Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

15 മാസം, 180 രാജ്യങ്ങൾ! അല്‍ഭുതപ്പെടുത്തി ഒരു വനിതാ സഞ്ചാരി

tour-pic1 ബൂട്ടാനിലെ പാരോ ടക്‌സംഗില്‍ കാസ്സി ഡെ  പെകോള്‍.ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ഒരു ഗിന്നസ് ലോക റെക്കോഡ് സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കാസ്സി ഡി പെക്കോള്‍. എന്താണ് ലോകറെക്കോഡെന്നല്ലേ? ലോകത്തെ 196 രാജ്യങ്ങളിലേക്കും ഏറ്റവും വേഗത്തില്‍ സഞ്ചരിച്ച വനിതാ സഞ്ചാരി. ഇനി കാസ്സിയുടെ വയസു കൂടി അറിയുക, 27. വാഷിംഗ്ടണ്‍ സ്വദേശിയായ കാസ്സി 2015 ജൂലൈ മാസത്തിലാണ് ഉലകം ചുറ്റാന്‍ തുടങ്ങിയത്. ഇതിഹാസ സമാനമായ തന്റെ ദൗത്യത്തിന്റെ അടുത്തെത്തിക്കഴിഞ്ഞു അവള്‍. ഇതിനോടകം തന്നെ കാസ്സി സഞ്ചരിച്ചു കഴിഞ്ഞത് 180 രാജ്യങ്ങളാണ്. ഗിന്നസ് റെക്കോഡ് സ്ഥാപിക്കണമെങ്കില്‍ ഇനി 45 ദിവസത്തിനുള്ളില്‍ ബാക്കി 16 രാജ്യങ്ങളിലേക്ക് കൂടി യാത്ര നടത്തണം. 15 മാസത്തിനുള്ളിലാണ് കാസ്സി 180 രാജ്യങ്ങളിലേക്ക് യാത്ര നടത്തിയത്. 

tour-pic2 ഇറാഖില്‍ ടൂറിസ്റ്റായി കാസ്സി. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

സാഹസികതയുടെ കൂട്ടുകാരി
സാഹസികതയാണ് കാസ്സിക്ക് എന്നുമിഷ്ടം. 'ലിവിംഗ് വിത് അഡ്വഞ്ചര്‍' എന്നാണ് അവളുടെ മുദ്രാവാക്യം തന്നെ. അതുകൊണ്ടു തന്നെ തന്റെ 25ാമത് പിറന്നാളിന് കാസ്സി ഒരു മിഷന്‍ വരിച്ചു. അതാണ് എക്‌സ്‌പെഡിഷന്‍ 196 -ലോകത്തെ 196 രാജ്യങ്ങളിലേക്കും യാത്ര നടത്തുക. അതായിരുന്നു ലക്ഷ്യം.

ലോകത്തെ ഓരോ രാജ്യത്തും പോകണമെന്നുള്ളത് സ്‌കൂളില്‍ പഠിക്കുമ്പോഴേ തന്റെ ആഗ്രഹമായിരുന്നു എന്ന് കാസ്സി പറയുന്നു. വ്യത്യസ്ത സംസ്‌കാരങ്ങള്‍, ജനങ്ങള്‍, മതങ്ങള്‍...അങ്ങനെ എല്ലാത്തിനോടും പ്രിയമാണ് അവള്‍ക്ക്. 198,000 ഡോളറാണ് യാത്രയ്ക്ക് വേണ്ടി വരുന്ന ചെലവ്. ഇപ്പോള്‍ പല സ്‌പോണ്‍സര്‍മാരും അവളെ പിന്തുണയ്ക്കാന്‍ രംഗത്തെത്തിയത്. റെസ്‌പോണ്‍സിബിള്‍ ടൂറിസത്തെക്കുറിച്ചും പ്രകൃതിയെ സംരക്ഷിക്കുന്നതിനെക്കുറിച്ചുമെല്ലാം എപ്പോഴും സംസാരിക്കാന്‍ ഇഷ്ടമാണ് കാസ്സിക്ക്. 

tour-pic3 കംബോഡിയയിലെ അംഗോര്‍ വാട്ടില്‍ കാസ്സി. ചിത്രത്തിന് കടപ്പാട്: ഫെയ്സ്ബുക്ക്

ലോകം മുഴുവന്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതാണ് തന്റെ ജീവിത കാഴ്ച്ചപ്പാടുകള്‍ രൂപീകരിക്കുന്നതെന്ന് അവള്‍ പറയുന്നു. ശരാശരി 2-5 ദിവസം വരെ കാസ്സി ഒരു രാജ്യത്ത് നില്‍ക്കും. കൂടുതലും സമ്പര്‍ക്കം വിദ്യാര്‍ത്ഥികളോടാണ്. അവര്‍ക്ക് ചിലപ്പോള്‍ ക്ലാസ് എടുക്കുകയും ചെയ്യും കാസ്സി. യാത്രക്കിടെ ചിലയിടങ്ങളില്‍ ഹരാസ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അവള്‍ പറയുന്നു. ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ്, ടോംഗ, ഫിജി, സോളൊമന്‍ ഐലന്‍ഡ്‌സ്, അസര്‍ബയ്ജാന്‍, റഷ്യ, ജോര്‍ജിയ, ലെബനന്‍ അങ്ങനെ സന്ദര്‍ശിച്ച രാജ്യങ്ങളുടെ പട്ടിക നീണ്ടു പോകും. 

cassie

ലോകത്തെ ഒന്നായി കാണുന്ന കാസ്സിക്ക് ലിംഗ അസമത്വത്തോടും ഡൊണാള്‍ഡ് ട്രംപിനോടുമെല്ലാം വെറുപ്പാണ്. ട്രംപിനെപ്പോലെ ജനങ്ങളെ മതില്‍കെട്ടുകള്‍ തീര്‍ത്ത് വിഭജിക്കുന്നവര്‍ക്ക് വോട്ട് ചെയ്യരുതെന്നാണ് അവളുടെ നിലപാട്. സഞ്ചാരിക്ക് ലോകം മുഴുവന്‍ ഒന്നാണെന്നും അവള്‍ ഓര്‍മ്മപ്പെടുത്തുന്നു. 

മിഷന്‍ 196 പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോഡ്‌സില്‍ താന്‍ ഇടം പിടിക്കുമെന്ന കടുത്ത വാശിയില്‍ യാത്ര തുടരുകയാണ് അവള്‍. 

Your Rating: