്‌സൽ ഹാൻസൻ എന്ന പെൺകുഞ്ഞ് അമ്മയെക്കാണാൻ പുറത്തെത്തി. അമേരിക്കയിലെ ഉറ്റാ എന്ന സ്ഥലത്തെ കോടതി ജീവനക്കാരിയാണ് കയ്‌ലീ ബേ.

കയ്‌ലീയുടെ മൂന്നാമത്തെ പ്രസവമായിരുന്നു. ഡേറ്റിനു രണ്ടാഴ്ച മുൻപു തന്നെ വേദനയെത്തി. പ്രസവം ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ വേദന പെട്ടന്നു തന്നെ അടങ്ങി. അതോടെ നിരാശയായി പിറ്റേന്നു തന്നെകോടതിയിലും പോയി. ജഡ്ജി ലിൻ ഡേവിസിനെ കണ്ടപ്പോൾ തന്നെ ഇങ്ങനെകാത്തിരിപ്പിക്കുന്നതിന് ഒഴിപ്പിക്കൽ നോട്ടിസ് നൽകണമെന്ന് ആവശ്യപ്പെട്ടു. സരസനായ അദ്ദേഹം തന്റെ 31 വർഷത്തെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായി പിറക്കാത്ത കുഞ്ഞിനായി ഒഴിപ്പിക്കൽ നോട്ടിസിൽ ഒപ്പുചാർത്തി.

ഗ്രെറ്റ്‌സൽ കോനി ഹാൻസൻ, മമ്മി ബെല്ലി ലെയ്ൻ, വോംബ്, ഉറ്റാ എന്ന വിലാസമാണ് നോട്ടിസിൽ വച്ചത്. അമ്മയ്ക്ക് അസ്വസ്ഥതയുണ്ട്, ഇനി നിനക്കായി തരാൻ സ്ഥലമില്ല, നല്ല ചവിട്ടും കുത്തുമാണ്.. തുടങ്ങിയ കാരണങ്ങളാണ് ഒഴിപ്പിക്കാൻ നിരത്തുന്നത്. മൂന്നു ദിവസത്തിനകം സ്ഥലം കാലിയാക്കിയില്ലെങ്കിൽ വാടക നൽകേണ്ടിവരുമെന്ന മുന്നറിയിപ്പും നൽകുന്നു.

പ്രസവശേഷം ആശുപത്രി അധികൃതർ പുറത്തുവിട്ട നോട്ടിസ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തന്റെ മകൾ കോടതിയലക്ഷ്യം വരുത്താതെ വേഗം വന്നതിന്റെ സന്തോഷത്തിലാണ് കയ്‌ലീ ബേ. നോട്ടിസിന്റെ ഒറിജിനൽ ഫ്രേം ചെയ്തു വയ്ക്കാനുള്ള പുറപ്പാടിലാണ് ഇവർ.

Read more on: Lifestyle Malayalam Magazine, Beauty Tips in Malayalam