ADVERTISEMENT

കുംഭഭരണിക്ക് മുൻപും ശേഷവും. ചെട്ടികുളങ്ങരയിലെ 13 കരകൾ ഉൾപ്പെടുന്ന ഓണാട്ടുകരക്കാരുടെ ജീവിതം പതിറ്റാണ്ടുകളായി അങ്ങനെയാണ്. അല്ലലും അലട്ടലും ഇല്ലാതെ പതിഞ്ഞ താളത്തിൽ നിന്ന് ഭരണിക്ക് എട്ടുനാൾ മുൻപ്  നാട് ഉത്സവലഹരിയിലേക്കു വഴിമാറും. ത,ന,ന്ത എന്നീ അക്ഷരങ്ങൾ ഉപയോഗിച്ചുള്ള കുത്തിയോട്ടത്തിന്റെ വായ്ത്താരികൾ  അതോടെ ഓണാട്ടുകരയാകെ  നിറയും. നടക്കുമ്പോഴും ഇരിക്കുമ്പോഴും ജോലിയിൽ മുഴുകുമ്പോഴും കുത്തിയോട്ട പാട്ടിന്റെ ഈരടികൾ അറിഞ്ഞും അറിയാതെയും  ചെട്ടികുളങ്ങരക്കാരുടെ ചുണ്ടിലെത്തും. ഭരണി നാളിൽ ദേവിയുടെ തിരുമുമ്പിലെ കാഴ്ച്ചക്കണ്ടത്തിൽ എത്തിക്കാനുള്ള കെട്ടുകാഴ്ചകളുടെ നിർമാണത്തിനുള്ള ഒരുക്കം ശിവരാത്രി നാളിൽ (ഈ വർഷം അടക്കം ചുരുക്കം ചില വർഷങ്ങളിൽ ഭരണിക്കു ശേഷമാവും ശിവരാത്രി) രാവിലെ തുടങ്ങും.

onattukara-life-chettikulangara-kumbhabharani-festival-photograph-file
ചെട്ടികുളങ്ങര കുംഭഭരണി (ഫയൽ ചിത്രം)

പതിമൂന്നുകരകളിലേയും കരനാഥന്മാർ രാവിലെ ചെട്ടികുളങ്ങര ക്ഷേത്രത്തിലെത്തി വഴിപാടുകൾ നടത്തും.  പിന്നീട് ഓട്ടുപാത്രത്തിൽ അമ്പലത്തിലെ തീർഥവുമായി കരയുടെ ആസ്ഥാനത്തെത്തി കെട്ടുകാഴ്ചപ്പുരകളിൽ തളിക്കും. ശുഭമുഹൂർത്തത്തിൽ കെട്ടുരുപ്പടികൾ പുറത്തെടുത്ത് മാറ്റേണ്ടതും പുതുക്കേണ്ടതുമായ സാധനങ്ങളുടെ കണക്കെടുക്കുന്നതോടെ   നിർമാണ ജോലി തുടങ്ങും. അംബരചുംബികളായ 6 കുതിര, 5 തേര്, ഭീമൻ, ഹനുമാൻ, പാഞ്ചാലി എന്നീ കെട്ടുരുപ്പടകളിൽ ഏതാണെങ്കിലും ചക്രങ്ങൾ ഉൾപ്പെടുന്ന അടിത്തട്ടിന്റെ കൂട്ടാണ് ആദ്യം. അതിനായുള്ള ചക്രങ്ങളും തണ്ടും തടിയും കെട്ടുകാഴ്ചപ്പുരകളിൽ നിന്ന്  പുറത്തേക്ക് എടുക്കുമ്പോഴേക്കും കഞ്ഞി കുടിക്കാനുള്ള സമയമാവും. മെടഞ്ഞ ഓലയിൽ ചമ്രം പടഞ്ഞിരുന്നാണ് കഞ്ഞി കുടിക്കുക. ഓലയ്ക്കാൽ കൊണ്ടു വൃത്താകൃതിയിൽ നിർമിച്ച തടയിൽ തൂശനില വെച്ചു അതിലേക്കാണ് ചൂടു കഞ്ഞി ഒഴിക്കുക. സമീപത്തെ കീറ്റിലയിൽ മുതിരയും കടുമാങ്ങയും അസ്ത്രവും. മേമ്പോടിയായി പപ്പടം, ഉണ്ണിയപ്പം, അവിൽ, പഴം. കുതിരച്ചുവട്ടിലല്ലാതെ വീടുകളിൽ നേർച്ചയായി കഞ്ഞി നടത്തുന്നവർ കുതിരച്ചുവട്ടിൽ ദക്ഷിണവച്ച് കരക്കാരെ ക്ഷണിച്ച് താലപ്പൊലിയുടെയും നാഗസ്വരമേളങ്ങളുടെ അകമ്പടിയോടെയും സ്വീകരിച്ചാനയിക്കും. 

chettikulangara-kumbhabharani-festival-photograph-file-archieves
ചെട്ടികുളങ്ങര കുംഭഭരണി (ഫയൽ ചിത്രം)

വൈകുന്നേരമായാൽ കുത്തിയോട്ട വഴിവാട് നടക്കുന്ന വീടുകളിലേക്ക് ജനങ്ങളുടെ ഒഴുക്കു തുടങ്ങും. ക്ഷേത്രത്തിലെ ദീപാരാധനയ്ക്കു ശേഷം  വഴിപാട് ഗൃഹങ്ങളിൽ കുത്തിയോട്ടപ്പാട്ടും ചുവടും തുടങ്ങുക. അതിനു മുൻപ് കുത്തിയോട്ടം നടക്കുന്ന വീടുകളിൽ കിഴക്കോട്ടു ദർശനത്തിൽ ദേവി ചിത്രം വച്ചിട്ടുള്ള ശ്രീകോവിൽ മാതൃകയിലുള്ള മണ്ഡപത്തിൽ ആരതി ഉഴിഞ്ഞു ദീപാരധന.  കുത്തിയോട്ട കുട്ടികളുടെ ചുവടും പരിശീലിപ്പിക്കലും മുതിർന്നവരുടെ ചുവടും വെയ്പും തുടങ്ങും മുൻപേ കാഴ്ച്ചക്കാർ തങ്ങളുടെ  സ്ഥലം പിടിച്ച് ഇരുപ്പുറപ്പിക്കും. ചുവടുകൾക്കു അനുസൃതമായ താളത്തിനു അക്കക്രമത്തിൽ ഒന്നാം താനവട്ടം, രണ്ടാം താനവട്ടം, മൂന്നാം താനവട്ടം, നാലാം താനവട്ടം എന്നിങ്ങനെ പാട്ടും ചുവടും പടികയറും. ചടുലമായ താളത്തോടുകൂടിയ ചുവടു വെയ്‌പിനായുള്ള കുമ്മിപ്പാട്ടുകൾ എത്തുന്നതോടെ ആസ്വാദകരിൽ ചിലർ വായ്ക്കുരവയിടും. ഭരണിക്ക് ഒരു ദിവസം മുന്നെ പൊലിവ് പാട്ടോടെ വീടുകളിലെ പാടും ചുവടും സമാപിക്കും. അശ്വതി നാളിൽ കുത്തിയോട്ട കുട്ടികളുടെ മുടി മുറിക്കുന്ന കോതു വെട്ടൽ ചടങ്ങും കുത്തിയോട്ട സദ്യയും കഴിഞ്ഞാൽ ഭരണിപിറക്കാനുള്ള കാത്തിരിപ്പാണ് എല്ലാവരിലും. ഇതിനു  സമാന്തരമായി നടക്കുന്ന  കെട്ടുരുപ്പടികളുടെ നിർമാണം അവസാന ഘട്ടത്തിലേക്ക് ഇതിനകം കടന്നിട്ടുണ്ടാവും. ഇടക്കൂടാരം വരെ പൂർത്തിയായ കുതിരകളുടെ  പിരമിഡ് ആകൃതിയിലുള്ള മേൽക്കൂടാരം കയറ്റുക ഭരണി നാളിൽ. ദിവസത്തിന്റെ ആദ് പകുതി കുത്തിയോട്ടത്തിനും രണ്ടാം പകുതി കെട്ടുകാഴ്ചയ്ക്കുമാണ്.  

ഉച്ചകഴിഞ്ഞ് മുന്നുമണിയോടെ ആണ് കാഴ്ച്ചക്കണ്ടത്തിലേക്ക് കെട്ടുകാഴ്ചകൾ പിടിച്ചുതുടങ്ങുക.എന്നാൽ ഇക്കുറി കോവിഡ് നാടിന്റെ പതിവു ചിട്ടവട്ടങ്ങളെല്ലാം അടിമുടി മാറ്റിമറിച്ചു. ഇരുപതും മുപ്പതും കുത്തിയോട്ടങ്ങൾ നടത്തിയിരുന്ന സ്ഥാനത്ത് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൈത തെക്ക് കരയിലും പന്തളത്തുമായി രണ്ടു കുത്തിയോട്ടങ്ങൾ. 

chettikulangara-kumbhabharani-festival-photograph-file
ചെട്ടികുളങ്ങര കുംഭഭരണി (ഫയൽ ചിത്രം)

കരവിരുതിന്റെയും മതസൗഹാർദത്തിന്റെയും വിസ്മയം തീർത്ത്  ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, പേള, കടവൂർ, ആഞ്ഞിലിപ്രാ, മറ്റം വടക്ക്, മറ്റം തെക്ക്, മേനാമ്പള്ളി, നടയ്ക്കാവ് എന്നീ കരകളിൽ നിന്നും കാഴ്ച്ചക്കണ്ടത്തിൽ നിറഞ്ഞിരുന്ന 13 കെട്ടുകാഴ്ച്ചകളുടെസ്ഥാനത്ത് 13 കരക്കാരും ചേർന്നൊരുക്കുന്ന ഒരു കുതിരയും തേരും മാത്രം. ക്ഷേത്ര വളപ്പിലെത്തിലെത്തിച്ച ഈരേഴ തെക്ക് കരയിൽ നിന്നു കെട്ടുരുപ്പടികൾ കൊണ്ടാണ് കുതിര. ക്ഷേത്ര‌വളപ്പിലെ കെട്ടുകാഴ്ചപ്പുരയിൽ സുക്ഷിച്ചിട്ടുള്ള ആഞ്ഞിലിപ്ര കരയുടെ കെട്ടുരുപ്പടികൾ കൊണ്ടാണ് തേര്. 13 കരകളുടെയും ഏകീകൃത സംഘടനയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷന്റെ നേതൃത്വത്തിൽ നാലു ദിവസം കൊണ്ട് അണിയിച്ചൊരുക്കി  ഇവ ഭരണി നാളിൽ കാഴ്ച്ചക്കണ്ടത്തിൽ എത്തിക്കും. പ്രതിസന്ധിയുടെ കാലത്തും ദേശവാസികളുടെ  മനസ്സിൽ ആഹ്ലാദത്തിന്റെ ആകാശപ്പൊക്കം തീർക്കും.

English Summary : Chettikulangara Bharani is one of the spectacular festivals celebrated at Chettikulangara Temple near Mavelikara in Alappuzha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com