Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആര്‍ത്തവം മറച്ചു വയ്ക്കാനുള്ളതല്ല, വിഡിയോ വൈറൽ!

irregilar-period

ആര്‍ത്തവം മറച്ചുവെയ്ക്കപെടേണ്ട ഒന്നല്ല. ഓരോ പെണ്‍കുട്ടിയും അവളുടെ കൗമാരത്തിലേയ്ക്ക് കാലെടുത്ത് വയ്ക്കുന്നത് ആര്‍ത്തവാരംഭത്തോടെയാണ്. എന്നാല്‍ പലരും അതിനെക്കുറിച്ച് അജ്ഞരായിരിക്കും. സ്വന്തം അമ്മമാര്‍ പോലും മിക്ക പെണ്‍കുട്ടികള്‍ക്കും ആര്‍ത്തവത്തെ കുറിച്ചോ അതിനോട് അനുബന്ധിച്ച് വരുന്ന മാറ്റങ്ങളെക്കുറിച്ചോ പറഞ്ഞുകൊടുക്കാന്‍ മടിയ്ക്കുന്നു. ഇത് കുട്ടികളില്‍ അറിവില്ലായ്മയ്ക്കും അതിലൂടെ പല പ്രശ്നങ്ങളിലേയ്ക്കും വഴി വയ്ക്കും. 

ആര്‍ത്തവത്തെക്കുറിച്ച് പെണ്‍കുട്ടികളെ ബോധവൽകരിക്കു എന്ന സന്ദേശം നല്‍കുന്ന ഈ വിഡിയോ ഇന്ന് സമൂഹ മാധ്യമങ്ങളില്‍ വൈറലായികൊണ്ടിരിക്കുകയാണ്. പ്രശ്നം സങ്കീര്‍ണ്ണമാകുന്നതിന് മുമ്പ് അവളെ ബോധവതിയാക്കൂ എന്നാണ് ഈ ഷോര്‍ട്ട് ഫിലിമിന്‍റെ ടൈറ്റില്‍.

റോഡിലൂടെ നടന്നുപോകുന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണ് കഥ പോകുന്നത്. അവള്‍ നടന്നുപോകുമ്പോള്‍ പെട്ടെന്ന് ഉണ്ടാകുന്ന രക്തസ്രാവത്തെകുറിച്ച് അവള്‍ ബോധവതിയല്ല. എന്നാല്‍ കുറച്ചുകഴിയുമ്പോള്‍ അത് അവള്‍ക്ക് ബുദ്ധിമുട്ടായി മാറുന്നു. തന്‍റെ ശരീരത്തിലൂടെ രക്തം ഒഴുകുന്നത് കണ്ട അവള്‍ ആദ്യമൊന്ന് പരിഭ്രമിക്കുന്നുവെങ്കിലും എന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നുവെന്ന് അറിയാതെ വിഷമിക്കുന്നു. പലരും അവളെ കടന്നുപോകുന്നുണ്ടെങ്കിലും ഈ അവസ്ഥയെക്കുറിച്ച് പറഞ്ഞുകൊടുക്കാന്‍ തയ്യാറാകുന്നില്ല. 

ഒടുവില്‍ ഒരു ചെറുപ്പക്കാരന്‍ അവളുടെ സഹായത്തിനെത്തുന്നു. അയാള്‍ മറ്റൊരു സ്ത്രീയുടെ സഹായത്തോടെ ഈ പെണ്‍കുട്ടിയെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കുന്നതാണ് വീഡിയോയുടെ ഇതിവൃത്തം. തന്നിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് അവള്‍ നേരത്തെ അറിഞ്ഞിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നുവെന്ന് പറയാതെ പറഞ്ഞുവയ്ക്കുകയാണ് ഈ ആറര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ. 

സ്വന്തം വീട്ടില്‍ നിന്നുതന്നെ ആര്‍ത്തവത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക. ഈ കാലഘട്ടത്തില്‍ പല മാറ്റങ്ങളും ശാരിരികമായും മാനസികമായും സംഭവിക്കാമെന്നും അവരെ അറിയിക്കുക. അതിലൂടെ ആര്‍ത്തവം എന്നത് ഒരു പേടിസ്വപ്നമല്ലെന്ന് കൂടി അവര്‍ അറിയട്ടെ എന്നാണ് ഈ വീഡിയോയിലൂടെ സംവിധായകന്‍ ഷഹീദ് ഖാന്‍ പറയുന്നത്. രണ്ട് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് ഷെയര്‍ ചെയ്യുന്നുമുണ്ട്. 

Read more: Lifestyle Malayalam MagazineBeauty Tips in Malayalam