Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വന്തം കാറിലിരുന്നു പാടി; ശല്യമുണ്ടാക്കിയതിന് പൊലീസിന്റെ പിഴ

toufeek

ഗാനഗന്ധർവൻ പാടുമ്പോൾ കൂടെപ്പാടാൻ എന്തൊരെളുപ്പമാണ്. ഒരുപക്ഷേ നമ്മളല്ലേ കൂടുതൽ നന്നായി പാടിയതെന്നുവരെ തോന്നാം. അതുപോലെ തന്നെ മൂളിപ്പാട്ടു പാടുമ്പോൾ നാം അപാര ഫോമിലാകും, ഹരിമുരളിവരെ എടുത്തുമറിച്ചിടും. എല്ലാം കൊള്ളാം, ശബ്ദമൽപം കൂടിപ്പോയാൽ വിവരമറിയുമെന്നാണ് കാനഡയിലെ പൊലീസ് പഠിപ്പിക്കുന്നത്. സ്വന്തം കാറിൽ ഉറക്കെപ്പാടിയതിന് ഒരാളെക്കൊണ്ട് പിഴയടപ്പിച്ചിരിക്കുകയാണ് ഏമാൻമാർ.

പൊതുസ്ഥലത്ത് അലറി ശല്യമുണ്ടാക്കിയതിനാണ് ശിക്ഷ. സി പ്ലസ് സി മ്യൂസിക് ഫാക്ടറിയുടെ 1990കളിലെ പ്രശസ്ത ഡാൻസ് നമ്പറായ ഗോണ്ണ മെയ്ക് യു സ്വെറ്റ് എന്ന ഗാനമാണ് തൗഫീഖ് മൗലയെന്ന മുപ്പത്തെട്ടുകാരനെ വിയർപ്പിച്ചത്. കാറിലെ സംഗീതത്തിനൊപ്പം കൂടെപ്പാടി ഡ്രൈവ് ചെയ്യുകയായിരുന്നു മൗല. അപ്പോഴാണ് പൊലീസ് വണ്ടി നിർത്തിച്ച് എന്തിനാണ് അലറിയതെന്നു ചോദിക്കുന്നത്. താൻ പാടുകയായിരുന്നെന്നും ആരെയും അലോസരപ്പെടുത്തുന്ന അത്ര ഉച്ചത്തിലായിരുന്നില്ല അതെന്നും അയാൾ പറയുന്നുണ്ടെങ്കിലും 149 ഡോളറിന്റെ (ഏകദേശം 7600 രൂപ) പിഴക്കടലാസാണ് തിരിച്ചു കിട്ടിയത്.

മൗല വീട്ടിലേക്കു സാധനം വാങ്ങാൻ പോകുമ്പോൾ മോൺട്രിയലിലാണ് സംഭവം. കാറിൽ വിശദമായ പരിശോധന നടത്തി, ലൈസൻസും വണ്ടിയുടെ ആർസിയുമെല്ലാം നോക്കി ശരിയെന്നു കണ്ടശേഷമാണ് പിഴയടയ്ക്കാൻ നിർദേശിച്ചത്. നോട്ടിസ് കണ്ടതോടെ മൗല ഞെട്ടി. തന്റെ ശബ്ദം അത്രയ്ക്കു മോശമാണെന്ന് അദ്ദേഹത്തിനു വിശ്വസിക്കാൻ കഴിഞ്ഞില്ല. ‘വാഹനം പരിശോധിക്കാനും രേഖകൾ നോക്കാനുമൊക്കെ പൊലീസിന് അധികാരമുണ്ട് എന്നുവച്ച് ഇങ്ങനെയൊരു കുറ്റം ആരോപിച്ച് പിഴയടപ്പിക്കുന്നത് അംഗീകരിക്കാനാവില്ല’- മൗല നിരാശനാണ്.

പിഴയ്‌ക്കെതിരെ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് അദ്ദേഹം. ഫൈനും വാങ്ങി വീട്ടിലെത്തിയപ്പോഴാണ് ആഘോഷം. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് സംഭവത്തിലെ തമാശ നന്നേ ബോധിച്ചു. പാട്ടുപാടിയതിനാണ് നിങ്ങൾക്കു പിഴയിട്ടതെങ്കിൽ ഞാനാണെങ്കിൽ ഒരു 300 ഡോളറെങ്കിലും അടപ്പിച്ചേനെയെന്നാണു പുള്ളിക്കാരി പറഞ്ഞത്.

Read more on Malayalam Beauty Website Viral News Malayalam