Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ആട് 2 ഏറെ ആസ്വദിച്ച് ചെയ്ത ചിത്രം, അടുത്ത ലക്ഷ്യം ലാലേട്ടന്റെ കോസ്റ്റ്യൂം'

Stephy Xaviour സ്‌റ്റെഫി സേവ്യർ

ക്രിസ്മസ് ദിന ചിത്രമായി ഇറങ്ങിയ ആട് 2വിന്റെ വിജയാഘോഷങ്ങൾ പുരോഗമിക്കുമ്പോൾ, ചിത്രത്തിൻറെ കോസ്റ്റ്യൂം  ഡിസൈനിങ്ങിൽ നിർണായകമായ പങ്കു വഹിച്ച സ്റ്റെഫി സേവ്യറും തികഞ്ഞ സന്തോഷത്തിലാണ്. ലുക്കാചുപ്പി മുതൽ ആട് 2  വരെ വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 35ൽപരം സിനിമകൾക്ക് കോസ്റ്റ്യൂം ഡിസൈനറായ ഈ വായനാടുകാരിക്ക് ആട് 2 വിന്റെ കോസ്റ്റ്യൂം ഡിസൈനിങ് വിശേഷങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നൂറുനാവാണ്. ഇതുവരെയുള്ള സിനിമാ ജീവിതത്തിൽ ഏറ്റവും ആസ്വദിച്ചു ചെയ്തത് ആട് 2വിന്റെ വസ്ത്രാലങ്കാരം ആണെന്ന് പറയുന്ന സ്റ്റെഫി , തന്റെ അടുത്ത ലക്ഷ്യം മോഹന്‍ ലാലിനു വേണ്ടി ഡിസൈൻ ചെയ്യുക എന്നതാണെന്നും തുറന്നു സമ്മതിക്കുന്നു. സ്റ്റെഫിയുടെ കോസ്റ്റ്യൂം  ഡിസൈനിങ് വിശേഷങ്ങളിലേക്ക്....

Stephy Xaviour

ആട് 2വിന്റെ വിജയം തകർത്താഘോഷിക്കപ്പെടുന്ന ഈ വേളയിൽ , ചിത്രത്തിൻറെ വസ്ത്രാലങ്കാരത്തെ പറ്റി എന്താണ് സ്റ്റെഫിക്കു പറയാനുള്ളത്? 

ആട് 1 ൽ ഉണ്ടായിരുന്ന കഥാപാത്രങ്ങളുടെ ലുക്ക് അതെ പാടി നിലനിർത്തിക്കൊണ്ടാണ് ആട് 2 വിനായി കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്. കളറിൽ ആണ് പ്രധാനമായും പരീക്ഷണങ്ങൾ നടത്തിയിരിക്കുന്നത്. വളരെ ബ്രൈറ്റ് ആൻഡ് കളർഫുൾ ആയ തീമിൽ ആണ് വസ്ത്രങ്ങൾ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഷാജി പാപ്പന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത് സരിത ജയസൂര്യയാണ്. ബാക്കി ഉള്ള കഥാപാത്രങ്ങളുടെ വസ്ത്രമാണ് ഞാൻ ഡിസൈൻ ചെയ്തിരിക്കുന്നത്. 

ബ്രൈറ്റ് കളറുകൾ ഉപയോഗിക്കണം എന്ന് ഡയറക്ടറുടെ പ്രത്യേക നിർദ്ദേശം ഉണ്ടായിരുന്നു. അതു പ്രകാരം , നിറങ്ങൾ കൊണ്ട് തന്നെ ഓരോ കഥാപാത്രങ്ങൾക്കും ഓരോ ഐഡന്റിറ്റി ഉണ്ടാക്കിയെടുത്തുകൊണ്ടായിരുന്നു വസ്ത്രാലങ്കാരം. ഉദാഹരണത്തിന് സൈജുകുറുപ്പ്, ധർമജൻ ബോൾഗാട്ടി എന്നിവരുടെ കഥാപാത്രങ്ങളെ പറ്റി പറയുമ്പോൾ തന്നെ അവരുടെ വസ്ത്രധാരണവും മനസിലേക്കു വരും. കഥാപത്രങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തന്നെയായിരുന്നു  വസ്ത്രാലങ്കാരം . ആട് ആദ്യഭാഗത്തിൽ നിന്നും രണ്ടാം ഭാഗത്തിലേക്ക് വരുമ്പോൾ അവസരങ്ങളും വെല്ലുവിളികളും ഒരേപോലെ തന്നെയായിരുന്നു. 

Aadu 2 ആട് 1 ൽ ഉണ്ടായിരുന്ന കഥാപാത്രങ്ങളുടെ ലുക്ക് അതെ പാടി നിലനിർത്തിക്കൊണ്ടാണ് ആട് 2 വിനായി കഥാപാത്രങ്ങളെ ഒരുക്കിയിരിക്കുന്നത്...

സ്റ്റെഫി എങ്ങനെയാണ് സിനിമ വസ്ത്രാലങ്കാര മേഖലയിലേക്ക് വരുന്നത് ? 

ചെറുപ്പം മുതൽക്കു തന്നെ സിനിമ, സിനിമയിൽ ഉപയോഗിക്കുന്ന വസ്ത്രങ്ങൾ എന്നിവയൊക്കെ നന്നായി ശ്രദ്ധിക്കുമായിരിന്നു. സിനിമയിൽ ഒരു കോസ്റ്റ്യൂം ഡിസൈനർ ആകണം എന്ന ആഗ്രഹം മനസ്സിൽ വച്ച് തന്നെയാണ് ബാംഗ്ലൂരിൽ നിന്നും ഫാഷൻ ഡിസൈനിങ് പഠിക്കുന്നത്. അതിനു ശേഷം കൊച്ചിയിൽ എത്തി. ഇവിടെ ഒരു ആഡ് ഫിലിംസിന് വേണ്ടി കോസ്റ്റ്യൂം ഡിസൈനിങ് ചെയ്തു. ദിനേശ് പ്രഭാകർ വഴിയാണ് ആദ്യ ചിത്രമായ ലുക്കാചുപ്പിയിൽ അവസരം ലഭിക്കുന്നത്. കൃത്യം സമയത്ത് ആ പ്രോജക്ട് പൂർത്തിയാക്കാൻ കഴിഞ്ഞു. അതിനു ശേഷം ലോഡ് ലിവിങ്സ്റ്റൺ , ഗപ്പി , എസ്രാ , അങ്കമാലി ഡയറീസ് തുടങ്ങി 35  ൽ പരം സിനിമകൾക്ക് വസ്ത്രാലങ്കാരം നിർവഹിക്കാൻ കഴിഞ്ഞു. 

കോസ്റ്റ്യൂം ഡിസൈനിങ് മേഖലയിൽ റോൾ മോഡൽ എന്ന് പറയാൻ ആരെങ്കിലും ഉണ്ടോ ? 

ഞാൻ ആരുടേയും അസിസ്റ്റന്റ് ആകാതെ നേരിട്ടു സിനിമയിലേക്കു വന്ന വ്യക്തിയാണ്. അതിനാൽ ഗുരുവിന്റെ സ്ഥാനത്തു നിർത്താൻ ആരുമില്ല. എന്നാൽ ഈ രംഗത്തു തുടരാൻ പ്രചോദനമേകുന്ന നിരവധിപ്പേരുണ്ട്. എസ്ഡി സതീശൻ , സായ് തുടങ്ങിയ പഴയകാല കോസ്റ്റ്യൂം ഡിസൈനർമാരുടെ വർക്കുകളോട് എനിക്ക് എന്നും വളരെ ഇഷ്ടമാണ് . ഇന്ന് റെഫറൻസിനായി  ഇന്റർനെറ്റ് പോലുള്ള ഉപാധികൾ ഉണ്ട്. എന്നാൽ അതൊന്നും ഇല്ലാതിരുന്ന കാലത്ത് വ്യത്യസ്തമായ ഡിസൈനുകൾ കൊണ്ടു വരികളും നാഷണൽ അവാർഡുകൾ വരെ നേടുകയും ചെയ്ത ആളുകൾ എന്നും എനിക്കു പ്രചോദനമാണ്. 

Guppy ഗപ്പി എനിക്കു പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. എന്നാൽ ഞാൻ ജൂത കാലഘട്ടത്തെയും വസ്ത്രത്തെയും എല്ലാം പറ്റി കൂടുതൽ റിസർച്ച് ചെയ്ത്...

വസ്ത്രാലങ്കാരത്തിനു സ്റ്റേറ്റ് അവാർഡ് കിട്ടിയ പടമാണല്ലോ ഗപ്പി, ഏറ്റവും ആസ്വദിച്ച് ചെയ്തതും ഈ സിനിമയാണോ?

അങ്ങനെയല്ല, ഗപ്പി എനിക്കു പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ്. എന്നാൽ ഞാൻ ജൂത കാലഘട്ടത്തെയും വസ്ത്രത്തെയും എല്ലാം പറ്റി കൂടുതൽ റിസർച്ച് ചെയ്ത് കോസ്റ്റ്യൂം ചെയ്ത ചിത്രമാണ് എസ്ര . അതിനാൽ അതിനോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട്. പിന്നെ ഒരു റിയലിസ്റ്റിക് കോസ്റ്റ്യൂം  എന്ന നിലക്ക് എനിക്ക് ഏറ്റവും കൂടുതൽ അനുമോദങ്ങൾ നേടി തന്നത് അങ്കമാലി ഡയറീസ് എന്ന ചിത്രമാണ്. ഒപ്പം ആസ്വദിച്ചു ചെയ്തത് എന്ന് പറയാവുന്നത് ആട് 2ഉം. ജനുവരി അവസാനം റിലീസ് ആകാൻ ഇരിക്കുന്ന റോസാപ്പൂ എന്ന ചിത്രത്തെ ഞാൻ ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഒരു ഡിസൈനർ എന്ന നിലയിൽ എന്റെ ക്രിയേറ്റിവിറ്റി കൂടുതലായി കൊണ്ടുവരാൻ കഴിഞ്ഞ ഒരു ചിത്രമാണ് റോസാപ്പൂ . ബാക്കി പ്രേക്ഷകർ വിലയിരുത്തട്ടെ. 

ഇപ്പോൾ കൂടുതൽ പെൺകുട്ടികൾ കോസ്റ്റ്യൂം ഡിസൈനിങ്ങിലേക്ക് കടന്നു വരുന്നുണ്ടല്ലോ, ഇതേക്കുറിച്ച് എന്താണ് അഭിപ്രായം? 

തീർച്ചയായും നല്ല കാര്യമല്ലേ? പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കളർ സെൻസ് കൂടുതലാണ്. അത് കോസ്റ്റ്യൂം  ഡിസൈനിങ്ങിൽ തിളങ്ങുന്നതിന് സഹായിക്കും. പിന്നെ സ്ത്രീകൾക്ക് സിനിമയിൽ  ഏറ്റവും കംഫർട്ടബിൾ ആയി വർക്ക് ചെയ്യാൻ കഴിയുന്ന ഒരു മേഖലകൂടിയാണ് കോസ്റ്റ്യൂം ഡിസൈനിങ്. 

Stephy Xaviour പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകൾക്ക് കളർ സെൻസ് കൂടുതലാണ്. അത് കോസ്റ്റ്യൂം  ഡിസൈനിങ്ങിൽ തിളങ്ങുന്നതിന് സഹായിക്കും...

ഷാജി പാപ്പൻ മുണ്ടുകൾ തരംഗം ആവുകയാണല്ലോ, ആട് 2  കോസ്റ്റ്യൂം  ഡിസൈൻ ചെയ്യുമ്പോൾ ഷാജി പാപ്പനു വേണ്ടി ഡിസൈൻ ചെയ്യണം എന്ന് ആഗ്രഹിച്ചിരുന്നില്ല? 

ഷാജി പാപ്പന്റെ കോസ്റ്റ്യൂം  സരിതേച്ചിയാണ് ചെയ്യുന്നത് എന്നു നേരത്തെ തന്നെ അറിയാമായിരുന്നു. ആട് ആദ്യ ഭാഗത്തിലും ചേച്ചി തന്നെയാണ് ചെയ്തത്. മുണ്ട് ഹിറ്റ് ആയപ്പോൾ ഒരുപാടു സന്തോഷം തോന്നി. അന്താരഷ്ട്ര തലത്തിൽ വരെ ഇപ്പോൾ പാപ്പന്റെ മുണ്ട് ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു. പാപ്പനു വേണ്ടി കോസ്റ്റ്യൂം  ഡിസൈൻ ചെയ്യാൻ കഴിഞ്ഞില്ലല്ലോ എന്ന ചിന്തയൊന്നും ഇല്ല. പകരം, ഇത്ര മികച്ച ഒരു ടീമിനൊപ്പം വർക്ക് ചെയ്യാൻ കഴിഞ്ഞതിന്റെ സന്തോഷം മാത്രമേയുള്ളൂ. 

ഞാൻ ആട് ഒന്നിന്റെ കടുത്ത ആരാധികയായിരുന്നു. അതിനാൽ ആട് 2വിന്റെ കോസ്റ്റ്യൂം ചെയ്യാൻ ലഭിച്ച അവസരം  എന്ന സംബന്ധിച്ചിടത്തോളം വലിയൊരു ബോണസ് ആണ്. നമ്മുടെ ഡിസൈനുകൾ ആളുകൾ അംഗീകരിക്കുന്നത് തന്നെ ഏറ്റവും വലിയ സന്തോഷം .

Stephy Xaviour ലാലേട്ടന്റെ ഒരു ചിത്രത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു ഔട്ട്‍സ്റ്റാൻഡിങ് ഡിസൈൻ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്...

മലയാള സിനിമയിൽ ആർക്കു വേണ്ടി വസ്ത്രം ഡിസൈൻ ചെയ്യാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്?

സംശയമെന്താ ലാലേട്ടനു വേണ്ടി. ഞാൻ ലാലേട്ടന്റെ ഒരു കടുത്ത ആരാധികയാണ്. ആദ്ദേഹത്തിന്റെ വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും എല്ലാം വളരെ ക്ളോസ് ആയി നിരീക്ഷിക്കുന്ന ആളാണ് ഞാൻ. ലാലേട്ടന്റെ ഒരു ചിത്രത്തിൽ അദ്ദേഹത്തിന് വേണ്ടി ഒരു ഔട്ട്‍സ്റ്റാൻഡിങ് ഡിസൈൻ ചെയ്യുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹങ്ങളിൽ ഒന്ന്. താമസിയാതെ നടക്കും എന്നു പ്രതീക്ഷിക്കുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam