Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഹോബി എന്ത് വേണമെന്ന് ആലോചിക്കുവാണോ? ഇതാ ഒരു ഗംഭീര സംഗതി!

 Fruit Carving Representative Image

വെറുതെയിരിക്കുമ്പോൾ ഒന്നു പാട്ടു കേൾക്കാനോ ചിത്രം വരയ്ക്കാനോ പുതിയ പുസ്തകങ്ങൾ തേടി വായിക്കാനോ ശ്രമിക്കാത്തവർ കുറവായിരിക്കും. ഇനി ഇത്തരം ഹോബികളു‌ടെ പേരിൽ നിങ്ങളെ ആരെങ്കിലും കുറ്റപ്പെടുത്തിയിട്ടുണ്ടോ? എങ്കിൽ അവർക്കു ഗെറ്റൗട്ടടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. ഹോബികൾ പലവിധത്തിൽ പോസിറ്റീവായി നമ്മെ സ്വാധീനിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. 

പൂർണമായും ആസ്വാദനം, സമ്മർദ്ദത്തെ വിട്ടുനിർത്തുക, സൃഷ്ടിപരമായ കഴിവുകളെ വളർത്തിയെടുക്കുക, പുതിയ സൗഹൃദങ്ങളെ മെനയുക തുടങ്ങി ഹോബികൾകൊണ്ട് ഒട്ടേറെ ഗുണങ്ങളാണുള്ളത്. തീർന്നില്ല ഓർമശക്തി നിലനിർത്തുന്നതിൽ ഹോബിയുടെ സ്ഥാനം ചില്ലറയല്ലെന്നാണ് പുതിയ പല പഠനങ്ങളും വ്യക്തമാക്കുന്നത്. വായന, കളികൾ തുടങ്ങി പല കാര്യങ്ങളിലും വ്യാപൃതരായിരിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഓർമശക്തി ഇരട്ടിയായിരിക്കുമത്രേ.  ഇനി ഇത്തരം ഹോബികളോടു ഗുഡ്ബൈ പറഞ്ഞവരിലോ ഓർമക്കുറവിന്റെ ലക്ഷണങ്ങളും കണ്ടുതുടങ്ങുമെന്നാണ് ഗവേഷകരുടെ വാദം. 

കണ്ടുംകേട്ടും ശീലിച്ച ഹോബികൾക്കു പകരം വേണമെങ്കിൽ പുത്തൻ ചില ഹോബികളിലും ഏർപ്പെടാം. ആളുകളുടെ ക്രിയേറ്റിവിറ്റി വർധിപ്പിക്കുകയും പോസിറ്റീവ് ചിന്താഗതി വളർത്തുകയും ചെയ്യുന്ന ഹോബികളിലൊന്നാണ്  ഫ്രൂട്ട് കാർവിങ്. പഴങ്ങളെ തങ്ങൾ ഇഷ്ടപ്പെടുന്ന രീതിയിൽ പല രൂപങ്ങളിലേക്കു മാറ്റുന്നതാണ് സംഗതി. തണ്ണിമത്തനോ മാങ്ങയോ കൈതച്ചക്കയോ ആപ്പിളോ എന്നുവേണ്ട മിക്കപഴങ്ങളും ഇതിനായി തിരഞ്ഞെടുക്കാവുന്നതാണ്. പഴങ്ങളിൽ വിരിയുന്ന പുഷ്പങ്ങളും അലങ്കാര വസ്തുക്കളുമൊക്കെ കാണുമ്പോൾ യഥാർഥ രൂപങ്ങളെപ്പോലും വെല്ലുന്നവയാണല്ലോ എന്നോർത്ത് അത്ഭുതപ്പെട്ടു പോവുകയും ചെയ്യും. 

പഴങ്ങൾ മാത്രമല്ല പച്ചക്കറികളും ഇത്തരത്തിൽ പലരൂപത്തിലേക്കു മാറ്റാവുന്നതാണ്.  എളുപ്പമാർന്നതും ചിലവില്ലാത്തതുമായൊരു ഹോബിയാണ് ഫ്രൂട്ട് കാർവിങ്. സാധാരണ രൂപത്തിലുള്ള ഒരു വസ്തുവിനെ കലയിലേക്ക് ആവിഷ്കരിച്ചെ‌ടുക്കുമ്പോഴുള്ള സംതൃപ്തി പലർക്കും പറഞ്ഞറിയിക്കാൻ പോലുമാവില്ല.

1) ചിലവ് ഏറെ കുറവ്

ചിലവ് ഏറെ കുറവാണെന്നതാണ് ഫ്രൂട്ട് കാർവിങ്ങിന്റെ പ്രത്യേകത. ഒരു കത്തിയും ക്രിയേറ്റീവ് ആയൊരു മനസ്സും ഉണ്ടെങ്കിൽ ഫ്രൂട്ട് കാർവിങ് ഈസിയായി. മാത്രമോ അടുക്കളയ്ക്കത്തു ലഭ്യമാകുന്ന പഴങ്ങളും പച്ചക്കറികളും മാത്രമതി ഈ ഹോബി വികസിപ്പിച്ചെടുക്കാൻ. 

2) അഭിനന്ദനങ്ങൾ ആവോളം

മറ്റു ഹോബികളെപ്പോലെയല്ല ഫ്രൂട്ട് കാർവിങ് െചയ്തു കഴിയുന്നതോടെ നിങ്ങൾ അഭിനന്ദന പ്രവാഹമായിരിക്കും നേരിടുക. കരവിരുത് എത്ര ചെറുതാണെങ്കിലും അഭിനന്ദിക്കാൻ ആളേറെയുണ്ടാകും. ‌

3) പഠിക്കാനേറെ എളുപ്പം

മറ്റു ഹോബികളിൽ നിന്നു വ്യത്യസ്തമായി പഠിച്ചെടുക്കാൻ ഏറെ എളുപ്പമാണ് ഫ്രൂട്ട് കാർവിങ്. വിഡിയോകളിൽ നിന്നു കണ്ടുതന്നെ മറ്റാരുടെയും നിർദ്ദേശങ്ങളില്ലാതെ നിങ്ങൾക്കിതു പഠിച്ചെടുക്കാം. 

4) തെറ്റിയാലും അതു തിന്നു തീർക്കാം

ഇനിയിപ്പോ ഹോബി പാതിവഴിയിൽ പിഴച്ചുവെന്നിരിക്കട്ട, ഒട്ടും വിഷമിക്കേണ്ട കാര്യമില്ല, അതു വേസ്റ്റായി കളയേണ്ടതില്ലെന്നു മാത്രമല്ല തിന്നുതീർക്കുകയും ചെയ്യാം. ശേഷം ഒരിക്കൽക്കൂടി ഫ്രൂട്ട് കാർവിങ് ചെയ്തു നോക്കാം, ഇനി പിഴയ്ക്കാൻ സാധ്യത കുറവാണ്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam