Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇത് ആസിഡിനെ തോൽപിച്ച പോരാട്ടവീര്യം; ന്യൂയോർക്ക് ഫാഷൻവീക്ക് റാംപിൽ താരമായി രേഷ്മ

reshma-on-ramp റാംപിൽ ചുവടുവയ്ക്കുന്ന രേഷ്മ. ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്

ലോകത്തിൽ ഏറ്റവും കൂടുതൽ ആസിഡ് ആക്രമണങ്ങൾ നടക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. പ്രണയാഭ്യർത്ഥന നിരസിക്കുന്നത് മുതൽ, വെറുപ്പും പകയും, കുടുംബ പ്രശ്നങ്ങളുമൊക്കെ സ്ത്രീകൾക്ക് നേരെയുള്ള ആസിഡ് ആക്രമണത്തിനു കാരണമാകുന്നു. ഇതിന്റെ പല ഇരകളും പിന്നീട് സമൂഹത്തെ നേരിടാനാകാതെ ഒളിച്ചു ജീവിക്കുമ്പോൾ, രേഷ്മ ഖുറേഷി എന്ന പത്തൊൻപതുകാരി അടങ്ങാത്ത പോരാട്ടവീര്യത്തിന്റെ അടയാളമാകുകയാണ്. ഗ്ലാമറിന്റെ അവസാനവാക്കായ ന്യൂയോർക്ക് ഫാഷൻ വീക്കിലെ റാംപിലൂടെ രേഷ്മ നടന്നപ്പോൾ അത് ചരിത്രമായി.ലോകമെങ്ങുമുള്ള ആസിഡ് ആക്രമണത്തിനു ഇരകളായ പെൺകുട്ടികൾക്ക് പ്രചോദനമേകുന്ന നേട്ടം.  

reshma

രണ്ടു വർഷം മുൻപ് ഭർതൃസഹോദരന്റെ ഭാഗത്തുനിന്നുണ്ടായ ആസിഡ് ആക്രമണമാണ് അലഹബാദുകാരിയായ രേഷ്മയുടെ ജീവിതം തകിടം മറിച്ചത്. ആസിഡ് വീണു മുഖം മുഴുവൻ പൊള്ളി വികൃതമായി, ഒരു കണ്ണും നഷ്ടമായി. പക്ഷേ രേഷ്മ തളർന്നില്ല. ഇത്തരം അതിക്രമങ്ങൾ അതിജീവിച്ച സ്ത്രീകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന 'മേക് ലവ് നോട്ട് സ്കാർസ്' എന്ന സംഘടനയെ പരിചയപ്പെട്ടതാണ് ജീവിതത്തിൽ വഴിത്തിരിവായത്.  ഇവരുടെ ഓൺലൈൻ വിഡിയോ ക്യാംപെയ്നിന്റെ മുഖമായതോടെയാണ് രേഷ്മ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. 

1.3 മില്യൻ പേരാണ് ഈ വിഡിയോ ഇതിനോടകം കണ്ടത്. അതാണ് ന്യൂയോർക്ക് ഫാഷൻ വീക്കിലെ റാംപിലേക്കുള്ള ചവിട്ടുപടിയായതും. ഇന്ത്യൻ ഡിസൈനർ അർച്ചന കൊച്ചാർ ഡിസൈൻ ചെയ്ത, നീളൻ സ്ലീവുകളിൽ എംബ്രോയിഡറി ചെയ്ത വൈറ്റ് ഗൗൺ ധരിച്ചാണ് രേഷ്മ റാംപിൽ താരമായത്.

reshma-on-ramp2 ചിത്രങ്ങൾക്ക് കടപ്പാട്- ഫെയ്‌സ്ബുക്ക്

എഫ്ടിഎൽ മോഡ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ആഭിമുഖ്യത്തിലാണ് ഫാഷൻ ഷോ നടന്നത്. ആസിഡ് പോലുള്ള ഹാനികരമായ ഉത്പന്നങ്ങളുടെ തുറന്ന വിപണനം നിയന്ത്രിക്കുക എന്ന സന്ദേശം ഉയർത്തിയായിരുന്നു രേഷ്മയുടെ പ്രകടനം.

Your Rating: